‘‘ഡോക്ടർ ആ രാജ്യത്ത് കഞ്ചാവ് നിയമപരമായി അനുവദനീയമാണ്. അതുകൊണ്ട് എനിക്കവിടെ പഠിക്കണം.’’ എൻജിനീയറിങ് ഉപരിപഠനത്തിന് ഒരു പ്രത്യേകരാജ്യത്തു പോയി പഠിക്കാൻ വാശിപിടിച്ച കുട്ടി കൗൺസലിങ്ങിൽ ഡോക്ടറോട് പറഞ്ഞത്.
സ്ഥലം : കൊച്ചി
ലഹരിയുടെ ലഴികളിൽ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഓപറേഷൻ ഗുരുകുലം എന്ന പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിൽ വന്ന് പ്ലസ് ടുക്കാരനായ മകനെപ്പറ്റി ഒരു അച്ഛൻ പറഞ്ഞത്,‘‘അവൻ ആവശ്യപ്പെട്ടതു വാങ്ങി നൽകിയില്ലെങ്കിൽ വീട്ടിലുള്ളതെല്ലാം തല്ലിപ്പൊട്ടിക്കും.’’
പൊലീസുകാരൻ ചോദിച്ചു, ‘‘നിങ്ങളവന്റെ അച്ഛനല്ലേ ശാസിച്ചു കൂടേ?’’
കണ്ണു നിറഞ്ഞ് ആ അച്ഛൻ പറഞ്ഞു, ‘‘ഒരിക്കൽ രാത്രി വൈകിവന്നപ്പോൾ വാതിൽ തുറന്നു കൊടുത്തില്ല. നേരം പുലർന്ന് വാതിൽ തുറന്നപ്പോൾ എന്റെ കരണത്താണ് അവൻ അടിച്ചത്...’’
സ്ഥലം : കോട്ടയം
സെലിബ്രിറ്റിയുടെ, രാഷ്ട്രിയ നേതാവിന്റെ തുടങ്ങി സമൂഹത്തിൽ അറിയപ്പെടുന്നവരുടെ മക്കൾ ലഹരിക്കേസുകളിൽപെടുന്നതു വാർത്തകളാവുമ്പോൾ സ്മൈലി ഇടുന്നവരാണോ നമ്മൾ? കാശുള്ളവർ മക്കളെ തോന്നിയപോലെ വിടുന്നതു കൊണ്ടാണ് എന്ന് ആശ്വസിക്കുന്നുണ്ടോ? എങ്കിൽ അതെല്ലാം ഒരു മിഥ്യാധാരണയാണ് എന്നാണ് പൊലീസും മാനസികാരോഗ്യ വിദഗ്ധരും അവർക്കു മുമ്പിൽ എത്തുന്ന കേസുകളുടെ അടിസ്ഥാനത്തിൽ നൽകുന്ന സൂചനകൾ...
നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം കേരളത്തിൽ 2019 ൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 7099. 2020 ൽ കൊറോണയും ലോക്ഡൗണുമൊക്കെയായി നാടു നിശ്ചലമായിട്ടു പോലും നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 4968 കേസുകൾ കേരളത്തിൽ റജിസ്റ്റര്‍ ചെയ്തു. 2020 ലെ കണക്കനുസരിച്ച് ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ആകെ റജിസ്റ്റർ ചെയ്ത കേസുകളില്‍ നാലാം സ്ഥാനത്താണ് നമ്മുടെ കൊച്ചു കേരളം.
രൂപം മാറുന്ന ലഹരി
ഭയക്കേണ്ടത് ലഹരിയുടെ രൂപമാറ്റമാണ്. പത്തു വർഷം മുൻപ് വരെ പല രക്ഷിതാക്കളുടെയും പേടി കുട്ടി മദ്യപിക്കുമോ എന്നായിരുന്നു. ഇപ്പോഴത് കഞ്ചാവും മയക്കുമരുന്നുകളും ഉപയോഗിക്കുമോ എന്നായി. പലരും കഞ്ചാവിൽ നിന്ന് കൂടുതൽ അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകളിലേക്കു വഴിമാറുകയാണെന്ന് പൊലീസ് പറയുന്നു. ചെറിയ ലഹരിയിൽ നിന്നാണ് വലിയ മയക്കു മരുന്നുകളിലേക്കു പല കുട്ടികളും വീഴുന്നതെന്ന് എക്സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി കൗൺസലിങ് സെന്ററിലെ സോഷ്യോളജിസ്റ്റ് വിനു വിജയൻ ചൂണ്ടിക്കാണിക്കുന്നു. ‘‘മൂന്നു വർഷത്തിനുള്ളിൽ വിമുക്തിയുടെ മൂന്നു കൗൺസലിങ് സെന്ററുകളിലേക്കു മാത്രം സഹായം ചോദിച്ചു വിളിച്ചത് 5666 പേർ. 1685 കുട്ടികൾ നേരിട്ട് കൗൺസലിങിന് ഹാജരായി.’’ വിനു വിജയൻ പറയുന്നു
കുട്ടികൾ നിരീക്ഷിക്കപ്പെടണം...
ഒട്ടേറെ പുതിയ ‘ആഘോഷങ്ങൾ’ കുട്ടികളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. സ്ലീപ്പ് ഒാവർ, രണ്ടു മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഉല്ലാസയാത്രകൾ, പാർട്ടികൾ... പോകരുത് എന്ന ഒറ്റ വാക്കിൽ പറഞ്ഞാൽ വീട്ടിൽ ഭൂകമ്പമാകും. എനിക്ക് സ്വാതന്ത്ര്യമില്ല എന്ന ‘വൈകാരിക കാർഡ്’ ഇറക്കും. യാത്രയ്ക്കും മറ്റും പണം കൊടുത്തില്ലെങ്കില്‍ വാശിയും ബഹളവുമായി. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് സി.ജെ ജോൺ പറയുന്നു. ‘‘നമ്മുടെ കുട്ടികൾക്ക് അമേരിക്കയിലെ പോലെ സ്വാതന്ത്യം വേണം. പക്ഷേ, പോക്കറ്റ് മണിയുടെ കാര്യത്തിൽ അവർ ഇന്ത്യക്കാരാണ്. രക്ഷിതാക്കൾ തന്നെ നൽകണം. എന്നാൽ അതു കൊണ്ട് എന്തു ചെയ്തെന്നു ചോദിക്കാനും പാടില്ല. പണം കണ്ണടച്ച് തരുന്നതിലല്ല, തരുന്ന പണം എങ്ങനെ ചെലവാക്കുന്നു എന്നു നിരീക്ഷിക്കുകയാണ് നല്ല അച്ഛനുമമ്മയും ചെയ്യേണ്ടത് എന്ന് കുട്ടികളെ തന്നെ ബോധ്യപ്പെടുത്തണം.
ക്യാംപസ് പ്ലെയ്സ്മെന്റിലൂടെയൊക്കെ നല്ല ശമ്പളത്തിൽ ജോലിക്കുകയറുന്ന പല മിടുക്കരും മയക്കു മരുന്നിന്റെ വലയിലേക്ക് വീണു പോയിട്ടുണ്ട്. കൈ നിറയെ പണം കിട്ടുന്നു, അതെങ്ങനെ ചെലവാക്കണമെന്ന് അറിയാതെ വരുന്നു. ഒപ്പം ആനന്ദിക്കലാണ് ജീവിതം എന്ന നീതിശാസ്ത്രത്തിലേക്കും എത്തുന്നു. അപ്പോൾ ‘എല്ലാ ദിവസവും പണിയെടുക്കുന്നു, ബാക്കി രണ്ടു ദിവസം റിലാക്സ് ചെയ്യാം’ എന്ന ന്യായീകരണത്തിലേക്ക് എത്തും. അത്തരം ചെറിയ തുടക്കങ്ങൾ അവരെ നയിക്കുന്നത് മടക്കം അസാധ്യമായ വിപത്തുകളിലേക്ക് ആയിരിക്കും.

കുട്ടികൾ നിരീക്ഷിക്കപ്പെടുക തന്നെ വേണം. അത് അവർ അറിയുകയും വേണം. യാത്രകൾ ആകാം. പക്ഷേ, താമസിക്കുന്ന ഹോട്ടലിലെയും ഒപ്പമുള്ള കൂട്ടുകാരുടെയും നമ്പരുകൾ വാങ്ങണം. സ്ലീപ്പ് ഒാവർ പാർട്ടികൾ കൂട്ടുകാരുടെ വീടുകളിൽ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മാത്രം മതി.’’
കരുതലോടെ നിരീക്ഷിക്കുക
കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ അവരെ സ്നേഹപൂർവം നിരീക്ഷിക്കുകയേ മാർഗമുള്ളു. ചില ലക്ഷണങ്ങളിലൂടെ മക്കൾ ട്രാക്ക്മാറുന്നുണ്ടോ എന്ന് തിരിച്ചറിയാൻ പറ്റും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്യാട്രിസ്റ്റ് ഡോ.അരുൺ ബി. നായർ കുട്ടികളിലെ മാറ്റങ്ങൾ തിരിച്ചറിയാനുള്ള വഴികൾ നിർദേശിക്കുന്നു...

1. നന്നായി ഇടപെട്ടുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഉൾവലിയുന്നു. ദീർഘ നേരം അടച്ചിരിക്കുന്നു. വീട്ടുകാരോടു പോലും സംസാരിക്കുന്നില്ല.
2. പെരുമാറ്റത്തിൽ പൊടുന്നനെയുള്ള വ്യത്യാസം ചെറിയ ശബ്ദങ്ങൾ പോലും അസഹിഷ്ണുത ഉണ്ടാക്കുന്നു. പേരു വിളിക്കുമ്പോൾ പോലും പൊട്ടിത്തെറിക്കുന്നു. ദേഷ്യം നിയന്തിക്കാനാകാതെ വീട്ടിലെ പലതും തല്ലിപ്പൊട്ടിക്കുന്നു. മാതാപിതാക്കളെയോ സഹോദരങ്ങളെയോ അടിക്കാൻ ശ്രമിക്കുന്നു.
3. ശരീരത്തിലെ മുറിപ്പാടുകൾ. കുത്തിവയ്പെടുത്തതു പോലുള്ള പാടുകൾ.
4. കണ്ണുകളുടെ ചുവപ്പ്.
5. ഉറക്കത്തിന്റെ സമയക്രമത്തിലുള്ള മാറ്റം.
6. പഠനത്തിൽ പെട്ടെന്നുള്ള മാറ്റം.
7. പഴയ സുഹൃത്തുക്കളോടു താൽപര്യം നഷ്ടമായി പുതിയ സുഹൃത്തുക്കൾ വരുന്നു. അവരെക്കുറിച്ച് ചോദിക്കുമ്പോൾ വ്യക്തമായ മറുപടി ഉണ്ടാകില്ല.
8. ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുക.
9. പകൽ സമയത്ത് മയക്കത്തിന്റെയും ക്ഷീണത്തിന്റെയും ലക്ഷണങ്ങൾ. നടക്കുമ്പോൾ ആടുന്നു.
10. നന്നായി ആസ്വദിച്ചു കഴിച്ചിരുന്നവർക്ക് ഭക്ഷണം വേണ്ടാതാകുന്നു. ചിലർക്ക് അമിതമായ വിശപ്പ് ഉണ്ടാകുന്നു. ചിലർ മധുരം ഒരുപാടു കഴിക്കുന്നു.
11. ചിത്ത ഭ്രമത്തിന്റെ ലക്ഷണങ്ങൾ– ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നു. ഇല്ലാത്ത കാഴ്ചകൾ കാണുന്നു.
12. വിഷാദാവസ്ഥ പ്രകടിപ്പിക്കുന്നു. സംഭാഷണങ്ങളിൽ വിമുഖത.
13. ഒന്നും ചെയ്യാനുള്ള താൽപര്യമില്ലായ്മ (അമോട്ടിവേഷനൽ സിൻട്രോം) കാണിക്കുന്നു.
14. ശക്തമായ തലവേദന, ശരീരം വലിഞ്ഞു മുറുകുന്ന പോലെ തോന്നുന്നു അക്രമാസക്തനാകുന്നു.
15. വിറയൽ, നെഞ്ചിടിപ്പു കൂടുക, ദേഷ്യം വരുക...
മാറ്റങ്ങൾ ശ്രദ്ധയിൽ വന്നാൽ ദുരഭിമാനം വെടിഞ്ഞ് അവശ്യമായ വൈദ്യ–നിയമസഹായം തേടുക...
വിശദമായ വായനയ്ക്ക് വനിത ഒക്ടോബർ 30–നവംബർ 15 ലക്കം വാങ്ങിക്കുക