വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നാണ് പറയാറ്. പക്ഷേ ന്യൂജെന്‍ പിള്ളേരുടെ വിവാഹ സങ്കല്‍പ്പങ്ങള്‍... അതിന് ആകാശത്തോളം വലുപ്പമുണ്ട്. മനസാഗ്രഹിച്ച കല്യാണം മനോഹരമാക്കാന്‍ എന്ത് റിസ്‌കെടുക്കാനും പുതിയ പിള്ളേര്‍ എപ്പോഴേ റെഡി. വെഡ്ഡിംഗ് ഫൊട്ടോഗ്രഫിയെ വവ്വാല്‍ ഫൊട്ടോഗ്രഫിയും അണ്ടര്‍ വാട്ടര്‍ ഫൊട്ടോഗ്രഫിയുമൊക്കെയാക്കി രൂപമാറ്റം വരുത്തിയ ന്യൂജനറേഷന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ആകാശത്താണ്. തെറ്റിദ്ധരിക്കേണ്ട, വിവാഹ ഫൊട്ടോഗ്രഫി കരയും കടലും വിട്ട് വിമാനത്തിനകത്തു വരെ എത്തിയിരിക്കുന്നു. വ്യത്യസ്തമായ വിവാഹ വിഡിയോ എന്ന ആഗ്രഹം ഡോക്ടര്‍ ദമ്പതിമാരായ അരവിന്ദിനേയും ആതിരയേയും എത്തിച്ചത് വിമാനത്തിനുള്ളില്‍. ഫ്‌ളൈറ്റില്‍ കയറി ക്ലിക്കിയ ആ മനോഹരമായ ആശയത്തിനു പിന്നില്‍ ക്യാമറയുമായി എത്തിയതാകട്ടെ പൂരം വെഡ്ഡിംഗ്‌സും.

കണ്ണൂരുകാരി പെണ്ണ്... അങ്കമാലിക്കാരന്‍ ചെക്കന്‍. വിവാഹം നടന്നതാകട്ടെ കണ്ണൂരും. വിവാഹ ശേഷം ഗൃഹപ്രവേശത്തിനായി ചെക്കന്റെ വീട്ടിലേക്ക് അന്ന് തന്നെ എത്തണം എന്നൊരു പതിവുണ്ട്. നമ്മുടെ ചെക്കന്റേയും പെണ്ണിന്റേയും പ്ലാനും അങ്ങനെ തന്നെയായിരുന്നു. കണ്ണൂരു നിന്നും ചെക്കന്റെ നാടായ അങ്കമാലിയിലേക്കുള്ള യാത്രയ്ക്ക് വിമാനം തന്നെയായിരുന്നു ശരണം. കതിര്‍മണ്ഡപത്തില്‍ നിന്നും അതേ വിവാഹ വേഷത്തോടെ ഇരുവരും ഒരുങ്ങിയിറങ്ങുകയാണ്. ആ യാത്രയില്‍ നിന്നാണ് ഇങ്ങനെയൊരു ഐഡിയ കിട്ടുന്നത്.- ഫൊട്ടോഗ്രാഫര്‍ ബേസില്‍ പറഞ്ഞുതുടങ്ങുകയാണ്.

വിവാഹ വേഷത്തില്‍ ഇരുവരും എത്തിയപ്പോള്‍ എയര്‍പോര്‍ട്ടിലെ മറ്റ് യാത്രക്കാര്‍ തെല്ലെന്നൊമ്പരന്നു. ഹാരവും സ്വര്‍ണവും അണിഞ്ഞ് ചെക്കനും പെണ്ണും വരുന്നത് കണ്ടപ്പോള്‍ പലരും ആശ്ചര്യത്തോടെയാണ് നോക്കിയത്. പക്ഷേ സിറ്റുവേഷന്‍ മനസിലാക്കി സഹയാത്രികരും വിമാന ജീവനക്കാരും ഒപ്പം ചേര്‍ന്നതോടെ സംഗതി കളറായി. വിമാന ജീവനക്കാര്‍ ഗിഫ്റ്റ് കൊടുത്ത് അവരെ സ്വീകരിച്ചു. ഷൂട്ട് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തു. സഹയാത്രികരും ഫൊട്ടോയ്ക്ക് പോസ് ചെയ്ത് ഒപ്പം കൂടി. വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്ത ശേഷവും ഫൊട്ടോഎടുക്കാന്‍ വേണ്ടി കുറച്ചു സമയം അനുവദിച്ചു കിട്ടി. എന്തായാലും നല്ലൊരു അനുഭവമായിരുന്നു അത്- ബേസില്‍ പറയുന്നു.

ചെറിയ ചമ്മലൊക്കെ ഉണ്ടായിരുന്നു. കല്യാണ വേഷത്തില്‍ എത്തുമ്പോള്‍ പലരും അന്തംവിട്ട് നോക്കുന്നുണ്ടായിരുന്നു. പക്ഷേ വിമാനത്തില്‍ കയറിയതോടെ എല്ലാം കൂളായി. ബന്ധുക്കളും കൂട്ടുകാരും എല്ലാം പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.- കല്യാണപ്പെണ്ണ് ഡോ. ആതിര പറയുന്നു.
ആതിരയ്ക്ക് വിമാനത്തില്‍ കയറുന്നതു വരെ ചെറിയ ചമ്മലുണ്ടായിരുന്നു. പക്ഷേ ഞാന്‍ ഓകെ ആയിരുന്നു. എന്തായാലും വിവാഹത്തിന്റെ അന്നു തന്നെ മറക്കാനാകാത്ത കുറച്ചു നിമിഷങ്ങള്‍ കിട്ടി.-ഡോ. അരവിന്ദിന്‍റെ കമന്‍റ്.