കെടാതെ നിൽക്കുന്നൊരു തിരിനാളം പോലെയാണ് നമുക്ക് ലിനി സിസ്റ്റർ. ആ തിരിനാളത്തെ ഓർമകളായി നെഞ്ചിൽ കുടിയിരുത്തുന്നത് രണ്ടു പേർ. ലിനിയുടെ ഭർത്താവ് സജീഷും മക്കളായ, റിതുലും സിദ്ധാർഥും. മരിച്ച് മണ്ണോടു ചേർന്നിട്ടും ലിനിയെന്ന വലിയ ഓർമയെ ചങ്കിൽ ചേർത്തു പിടിക്കുന്ന ആ അച്ഛനും മക്കളും ഇന്നും ഓരോ മലയാളിയുടേയും സ്നേഹ പരിലാളനങ്ങൾക്കു നടുവിലാണ്. അതിനു കാരണവും ആ പോരാളിയാണ്... നിപ്പയോടു പൊരുതിവീണ് ഈ ലോകത്തു നിന്നു മൺമറഞ്ഞ ലിനിയെന്ന പോരാളി...
ലിനിയുടെ ഓർമകളെ കരുത്താക്കി തന്റെ മക്കളെ ചിറകിനടിയിലേക്ക് ചേർത്തു പിടിച്ച സജീഷെന്ന അച്ഛൻ പുതിയൊരു സന്തോഷ വർത്തമാനം ലോകത്തെ അറിയിക്കുകയാണ്. തന്റെ മക്കൾക്ക് അമ്മയായി പുതിയൊരാൾ വരുന്നുവെന്ന സന്തോഷവർത്തമാനം. കൊയിലാണ്ടി പന്തലായനി സ്വദേശിയായ പ്രതിഭ തന്റെ മക്കൾക്ക് തണലും താങ്ങുമായി എത്തുന്നുവെന്ന വിവരം ഫെയ്സ്ബുക്കിലൂടെയാണ് സജീഷ് പങ്കുവച്ചത്. പ്രിയപ്പെട്ടവരുടെ ആശംസകളുടെ ആയിരം പൂച്ചെണ്ടുകൾക്കു നടുവിൽ നിന്ന് സജീഷ് ആ വിവാഹ വാർത്തയുടെ വിശേഷം വനിത ഓൺലൈനോടു പറയുന്നു.
അവർക്ക് അമ്മയായി പുതിയൊരാൾ...
ആശംസകൾക്കും ചേർത്തു പിടിക്കലുകൾക്കും നന്ദി. പുതിയൊരാൾ ജീവിതത്തിലേക്ക് വരുമ്പോൾ പഴയ ഓർമകളെ വഴിയിൽ ഉപേക്ഷിക്കുമെന്നുള്ള ചിലരുടെ മുൻവിധികളെ തള്ളിക്കൊണ്ടു പറയട്ടെ. ലിനിയെന്നും എന്റെ ജീവിതത്തിൽ നിഴലായുണ്ടാകും. അത് വിവേകത്തോടെ മനസിലാക്കിയിട്ടുള്ള, എന്റെ കുഞ്ഞുങ്ങളെ മക്കളായി ചേർത്തു പിടിക്കാനുള്ള പക്വതയുള്ള ഒരാളെയാണ് ഞാൻ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രതിഭ കൊയിലാണ്ടി പന്തലായനി സ്വദേശിയാണ്. അധ്യാപികയാണ്.– സജീഷ് പറഞ്ഞു തുടങ്ങികയാണ്.
എന്റെയും ലിനിയുടേയും കുടുംബാംഗങ്ങൾ ഒരുപോലെ മുൻകയ്യെടുത്ത ശേഷമാണ് ഈ ബന്ധത്തിലേക്ക് എത്തിയത്. വിവാഹം ഉറപ്പിപ്പിച്ചിട്ട് കുറച്ചു മാസമാകുന്നു. വിവാഹത്തിന്റെ ആലോചനകൾ നടക്കുമ്പോഴേ എന്റെ ജീവിതത്തെക്കുറിച്ചും, ജീവിതത്തിൽ ലിനിക്കുള്ള സ്ഥാനത്തെക്കുറിച്ചും ഞാൻ പ്രതിഭയെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. അത് പ്രതിഭയും നൂറു ശതമാനം ആത്മാർത്ഥതയോടെ ഉൾക്കൊണ്ടിട്ടുമുണ്ട്. എന്റെ മക്കൾക്ക് രണ്ടാനമ്മയായിട്ടില്ല, അമ്മയായി തന്നെ പ്രതിഭ ഉണ്ടാകും എന്ന് എനിക്ക് നൂറുശതമാനം പ്രതീക്ഷയുണ്ട്.
പ്രതിഭ ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതാണ്. ആ ബന്ധത്തിലൊരു മകളുണ്ട്. ദേവപ്രിയ, പ്ലസ് വണ്‍ പ്രവേശനത്തിന് തയ്യാറെടുക്കുകയാണ്. എന്റെ കുഞ്ഞുങ്ങളെ നിറഞ്ഞ മനസോടെ സ്വീകരിക്കുമ്പോൾ ദേവ പ്രിയക്ക് എല്ലാ സ്നേഹ വാത്സല്യങ്ങളും നൽകുന്ന അച്ഛനായി ഞാനും ഒപ്പമുണ്ടാകും. അതിനേക്കാളേറെ എന്റെ റിതുലിനും സിദ്ധാർഥിനും ഒരു കുഞ്ഞേച്ചിയായി ഇനിയെന്നും ദേവപ്രിയയുണ്ടാകും.
ലിനിയുടെ മരണവും അത് എനിക്കുണ്ടാക്കിയ വേദനയും എത്രത്തോളം വലുതാണെന്ന് ഓരോ മലയാളിയേയും പോലെ പ്രതിഭയ്ക്കും അറിയാം. എന്റെ കുഞ്ഞുങ്ങളുടെ ഒറ്റപ്പെടൽ ഒരമ്മയുടെ മനസോടെ പ്രതിഭ തിരിച്ചറിഞ്ഞിടത്താണ് ഞങ്ങൾ ഒരുമിക്കാനുള്ള തീരുമാനം ഉണ്ടായത്. പ്രതിഭ ജീവിതത്തിലേക്ക് വരുമ്പോൾ കുഞ്ഞുങ്ങൾ എങ്ങനെ സ്വീകരിക്കും എന്ന് ടെൻഷനുണ്ടായിരുന്നു. പക്ഷേ ആലോചനയുടെ തുടക്കം മുതലേ പുതിയൊരു അമ്മ വരികയാണ് എന്ന സത്യം അവർ മനസിലാക്കി. അമ്മയെന്ന് തന്നെയാണ് പ്രതിഭയെ വിളിക്കുന്നത്. എന്റെ കുഞ്ഞുങ്ങളുടെ ആ തിരിച്ചറിവ് ദൈവാനുഗ്രഹമാണ്.
ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വച്ചാണ് ഞങ്ങളുടെ വിവാഹം. . ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.– സജീഷ് പറഞ്ഞു നിർത്തി.