കഷായത്തിൽ കീടനാശിനി കലക്കി നൽകിയതിനു മുൻപു ജ്യൂസിൽ വേദനസംഹാരി ഗുളികകൾ അമിതമായ അളവിൽ കലർത്തി നൽകിയും ഷാരോണിനെ അപായപ്പെടുത്താൻ ശ്രമിച്ചതായി ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ. തമിഴ്നാട്ടിൽ ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ ക്രിസ്ത്യൻ കോളജ‍ിലുൾപ്പെടെ ഇന്നലെ തെളിവെടുപ്പിനായി കൊണ്ടു പോയപ്പോഴാണു റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോടു ഗ്രീഷ്മ ഇക്കാര്യം പറഞ്ഞത്.

സാവധാനം വിഷം നൽകി എങ്ങനെ കൊലപ്പെടുത്താമെന്നു (സ്ലോ പോയിസണിങ്) ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞിരുന്നു. അങ്ങനെയാണു ചില വേദനസംഹാരി ഗുളികകൾ അമിതമായ അളവിൽ ഉള്ളിൽ ചെന്നാൽ വൃക്കകൾ തകരാറിലാകുമെന്നും അതു പിന്നീടു മരണത്തിലേക്കു നയിക്കുമെന്നും കണ്ടെത്തിയതെന്നു ഗ്രീഷ്മ അന്വേഷണ സംഘത്തോടു പറഞ്ഞു. ഗ്രീഷ്മയുടെ അച്ഛന് ഇഎസ്ഐ ആശുപത്രിയിൽ നിന്നു ലഭിച്ച ചില ഗുളികകൾ ശേഖരിച്ചു വെള്ളത്തിലിട്ടു ലയിപ്പിച്ച ശേഷം കുപ്പിയിൽ ലഭിക്കുന്ന പഴച്ചാറിൽ കലർത്തിയാണു ഷാരോണിനു നൽകിയത്. മാർത്താണ്ഡം പഴയ പാലത്തിനു സമീപം ഇരുവരും ഒത്തുചേർന്നപ്പോൾ ‘ജ്യൂസ് ചാലഞ്ച്’ എന്ന പേരിലാണ് ഇതു കുടിപ്പിച്ചത്. 

ഒരു കവിൾ കുടിച്ചപ്പോൾ തന്നെ കടുത്ത കയ്പു കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളഞ്ഞു. പഴകിയ ജ്യൂസ് ആയിരിക്കുമെന്നു പറഞ്ഞ് ആ കുപ്പി അപ്പോൾ തന്നെ വാങ്ങി പാലത്തിനു താഴേക്കു കളഞ്ഞുവെന്നും ഗ്രീഷ്മ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ ഷാരോണിന്റെ വീട്ടിൽ വച്ചു തനിക്കു താലി ചാർത്തിയെന്നും പിന്നീട് വെട്ടുകാട് പള്ളിയിൽ വച്ച് നെറ്റിയിൽ കുങ്കുമം ചാർത്തിയെന്നും ഗ്രീഷ്മ പറഞ്ഞിരുന്നു. ഇതിനു ശേഷം ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോമിൽ ഇരുവരും ഒന്നിച്ചു മുറിയെടുത്തു താമസിച്ചതായും ഗ്രീഷ്മ പറഞ്ഞു. ഈ ടൂറിസ്റ്റ് ഹോമിലും ഇന്നലെ തെളിവെടുപ്പിനെത്തിച്ചു.

ജ്യൂസ് വാങ്ങിയ കടയും ഷാരോണിന്റെ കോളജിൽ തങ്ങൾ കണ്ടുമുട്ടിയിരുന്ന സ്ഥലവും ഗ്രീഷ്മ അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തു. ഷാരോണുമായ‍ി പങ്കുവച്ച ശബ്ദസന്ദേശങ്ങൾ ഗ്രീഷ്മയുടേതു തന്നെയാണെന്ന് ഉറപ്പിക്കാൻ ഇന്നു ശബ്ദ പരിശോധന നടത്തും.  തിരുവനന്തപുരം ആകാശവാണിയിലെ സ്റ്റ‍ുഡിയോയിൽ ഗ്രീഷ്മയുടെ ശബ്ദ സാംപിളുകൾ ശേഖരിക്കും. തുടർന്നു വിദഗ്ധർ ഇതു രണ്ടും പരിശോധിച്ച് ഉറപ്പിക്കും. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ഉച്ചയ്ക്കു ശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

അന്വേഷണം തമിഴ്നാടിനു കൈമാറിയേക്കും

പത്തനംതിട്ട∙ നിയമോപദേശം അനുകൂലമായാൽ ഷാരോൺ വധക്കേസ് തമിഴ്നാട് ക്രൈംബ്രാഞ്ചിനു കൈമാറുമെന്നു ഡിജിപി അനിൽകാന്ത് പറഞ്ഞു. പരാതി കിട്ടി മണിക്കൂറുകൾക്കകം കൊലപാതകമാണെന്നു കണ്ടെത്തിയ കേസാണിത്. സംസ്ഥാനത്തെ അന്വേഷണങ്ങൾ മിക്കവാറും പൂർത്തിയായി. കേസ് തമിഴ്നാടിനു കൈമാറണമെന്ന ആവശ്യം ഉയർന്നപ്പോഴാണു നിയമോപദേശം തേടിയതെന്ന് എഡിജിപി എം.ആർ.അജിത്കുമാറും പറഞ്ഞു.

More