Monday 27 April 2020 04:09 PM IST

കണ്ണുകളിലെ ഇരുളകറ്റി ഹന്നയുടെ സംഗീതം! പാട്ടുകാരിയും മോട്ടിവേഷണൽ സ്പീക്കറുമായ പത്താം ക്ലാസുകാരിക്ക് കയ്യടിച്ച് ലോകം

Sreerekha

Senior Sub Editor

Hannah-2

'ഹന്നാ.. എന്നും ഉണരുമ്പോൾ ഞാനാദ്യം കേൾക്കുന്നത് നിന്റെ പാട്ടാണ്...' ഈയിടെ ബ്രസീലിൽ നിന്നുള്ള ഫോളോവർ ആയ നതാലിയ, ഹന്നയുടെ ഫേയ്സ് ബുക്ക് പേജിൽ കുറിച്ചു. കൊച്ചി കലൂർ സ്വദേശിയായ ഹന്ന ആലീസ് സൈമൺ എന്ന പതിനഞ്ചുകാരിയുടെ പാട്ടുകളെ സ്നേഹിക്കുന്നവർ അങ്ങനെ ലോകത്തിന്റ പല ഭാഗത്തും ഉണ്ട്. യൂ ട്യൂബ് ചാനലിൽ ഹന്ന ഇടുന്ന പാട്ടുകൾക്കായി കാത്തിരിക്കുന്നവർ. തന്റെ കണ്ണുകളിൽ ഇരുട്ടിനെ നിറച്ച വിധിയിലും നിരാശപ്പെടാതെ അപാരമായൊരു ദൈവ സ്നേഹത്തോടെ ഹന്ന പാട്ടുകൾ ഒരുക്കുകയാണ്. അന്ധത ഹന്നയുടെ സ്വപ്നങ്ങളുടെ നിറങ്ങളെ തെല്ലും മായ്ക്കുന്നില്ല..

ഇടയ്ക്ക് മോട്ടിവേഷനൽ സ്പീക്കർ ആയും, കൊച്ചി രാജഗിരി സ്കൂളിലെ വിദ്യാർഥിനിയായ ഹന്ന മറ്റുള്ളവ‍ർക്കു മുന്നിൽ തന്റെ ജീവിത കഥയും കാഴ്ചപ്പാടുകളും പറയുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന മോട്ടിവേഷനൽ സ്പീക്കറുടെ വാക്കുകൾക്കായി കോതോർത്ത് കൈയടിക്കുന്നത് കുട്ടികൾ മാത്രമല്ല, മുതിർന്നവർ കൂടിയാണ്. അപ്പോഴൊക്കെ ഹന്ന ഓർക്കാറുണ്ട്. താൻ കുഞ്ഞായിരുന്നപ്പോൾ അമ്മ തന്നോടു പറയുമായിരുന്ന വാക്കുകൾ.

'അന്നൊക്കെ കണ്ണിന്റെ പ്രശ്നം കാരണം മറ്റു കുട്ടികൾ എന്നെ കളിക്കാൻ കൂടെ കൂട്ടുമായിരുന്നില്ല.' ഹന്ന പറയുന്നു: ' ചില കുട്ടികൾ പ്രേതം എന്ന് വിളിച്ച് കളിയാക്കുമായിരുന്നു. കൊച്ചു കുട്ടികൾ എന്നെ കാണുമ്പോൾ പേടിച്ചോടും അന്ന്. എനിക്കാണെങ്കിൽ കുഞ്ഞുങ്ങളെ എടുത്ത് ഓമനിക്കാൻ ഒത്തിരി ഇഷ്ടമായിരുന്നു. മറ്റുള്ളവരുടെ അത്തരം പെരുമാറ്റം കാരണം ഞാൻ വല്ലാതെ നൊമ്പരപ്പെടുമ്പോൾ അമ്മ എന്നെ ചേർത്തു പിടിച്ച് പറയുമായിരുന്നു- ഹന്നാ, ഇന്ന് നിന്നെ കളിയാക്കുവരൊക്കെ ഒരിക്കൽ നിനക്കായി കൈയടിക്കും.'

ആദ്യത്തെ കുട്ടി വിഷ്വലി ചലഞ്ച്ഡ് ആണെന്നറിഞ്ഞ നിമിഷം വല്ലാതെ തളർന്നു പോയിരുന്നെന്ന് ഹന്നയുടെ അമ്മ ലിജ ഓർക്കുന്നു: 'എനിക്ക് 20 വയസ്സുള്ളപ്പോഴാണ് ഹന്ന പിറക്കുന്നത്. ഞാൻ അത്ര ബോൾഡ് ഒന്നും ആയിരുന്നില്ല. മോൾക്ക് നേത്രഗോളങ്ങൾക്ക് വളർച്ചയില്ലാത്ത അവസ്ഥയായിരുന്നു. മൈക്രോഫ്താൽമിയ എന്നാണ് അസുഖത്തിന്റെ പേര്. അതിനാൽ മറ്റ് ചികിത്സകളോ ട്രാൻസ് പ്ലാന്റേഷനോ ഒന്നും ഫലപ്രദമായിരുന്നില്ല. ഇതറിഞ്ഞ് ആദ്യം ഞാനും ഭർത്താവ് സൈമണും വല്ലാതെ വിഷമിച്ചു. ചുറ്റുമുള്ള പലരുടെയും സമീപനവും വിഷമിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഞങ്ങൾ അന്നേ ഉറപ്പിച്ചു, ഈ പ്രശ്നം കാരണം ഹന്ന ഒന്നിലും പിന്നിലാവരുതെന്ന്. അവൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയുണ്ടാകണം എന്നുറപ്പിച്ചാണ് വളർത്തിയത്. ഞാൻ ബ്രെയ്ലി ലിപി ആദ്യം പഠിച്ചു. ടെക്സ്റ്റ് ബുക്ക് ഒക്കെ ഞാൻ ബ്ലെയ്ലിയിലോട്ട് മാറ്റി ഹന്നയ്ക്കു കൊടുക്കും.

Hanna-0

അങ്ങനെ ചെറിയ ക്ലാസിലൊക്കെ അവളെ പഠിക്കാൻ സഹായിക്കുമായിരുന്നു. മറ്റു കുട്ടികൾ കളിക്കാൻ കൂട്ടിയില്ലെങ്കിൽ ഞങ്ങൾ അവളുടെ കൂടെ കളിക്കും. എല്ലാ കലാപരിപാടികളിലും അവളെ പങ്കെടുപ്പിക്കുമായിരുന്നു. റെസിറ്റേഷൻ, സ്പീച്ച്.. എല്ലാത്തിലും.. ഏതു കാര്യമായാലും നിന്നെക്കൊണ്ടു പറ്റില്ലെന്ന് ഞാനും സൈമണും ഒരിക്കലും അവളോട് പറഞ്ഞിട്ടില്ല. നിരുൽസാഹപ്പെടുത്തിയിട്ടില്ല.

കുഞ്ഞിലേ പാടുമായിരുന്നു ഹന്ന. പൊതുവെ കാഴ്ചയില്ലാത്ത കുട്ടി പാടും എന്നാണ് എല്ലാവരുടെയും ചിന്ത. അതു കാരണം എവിടെ ചെന്നാലും മോളോട് പാടാൻ പറയും. അതിനാൽ ആദ്യകാലത്തൊക്കെ പാട്ട് പഠിക്കാൻ മടിയായിരുന്നു അവൾക്ക്. പിന്നീട് അതു മാറി... പാട്ടിനോട് ശരിക്കും ഇഷ്ടമായി. ഡിവോഷനൽ സോങ്സ് ആണ് ഇപ്പോൾ കൂടുതലും പാടുന്നത്. '

അച്ഛനും അമ്മയും തന്ന പിന്തുണയാണ് തന്റെ ശക്തിയെന്ന് തിരിച്ചറിയുന്നുണ്ട് ഹന്ന. 'ബ്ലൈൻഡ് ആയ പല കുട്ടികളുടെയും ജീവിതം അവരുടെ അച്ഛനമ്മമാരുടെ സപ്പോർട്ട് ഇല്ലാത്തതിനാൽ ഇരുളടഞ്ഞു പോകുന്നുണ്ട്. പക്ഷേ, എന്റെ കാര്യത്തിൽ അപ്പയും അമ്മയും തന്നയൊണ് എന്റെ ശക്തി. അവരില്ലെങ്കിൽ ഞാൻ ഇത്ര വരെ എത്തില്ലായിരുന്നു.

ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ മാസ്റ്റർ മൈൻഡ് എന്ന ക്ലാസിനു പോയത് പബ്ലിക് സ്പീക്കിങ്ങിൽ പരിശീലനം കിട്ടാൻ ഏറെ സഹായിച്ചിട്ടുണ്ട്. വായനയിൽ താൽപര്യം വരാൻ കാരണം അപ്പയാണ്. ഞാൻ കുഞ്ഞായിരുന്നപ്പോ അപ്പ കഥകൾ വായിച്ചു കേൾപ്പിക്കുമായിരുന്നു. ലോക ക്ലാസിക്കുകളൊക്കെ അപ്പ വായിച്ചു കേൾപ്പിച്ചിട്ടുണ്ട്. പിന്നെ, കംമ്പ്യൂട്ടർ ഉപയോഗിക്കാൻ പഠിച്ച ശേഷം തനിയെ കഥകൾ കമ്പ്യൂട്ടറിൽ വായിക്കാൻ തുടങ്ങി. വായനയാണെന്റ പ്രധാന ഹോബി.

Hanna-1

സ്കൂളിൽ വച്ച് ഒരു ദിവസം എന്റെ ടീച്ചർ പറഞ്ഞിട്ട് ഒരു പരിസ്ഥിതി സംരക്ഷണ പ്രോഗ്രാമിനു വേണ്ടി ഞാനും കൂട്ടുകാരിയും കൂടി ഒരു പാട്ട് ഉണ്ടാക്കി. കൂട്ടുകാരി വരികൾ എഴുതി. ഞാൻ ഈണം ഉണ്ടാക്കി. പിന്നെ ഒരു ദിവസം പപ്പ പറഞ്ഞു, 'ഹന്നാ ഇനി നീ നിന്നോട് ഇത്രയും കരുതൽ കാണിക്കുന്ന ദൈവത്തിനു വേണ്ടി ഒരു പാട്ട് ഒരുക്കൂ ' എന്ന്. അങ്ങനെയാണ് ഞാൻ ഡിവോഷനൽ സോങ്സ് ചെയ്തു തുടങ്ങിയത്. ഒരു ദിവസം വിഷമിച്ചിരിക്കുന്ന സമയത്ത് ആദ്യത്തെ പാട്ടിന്റെ വരികൾ മനസ്സിൽ വന്നു... ആ പാട്ട് പള്ളികളിൽ കുട്ടികളെ പഠിപ്പിക്കാൻ എന്നെ വിളിച്ചു. പാട്ട് പഠിപ്പിക്കുന്നതിന്റെ കൂടെ എന്റെ ജീവിതവും കുട്ടികളോട് ഞാൻ പറയാൻ തുടങ്ങി. അങ്ങനെയാണ് മോട്ടിവേഷനൽ സ്പീക്കിങ്ങിലേക്ക് വന്നത്. പിന്നെ എന്റെ പേരിൽ യൂ ട്യൂബ് ചാനലും തുടങ്ങി.

ഈയിടെ ഞാൻ ഇവിടുത്തെ ബ്ലൈൻഡ് സ്കൂളിൽ പോയി സംസാരിക്കവേ പറഞ്ഞു: 'നമുക്കെല്ലാവർക്കും ഒരു ഫൈറ്റ് പിരിയഡ് ഉണ്ട്. പോരാടേണ്ടി വരുന്ന സമയം. ഒന്നുകിൽ നമുക്ക് പോരാടാം. അല്ലെങ്കിൽ തിരിഞ്ഞോടാം. തിരിഞ്ഞോടിയാൽ നമ്മൾ തോറ്റു പോവുകയേ ഉള്ളൂ. ഫൈറ്റ് ചെയ്യാനുള്ള ധൈര്യം കാണിക്കുന്നവരെ ലോകം സഹായിക്കും. ഫൈറ്റ് ചെയ്യാനുള്ള ധൈര്യം കാണിക്കുന്നവർ മാത്രമാണ് ജീവിതത്തിൽ വിജയിക്കുന്നത്. ' ഹന്ന പറയുന്നു.

ജീവിതം ഒരു പോരാട്ടമാണെന്നും അതിൽ ധൈര്യമാണ് തന്റെ ശക്തിയെന്നും ഈ കുഞ്ഞു പ്രായത്തിലെ തിരിച്ചറിയുന്നു ഹന്ന. പഠനത്തിനൊപ്പം സ്വന്തമായി സമ്പാദിക്കണമെന്നു കൂടി ആഗ്രഹിക്കുന്ന ഹന്ന, ഇൻഫോപാർക്കിലെ വീ ബ്രോ അനിമേഷൻ കമ്പനിയിൽ റൈംസ് പാടുന്ന ജോലി പാർട് ടൈമായി ചെയ്യുന്നുമുണ്ട്. വെസ്റ്റേൺ മ്യൂസിക്കും പിയാനോയും പഠിക്കുന്നുണ്ട്. ഭാവിയെ കുറിച്ചും തെളിഞ്ഞ സ്വപ്നങ്ങളുണ്ട് ഹന്നയ്ക്ക്.

'ഞാൻ ഇംഗ്ലിഷിൽ ഷോർട്ട് സ്റ്റോറീസ് എഴുതുന്നുണ്ട്. അറിയപ്പെടുന്ന ഒരു എഴുത്തുകാരി ആകണമെന്നു മോഹമുണ്ട്. പിന്നെ, സൈക്കോളജിസ്റ്റിന്റെ കരിയർ ആണ് ആഗ്രഹിക്കുന്നത്. സൈക്കോളജി എടുത്ത് അമേരിക്കയിൽ പോയി പഠിക്കണം. ടീനേജ് പ്രായത്തിലുള്ള കുട്ടികൾക്ക് കൗൺസിലിങ് കൊടുക്കുന്ന ജോലി ചെയ്യണം. പിന്നെ, ഞാൻ എവിടെയായാലും സംഗീതവും മോട്ടിവേഷനൽ സ്പീക്കിങ്ങും എന്റെ കൂടെ വേണം എന്നും ആശിക്കുന്നു ' ഹന്നയുടെ അമ്മ ലിജ മോണ്ടിസോറി ട്രെയിനിങ് കഴിഞ്ഞ് ജോലിക്കു വേണ്ടി ശ്രമിക്കുന്നു. അച്ഛൻ സൈമൺ ജിയോജിത് കമ്പനിയിൽ ലീഗൽ അഡ്വൈസർ ആണ്. രണ്ട് അനിയൻമാരുണ്ട് ഹന്നയ്ക്ക്. ഹാനോക്ക്, ഡാനിയൽ.