Friday 18 November 2022 12:14 PM IST

‘ആ ഓഡീഷൻ ഭീകരമായി പാളിപ്പോയി, പക്ഷേ അമ്മ വീട്ടിൽ കത്തിച്ച മെഴുകു തിരി വർക്ക് ചെയ്തു’: ജോമിയുടെ ചിരിവഴി

Vijeesh Gopinath

Senior Sub Editor

jomy-chiri

ചിരിക്കാൻ എളുപ്പമാണെങ്കിലും ചിരിപ്പിക്കൽ അത്ര എളുപ്പമല്ലല്ലോ. അതിന് ചിരിയുടെ ‘ലാടവൈദ്യം അറിയണം. സ്റ്റാൻഡ് അപ് കോമഡി ചെയ്യുന്ന മൂന്ന് ചിരിക്കുടുക്കകളെ പരിചയപ്പെടാം. മുന്നിൽ മൈക്ക് ഉണ്ടെങ്കിൽ ഒറ്റനിൽപ്പിൽ ചിരിയുടെ ഒാലപ്പടക്കവും മാലപ്പടക്കവും ഗുണ്ടുമൊക്കെ പൊട്ടിക്കാൻ അറിയുന്നവർ. ചാനലുകളിലൂം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ചിരിയുടെ വെടിക്കെട്ടൊരുക്കുന്ന ജോമി പറയുന്നു ചിരിയുടെ കഥ...

വക്കീലിന്റെ പൊട്ടിച്ചിരി

ഹായ്, ഞാൻ ജോമി. ‘‘ജോമി സംസാരിച്ചു തുടങ്ങിയാൽ കേട്ടിരിക്കുന്നത് ഒരു ജോലിയായി തോന്നാറില്ലെന്ന്’’ അടുപ്പമുള്ളവർ പറയും. ഞാനായിട്ട് അത് പറയുന്നത് പൊങ്ങച്ചമായി നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ നമ്മൾ പറയുന്നത് മറ്റുള്ളവർക്ക് ‍ജോളിയായി തോന്നുന്നത് ഭാഗ്യമല്ലേ.

എന്നാൽ കാര്യമായി പരിചയപ്പെടാം. കൊച്ചിയിലാണ് വീട്. വക്കീലാണ്. കോമഡി പറഞ്ഞു പറഞ്ഞ് വക്കീൽ ജോലി പാർടൈമും ചിരി ഫുൾടൈമും ആയിപ്പോയി. ചുരുക്കത്തിൽ ചിരി എന്നെ പാർട് ടൈം വക്കീലാക്കി.

കുട്ടിക്കാലം തൊട്ടേ ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടമാണെങ്കിലും ഒരു കൊമേഡിയൻ ആവുമെന്ന് ഒരിക്കലു കരുതിയില്ല. ചിരിയുടെ നഴ്സറി സ്കൂൾ വീടു തന്നെയായിരുന്നു. അമ്മ വീട് തൃശൂർ ആയതു കൊണ്ടു തന്നെ നർമ്മം നമ്മുടെ ഡി എൻ എ യിലുണ്ട്. കുട്ടിക്കാലത്ത് ആകാശം നോക്കി നിന്ന എന്നോട് അപ്പാപ്പൻ ചോദിച്ചു, വാട്ട് കോക്കനട്ട് ആർ യൂ ഡൂയിങ്. കുട്ടിയല്ലേ ഞാൻ അന്തം വിട്ടു നിന്നപ്പോൾ അപ്പാപ്പൻ തന്നെ തർജമി– എന്തൂട്ട് തേങ്ങ്യാ നീ ചെയ്യണേന്ന്... അന്നത് വൻ കോമഡിയായിരുന്നു.

സാധാരണ തമാശ കേൾക്കുമ്പോൾ നമ്മൾ ചിരിക്കാറല്ലേ ഉള്ളത്. പക്ഷേ, അമ്മയോടു പറയുന്ന തമാശ കേട്ടാൽ ആർക്കും ദേഷ്യം വരും. കല്ലേറിനും ചീമുട്ടയേറിനും പകരം നുള്ളും തല്ലുമൊക്കെ കിട്ടിയിട്ടുമുണ്ട്.

കോവിഡ് കാലത്ത് എല്ലാവരും വീട്ടിൽ അടച്ചിരുന്നപ്പോൾ വലിയൊരു വാതിൽ തുറന്നു കിട്ടി. വാതിൽ തുറന്നു കയറിയ ആ വീടിന്റെ പേരായിരുന്നു ക്ലബ് ഹൗസ്. ഒരു സൈഡിൽ കോവിഡ് പിടിച്ച് തട്ടിപ്പോകുമോ എന്നു പേടി. മറ്റൊരു സൈഡിൽ പുറത്തിറങ്ങിയാൽ പോലീസ് പിടിക്കുമോ എന്ന പേടി,. അങ്ങനെ ശ്വാസം മുട്ടുമ്പോഴാണ് കൊച്ചു വർത്തമാനം പറഞ്ഞിരിക്കാനുള്ള ആ പ്ലാറ്റ് ഫോം തുറന്നു കിട്ടിയത്. ചാടി കയറി ചറപറാ പറഞ്ഞു തുടങ്ങി. മുന്നിൽ കാണികളില്ലല്ലോ. എക്സ്പ്രഷൻസ് കാണേണ്ടല്ലോ. അങ്ങനെ കൈയിൽ കിട്ടിയ വിഷയങ്ങളെ കുറിച്ചൊക്കെ പറഞ്ഞു തുടങ്ങി.

പിന്നെ ഫൺസ് അപ്പോണ്‍ എ ടൈം എന്ന ഷോയിലേക്ക് എത്തി. ഒാഡിഷനു പോയപ്പോൾ ധൈര്യത്തിന് കൂട്ടുകാരി അഭിരാമിയേയും കൂട്ടി. ഒാഡീഷൻ ഭീകരമായിപാളിപ്പോയി. പക്ഷേ അമ്മ വീട്ടിൽ കത്തിച്ച മെഴുകു തിരി വർക്ക് ചെയ്തെന്നു തോന്നുന്നു എന്നെ തിരഞ്ഞെടുത്തു. ഫൺസ് അപ്പോണിലേക്കെത്തിയതോടെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി.

ആദ്യമായി സ്റ്റേജിൽ കയറിയപ്പോൾ ഉത്സവപ്പറമ്പില്‍ കൈവിട്ടു പോയ ഹൈഡ്രജൻ ബലൂണിന്റെ അവസ്ഥയായിരുന്നു. മുഴുവൻ കോൺഫിഡൻസും പാറിപ്പോയി. പക്ഷേ ആ സ്റ്റേജിൽ നിന്നിറങ്ങുമ്പോഴേക്കും തിരിച്ചു പിടിച്ചു. കൈയടി കിട്ടിയതോടെ പേടിയൊക്കെ ഒാടിപ്പോയി,

ഇപ്പോൾ ഞാൻ കോമഡി ലോഞ്ച് എന്ന ഗ്രൂപ്പിലെ അംഗമാണ്. സ്റ്റാൻഡ് അപ് കോമഡി ചെയ്യുന്നവരുടെ ഒരു കൂട്ടായ്മയാണിത്. കോമഡി ലോഞ്ചിനൊപ്പമെത്തിയതോടെയാണ് കോമഡി ഒരു കരിയർ ആണെന്ന് തിരിച്ചറിഞ്ഞത് കേരളത്തിലുടനീളം സ്റ്റാൻഡ് അപ് കോമഡി ഷോകൾ കിട്ടി തുടങ്ങി. വിഷ്ണു പൈയുടെയും ജുബിൻസണ്ണിയുടെയും നേതൃത്വത്തിലുള്ള കോമഡി ലോഞ്ച് ഹാസ്യ കലാകാരന്മാരെ പരിശീലിപ്പിക്കുന്നും ഉണ്ട്. നോർത്ത് ഇന്ത്യയിലും വിദേശത്തുമൊക്കെ ഉള്ള പോലെ ഒരു സ്റ്റാൻഡ് അപ് കോമഡിയുടെ കൾച്ചർ ഇവിടെയും കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ജോലിയൊക്കെ കഴിഞ്ഞ് ബോസിന്റെ ചീത്തവിളിയും കേട്ട് മനസ്സ് നിറഞ്ഞിരിക്കുമ്പോൾ എന്നാലൊന്നു റിലാക്സ് ചെയ്യാൻ ഒരു സ്റ്റാൻ‍ഡ് അപ് കോമഡി കാണാൻ പോവാമെന്ന് ചിന്തിക്കുന്ന ലെവിലിലേക്ക് പ്രേക്ഷകരെ കൊണ്ടുവരണം.

പെർഫോമൻസ് കഴിഞ്ഞാൽ ചിലർ പറയും എല്ലാം മറന്ന് ചിരിക്കാൻ സാധിച്ചു. െഎ തിങ്ക്, എല്ലാം മറന്ന് ചിരിക്കാൻ കഴിയുന്നത് ഇക്കാലത്ത് ഒരു ഭാഗ്യമാണല്ലേ?അങ്ങനെ ചിരിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ എല്ലാ കൊമേഡിയൻസും സൂപ്പർ ഹീറോകളാണ്, ശരിയല്ലേ?...

ന്നപപന്ന്ന

പുതിയ ഫുഡ് വ്ളോഗേഴ്സ് ഉണ്ട്. ഒാരോ പഞ്ചായത്തിലും അഞ്ചാറെണ്ണം വീതം. അവരു തന്നെ പുതിയ വിഭവങ്ങള്‍ അപ്ഡേറ്റ് ചെയ്തോണ്ടിരിക്കും. ചിക്കൻ നിർത്തി പൊരിച്ചത്, മട്ടൻ മടക്കി അടിച്ചത്... പേരൊക്കെ കേട്ടാൽ മൃഗസംരക്ഷണക്കാര് ഇവർക്കെതിക്കിതിരെ കേസ് എടുക്കണം.

എത്ര പുതിയ ഡിഷ് വന്നാലും എന്റെ ഫേവ്റൈറ്റ് കോളജ് കാന്റീനിലെ മൊട്ട പപ്സും ലൈമും ആണ്. അത് സൂപ്പർ കോമ്പോ ആണ്.

നാല് ഫ്രണ്ടസ് പത്തു രൂപ പിരിവെടുത്ത് സ്കെയിലും കത്തിയും വച്ച് ഈക്വൽ ആയി ഡിവൈഡ് ചെയ്ത്, മൊട്ട ആർ‌ക്ക് പോവും മൈദ ആർക്ക് പോവും എന്ന് ഇവാലുവേറ്റ് ചെയ്ത് കഴിക്കുന്ന കാലം ഉണ്ടായിരുന്നു. നാസയുടെ ഗവേഷകർ ഇതെങ്ങനെ കൃത്യമായി ഡിവൈഡ് ചെയ്യാമെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു...