Thursday 12 December 2019 05:40 PM IST

അവർക്ക് നാട്ടിലൊരു ഭാര്യയും വിദേശത്ത് ബോയ്ഫ്രണ്ടും ഉണ്ട്! മെഹന്ദിയും ഹൽദിയും സംഗീതുമായി ഒന്നിക്കുന്ന ഗേ കപ്പിൾസിന്റെ കഥ

Binsha Muhammed

nr

‘കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയില്ലേ...ഇങ്ങനെയൊരു തീരുമാനത്തിന് ഇറങ്ങിപ്പുറപ്പെടും മുമ്പ് നീ എന്നെക്കുറിച്ച് ചിന്തിക്കണമായിരുന്നു. എനിക്കൊരു കുടുംബമുണ്ടെന്ന് ഓർക്കണമായിരുന്നു. ഭൂമി ഇടിഞ്ഞു വീണാലും ഈ തീരുമാനവും ബന്ധവും എനിക്ക് അംഗീകരിക്കാൻ കഴിയില്ല.’– പൊന്നു പോലെ സ്നേഹിച്ച പെങ്ങൾ മനസിൽ നിന്ന് പടിയടച്ച് പിണ്ഡം വയ്ക്കും മുമ്പ് നിവേദിനോട് പറഞ്ഞ വാക്കുകളാണിത്. സ്വത്വവും ഇഷ്ടവും തെരഞ്ഞെടുത്ത ജീവിതത്തിനേറ്റ ആദ്യത്തെ ‘ഊരുവിലക്ക്.’ ജീവിതം രണ്ട് ഓപ്ഷൻ മുന്നിലേക്ക് വച്ചു നീട്ടുകയാണ്. ഒന്ന് സ്വന്തം ഇഷ്ടവും മനസും മറന്ന് വീട്ടുകാരുടെ അഭിമാനത്തിനൊപ്പം നിൽക്കാം. രണ്ട് അടക്കി വച്ച സ്വപ്നങ്ങളെ പറക്കാൻ വിട്ട് ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിതം പങ്കിടാം. നിവേദ് തെരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയാണ്. ഭാവിയിൽ നഷ്ടബോധത്തിന്റെ കടലിൽ കെട്ടുപൊട്ടിയ പായ്ക്കപ്പൽ പോലെ അലയാൻ അവൻ നിന്നുകൊടുത്തില്ല. സമൂഹത്തിന്റെ ചോദ്യങ്ങളേയും നോട്ടങ്ങളേയും ഭയക്കാതെ അവൻ തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു. ‘ഇഷ്ടപ്പെട്ടവനൊപ്പം...മനസു പറയുന്ന വഴിയേ ഞാനീ ജീവിതം ജീവിച്ചു തീർക്കാൻ പോകുന്നു.’

സദാചാരക്കോട്ടകളെ കടപുഴക്കി ഒരുമിക്കാൻ തീരുമാനിച്ച ഗേ പ്രണയികളായ നിവേദും റഹീമും കഴിഞ്ഞ ദിവസങ്ങളിലാണ് വാർത്തകളിൽ നിറയുന്നത്. ഏറെ പ്രതിസന്ധികളെ അതിജീവിച്ച് മുഹൂർത്തം കുറിച്ച വിവാഹം പടിവാതിൽക്കലെത്തി നിൽക്കുമ്പോള്‍ അവർക്ക് പറയാനേറെയുണ്ട്. കാലഹരണപ്പെട്ട നാട്ടുനടപ്പുകളെ കാറ്റിൽ പറത്തി പ്രിയപ്പെട്ടവന്റെ കൈപിടിച്ച കഥ ‘വനിത ഓൺലൈനു’മായി പങ്കുവച്ചത് നിവേദാണ്, റഹിമിന്റെ ‘പ്രിയപ്പെട്ടവൻ’

nr-1

അവരുടെ പിൻഗാമികളല്ല

സോഷ്യൽ മീഡിയയും കേരളവും സെലിബ്രേറ്റ് ചെയ്ത ആദ്യത്തെ ഗേ വിവാഹം സോനുവിന്റേയും നികേഷിന്റേതുമാണ്. അവരെടുത്ത ധീരമായ തീരുമാനത്തോട് ബഹുമാനമുണ്ട്. പക്ഷേ അവരുടെ പിൻഗാമികളാണ് ഞാനും റഹീമും എന്ന വിശേഷണത്തോട് തീരെ താത്പര്യമില്ല. അവരുടെ ഒരുമിക്കൽ ഞങ്ങൾ പ്രചോദിപ്പിച്ചിട്ടില്ല എന്നു പറയുന്നതാകും ശരി.

സോനുവും നികേഷും പലവിധ കാരണങ്ങളും സാഹചര്യങ്ങളും കൊണ്ട് വിവാഹം മറച്ചു വച്ചവരാണ്. ഒരു രഹസ്യക്കല്യാണത്തിന് എനിക്കും റഹീമിനും തീരെ താത്പര്യമില്ല. ഒരുമിക്കാൻ പോകുന്നുവെന്ന് ഈ ലോകത്തോട് ഉറച്ച മനസോടെ പ്രഖ്യാപിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഏറ്റുപിടിച്ച ഞങ്ങളുടെ പ്രീ വെഡ്ഡിംഗ് ഷൂട്ട് പോലും അതു കൊണ്ട് ചെയ്തതാണ്. തീർന്നില്ല, ഒരു സാധാരണ വ്യക്തിയുടെ വിവാഹം എങ്ങനെ ഈ നാട്ടിൽ നടക്കുമോ അങ്ങനെ തന്നെ ഞങ്ങളും ഒരുമിക്കും. ഹൽദിയും മെഹന്ദിയും സംഗീതുമൊക്കെയായി ആഘോഷപൂർവം കല്യാണം നടത്തും. ഈ മാസം അവസാനം ബംഗളുരുവിൽ വച്ചായിരിക്കും വിവാഹം. ഇതിനിടെ ഒരു സേവ് ദ് ഡേറ്റ് ഫൊട്ടോ കൂടി പുറത്തു വിടണമെന്ന് ഉണ്ടായിരുന്നു. പക്ഷേ വിവാഹ വേദിയുടെ കാര്യത്തിൽ ചെറിയൊരു ആശയക്കുഴപ്പം നിൽക്കുന്നുണ്ട്. അതൊഴിച്ചു നിർത്തിയാൽ ആഘോഷപൂർവം ഞാനെന്റെ പ്രിയപ്പെട്ടവന്റെ കൈപിടിക്കും.–നിവേദിന്റെ ഉറച്ച വാക്കുകൾ.

nr-4

എതിർപ്പുകളെ വകഞ്ഞുമാറ്റി

ഞാനൊരു ഗേ ആണെന്ന് അറിയിച്ചപ്പോൾ ഭൂകമ്പമായിരുന്നു വീട്ടിൽ. പലരും മോശമായി സംസാരിച്ചപ്പോഴും പിടിച്ചു നിന്നു. കൂട്ടത്തിൽ ഏറ്റവും വേദനിപ്പിച്ചത് എന്റെ പെങ്ങളുടെ വാക്കുകൾ. എന്റെയീ തീരുമാനം കാരണം തന്റെ ജീവിതം കൂടി നാണംകെട്ടു എന്നായിരുന്നു അവരുടെ പക്ഷം. ശരിക്കും ഞാനും എന്റെ പെങ്ങളും കൂട്ടുകാരെ പോലെയായിരുന്നു. അതു കൊണ്ടാകണം അവൾ പറഞ്ഞ വാക്കുകൾ എന്നെ തകർത്തു കളഞ്ഞത്. പക്ഷേ അതിന്റെ പേരിൽ എല്ലാം ഉള്ളിലൊതുക്കി, ഇഷ്ടങ്ങളെ കടലിലെറിഞ്ഞ് വയസാകുന്നതു വരേയും ഇങ്ങനെ ജീവിച്ചു കളയാൻ ഞാൻ ഒരുക്കമല്ലായിരുന്നു. എല്ലാ വിലക്കുകളേയും കുത്തുവാക്കുകളേയും അവഗണിച്ച് ഞാൻ വീടു വിട്ടിറങ്ങി. സത്യം പറഞ്ഞാൽ ബംഗളുരുവിലേക്കുള്ള എന്റെ മാറ്റം പോലും എന്റെ ഇഷ്ടത്തിനും തീരുമാനത്തിനും വേണ്ടിയാണ്. ഫലമോ, ഞാനേറെ സ്നേഹിച്ച കൂടപ്പിറപ്പ് എന്നിൽ നിന്നകന്നു. മാസങ്ങളായി ഞങ്ങൾ സംസാരിച്ച്. പക്ഷേ വീട്ടുകാർക്ക് മുന്നിൽ ഞാനിപ്പോഴും അവരുടെ മകനായി അങ്ങനെ തന്നെ നിൽക്കുന്നു. റഹിമിന്റെ കാര്യവും വ്യത്യസ്തമൊന്നുമല്ല, മുസ്ലീം യാഥാസ്ഥിതിക കുടുംബത്തിൽ ഇങ്ങനെയൊരു കാര്യം അറിയിക്കുമ്പോഴുള്ള കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ. യുഎഇയിലാണ് കക്ഷി ജോലി ചെയ്യുന്നത്. വിവാഹ ശേഷം ഒരു വർഷം കൂടി യുഎഇയിലെ ജോലിയിൽ തുടർന്ന ശേഷം നാട്ടിൽ സെറ്റിൽ ചെയ്യാനാണ് ഞങ്ങളുടെ പ്ലാൻ. ബംഗളുരുവിൽ ടെലി റേഡിയോളജി സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ ക്ലയിന്റ് കോർഡിനേറ്ററാണ് ഞാൻ. കൊച്ചിയാണ് സ്വദേശം. റഹിം ആലപ്പുഴ സ്വദേശിയാണ്.

nr-6

ഒരു പെണ്ണിന്റെ ജീവിതം വഴിയാധാരമാക്കാനില്ല

ഫെയ്സ്ബുക്ക് വഴിയാണ് ഞങ്ങൾ അറിഞ്ഞതും അടുത്തതും. ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞിട്ട് ഈ ഒക്ടോബർ 2ന് അഞ്ചു വർഷം കഴിയുന്നു. താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും തീരുമാനങ്ങളും പരസ്പരം ബോധ്യമായതോടെ ഒരുമിക്കാൻ തീരുമാനിച്ചു. റഹിമാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. ഞങ്ങളുടെ ചോയ്സ് എന്തെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് ഒരുമിക്കാൻ തീരുമാനിച്ചത്. വീട്ടുകാരേയും നാട്ടുകാരേയും ഭയന്ന് നാട്ടുനടപ്പ് പ്രകാരം ഒരു പെണ്ണിനെ വിവാഹം കഴിച്ചിരുന്നെങ്കിലോ? വഴിയാധാരമാകുന്നത് ഒരു പെണ്ണിന്റെ ജീവിതവും സ്വപ്നങ്ങളുമായിരിക്കും.

ഗേയായിട്ടു കൂടിയും എല്ലാം അടക്കിയും ഒതുക്കിയും വച്ച് ജീവിച്ചു തീർക്കുന്ന എത്രയോ ജന്മങ്ങൾ നമ്മുടെ ചുറ്റുമുണ്ടെന്ന് അറിയാമോ? നാട്ടിലൊരു ഭാര്യയും വിദേശത്ത് ‘ബോയ്ഫ്രണ്ടുമുള്ള’ എത്രയോ ആണുങ്ങളെ ഞങ്ങൾക്കറിയാം. ഭാര്യക്ക് പുറമേ കാനഡയിലും യുഎഇയിലും ബോയ്ഫ്രണ്ടുള്ള ഗേകൾ. സത്യം പറഞ്ഞാൽ അവർ അവരുടെ ഭാര്യമാരോട് ചെയ്യുന്നത് ക്രൂരതയല്ലേ. ഇനിയെങ്കിലും ഇഷ്ടം ഉറക്ക പ്രഖ്യാപിക്കാനുള്ള ആർജവം അവർ കാണിക്കണം. ആരെയാണ് നിങ്ങൾ പേടിക്കുന്നത്. ഇങ്ങനെ ഡബിൾ റോളിൽ ജീവിക്കുന്നതിലൂടെ അവർ പങ്കാളികളെ വഞ്ചിക്കുകയാണ്. ഞങ്ങളുടെ ജീവിതം ഇത്തരം പുറംചട്ടകളിൽ നിന്ന് പുറത്ത് വരാൻ നിങ്ങൾക്ക് മാതൃകയാകുമെങ്കിൽ ഏറെ സന്തോഷം.

nr-5

മനസറിഞ്ഞ് ഞങ്ങൾ

ഒരു സുപ്രഭാതത്തിൽ ഗേ ആണെന്ന് ബോധോദയം ഉണ്ടായി ഒരുമിക്കാൻ ഇറങ്ങി തിരിച്ചവരല്ല ഞങ്ങൾ. മാറ്റം ഉൾക്കൊണ്ട് ആദ്യം മനസിനേയും പിന്നെ സമൂഹത്തേയും ബോധ്യപ്പെടുത്തി ഇറങ്ങിത്തിരിച്ചവർ. ഡിഗ്രി കാലഘട്ടത്തിലാണ് ഞാനെന്റെ സ്വത്വം തിരിച്ചറിയുന്നത്. അതിനു മുമ്പ് എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ഞങ്ങൾ പരസ്പരം മനസിലാക്കി സമ്മതത്തോടെ പിരിയുകയായിരുന്നു. ആത്മസംഘർഷങ്ങൾ നിറഞ്ഞ നാളുകൾക്കൊടുവിലാണ് എന്റെ പങ്കാളിയെ ഞാൻ കണ്ടെത്തുന്നത്. എന്നെ മനസിലാക്കുന്ന ഞാൻ മനസിലാക്കിയ റഹിം. ഇസ്ലാം മത വിശ്വാസിയായ റഹിമിന്റെ വിശ്വാസങ്ങളിൽ ഞാൻ ഇടപെട്ടിട്ടില്ല. മറിച്ച് പൊരുത്തപ്പെട്ടിട്ടേയുള്ളൂ. റമസാൻ മാസത്തിൽ കാലത്ത് ഞാനും റഹിമും ഒരുമിച്ച് നോമ്പെടുക്കും. ഞങ്ങൾ ഒരുമിച്ച് അമ്പലത്തിൽ പോകും. എല്ലാം ഞങ്ങളുടെ സന്തോഷങ്ങളാണ്, സ്വാതന്ത്ര്യമാണ്. ഞങ്ങളുടെ വിവാഹ വാർത്ത കണ്ട് ഹാലിളകിയ ചില സദാചാരക്കാരെ ഇതിനിടയിൽ കണ്ടു. ഞാൻ അന്വേഷിച്ചിടത്തോളം വ്യാജ ഐഡികളിൽ നിന്നും ഒളിപ്പോര് നടത്തുന്ന മുഖമില്ലാത്തവരാണ് അവർ. അവർക്കെല്ലാം ഞങ്ങൾ മറുപടി പറയാൻ പോകുന്നത് ഞങ്ങളുടെ ജീവിതം കൊണ്ടാണ്. –നിവേദ് പറഞ്ഞു നിർത്തി.

nr-3