'ഇനിയും പിടിച്ചു നിക്കാന്‍ വയ്യ, ഞാന്‍ ചിലപ്പോ മരിച്ചു പോകും അത്തച്ചീ...'
മരണത്തിന്റെ മാലാഖ ചിറകടിച്ചെത്തും മുമ്പ് അശരീരി പോലെ ലത്തീഷ പറഞ്ഞ വാക്കുകള്‍. അതിപ്പോഴും അന്‍സാരിയുടെ ചങ്കിലെ പിടപ്പായി തന്നെ നില്‍ക്കുന്നു.
അമ്മച്ചി മിഠായിപ്പരുവത്തില്‍ ഉരുളയാക്കി കുഴച്ചു നല്‍കിയ പത്തിരിയും കോഴിക്കറിയും കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അവള്‍. അടുത്ത ഉരുള വായിലേക്കെത്തും മുമ്പ് അവള്‍ മതിയെത്ത് ആംഗ്യം കേട്ടി. ശേഷം ഐസിയു വാര്‍ഡിന്റെ നിശബ്ദതയ്ക്കു മേല്‍ അശരീരി പോലെ ആ വാക്കുകള്‍.
'ഞാന്‍ മരിച്ചു പോകും അത്തച്ചീ...'
ആ വാക്കുകള്‍ കേട്ട് കണ്‍പീലികളിലൂടെ ഊര്‍ന്നിറങ്ങിയ കണ്ണുനീരിനെ ഉപ്പ അന്‍സാരി പെട്ടെന്ന് തൂവാല കൊണ്ട് ഒപ്പി. പെയ്യാന്‍ വെമ്പി നിന്ന സങ്കടക്കടലിനെ അവള്‍ കാണാതെ മറച്ചു. അത്തച്ചി കരയുന്നത് അവള്‍ക്ക് ഇഷ്ടമല്ല...
'എന്റെ മുത്തുക്കുട്ടി അങ്ങനെയൊന്നും പറയല്ലേ. മോള്‍ക്ക് ഒന്നും പറ്റിയിട്ടില്ല. നീ തിരിച്ചു വരും.'
ഓക്‌സിജന്‍ വയറുകള്‍ക്കിടയില്‍ കുരുങ്ങിയ മുഖത്തു നിന്ന് അപ്പോഴും പുഞ്ചിരിയാണ് കണ്ടത്.- അന്‍സാരി ആ നിമിഷം ഓര്‍ത്തെടുത്തു.
സിസേറിയന്‍ ചെയ്ത് പുറത്തെക്കുമ്പോള്‍ ആറാം വാരിയെല്ലു വരെ നുറുങ്ങിപ്പോയ പൈതലായിരുന്നു അവള്‍. അസ്ഥിയെല്ലാം പൊടിഞ്ഞിറങ്ങുന്ന ബ്രിട്ടില്‍ ബോണ്‍ എന്ന അപൂര്‍വ രോഗം ബാധിച്ചവള്‍. 'ഈ കുഞ്ഞിനെ ഇനി നോക്കേണ്ട, ഏഴു ദിവസത്തിനപ്പുറം താണ്ടില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയവള്‍.' അന്നത്തെ ആ പ്രവചനത്തിനു മീതേ ലത്തീഷ അന്‍സാരി ജീവിച്ചു കാണിച്ചിട്ട് 28 കൊല്ലം കഴിഞ്ഞു പോയിരിക്കുന്നു. ഇതിനിടെ മരണം പലവുരു എത്തിനോക്കി. അപ്പോഴൊന്നും ചിന്തിക്കാത്ത മരണത്തെക്കുറിച്ച് അവള്‍ ഇതാദ്യമായി പറയുകയാണ്. എല്ലാം ഉറപ്പിച്ച പോലെ...
മരണം നിഴല്‍വീശിപ്പോയ എരുമേലി പുത്തന്‍പീടികയിലെ വീട്ടിലിരുന്ന് അന്‍സാരി ആ വലിയ നഷ്ടത്തെക്കുറിച്ച് മനസു തുറക്കുകയാണ്.
നീണ്ട 28 കൊല്ലം തന്റെ ചിറകിനടയിലിരുന്ന് ജീവിതം സ്വപ്‌നം കണ്ടവള്‍. ചിപ്പിക്കുള്ളിലെ മുത്തുപോലെ താന്‍ പൊതിഞ്ഞു പിടിച്ചവള്‍. അവളെ മരണം കൊണ്ടു പോയിരിക്കുന്നു. എല്ലുകള്‍ നുറുങ്ങിപ്പൊടിഞ്ഞു പോകുമെന്ന ഭയത്താല്‍ പെറ്റു്മ്മ പോലും കയ്യിലേന്താന്‍ മടിച്ച ലത്തീഷയെ ഉള്ളംകയ്യിലേന്തിയ ആ ഉപ്പയുടെ കഥയാണിത്... അച്ഛന്‍മാരുടെ ദിനത്തെ മഹത്തരമാക്കാന്‍ ചങ്കുപൊള്ളുന്ന ഇതിലും വലിയൊരു കഥ മറ്റേതാണ്? അന്‍സാരി മനസു തുറക്കുകയാണ്, മകളുടെ ജീവിക്കാനുള്ള പോരാട്ടത്തെക്കുറിച്ച് അവസാന നിമിഷത്തെക്കുറിച്ച്...
എന്റെ ചിറകിനടിയിലെ പൈതല്‍
മമ്മൂട്ടിയുടെ പേരന്‍പ് സിനിമ കാണുമ്പോള്‍ എനിക്ക് എപ്പോഴും എന്റെ ജീവിതം ഓര്‍മ്മവരും. ഞാനെല്ലാരോടും പറയും, അതെന്റെയും എന്റെ പൊന്നിന്റെ കഥയാണെന്ന്. അതില്‍ മമ്മൂട്ടി അഭിനയിച്ചല്ലേയുള്ളൂ. ഞാനിതാ ഇവിടെ ആ ജീവിതം ജീവിച്ചു തീര്‍ത്തു.- അന്‍സാരിയുടെ കണ്ണുകളിലപ്പോഴും വേദനയൊളിച്ചിരുന്നു.
ഉള്ളംകയ്യിലെ രേഖയായിരുന്നു അവളെനിക്ക്. അത്രമാത്രം അവളെ എനിക്കറിയാം. അവളുടെ ചെറുചലനങ്ങള്‍ പോലും എനിക്ക് പെട്ടെന്ന് മനസിലാകും. അവള്‍ ആഗ്രഹിക്കുന്നതും ആഗ്രഹിച്ചതുമൊക്കെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാകും. ആയുസിന്റെ കണക്കു പുസ്തകത്തില്‍ അവള്‍ക്ക് 28 വര്‍ഷം നീട്ടി നല്‍കിയത് പടച്ചവന്റെ തീരുമാനമാകും. അല്ലെങ്കില്‍ ഡോക്ടര്‍മാര്‍ 7 ദിവസം ആയുസ് അളന്നു കുറിച്ചിട്ട പൈതല്‍ ഇത്രയും കാലം ജീവിക്കില്ലല്ലോ.
സിസേറിയന്‍ ചെയ്ത് പുറത്തെടുക്കുമ്പോള്‍ തലമാത്രം അനക്കാന്‍ കഴിയുന്ന കുഞ്ഞായിരുന്നു അത്. ശരീരത്തിന്റെ ശിഷ്ടഭാഗം മുഴുവന്‍ അനക്കാനാകാത്ത പൈതല്‍... അവളെ കയ്യിലേന്താനും പാലൂട്ടാനും ഉമ്മ ജമീല പോലും മടിച്ചു. സാധാരണ കുഞ്ഞുങ്ങളെ എടുക്കും പോലെ കോരിയെടുക്കാന്‍ കഴിയില്ല. ഒന്ന് പാളിപ്പോയാല്‍ എന്റെ പൈതലിന്റെ അസ്ഥി ഞെരിഞ്ഞുടയും. ഒന്നു തൊടാനും കോരിയെടുക്കാനും ഉമ്മയ്ക്കു പോലും പേടിയായിരുന്നു. പ്രസവിച്ച് ആദ്യത്തെ ഒരു കൊല്ലം അവളെ കുളിപ്പിച്ചിട്ടേയില്ല. നമ്മുടെ കയ്യോ കാലോ ദേഹത്ത് തൊടുമ്പോള്‍ എന്തെങ്കിലും സംഭവിച്ചാലോ? ഒരു കൊല്ലത്തിനു ശേഷം മെല്ലെ ശരീരം നനച്ചു കൊടുക്കും. പ്രസവിച്ച നിറം പോലും മാറിയത് ആദ്യത്തെ ഒരു കൊല്ലത്തിനു ശേഷമാണ്.
എല്ലാ വേദനകള്‍ക്കിടയിലും ഞാനെന്റെ മുത്തുക്കുട്ടിയെ ചിറകിനടിയിലേക്ക് ചേര്‍ത്തു നിര്‍ത്തി. ഇഴയുന്ന പ്രായത്തില്‍ സ്‌പോഞ്ചിലാണ് എന്റെ കുഞ്ഞിനെ കിടത്തി വളര്‍ത്തിയത്. തിരിയുമ്പോഴും മറിയുമ്പോഴും പൂ പോലെ കയ്യിലേന്തി. എന്റെ മടിത്തട്ടിനെ അവള്‍ക്ക് തൊട്ടിലാക്കി. എന്റെ നെഞ്ചിനെ അവള്‍ക്കുള്ള കട്ടിലാക്കി. എന്റെ കാലിനെ അവള്‍ക്കുള്ള കസേരയാക്കി. ശരീരം അനങ്ങില്ലെന്ന് വിധിയെഴുതിയപ്പോഴും ഒരു കുഞ്ഞിപ്പെന്‍സില്‍ എടുത്തു കൊടുത്തിട്ട് കുത്തിവരയ്ക്കാന്‍ അവളോട് പറഞ്ഞു.അങ്ങനെ പൊതിഞ്ഞു പൊന്നു പോലെ നോക്കിയ 28 കൊല്ലങ്ങള്‍...

ആഗ്രഹിച്ചതെല്ലാം നല്‍കി
ഇതിനിടയില്‍ അവളാഗ്രഹിച്ച വിദ്യാഭ്യാസം നല്‍കി. നാലാംക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും. സ്‌കൂളിലെ ഏറ്റവും മിടുക്കരായ കുട്ടികളിലൊരാളായിരുന്നു ലത്തീഷ. എല്ലാ പരീക്ഷകള്‍ക്കും 80 ശതമാനത്തിലേറെ മാര്‍ക്ക്. 'ബാപ്പ എന്നെ സ്‌കൂളില്‍ വിട്ട് പഠിപ്പിച്ചില്ലായിരുന്നെങ്കില്‍ എനിക്ക് ഇങ്ങനെയൊന്നുമാകാന്‍ കഴിയുമായിരുന്നില്ലെന്ന് എന്റെ മുത്തുക്കുട്ടി എപ്പോഴും പറയും.
ഇഷ്ടമുള്ളയിടത്തെല്ലാം അവളെയും കയ്യിലേന്തി ഞാനോടിയെത്തി. ഞാന്‍ കൊടുത്ത കുഞ്ഞിപ്പെന്‍സിലില്‍ നിന്നും അവള്‍ വരയിലൂടെ തന്റേതായ ലോകമുണ്ടാക്കി. നാലാംക്ലാസ്സില്‍ കീബോര്‍ഡ് പഠിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ ബാങ്ക് ലോണെടുത്ത് ഒരു ലക്ഷത്തോളം രൂപ വിലയുള്ള കീബോര്‍ഡ് വാങ്ങിക്കൊടുത്തു. അവള്‍ വായിക്കുന്ന തുമ്പീ വാ തുമ്പക്കുടത്തിന് തുഞ്ചത്തായ്.. എന്ന ഗാനം ഇപ്പോഴും എന്റെ ചങ്കിനകത്തുണ്ട്. എംകോം ഒന്നാം ക്ലാസോടെ പാസായപ്പോള്‍ എരുമേലി സഹകരണ ബാങ്കില്‍ ലത്തീഷയ്ക്കു ജോലി ലഭിച്ചു. എന്നാല്‍ ഏറെക്കാലം ആ ജോലി ചെയ്യാന്‍ കഴിഞ്ഞില്ല. ബാങ്കിലെ വലിയ ലഡ്ജറുകളില്‍ നിന്നുള്ള പൊടിയായിരുന്നു പ്രധാന കാരണം. ഒരു ദിവസം ജോലി ചെയ്താല്‍ മൂന്നുദിവസം ശ്വാസംമുട്ടി കിടക്കേണ്ടി വരും. അങ്ങനെ ജോലി ഉപേക്ഷിച്ചു. ഏറ്റവും ഒടുവില്‍ ഐഎഎസ് സ്വപ്‌നമാണ് അവളെന്നോട് പറഞ്ഞത്, അതിനും ഞാന്‍ ഒപ്പമുണ്ടായിരുന്നു.
ജീവിതത്തില്‍ ഒന്നും ബാക്കിയുണ്ടായിട്ടല്ല. ചായക്കട നടത്തിയുള്ള വരുമാനം മാത്രമേയുള്ളൂ. അതില്‍ നിന്ന് കിട്ടുന്ന ഇത്തിരി വരുമാനം ആണെങ്കില്‍ പോലും അതവളുടെ സന്തോഷത്തിനായി വിനിയോഗിക്കണമെന്ന് കരുതി. ആ സന്തോഷമാണ് ഞങ്ങള്‍ക്ക് പൊയ്‌പ്പോയത്- അന്‍സാരി കൈലേസു കൊണ്ട് മുഖംതുടച്ചു.

വേദനയില്‍ നീറി നീറി
വയസ് 28 ആകുമ്പോഴും 5 വയസിന്റെ വളര്‍ച്ചയെ അവളുടെ ശരീരത്തിനുണ്ടായിരുന്നുള്ളു. ബ്രിട്ടില്‍ ബോണ്‍ രോഗബാധിതര്‍ക്ക് സാധാരണഗതിയില്‍ ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞ് ഞങ്ങള്‍ക്കുള്ള അറിവ്. പക്ഷേ എന്റെ കുഞ്ഞിന് ചെറുപ്പത്തിലേ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ശ്വാസകോശം വികസിക്കുന്നതിന് അനുസരിച്ച് ശരീരത്തിന് വളര്‍ത്തയില്ലത്രേ. വളര്‍ച്ചയില്ലാത്ത ശരീരത്തില്‍ ഞെങ്ങിഞെരുങ്ങി ശ്വാസകോശം ഇരിക്കുന്നത് ജീവശ്വാസം എടുക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാക്കും. തിരുവനന്തപുരത്തെ ഡോ. സോഫിയയാണ് പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന രോഗമാണ് ലത്തിഷയ്ക്ക് എന്നു കണ്ടുപിടിച്ചത്. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാതെ ഇത്തരക്കാര്‍ക്ക് ശ്വസിക്കാന്‍ കഴിയില്ല. ബ്രിട്ടില്‍ ബോണും പള്‍മനറി ഹൈപ്പര്‍ ടെന്‍ഷനും മാത്രമല്ല ഒട്ടനവധി രോഗങ്ങള്‍ വേറെയുമുണ്ട് ലത്തീഷയ്ക്ക്. ഈ അടുത്തകാലത്താണ് വന്‍കുടലില്‍ അതിസങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ കഴിഞ്ഞത്. 'അവള്‍ക്ക് ഇല്ലാത്ത അസുഖങ്ങളില്ല.'
നെഞ്ചിലെ പിടപ്പ്... ആ അവസാന നിമിഷം
കോവിഡ് രൂക്ഷമായ ഈ കാലത്ത് അവളെ കൊണ്ട് ഓരോ ആശുപത്രി വരാന്തകളും കയറിയിറങ്ങി. ജീവശ്വാസത്തിനായി പിടഞ്ഞ എന്റെ കുഞ്ഞ് മരിക്കുമെന്ന് വിധിയെഴുതിയ ഘട്ടങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പുഞ്ചിരിച്ചു കൊണ്ട് എന്റെ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക് വന്നു. ഞാന്‍ മരിക്കില്ല... എനിക്ക് ജീവിക്കണം... ഞാന്‍ ജീവിക്കുമെന്ന് അവള്‍ ആത്മവിശ്വാസത്തോടെ പറയുമായിരുന്നു.
പക്ഷേ ഇക്കുറി ഞങ്ങളുടെ കണക്കൂ കൂട്ടലുകളൊക്കെ തെറ്റി... തമ്പുരാന്റെ തീരുമാനം മറ്റൊന്നായി.ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ അവളെ പാലാ മാര്‍സ്ലീവ മെഡിസിറ്റിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് അഡ്മിറ്റ് ചെയ്തത്. പതിനഞ്ചാം തീയതി ചൊവ്വാഴ്ചയിലെ വൈകുന്നേരം. അന്ന് ആശുപത്രിയില്‍ അവളെ കാണാന്‍ ബന്ധുക്കള്‍ മിക്കപേരും എത്തി. പക്ഷേ കോവിഡ് കാരണം ആരെയും അകത്തു കടത്തി വിട്ടില്ല. എനിക്കും ജമീലയ്ക്കും മാത്രമേ അകത്തു കയറാന്‍ അനുവാദമുള്ളൂ. ഞാന്‍ അകത്തുനിന്ന് അവളെ വിഡിയോകോള്‍ ചെയ്തു. എല്ലാവര്‍ക്കും വിഡിയോ കോളിലൂടെ അവള്‍ ഹായ് പറഞ്ഞു. ദീനക്കാരിയാണെന്ന് തോന്നാത്ത വിധമുള്ള തിളക്കം അവളുടെ മുഖത്തുണ്ടായിരുന്നു.
അവളുടെ തിരിച്ചു വരാന്‍ തിരിച്ചു വരാന്‍ നേര്‍ച്ചയാക്കി അനുജന്റെ ഭാര്യ നോമ്പ് പിടിച്ചിരുന്നു. അവളെ കാണാന്‍ വന്ന ദിവസംഅവള്‍ക്കേറ്റവും ഇഷ്ടമുള്ള പത്തിരിയും കോഴിക്കറിയും കൊണ്ടു വന്നു. അതും അവളുടെ ആഗ്രഹപ്രകാരം.
രാത്രി 8 മണി കഴിഞ്ഞു കാണും. ഞാനും ജമീലയും ഐസിയുവിലുണ്ട്. അവളുടെ വായില്‍ കൊള്ളാന്‍ പാകത്തിന് പത്തിരി ചാറില്‍ മുക്കി കുഴച്ച് ഉരുളയാക്കി നല്‍കുകയാണ്. രണ്ടുവട്ടം വായില്‍വച്ചു. മൂന്നാംവട്ടവും കൊടുത്തപ്പോള്‍ ദയനീയമായി ഉമ്മയെ നോക്കി. വേണ്ടാ എന്ന് ആംഗ്യം കാട്ടി. അമ്മച്ചീ... പിണങ്ങല്ലേ... എനിക്ക് മതിയായിട്ടാ.... എന്ന് പറഞ്ഞ് കൊഞ്ചി.
കഴിച്ചു കഴിഞ്ഞ് എന്നെയൊന്ന് വാരിയെടുക്കാവോ എന്ന് അവളെന്നോട് ചോദിച്ചു. ഞാനങ്ങനെ ചെയ്യുമ്പോള്‍ അവളുടെ ശ്വാസത്തിനായുള്ള പിടച്ചിലിന് ഒരു ആശ്വാസം കിട്ടാറുണ്ട്. ഞാന്‍ അവളെ ശ്രദ്ധയോടെ കോരിയെടുത്തു. ശരീരത്തില് ഘടിപ്പിച്ച വയറുകളും ട്യൂബുകളും അനങ്ങാതെ.

അരമണിക്കൂറായി... ഒരു മണിക്കൂറായി... രണ്ടു മണിക്കൂറായി. എന്റെ കൈകള്‍ കുഴയാന്‍ തുടങ്ങി. അപ്പോഴും എന്നെ താഴെ വയ്ക്കല്ലേ... അത്തച്ചീ എന്നു പറഞ്ഞു അവള്‍ കെഞ്ചി. പക്ഷേ ഞാന്‍ തളര്‍ന്ന് കുഴഞ്ഞു പോയിരുന്നു. അത്തച്ചീടെ കൈ കഴയ്ക്കുന്നു മോളേ എന്ന് പറഞ്ഞപ്പോള്‍ വീണ്ടും ദൈന്യമായ ആ നോട്ടം. അത്രമാത്രം പിടയുകയായിരുന്നു എന്റെ പൈതല്‍.
ഡോക്ടര്‍മാര്‍ വന്ന് അവളെ വീണ്ടും കിടക്കയിലേക്ക് മാറ്റിക്കിടത്തി. മുറിവിട്ട് പുറത്തിറങ്ങും മുമ്പ് ഒരിക്കല്‍ കൂടി അവള്‍ ഞങ്ങളുടെ മുഖത്തേക്ക് നോക്കി.
'അത്തച്ചീ... ഞാന്‍ മരിച്ചു പോകും. ഇനിയും മുന്നോട്ട് പോകാന്‍ ഒക്കത്തില്ല. അല്ലാഹു എല്ലാം നടത്തിത്തരും. നിങ്ങളൊന്നും വിഷമിക്കരുത്.' ഐസിയുവിന്റെ വാതിലടയും മുമ്പ് ഞങ്ങളോട് പറഞ്ഞു.
അതുവരെ മരണത്തെക്കുറിച്ച് എന്റെ കുഞ്ഞ് പറഞ്ഞിട്ടേയില്ല. പക്ഷേ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു തിരിച്ചു വരുമെന്ന്.
വേദനകളുടെ ആ രാത്രിയും കടന്നു പോകുമെന്ന് വെറുതേ ആശിച്ചു. പക്ഷേ തമ്പുരാന്റെ തീരുമാനം മറ്റൊന്നായി. കൃത്രിമ ശ്വാസവും ഓക്‌സീജനും അവളുടെ ശരീരം സ്വീകരിക്കാതായി. പള്‍സ് റേറ്റ് താഴ്ന്നു. മരണത്തിന്റെ മാലാഖ എന്റെ കുഞ്ഞിനെ കൊണ്ടങ്ങ് പോയി. ഇന്നലെവരെ എന്റെ നെഞ്ചില്‍ ചായുറങ്ങിയ കുഞ്ഞ് ഇന്ന് എരുമേലി നൈനാര്‍ വാവര് പള്ളിയില്‍ അന്തിയുറങ്ങുകയാണ്. പക്ഷേ അവള്‍ ഇവിടെയൊക്കെയുണ്ട്. കാതോര്‍ത്താല്‍ എനിക്കാ ശബ്ദം കേള്‍ക്കാം. അത്തച്ചീ... എന്നുള്ള വിളികേള്‍ക്കാം.- അന്‍സാരിയുടെ വാക്കുകളെ കണ്ണീര്‍മുറിച്ചു.