Wednesday 09 November 2022 03:05 PM IST

‘അവന്റെ കരച്ചിൽ എനിക്കു കണ്ടു നിൽ‌ക്കാനായില്ല’; പാത്തുമുത്തു പറഞ്ഞു... എന്റെ കരളെടുത്തോ: ഫാഹിമിന്റെ കരളായ മുത്തശ്ശി

Sruthy Sreekumar

Sub Editor, Manorama Arogyam

fahim

പാത്തുമുത്തു പേരക്കുട്ടിക്കു നൽകിയ സമ്മാനത്തെക്കുറിച്ച് അറിഞ്ഞവർ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു – പാത്തുമുത്തു മുത്താണ്, സൂപ്പറാണ്.. എന്താണ് ആ സമ്മാനമെന്നല്ലേ.. സ്വന്തം കരളിന്റെ ഒരു പങ്ക്. അതേ.. ജന്മനാൽ കരളിനു തകരാർ ഉള്ള ഫാഹിം എന്ന കുരുന്നിന് അവന്റെ മുത്തശ്ശിയായ പാത്തുമുത്തു കരൾ പകുത്തു നൽകി സമ്മാനിച്ചത് പുതുജീവൻ തന്നെയാണ്. പാലക്കാട് നെന്മാറ സ്വദേശികളായ ഫൈസലിന്റെയും മുഹസീനയുടെയും മകനായ മുഹമ്മദ് ഫാഹിമിനു കരൾ ദാനം ചെയ്തത് ഫൈസലിന്റെ ഉമ്മയായ പാത്തുമുത്തുവാണ്. ഫാറ്റിലിവർ തീവ്രാവസ്ഥയിലായിരുന്ന പാത്തുമുത്തുവിനു പ്രമേഹവും ഉണ്ടായിരുന്നു. ഇഷ്ടഭക്ഷണമെല്ലാം ഉപേക്ഷിച്ച്, അതികഠിനമായ ചിട്ടയിലൂെട, വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പാത്തുമുത്തു ഫാറ്റിലിവറിനെ നിയന്ത്രണവിധേയമാക്കി, കരൾ ദാനം െചയ്യാൻ ശരീരത്തെ സജ്ജമാക്കിയത്.

ആരോഗ്യപ്രശ്നങ്ങൾ തുടങ്ങുന്നു

2021 ജൂലൈ 13നാണ് ഫാഹിം ജനിച്ചത്. ഫാഹിം ജനിച്ചശേഷമുള്ള ദിവസങ്ങളിൽ മലത്തിനു വെള്ളനിറമായിരുന്നു. 45 ദിവസം കഴിഞ്ഞശേഷം മൂത്രം കടുംമഞ്ഞ നിറത്തിൽ പോകാൻ തുടങ്ങി. ഒപ്പം കണ്ണിലും മഞ്ഞനിറം പടർന്നു. ഇതോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ബിലിറൂബിന്റെ അളവ് നോർമലായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ലക്ഷണങ്ങൾ കുറയുന്നുണ്ടായിരുന്നില്ല. മലത്തിനു വെള്ളനിറം തന്നെ. ഒന്നരമാസം കഴിഞ്ഞ് വീണ്ടും ബിലിറൂബിൻ പരിശോധിച്ചപ്പോഴാണ് അളവു കൂടുന്നതായി കണ്ടത്. തുടർന്ന് ഫൈസലും മുഹസീനയും ഫാഹിമിനെ ഒരു പീഡിയാട്രീഷന്റെ പക്കൽ കൊണ്ടുപോയി.

‘‘ ഡോക്ടറുെട നിർദേശപ്രകാരം കരളിന്റെ എൻസൈം പരിശോധനകളും മറ്റും നടത്തിയതിൽ അളവുകളിൽ ചില വ്യത്യാസം കണ്ടു. ര ണ്ടു മാസത്തോളം അദ്ദേഹത്തിന്റെ ചികിത്സയിൽ ആയിരുന്നു ഫാഹിം. എന്നാൽ രോഗമെന്താണെന്നോ എ ന്തു പ്രശ്നത്തിനാണു ചികിത്സ നൽകുന്നതെന്നോ ഡോക്ടർ കൃത്യമായി പറഞ്ഞില്ല’’ മുഹസീനയും ഫൈസലും പറയുന്നു.

‘‘ ഈ രണ്ടു മാസവും രണ്ടാഴ്ച കൂടുമ്പോൾ ഡോക്ടറുെട പക്കൽ ചികിത്സയ്ക്കായി കുഞ്ഞിനെ എത്തിച്ചിരുന്നു. കൂടാതെ എല്ലാ ആഴ്ചയും പരിശോധനകളും നടത്തിവന്നു. പരിശോധനകളിൽ അളവുകൾ കൂടുന്നതല്ലാതെ ഒന്നും സംഭവിച്ചിരുന്നില്ല. െചലവേറിയ പരിശോധനകൾ വീണ്ടും വീണ്ടും ഡോക്ടർ നിർദേശിച്ചപ്പോഴാണ് മറ്റൊരു ഡോക്ടറെ കാണുന്നതിനെ കുറിച്ചു ഞങ്ങൾ ചിന്തിച്ചത്. മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യവും മോശമാവുകയായിരുന്നു.

തുടർന്ന് കുഞ്ഞുമായി മറ്റൊരു ഡോക്ടറെ സമീപിച്ചു. അദ്ദേഹമാണ് കരളിനാണ് തകരാർ എന്നു പറയുന്നത്. കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറാനും നിർദേശിച്ചു. അങ്ങനെ തൃശൂരിലെ ഒരാശുപത്രിയിൽ എത്തി. അവിെട വിശ ദമായ സ്കാനിങ് നടത്തി. അതിലൂെടയാണ് കരൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നു മനസ്സിലാക്കിയത്. കരൾ മാറ്റിവയ്ക്കേണ്ടി വരും എന്നു ഡോക്ടർമാർ സൂചനയും നൽകി. അവയവം മാറ്റിവയ്ക്കൽ സൗകര്യമുള്ള ആശുപത്രി തേടിയുള്ള അന്വേഷണം ഒടുവിൽ വന്നുനിന്നത് ലേക്‌ഷോറിലാണ്. അങ്ങനെ മൂന്നു മാസം ഉള്ളപ്പോൾ കസായി ശസ്ത്രക്രിയ െചയ്തു. ശ സ്ത്രക്രിയ വിജയിക്കാനുള്ള സാധ്യത 30 ശതമാനം മാത്രമാണ് ഡോക്ടർമാർ പറഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തോളം കുഴപ്പമില്ലായിരുന്നു. മലത്തിന്റെ നിറമൊക്കെ സാധാരണപോലെയായി. എന്നാൽ ഒരു മാസത്തിനു ശേഷം ബിലിറൂബിൻ അളവു കൂടാൻ തുടങ്ങി. മാത്രമല്ല ഇടയ്ക്കിടെ പനിയും. ഇനി കരൾ മാറ്റിവയ്ക്കൽ മാത്രമെ ഒപ്ഷൻ ഉള്ളൂ എന്നു ഡോക്ടർമാർ പറഞ്ഞു. മോന്റെ രക്തഗ്രൂപ്പ് ഒ പൊസിറ്റീവ് ആണ്. എന്റേതും ഭർത്താവിന്റേതും എ പൊസിറ്റീവും. ഭാഗ്യവശാൽ ഭർത്താവിന്റെ അമ്മയുടേത് ഒ പൊസിറ്റീവ് തന്നെയായിരുന്നു. അങ്ങനെയാണ് ഉമ്മ കരൾ കൊടുക്കാൻ തയാറായത്. ’’ മുഹസീന പറഞ്ഞുനിർത്തി.

ഇനി പാത്തുമുത്തു തന്നെ ആ അനുഭവം പറയും

‘‘ എന്റെ ആദ്യ പേരക്കുട്ടിയാണ് ഫാഹിം. ജനിച്ചപ്പോൾ മുതലേ കുഞ്ഞിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവന്റെ വേദനയും കരച്ചിലും കണ്ടുനിൽക്കാൻ പോലും കഴിയുന്നില്ലായിരുന്നു. ശരിക്കും ഭക്ഷണം കഴിക്കാൻ അവനു കഴിഞ്ഞിരുന്നില്ല. എന്തു കഴിച്ചാലും ഛർദിക്കും. രാത്രിയൊന്നും ഉറക്കമേ ഉണ്ടായിരുന്നില്ല. ഒടുവിൽ ഡോക്ടർമാർ ക രൾ മാറ്റിവയ്ക്കണം എന്നു പറഞ്ഞപ്പോൾ എന്റെ രക്തഗ്രൂപ്പൂം കൂടി നോക്കി. അതു ചേരുമെന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ഞാൻ ആലോചിച്ചില്ല, എന്റെ കരൾ എടുത്തോളാൻ പറഞ്ഞു.

ഫാറ്റിലിവർ പ്രശ്നമാകുന്നു

കരൾമാറ്റിവയ്ക്കലിനെ കുറിച്ചൊന്നും എനിക്കു കൂടുതലായി അറിഞ്ഞൂടാ. ടിവിയിലും പത്രത്തിലും മറ്റും കണ്ടുള്ള അറിവേ എനിക്കുണ്ടായിരുന്നുള്ളൂ. വിശദമായ പരിശോധനയിൽ എനിക്കു ഫാറ്റി ലിവർ കൂടുതലാണെന്നു കണ്ടെത്തി. രണ്ടു വർഷമായി പ്രമേഹത്തിനു മരുന്നു കഴിക്കുന്നുണ്ട്. ഫാഹിം ജനിക്കുന്നതിനു മുൻപു തന്നെ അസഹ്യമായ വയറുവേദന വന്നപ്പോൾ നടത്തിയ പരിശോധനയിൽ ഫാറ്റി ലിവർ ഉണ്ടെന്നു കണ്ടിരുന്നു. കുറച്ചുകാലം മരുന്നും കഴിച്ചു. രോഗം ഭേദമായെന്നു കരുതി.

ഫാറ്റി ലിവർ നോർമൽ ആയാലേ ശസ്ത്രക്രിയ നടത്താൻ പറ്റൂ എന്നു ഡോക്ടർമാർ പറഞ്ഞു. അതും മൂന്നു മാസത്തിനുള്ളിൽ തന്നെ വേ ണം. ചോറും മാംസവിഭവങ്ങളുമെല്ലാം നന്നായി കഴിക്കുന്ന ആളാണ് ഞാൻ. ആഹാരമൊക്കെ നന്നായി കുറച്ച്... ചോറും മീനും ഇറച്ചിയുമൊന്നും കഴിക്കാതെ.. എന്നെ കൊണ്ട് കഴിയുമോ എന്നു സംശയമുണ്ടായിരുന്നു. പക്ഷേ മനസ്സിൽ കൊച്ചുമകന്റെ മുഖം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ജനിച്ചപ്പോൾ മുതൽ കാണുന്നതാണ് എന്റെ കുഞ്ഞിന്റെ വേദനയും കരച്ചിലും. പട്ടിണി കിടന്നിട്ടാണെങ്കിലും അവനെ രക്ഷിക്കാൻ എന്നാൽ കഴിയുന്ന എന്തും െചയ്യാൻ ഞാൻ തയാറായിരുന്നു. അങ്ങനെ ഭക്ഷണകാര്യത്തിൽ കർശനമായ നിയന്ത്രണം കൊണ്ടുവന്നു.

ചോറ് ഒഴിവാക്കി.. പഴങ്ങൾ കഴിച്ച്

ചോറ് പൂർണമായി ഒഴിവാക്കി. രാവിലെ ഒരു ആപ്പിൾ, ഉച്ചയ്ക്ക് ഒരു ഒാറഞ്ച്, രാത്രി ചെറിയ കഷണം തണ്ണിമത്തൻ എന്നിങ്ങനെയായിരുന്നു തുടക്കത്തിലെ നിയന്ത്രണം. രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ രാവിലെ ഒരു ചപ്പാത്തി / ഒരു ദോശ / ഒരു ഇഡ്‌ലി എന്നിങ്ങനെ കഴിക്കാൻ തുടങ്ങി. ഉച്ചയ്ക്ക് അര തവി ചോറ്. കറികൾ നന്നായി കഴിച്ചിരുന്നു. എന്നാൽ കറികളിലൊന്നും തേങ്ങ ചേർത്തിരുന്നില്ല. ചില ദിവസങ്ങളിൽ ഉരുളക്കിഴങ്ങോ ചെറുപയറോ മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും മാത്രം ഇട്ടു വേവിച്ചു കഴിക്കും. മുട്ടയുെട വെള്ള പുഴുങ്ങിയോ ചിക്കിപൊരിച്ചോ കഴിക്കും.

നന്നായി വെള്ളം കുടിക്കുമായിരുന്നു. കൂടാതെ നാരങ്ങാ വെള്ളമോ, മോരോ.. ജ്യൂസ് ഒന്നും പാടില്ലായിരുന്നു. പഴങ്ങളിലാണെങ്കിൽ മുന്തിരി ഒഴിവാക്കാൻ പറഞ്ഞിരുന്നു. ചിലപ്പോൾ രാത്രി നന്നായി വിശക്കും. അപ്പോൾ വെള്ളം കുടിക്കും. ഡയറ്റിങ് തുടങ്ങിയപ്പോൾ 55 ആയിരുന്നു ശരീരഭാരം. രണ്ടു മാസം കഴിഞ്ഞപ്പോൾ 41 കിലോ ആയി.

ശസ്ത്രക്രിയ എങ്ങനെയാണ് എ ന്നൊക്കെ ഡോക്ടർമാർ വിശദമായി പറഞ്ഞുതന്നിരുന്നു. ചെറിയ പേടിയൊക്കെ തോന്നി. ദൈവത്തെ പ്രാർഥിച്ചു ശസ്ത്രക്രിയയ്ക്കു തയാറായി. 2022 ഏപ്രിൽ 14നായിരുന്നു ശസ്ത്രക്രിയ. ബോധം തെളിഞ്ഞപ്പോൾ ആ ദ്യം അന്വേഷിച്ചത് കുഞ്ഞിനെ കുറിച്ചാണ്. അവന് ഒരു കുഴപ്പവും ഇല്ല എന്നു ഡോക്ടർ പറഞ്ഞപ്പോഴാണ് ശരിക്കും സന്തോഷമായത്. അതുവരെ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ ഡിസ്ചാർജ് ആയി. കുഞ്ഞ് 18 ദിവസത്തോളം ഐസിയുവിൽ ആയിരുന്നു. അവനെ ഞാൻ ഐസിയുവിൽ പോയി കണ്ടില്ല. വായിലും മൂക്കിലും ട്യൂബൊക്കെ ഇട്ട്, വയറ്റിലൊക്കെ മുറിവുമായി.. അങ്ങനെ ഒരവസ്ഥയിൽ കുഞ്ഞിനെ കാണാൻ സാധിക്കില്ലായിരുന്നു.

ചെറിയ പ്രയാസങ്ങൾ മാത്രം

ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസ ത്തോളം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എഴുന്നേൽക്കാനും ബാത്റൂമിൽ പോകാനുമൊക്കെ പരസഹായം വേണമായിരുന്നു. ഇപ്പോൾ ആ രോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. സാധാരണ ഭക്ഷണം കഴിക്കുന്നുണ്ട്. കുറച്ചു മാസത്തേക്കു വലിയ ഭാരമൊന്നും എടുക്കരുത് എന്നു മാത്രം ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. കുഞ്ഞിനെ ആശുപത്രിയിൽ നിന്നു വീട്ടിൽ കൊണ്ടുവന്ന ദിവസം ശരിക്കും ആഘോഷമായിരുന്നു. ശസ്ത്രക്രിയയുെട തലേ ദിവസം വരെ എന്റെ കൈകളിൽ കളിച്ചുചിരിച്ച് ഇരുന്ന കുഞ്ഞിനെ വീണ്ടും ആരോഗ്യത്തോടെ ദൈവം തിരിച്ചു തന്നല്ലോ എന്ന ആശ്വാസമായിരുന്നു.

പേരക്കുട്ടിയുെട ആരോഗ്യത്തിനായി എന്തും െചയ്യാൻ പാത്തുമുത്തു തയാറായിരുന്നു. ആ ത്യാഗത്തിന്റെ ഫലമാണ് ഇന്നു ഫാഹിമിനെ സ്നേഹിക്കുന്നവരുെട മുഖത്തു കാണുന്ന പുഞ്ചിരിയും ആശ്വാസവും...