'ഒരു ഇഞ്ചക്ഷന്റെ വില 60000 രൂപ! സാക്ഷാല്‍ ഡോണാള്‍ഡ് ട്രംപില്‍ പരീക്ഷിച്ച കോവിഡ് പ്രതിരോധ മരുന്ന് കേരളത്തിലും.'
മലയാളി അമ്പരപ്പോടെയാണ് ആ വാര്‍ത്ത കേട്ടത്.
ഒരു മരുന്നിന്റെ വില 60000 രൂപയോ എന്ന് കേട്ട് അന്തിച്ചു നിന്നുവെന്നു മാത്രമല്ല, അത്രയും വിലപ്പെട്ട മരുന്ന് ആരാണ് സ്വീകരിച്ചതെന്നത് അറിയാനുള്ള ആകാംക്ഷ കൂടി ഇരട്ടിച്ചു. കോവിഡ് ഭീതിക്കു നടുവില്‍ നില്‍ക്കുന്ന പലരുടേയും ആശങ്കകള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍
മോണോ ക്ലോണല്‍ ആന്റിബോഡി ഉപയോഗിച്ചുള്ള ആദ്യ കോവിഡ്ചികിത്സ കണ്ണൂരിലാണ് നടന്നതെന്ന് വ്യക്തമായി. മുണ്ടയാട് സ്വദേശിയായ വ്യവസായിയും ഭാര്യയുമാണേ്രത ആ രാജകീയ മരുന്ന് സ്വീകരിച്ചത്. കണ്ണൂര്‍ ജിം കെയര്‍ ആശുപത്രിയിലെ സാംക്രമികരോഗവിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ടി പി രാകേഷിന്റെയും മലബാര്‍ ആശുപത്രി കോഴിക്കോടില്‍ പ്രവര്‍ത്തിക്കുന്ന ഡോ. കോളിന്‍ ജോസഫിന്റെയും മേല്‍നോട്ടത്തിലാണ് ചികിത്സ നടന്നത്. താങ്ങാനാത്ത വിലയും പേരുകേട്ട മഹിമയുമുള്ള ആ ആന്റിബോഡി മിശ്രിതം എങ്ങനെ കണ്ണൂരിലെത്തി. എന്താണിതിന്റെ പ്രത്യേകത... ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ടിപി രാകേഷ് വനിത ഓണ്‍ലൈനോട് സംസാരിക്കുന്നു...
വാക്‌സീനല്ല മെഡിസിന്‍
മുണ്ടയാട് സ്വദേശികളായ വ്യവസായിയും ഭാര്യയുമാണ് ഈ ആന്റിബോഡി മിശ്രിതം സ്വീകരിച്ചത്. ആദ്യമേ പറയട്ടെ അത് സ്വീകരിച്ചവരുടെ പേരു വിവരമോ, ആരോഗ്യ സ്ഥിതിയോ വെളിപ്പെടുത്താനാകില്ല.- ഡോ. ടിപി രാകേഷ് സംസാരിച്ചു തുടങ്ങുകയാണ്.
കോവിഡിനെതിരെയുള്ള മോണോ ക്ലോണല്‍ ആന്റിബോഡി ചികിത്സ ഇന്ന് ഭൂമുഖുത്തള്ളതില്‍ വച്ച് ഏറ്റവും ഫലപ്രദമായ പ്രതിരോധ സംവിധാനമാണ്. കോവിഡ് രോഗംബാധിച്ച് ആദ്യത്തെ 10 ദിവസത്തിനുള്ളില്‍ ഇത് എടുക്കുകയാണെങ്കില്‍ വരും ദിവങ്ങളില്‍ ഗുരുതരമായ കോവിഡ് വരാനുള്ള സാധ്യത 70 % വരെ കുറയ്ക്കാന്‍ കഴിയും എന്ന് പഠനങ്ങള്‍ കാണിക്കുന്നു.
കോവിഷീല്‍ഡ് പോലെ കോവാക്‌സീന്‍ പോലെ ഇതൊരു വാക്‌സീനല്ല. ഇതൊരു മരുന്നാണ്. ഇത് രോഗിയുടെ ശരീരത്തില്‍ കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. കോവിഡ് രോഗം മൂര്‍ച്ഛിച്ച് ഗുരുതരമായാല്‍ ഈ മെഡിസിന്‍ സ്വീകരിക്കുന്നത് സാങ്കേതികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ സാരമല്ലാത്ത ആരോഗ്യസ്ഥിതിയും സ്വാഭാവികമായ കോവിഡ് ലക്ഷണങ്ങളും ഉള്ളവരില്‍ ഈ മെഡിസിന്‍ ഫലപ്രദമായിരിക്കും.
മുണ്ടയാട് സ്വദേശികളായ ദമ്പതികളാണ് മെഡിസിന്‍ സ്വീകരിച്ചത്. അവര്‍ കോവിഡ് ബാധിച്ച് ആദ്യ ആഴ്കളിലായിരിക്കുമ്പോഴാണ് മെഡിസിന്‍ സ്വീകരിച്ചത്. ഭര്‍ത്താവിന് എഴുപത്തിനാലും ഭാര്യയ്ക്ക് 70ഉം വീതം പ്രായമുണ്ട്. ഭര്‍ത്താവിന് കിഡ്‌നി-ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. അവര്‍ സുരക്ഷിതരാണ്. ചിലരില്‍ അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അതും ഗുരുതരമല്ല.
അമ്പമ്പോ അറുപതിനായിരം
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപില്‍ കഴിഞ്ഞ വര്‍ഷമാണ് മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ നടത്തിയത്. അത്രയും ഫലപ്രാപ്തി ഉറപ്പു വരുത്തിയ ശേഷമേ ഒരു ഭരണാധികാരിക്ക് അത് നല്‍കാറുള്ളൂ എന്ന് പറയേണ്ടതില്ലല്ലോ. പിന്നെ ഈ മെഡിസിന് എന്തു കൊണ്ട് ഇത്രയും ചിലവ് എന്ന ചോദ്യം, ജനിതക പരമായും സാങ്കേതിക പരമായും ഇത് വികസിപ്പിച്ചെടുക്കാന്‍ ഏറെ പണിപ്പെട്ടിരുന്നു. പിന്നെ മരുന്ന് ഉറപ്പ് നല്‍കുന്ന ഫലപ്രാപ്തി അതാണ് അതിന്റെ ചിലവിനു പിന്നില്‍.
സ്വിസ് മരുന്ന് കമ്പനിയായ റോച്ചെ വികസിപ്പിച്ചെടുത്ത ഈ മരുന്നിന്റെ ഒരു ഡോസിന് 60,000 രൂപയാണ് വില. സിപ്ലയാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ രണ്ട് ആന്റിബോഡികള്‍ ചേര്‍ത്താണ് ഈ മിശ്രിതം ഉണ്ടാക്കുന്നത്.ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ബാധിച്ചപ്പോള്‍ ഈ മരുന്നാണ് നല്‍കിയത്. അദ്ദേഹം വേഗത്തില്‍ ആശുപത്രി വിട്ടിരുന്നു. ഈ മാസം ആദ്യമാണ് മരുന്നിന് ഇന്ത്യ അനുമതി നല്‍കിയത്. മനുഷ്യകോശങ്ങളിലേക്ക് കൊറോണ വൈറസിന്റെ പ്രവേശനം തടയുന്നതിനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്.
മരുന്നിന്റെ പ്രവര്‍ത്തനം
വൈറസിനെ നേരിട്ട് നിര്‍വീര്യമാക്കുന്ന ആന്റിബോഡികള്‍ ആണ് ഈ മരുന്ന്. കോവിഡ് രോഗം ഗുരുതരാവസ്ഥയില്‍ ആകാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളവര്‍ക്കാണ് ഇത് ഉപകാരപ്പെടുക.പ്രായം അറുപത് ആയവര്‍ അമിതവണ്ണം, രക്താതിമര്‍ദ്ദം ഉള്‍പ്പെടെയുള്ള ഹൃദയ രോഗങ്ങള്‍
ആസ്ത്മ ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത ശ്വാസകോശരോഗം, പ്രമേഹരോഗം, വൃക്കരോഗം, കരള്‍ രോഗം, പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന രോഗാവസ്ഥകള്‍, കാന്‍സര്‍ ചികിത്സ, അസ്ഥി മജ്ജ അല്ലെങ്കില്‍ അവയവം മാറ്റിവയ്ക്കല്‍, രോഗപ്രതിരോധ കുറവുകള്‍, എച്ച്‌ഐവി (മോശമായി നിയന്ത്രിക്കപ്പെടുകയോ എയ്ഡ്‌സിന്റെ തെളിവുകളോ ആണെങ്കില്‍), സിക്കിള്‍ സെല്‍ അനീമിയ, തലസീമിയ, രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ എന്നിങ്ങനെയുള്ള രോഗാവസ്ഥയുള്ളവരില്‍ മെഡിസിന്‍ പ്രയോഗിക്കാം.
30 മിനിറ്റ് കൊണ്ടെടുക്കാവുന്ന ഒരു കുത്തിവയ്പ്പായിട്ടാണ് ഇത് തയാറാക്കിയിരിക്കുന്നത് . ര്‍ഭിണികള്‍/ മുലയൂയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവര്‍ക്ക് ഇത് സ്വീകരിക്കാമോ എന്ന കാര്യത്തില്‍ മതിയായ പഠനങ്ങള്‍ വരേണ്ടിയിരിക്കുന്നു. ഡോക്ടറുടെ തീരുമാനപ്രകാരമാണ് അത് ചെയ്യേണ്ടത്.
മെഡിസിന്‍ സ്വീകരിക്കാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടതില്ല. കുത്തിവയ്പ്പ് സവീകരിച്ച് 1 മണിക്കൂര്‍ നിരീക്ഷണം കഴിഞ്ഞാല്‍ പോകാവുന്നതേയുള്ളു. ഓാക്‌സിജന്‍ കുറഞ്ഞുപോയി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഇത് പ്രയോജനപ്പെടില്ല എന്ന് പ്രത്യേകം ഓര്‍ക്കണം. . ഇത് ഗുരുതരാവസ്ഥ പ്രതിരോധയ്ക്കുന്നതിനുള്ള മരുന്നാണ്.