പ്രണയം പൂത്തുലയുന്ന മാസമാണ് ഫെബ്രുവരി. പറയാൻ മറന്നതും പറഞ്ഞു തീർക്കാനാകാത്തതുമായ ഇഷ്ടങ്ങൾ ഇതൾ വിരിയുന്ന ദിനം. കണ്ണിമ ചിമ്മാതെ ആ ദിനത്തിനായി കാത്തിരിക്കുന്ന ഓരോ വാലന്റൈനും ഒന്ന് മാത്രമാണ് ചിന്ത, എന്റെ പ്രണയത്തിനായി എന്ത് കരുതി വയ്ക്കും ഞാൻ? പ്രണയത്തിന്റെ തീവ്രത പകർന്നു നൽകാൻ എന്തു നൽകണം ഞാൻ...? നെടുവീർപ്പും നെടുനീളന്‍ പ്രപ്പോസലുകളുമാണ് ഈ സുന്ദര ദിനത്തിലെ മറ്റൊരു കാഴ്ച. ഒരു ദിവസം കൊണ്ട് ഒരു യുഗം നീണ്ടു നിൽക്കുന്ന പ്രണയനിമിഷങ്ങൾ സമ്മാനിക്കുന്ന പ്രണയദിനം ഇങ്ങനെയൊക്കെയാണ് കടന്നു പോകുന്നത്.
സദാചാരക്കോട്ടകളെ തകർത്തെറിഞ്ഞ് പ്രണയ വിപ്ലവം സൃഷ്ടിച്ച ഗേ ദമ്പതികളായ നിവേദിനും റഹിമിനും ഈ വാലന്റൈൻസ് ഡേ വളരെ സ്പെഷ്യലാണ്. വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യ പ്രണയദിനം. എങ്കിലും ചെറിയൊരു ദുഃഖം മാത്രം. ഇക്കു അടുത്തില്ല. ദുബായിലാണ്. കടലിനക്കരെയുള്ള തന്റെ ഇക്കുവിന് പ്രണയദിന സമ്മാനം സർപ്രൈസിൽ പൊതിഞ്ഞ് നൽകാനുള്ള ഒരുക്കത്തിനിടെ നിവേദ് പറഞ്ഞു തുടങ്ങി. വാലന്റൈൻസ് ദിനത്തിൽ ഒതുങ്ങാത്ത അവരുടെ അൺലിമിറ്റഡ് പ്രണയകഥ. കൂടെ പ്രണയദിന ഓർമകളും.

പ്രണയം തന്നെ സർപ്രൈസ്
ഞങ്ങളുടെ പ്രണയം തന്നെ ഏറ്റവും വലിയ സർപ്രൈസല്ലേ. അപ്പോൾ പിന്നെ വാലന്റൈൻസ് ഡേയിൽ അതിലും വലിയ സർപ്രൈസ് കണ്ടെത്തുക പ്രയാസം. ഇക്കു അകലെയാണെന്ന് ഒരിക്കലും എനിക്ക് ഫീൽ ചെയ്യാറില്ല. ഞങ്ങൾക്കിടയിലുള്ള ബോണ്ടിംഗ് അത്രയ്ക്കുണ്ട്.– നിവേദ് പറഞ്ഞു തുടങ്ങുകയാണ്.
സാധാരണ ഗിഫ്റ്റുകളും സർപ്രൈസുകളും കൊണ്ട് ഞങ്ങൾ പരസ്പരം ഞെട്ടിക്കാറുണ്ട്. പിന്നെ വാലന്റൈൻസ് ഡേ ആയതു കൊണ്ട് കുറച്ചു കൂടി സ്പെഷ്യലാകും. പുള്ളിക്കാരന്റെ ദുബായ് ഫ്രണ്ട്സിനെ ചാക്കിട്ടുപിടിച്ച് സർപ്രൈസും ഗിഫ്റ്റുമൊക്കെ ഞാൻ കടൽ കടത്തുന്നുണ്ട്. ഒന്നു മാത്രം പുള്ളിക്കാരനെ ശരിക്കും ഞെട്ടിക്കുന്ന വാലന്റൈൻസ് ഗിഫ്റ്റ് അങ്ങെത്തും. അത് ഷുവറാ...

പൊസസീവ്നെസ് അൺലിമിറ്റഡ്
വിവാഹ ശേഷമുള്ള ആദ്യ വാലന്റൈൻസ് ഡേയിൽ ഇക്കു എന്റെ അടുത്തില്ല എന്നുള്ളത് സങ്കടം തന്നെയാണ്. എങ്കിലും ഞങ്ങൾ ഒരുമിച്ചുള്ള നല്ല ഓർമകൾ കൂട്ടിനുണ്ട് ഇപ്പോഴും. പിന്നെ ഞങ്ങൾ രണ്ടു പേരും പ്രൊഫഷണലുകളാണ്. അത് മനസിലാക്കാനുള്ള വിവേകവുമുണ്ട്. അതു കൊണ്ട് ഇതു പോലുള്ള കുഞ്ഞ് കുഞ്ഞ് പിരിയലുകളുടെ പേരിൽ വിഷമിക്കാറില്ല.

വിവാഹം കഴിഞ്ഞ ശേഷം കൂടുതൽ പൊസസീവ് ആയി എന്നുള്ളതാണ് എനിക്ക് വന്ന പ്രധാന മാറ്റം. അവൻ എന്റെ മാത്രമാണ് എന്നൊരു തോന്നൽ ഇപ്പോൾ മുൻപുള്ളതിനേക്കാളും സ്ട്രോങ്ങ് ആയിട്ടുണ്ട്. അത് പ്രൂവ് ചെയ്യാനുള്ള അവസരം കൂടിയാണ് ഈ വാലന്റൈൻസ് ഡേ.

ആ ചോദ്യത്തിന് ഒരു കുറവുമില്ല
ജീവിതം എങ്ങനെ പോകുന്നു എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ അടിപൊളി എന്ന് മറുപടി പറയാം. പുള്ളിക്കാരന് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി കൊടുത്തും... എരിവും പുളിയും ഒക്കെയുള്ള സ്നേഹം അങ്ങോട്ടും ഇങ്ങോട്ടും കൈമാറിയും ഞങ്ങൾ ഹാപ്പിയായി പോകുന്നു. ഒരു കാര്യം മാത്രം പലരും ക്യൂരിയസ് ആയി ചോദിക്കാറുണ്ട്. ഞങ്ങളുടെ ബെഡ് റൂം സീക്രട്ട്സ്. ഇടയ്ക്ക് എന്റെ ഫ്രണ്ടിന്റെ പരിചയത്തിലുള്ള ഒരു കുട്ടിയുമായി സംസാരിച്ചിരുന്നു. വിശേഷങ്ങൾ എല്ലാം തിരക്കി ഒടുവിൽ ചമ്മലോടെ അവർ ചോദിച്ചത് ഇക്കാര്യമായിരുന്നു. സത്യം പറഞ്ഞാൽ ഇപ്പോഴും ആ ചോദ്യത്തിന് യാതൊരു കുറവുമില്ല. ആ നിമിഷങ്ങളെല്ലാം വളരെ മെമ്മറബിൾ ആയി ഞങ്ങളുടെ മനസിലുണ്ട്. ദോസ് മൊമന്റ്സ് ആര്‍ ഫ്രൂട്ട്ഫുൾ– കള്ളച്ചിരിയോടെ നിവേദ് പറഞ്ഞു നിർത്തി.

