Tuesday 08 October 2019 06:37 PM IST

പെൺമനമറിയും ഡോക്ടർ, ചിലങ്കയെ ഹൃദയതാളമാക്കിയ നർത്തകി; ഒ.എൻ.വി കുറുപ്പിന്റെ മകൾ മായാദേവിക്ക് നൃത്തം പ്രാണൻ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

maya

തിരുവനന്തപുരത്തെ വീട്ടിൽ റേഡിയോയിൽ ഒരു മധുരഗാനം കേൾക്കുമ്പോൾ കുഞ്ഞുമായ ഒാടിയെത്തും. പിന്നെ പാട്ടിനൊത്ത് എല്ലാം മറന്ന് ഇളം ചുവടുകൾ... രണ്ടുവയസ്സുകാരിയുടെ കുഞ്ഞിവിരലുകളിൽ അപ്പോൾ വിടരും അഴകുള്ള ഏതോ മുദ്രകൾ... മകൾ കലാകാരിയാകണമെന്നാഗ്രഹിച്ച് അവളെ നൃത്തപഠനത്തിനൊരുക്കിയ അച്ഛനെയും അമ്മയെയും നാമറിയും. മലയാളത്തിന്റെ മഹാകവി ഒ.എൻ.വി. കുറുപ്പും സരോജിനി ടീച്ചറും. നാലാംവയസ്സിൽ നൃത്തപഠനം തുടങ്ങിയ മായാദേവി മെഡിസിൻ പഠനകാലത്തും നൃത്തത്തെ ചേർത്തു പിടിച്ചു. മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും ഒഡീസിയും കഥകളിയും സ്വായത്തമാക്കിയപ്പോഴേക്കും മായാദേവി ഒരു സ്ത്രീരോഗവിദഗ്ധയായിക്കഴിഞ്ഞിരുന്നു.

ഇന്ന് കൊച്ചി ആസ്‌റ്റർ മെഡ്സിറ്റിയിലെ വിമൻസ് ഹെൽത് വിഭാഗത്തിൽ സീനിയർ കൺസൽറ്റന്റാണ് ഡോ. എസ്. മായാദേവി കുറുപ്പ്. എങ്കിലും ഇടയ്ക്കൊക്കെ കലാവേദികളിൽ കാണാം ശാലീന നർത്തകിയായ ഡോ. മായയെ. പാതി ഉടലിൽ നർത്തകി. പാതി ഉടലിൽ ഡോക്ടർ.

Passion

മായാദേവിയുടെ ആദ്യ ഗുരു തങ്കം ടീച്ചറായിരുന്നു. കെ. ആർ. കുറുപ്പിന്റെ ശിക്ഷണത്തിൽ കണ്ടംപററി ഡാൻസ് പരിശീലനം. വെമ്പായം അപ്പുക്കുട്ടന്റെ കീഴിൽ കഥകളി, ചന്ദ്രിക കുറുപ്പിൽ നിന്ന് കുച്ചിപ്പുടി. അഞ്ചാം ക്ലാസ് മുതൽ ലീലാ പണിക്കരുടെ കീഴിൽ ഭരതനാട്യപഠനം. ഏഴാംക്ലാസ് മുതൽ മോഹിനിയാട്ട പഠനം കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയിൽ നിന്ന്. കേരളത്തിൽ ആദ്യമായി മോഹിനിയാട്ടത്തിന് കേന്ദ്രഗവൺമെന്റിന്റെ ടാലന്റ് സെർച് സ്കോളർഷിപ് നേടിയ മിടുക്കിയും ഡോ. മായാദേവിയാണ്. മെഡി.കോളജിൽ എത്തിയശേഷമാണ് ഒഡീസി പഠനം. ഗുരു ഒറീസയിൽ നിന്നുള്ള ത്രിനാഥ് മഹാറാണ. മെഡിസിൻപഠനകാലത്ത് രണ്ടു മണിക്കൂർ മോഹിനിയാട്ടം കച്ചേരി ചെയ്തു ഡോ. മായ. ജയലക്‌ഷ്മി ശ്രീനിവാസനും ചേർത്തല ഗോപാലൻ നായരും സംഗീതഗുരുക്കളായിരുന്നു.

15 വർഷത്തോളം ഇംഗ്ലണ്ടിൽ ഡോക്ടറായിരുന്നപ്പോൾ മോഹിനിയാട്ടം പഠിപ്പിച്ചും കൊറിയോഗ്രഫി ചെയ്തും നർത്തകിയായി തിളങ്ങി. നൃത്തസംവിധായക കൂടിയാണ് ഡോക്ടർ. രവിവർമ ചിത്രങ്ങളെക്കുറിച്ച് ‘ചിലങ്ക ചാർത്തും ചിത്രങ്ങൾ’, ഒഎൻവി കവിതകളെ ആധാരമാക്കി ‘കാവ്യദൃശ്യങ്ങൾ’ എന്നിങ്ങനെ നൃത്തശിൽപങ്ങളൊരുക്കി. ഒ.എൻ.വി. കുറുപ്പിന്റെ 84–ാം പിറന്നാളിന് ഒഎൻവി ഫൗണ്ടേഷന്റെ ചടങ്ങിൽ അച്ഛന്റെ കവിതകൾ കോർത്ത് ‘ഋതുകേളി’ എന്ന നൃത്തശിൽപമായിരുന്നു മകളുടെ പിറന്നാൾ സമ്മാനം. ശ്രീവൽസൻ ജെ. മേനോന്റെ ‘മൺസൂൺ അനുരാഗ’ എന്ന ആൽബത്തിന് നൃത്തരൂപമേകിയും ഡോക്ടർ വിസ്മയിപ്പിച്ചു.അടുത്തിടെ സുഗതകുമാരി ടീച്ചറിന്റെ ‘കൃഷ്ണാ നീ എന്നെ അറിയില്ല’ എന്ന കവിത നൃത്ത രൂപത്തിലാക്കി ഒ.എൻ.വി. പുരസ്കാരം ടീച്ചറിനു സമ്മാനിച്ച വേളയിൽ അവതരിപ്പിച്ചു.

Profession

1983ൽ എംബിബിഎസ് പഠനം. 1994ൽ പിജി പൂർത്തിയാക്കി. തിരുവനന്തപുരം മെഡി.കോ ളജിലായിരുന്നു ബിരുദ ബിരുദാനന്തര പഠനം. യുകെയിൽ നിന്ന് എംആർസിഒജി. യുഎസിൽ പരിശീലനം നേടി കേരളത്തിൽ ആദ്യം ഗൈനക്കോളജിയിൽ റോബട്ടിക് സർജറി ചെയ്തു. ഡോ. മായ ഗൈനക്കോളജിസ്റ്റായിട്ട് 25 വർഷമാകുന്നു. നൃത്തരംഗത്ത് തുടരുന്നതു ഭർത്താവ് ഡോ. വിജയ് ജയകൃഷ്ണന്റെ പൂർണ പിന്തുണകൊണ്ടാണെന്നു ഡോ. മായ പറയുന്നു. മകൾ അമൃതയും നൃത്തരംഗത്ത് സജീവമാണ്. ഇളയമകൾ സുമിത.