ഇവനാണ് അഡാർ ഹെൽമറ്റ് ഈ ഹെൽമെറ്റ് കണ്ടാൽ ആരും അടുത്ത് വന്ന് ചോദിച്ചു പോകും ഒരു സെൽഫി എടുത്തോട്ടെ ഇഷ്ടാ.. പിന്നെ ചോദിക്കും എനിക്കും ഇതുപോലൊരെണ്ണം ചെയ്തു തരാമോ ? അതാ ഇപ്പോ നന്നായത്. സ്വയം വെറൈറ്റി ആകാൻ വേണ്ടി നമ്മൾ കഷ്ടപ്പെട്ട് കുത്തിയിരുന്ന് ഉണ്ടാക്കിയതാ സ്നേഹിതാ ഈ ഹെൽമറ്റ് . സെൽഫി എടുക്കുന്നത് ഒകെ. പക്ഷേ ചെയ്ത് തരലൊന്നും നടക്കൂല്ല... രാജീവ് സ്നേഹത്തോടെ പറയും.
പണിക്കത്തി എന്ന പേരിലുള്ള ബ്ലോഗിലൂടെ ഓൺലൈൻ വായനക്കാർക്ക് പരിചിതനായ രാജീവ് പണിക്കരാണ് വ്യത്യസ്തമായ ഹെൽമറ്റുമായി സ്റ്റാറായിരിക്കുന്നത്. ഹെൽമറ്റിൽ ഒരു കുസൃതിക്ക് ഡൂഡിൽ ചെയ്താണ് സാധാരണ ഹെൽമറ്റിനെ അഡാർ ഹെൽമറ്റാക്കിയത്. ഇത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ഓർഡറുകളുടെ പ്രളയമാണ് രാജീവിന്.
‘‘ബുള്ളറ്റിനോട് പണ്ടേ എനിക്ക് ക്രെയ്സ് ആണ്. റോയൽ എൻഫീൽഡിനോട് തന്നെയായിരുന്നു പ്രിയം. പക്ഷേ എല്ലാവരും ഓടിക്കുന്ന അതേ റോയൽ എൻഫീൽഡ് ഓടിക്കുന്നതിൽ എന്ത് ത്രില്ല്. അങ്ങിനെ റോയൽ എൻഫീൽഡിനെ മാറ്റ് ബ്ലാക്ക് പെയിന്റടിച്ച് ഫ്രീക്കനാക്കി രാജീവ് പണിക്കർ. തരക്കേടില്ലാത്തൊരു മടിയനായതു കൊണ്ട് ഒരു ബാഗ് പായ്ക്ക് ചുമക്കാതെ തന്നെ സാധനങ്ങൾ കൊണ്ടുപോകകാനായാണ് ബുള്ളറ്റിന്റെ ഇരുവശവും ഓരോ പെട്ടികളും പിടിപ്പിച്ചു. വലതു വശത്തെ പെട്ടി കിട്ടാൻ എളുപ്പമായിരുന്നു. പക്ഷേ ഇടത് വശത്തും പെട്ടി പിടിപ്പിക്കുന്നവരില്ലാത്തതു കൊണ്ട് അത് അല്പം കഷ്ടപ്പെട്ട് സംഘടിപ്പിക്കേണ്ടി വന്നു. രണ്ടും ഒരുപോലെ ഇരിക്കുകയും വേണമല്ലോ.’’ രാജീവ് പറയുന്നു.
ബുള്ളറ്റ് ആളാകെ മാറിയ സ്ഥിതിക്ക് റോയൽ എൻഫീൽഡിന്റെ ഒറിജിനൽ ഹെൽമറ്റ് എങ്ങിനെ അതുപടി കൊണ്ടു നടക്കും. അങ്ങിനെയാണ് ഹെൽമറ്റിനെ പുതിയ രൂപത്തിലാക്കാൻ രാജീവ് പണിക്കർ തീരുമാനിക്കുന്നത്. ‘‘ആരോടെങ്കിലും സംസാരിക്കുമ്പോൾ മുന്നിൽ ഉള്ള പേപ്പറിൽ പേന കൊണ്ട് ഡൂഡിൽ ചെയ്യുന്ന ശീലമുണ്ട് എനിക്ക്. എന്നാൽ പിന്നെ അത് തന്നെ ഹെൽമറ്റിലും പരീക്ഷിക്കാം എന്നു വച്ചു. എന്റെ ഓൺലൈൻ അനുഭവ കഥ ‘ഹോംലി മീൽസ്’ എന്ന പേരിൽ പുസ്തകമാക്കിയപ്പോൾ ഇല്ലസ്ട്രേഷൻ ഞാൻ തന്നെയാണ് ചെയ്തത്. അതിനെ പലരും അഭിനന്ദിച്ചിരുന്നു. ആ ധൈര്യത്തിലാണ് ഹെൽമറ്റിൽ ഡൂഡിൽ ചെയ്യാൻ ധൈര്യം കിട്ടിയത്. ബെയ്ജ് നിറത്തിലെ ഹെൽമറ്റിനെ വൈറ്റ് നിറമടിച്ച് കുട്ടപ്പനാക്കി. അതിനു മേൽ പെർമനൻറ് മാർക്കർ വച്ചാണ് ഡിസൈൻ നൽകിയത്. ‘‘എന്റെ ഇഷ്ടങ്ങൾ, എന്നെ സ്വാധീനിച്ച കാര്യങ്ങൾ, എന്റെ മനസ് എല്ലാം ഈ ഹെൽമറ്റിലുണ്ട്. എനിക്കിഷ്ടപ്പെട്ട പല രൂപങ്ങളും വാക്കുകളും ഒക്കെ പലതിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്. പക്ഷേ സങ്കലനവും വരയും നമ്മുടെ മാത്രം സ്വന്തം. ’’ രാജീവ് പറയുന്നു.