Wednesday 22 April 2020 02:50 PM IST

ആ ഗര്‍ഭം വളര്‍ന്നിരുന്നെങ്കില്‍ യൂട്രസ് പൊട്ടി മരണം സംഭവിക്കുമായിരുന്നു; ഗര്‍ഭപാത്രം ഒട്ടിപ്പിടിച്ച യുവതിയെ രക്ഷിച്ചതിങ്ങനെ; ഡോ. ഷൈല പറയുന്നു

Binsha Muhammed

dr-shaila-cover

ആ ഗര്‍ഭം വളര്‍ന്നിരുന്നെങ്കില്‍ യൂട്രസ് പൊട്ടി മരണം സംഭവിക്കുമായിരുന്നു; ഗര്‍ഭപാത്രം ഒട്ടിപ്പിടിച്ച യുവതിയെ രക്ഷിച്ചതിങ്ങനെ; ഡോ. ഷൈല പറയുന്നു

മരണം പതിയിരിക്കുന്ന നിമിഷങ്ങളില്‍... ജീവിതത്തിന്റേയും മരണത്തിന്റേയും നൂല്‍പ്പാലത്തിനിടയ്ക്കു നിന്ന് നമ്മെ കൈപിടിച്ചു കയറ്റി രക്ഷപ്പെടുത്തുന്ന ചിലരുണ്ട്. ദൈവത്തിന്റെ കരസ്പര്‍ശമുള്ള മാലാഖമാര്‍. മുന്‍വിധികളെ മാറ്റിയെഴുതി അവര്‍ തിരികെയെത്തിച്ച ജീവിതങ്ങള്‍ നമുക്ക് മുന്നില്‍ എത്രയോ ഉണ്ട് ഉദാഹരണങ്ങളായി. ഇവിടെയിതാ അങ്ങനെയൊരു കാവല്‍ മാലാഖയെ ഹൃദയത്തിലേറ്റു വാങ്ങുകയാണ് സോഷ്യല്‍ മീഡിയ. മരണം പതിയിരുന്ന നിമിഷത്തില്‍ നിന്നും ഒരു ജീവനെ സുരക്ഷിത തീരത്തേക്ക് എത്തിച്ച കാവല്‍ മാലാഖയുടെ പേര് ഡോ. എസ് ഷൈല. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പ്രൊഫസര്‍. 

കൊല്ലം ആലുംമൂട് സ്വദേശിയായ അന്‍ഷാദിന്റെ ഭാര്യ ബീമയാണ്് ഡോക്ടറുടെ കരുതലില്‍ ജീവന്‍ തിരികെ പിടിച്ചത്. ആദ്യപ്രസവത്തിന്റെ സിസേറിയന്‍ മുറിവില്‍ ഗര്‍ഭം ഒട്ടിപ്പിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു 27കാരിയായ ബീമ. ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങളിലൂടെ കടന്നു പോയ ബീമ രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഒരുഘട്ടത്തില്‍ മരണം തന്നെ മുന്നില്‍ കണ്ട ബീമയെ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍ കൈപിടിച്ചുയര്‍ത്തിയതെന്ന് ഡോക്ടര്‍ ഷൈല വനിത ഓണ്‍ലൈനോടു പറയുന്നു.  ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രവും സുരക്ഷിതമാക്കിയതോടെ 27കാരിയായ ബീമയ്ക്ക് ഇനിയും അമ്മയാകാമെന്ന് ഡോക്ടര്‍ ഷൈലയുടെ ഉറപ്പ്. 

ജീവിതത്തിനും മരണത്തിനും ഇടയില്‍

ഇറ്റ്‌സ് എ ഡെയറിംഗ് മൊമന്റ്. അണുവിട പിഴച്ചാല്‍ ആളുടെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. ധൈര്യപൂര്‍വം എന്റെ ടീം ആ ചലഞ്ച് ഏറ്റെടുത്തു എന്നു വേണം പറയാന്‍. ദൈവ കൃപയാല്‍ അമ്മയും കുഞ്ഞു സുഖമായിരിക്കുന്നു.-ഡോ. ഷൈല പറയുന്നു. 

രക്തസ്രാവത്തെത്തുടര്‍ന്ന് ഏപ്രില്‍ ഇക്കഴിഞ്ഞ ഒമ്പതിനാണ്  ബീമയെ എസ്.എ.ടി.യില്‍ പ്രവേശിപ്പിക്കുന്നത്.. പരിശോധനയ്‌ക്കൊടുവിലാണ് പതിയിരിക്കുന്ന അപകടം ഞങ്ങള്‍ തിരിച്ചറിയുന്നത്. ബീമയുടേത് അപൂര്‍വ്വമായി സംഭവിക്കുന്ന സിസേറിയന്‍ സ്‌കാര്‍ എക്ടോപിക് പ്രഗ്‌നന്‍സി (സിസേറിയന്‍ മുറിവില്‍ ഗര്‍ഭം ഒട്ടിപ്പിടിക്കുന്ന അവസ്ഥ) ആണെന്ന് കണ്ടെത്തി. ഗര്‍ഭപാത്രത്തിനു പുറത്ത് ഗര്‍ഭം ഉള്ളതിനാല്‍ ആന്തരിക രക്തസ്രാവം നിരന്തരം ഉണ്ടായി ഗര്‍ഭപാത്രത്തിനും മാതാവിനും അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയായിരുന്നു. രക്തസ്രാവം താത്കാലികമായി തടയുക എന്നതായിരുന്നു തങ്ങളുടെ മുന്നിലുള്ള ആദ്യ കടമ്പ. തുടര്‍ന്ന ഗര്‍ഭസ്ഥശിശു കിടക്കുന്ന ആവരണത്തിലേക്ക് രക്തം എത്തിക്കാതിരിക്കാനായിരുന്നു അടുത്ത ശ്രമം. തുടര്‍ന്നുള്ള പരിശോധനയില്‍  ഗര്‍ഭസ്ഥശിശുവിന് ഹൃദയമിടിപ്പ് ഉണ്ടെന്ന് കണ്ടു. തുടര്‍ന്ന് ഗര്‍ഭസ്ഥശിശു കിടക്കുന്ന ആവരണത്തിനകത്തും മരുന്നുകുത്തിവെച്ച് നോക്കിയെങ്കിലും ഫലപ്രദമായില്ല. കൂടുതല്‍ മരുന്ന് കുത്തിവെക്കുന്നത് യുവതിയുടെ കരളിനെ ബാധിക്കുമെന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.-ഡോക്ടര്‍ പറയുന്നു. 

തിരികെ കിട്ടിയ ജീവന്‍

വിശദമായി പറഞ്ഞാല്‍ ഞങ്ങളുടെ മുന്നിലുള്ളത് വലിയ വെല്ലുവിളിയും... ബീമയുടെ ഉള്ളില്‍ പതിയിരുന്നത് മരണവുമായിരുന്നു. ആ ഗര്‍ഭം വളര്‍ന്നിരുന്നെങ്കില്‍ ഗര്‍ഭപാത്രം പൊട്ടി ഗര്‍ഭിണിക്ക് അത്യധികമായ രക്തസ്രാവം വയറിനകത്ത് ഉണ്ടാകുമായിരുന്നു. തത്ഫലമായി ഗര്‍ഭണിക്ക് മരണം സംഭവിക്കുകയും ചെയ്യുമായിരുന്നു. ഗര്‍ഭപാത്രം നഷ്ടമാകും എന്നത് മറ്റൊരു അപകടകരമായ വശം. ജീവനുള്ള ആ ഗര്‍ഭം എങ്ങനെയെങ്കിലും മാറ്റുക എന്നതായി പിന്നെ ഞങ്ങളുടെ ശ്രമം. കുഞ്ഞിന്റെ പൊസിഷന്‍ മാറ്റുക എന്നത് മറ്റൊരു ചലഞ്ച്. പക്ഷേ ഇവിടെ യൂട്രസിലും മൂത്രസഞ്ചിയിലും ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു ബീമയുടെ ഗര്‍ഭം.  അത് മാത്രമായി സെപ്പറേറ്റ് ചെയ്ത് എടുക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു അപ്പോഴുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ ഗര്‍ഭ വളര്‍ച്ച, അതിലോട്ടുള്ള രക്തഓട്ടം എന്നിവ നിര്‍ത്താനായി ശ്രീചിത്രയില്‍ എത്തിച്ചു. മരുന്ന് കുത്തിവച്ച് വളര്‍ച്ച ചെയ്യാനായിരുന്നു ശ്രമം. പക്ഷേ അത് ചെയ്തിട്ടും കുട്ടി വളര്‍ന്നു കൊണ്ടേയിരുന്നു.് കുട്ടി വളരുന്ന ആവരണത്തില്‍ വളര്‍ച്ച നിര്‍ത്താനുള്ള ഇഞ്ചക്ഷന്‍ അള്‍ട്രാ സൗണ്ട് വഴി ചെയ്തു നോക്കി. എന്നിട്ടും അവസ്ഥ മാറ്റമില്ലാതെ തുടര്‍ന്നു. അമ്മയ്ക്ക് മരുന്ന് ഇഞ്ചക്റ്റ് ചെയ്ത് വളര്‍ച്ച നിര്‍ത്താനുള്ള ശ്രമവും പരീക്ഷിച്ചു. പക്ഷേ അത് നാല് ഡോസ് ആയപ്പോഴേക്കും അമ്മയുടെ കരളിനെ ബാധിക്കുമെന്നായി. ഇതോടെയാണ് സര്‍ജറിയുടെ സാധ്യതകള്‍ തെളിയുന്നത്. ഗര്‍ഭപാത്രം ഒരു പക്ഷേ സേവ് ചെയ്യാന്‍ പറ്റില്ല എന്ന ഓപ്ഷന്‍ മുന്നില്‍ കണ്ടാണ് സര്‍ജറിയുമായി മുന്നോട്ടു പോകുന്നത്. കാരണം ഞങ്ങള്‍ക്ക് വലുത് അമ്മയുടെ ജീവനായിരുന്നു. ഒടുവി്ല്‍ പണിപ്പെട്ട് കുഞ്ഞിനെ റിമൂവ് ചെയ്തു. ഇതോടെ വലിയ രക്തസ്രാവം ഉണ്ടായി. സര്‍ജറിയുടെ സമയത്തും പ്ലസന്റ പുറത്തായിക്കൊണ്ടിരിക്കുകയായിരുന്നു.  ഗര്‍ഭാശയഭിത്തിയിലും സിസേറിയന്‍ മുറിവിലുമായി ഒട്ടിയിരിക്കുകയായിരുന്നു ഗര്‍ഭം. 12 ആഴ്ചയോളം വളര്‍ച്ചയുണ്ടായിരുന്നു. മറുപിള്ള വശത്തേക്ക് വളര്‍ന്നനിലയിലും. 

വളരെ കഷ്ടപ്പെട്ട് രക്തസ്രാവം നിര്‍ത്തി അമ്മയേയും കുഞ്ഞിനേയും ഒരുപോലെ സേവ് ചെയ്യാനായി. രക്തസ്രാവത്തിന് ബദലായി ആറു കുപ്പി രക്തമാണ് അമ്മയുടെ ശരീരത്തിലേക്ക കയറ്റേണ്ടി വന്നത്. അമ്മയുടെ ജീവനൊപ്പം പ്രത്യേക സ്റ്റിച്ചുകളിട്ട് യൂട്രസ് സേവ് ചെയ്യാനായി എന്നതാണ് വലിയ നേട്ടം. നഴ്‌സ്‌കൂടിയായ ബീമയ്ക്ക് ഇനിയും അമ്മയാകാം. ഇപ്പോള്‍ വാര്‍ഡിലേക്ക് മാറ്റിയ ബീമയ്ക്കൊപ്പം നാലു വയസുള്ള മകന്‍ ബിലാലുമുണ്ട്- ഡോക്ടര്‍ ഷൈല പറഞ്ഞു നിര്‍ത്തി.