Tuesday 26 May 2020 12:28 PM IST

കരുണയുള്ളൊരു ഹൃദയമുണ്ടോ, കനിവ് തേടുന്ന നിർദ്ധനനാണോ?; ഈ ആപ് നിങ്ങൾക്ക് ഉപകാരപ്പെടും

Rakhy Raz

Sub Editor

imif

ഒരാൾ മറ്റൊരാൾക്ക് കൈത്താങ്ങ് ആകേണ്ടതിന്റെ പ്രാധാന്യം കൂടുതൽ പേരെ അറിയിച്ചത് പ്രളയമായിരുന്നു. ഇപ്പോൾ കൈ തൊടാതെ കൈകോർക്കേണ്ടി വരുന്നത് മഹാമാരിക്ക് മുന്നിലാണ്. ഇത്തരം പ്രശ്നങ്ങൾ ഇനിയുമുണ്ടാകും. അത് ഉൾക്കൊണ്ടേ മതിയാകൂ. അവ ഉയർത്തുന്ന ഭീഷണിയെ ഭയപ്പെട്ടല്ലാ, ഒപ്പത്തിനൊപ്പം നിന്ന് ജീവിച്ച് മുന്നേറാൻ പഠിക്കണം. അതിനായി ലോക മലയാളികളുടെ കരുണയുടെ കരങ്ങൾ ഒന്നിപ്പിക്കാൻ ആപ്പ് നിർമ്മിച്ചിരിക്കുകയാണ് യുവാക്കളുടെ സംഘടനയായ ഇഗ്നൈറ്റഡ് മൈൻഡ്‌സ് ഇന്ത്യ ഫൗണ്ടേഷൻ.

നിങ്ങളോ നിങ്ങൾ അറിയുന്നവരോ അപ്രതീക്ഷിതമായ, സവിശേഷ സാഹചര്യങ്ങൾ മൂലം നിസ്സാഹായവസ്ഥയിൽ പെട്ടിരിക്കുകയാണെങ്കിലോ, നിസഹായരെ സഹായിക്കാൻ നിങ്ങൾ തയാറാണെങ്കിലോ "IMIF-connect" എന്ന ആപ് നിങ്ങൾക്ക് ഉപകാരപ്പെടും.

im-2

ഈ മൊബൈൽ ആപ് http://www.imifindia.org എന്ന ലിങ്ക് മുഖാന്തരം തുറന്ന്, സഹായം വേണ്ടുന്ന ആളുടെ വിവരങ്ങൾ രേഖപ്പെടുത്തുകയേ വേണ്ടൂ. രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരുടെയോ , മറ്റു സംഘടനകളുടെയോ, ഗവൺമെന്റ് ഏജൻസികളുടെയോ സഹായത്തോടെ സഹായം എത്തിക്കാനുള്ള ശ്രമം ഇഗ്നൈറ്റഡ് മൈൻഡ്‌സ് ഇന്ത്യ ഫൗണ്ടേഷൻ (IMIF) ചെയ്യും. ഇതേ ആപ്പിൽ തന്നെ നിങ്ങൾക്ക് സന്നദ്ധ പ്രവർത്തകനായും രജിസ്റ്റർ ചെയ്യാം.

എ പി ജെ അബ്ദുൾ കലാമിന്റെ ആശയങ്ങളാൽ പ്രേരിതരായ കുറച്ചു ചെറുപ്പക്കാർ ആണ് ഇഗ്നൈറ്റഡ് മൈൻഡ്‌സ് ഇന്ത്യ ഫൗണ്ടേഷന്റെ ആത്മാവ്. അതിനാലാണ് സംഘടനയ്ക്ക് കലാമിന്റെ പുസ്തകത്തിന്റെ പേരു തന്നെ ഇട്ടതും. " പരിസ്ഥിതി- വിദ്യാഭ്യാസ മേഖലയിൽ ആയിരുന്നു ഞങ്ങൾ പ്രവർത്തനം തുടങ്ങിയത്. ആലപ്പുഴ തോന്നായ്ക്കാട് ഗവണ്മെന്റ് എൽ പി സ്കൂൾ പുതുക്കി പണിയുമ്പോൾ അതിൽ ഒരു ക്ലാസ് റൂം സ്മാർട്ട് ക്ലാസ്റൂം ആക്കി പണിയാൻ വേണ്ട സജ്ജീകരണങ്ങൾ നല്കിക്കൊണ്ടായിരുന്നു തുടക്കം. ലക്ഷ്യം അറിഞ്ഞപ്പോൾ ലുലു മാൾ സ്മാർട് ബോർഡും മറ്റും വിലക്കുറവിൽ തന്നു. ഇടുക്കി ജില്ലയിൽ ബൈസൻ വാലിയിൽ അംഗൻവാടിയിൽ കുട്ടികൾക്ക് വേണ്ട കളി ഉപകരണങ്ങൾ സജ്ജീകരിച്ചു, മൂന്നാർ അടിമാലി നേര്യമംഗലം റൂട്ടിലെ പ്ളാസ്റ്റിക് മാലിന്യം പല വട്ടം വൃത്തിയാക്കി, കുട്ടികൾക്ക് ആവശ്യമായ കളിപ്പാട്ടങ്ങൾ നിർമിക്കാൻ സ്കൂളുകളിൽ ചെന്ന് സൗജന്യമായി പഠിപ്പിക്കുന്ന 'കളിവണ്ടി' എന്ന വിഭാഗവും സംഘടയ്ക്കുണ്ട്. പ്രളയത്തോടെ ആണ് സംഘടന വിശാലമായ തലത്തിലേക്ക് വളരുന്നത്." സ്ഥാപക അംഗങ്ങളിൽ ഒരാളായ അഡ്വ. അരുൺ ബേസിൽ പറയുന്നു.

im-3

"ആൾ സഹായം ആണ് ഞങ്ങൾ പ്രധാനമായും പ്രളയ സമയത്തു നൽകിയത്. , ഗവണ്മെന്റ് ജോലിക്കാരും ബാങ്ക് ജീവനക്കാരും ഐടി, ലോ മേഖലകളിൽ നിന്നുള്ളവരും സംഘടനയിൽ അംഗങ്ങൾ ആണ്. നേവിയിൽ ഉണ്ടായിരുന്നവരും ഉണ്ട്. പ്രളയ സമയത്തു നേവിയിൽ ഉദ്യോഗത്തിൽ ഇരുന്നവരുടെ അറിവും കഴിവും സംഘടനയുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തി. വാട്സാപ്പ് ഗ്രൂപ്പും ഗൂഗിൾ പേജും ഉപയോഗിച്ചുള്ള പ്രവർത്തനത്തിന്റെ മികവ് കണ്ട് കാലിഫോർണിയയിൽ നിന്നും ഒരു ലക്ഷം ഡോളറിന്റെ ഓഫർ വന്നെങ്കിലും സ്നേഹപൂർവം നിരസിച്ചു. കാരണം പോലീസ്, ഫോറസ്റ്റ്, വിദ്യാഭ്യാസം തുടങ്ങി ഗവർമെന്റ് വിഭാഗങ്ങളുടെ അനുമതിയോടെയും അവരെ പിൻപറ്റിയും പ്രവർത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ എല്ലാ വിവരങ്ങളും ആർക്കും പരിശോധിക്കാവുന്ന വിധം തുറന്നതാണ്." എന്ന് അരുൺ.

im-1

എബി കുരിയാക്കോസ് ആണ് ആപ്ലിക്കേഷന്റെ ആശയവും പ്രധാന ഡവലപ്പറും. "IMIF-connect" എന്ന ആപ്ളിക്കേഷൻ ഇന്ന് മനസ്സിൽ കരുണയുള്ള ലോക മലയാളികളെ മുഴുവൻ ഒന്നിച്ചു ചേർക്കുന്നു.