വീണുപോകുന്ന നിമിഷങ്ങളിൽ കരുതലിന്റെ കരംനീട്ടിയെത്തുന്ന ചില കാവൽ മാലാഖമാരുണ്ട്. ദൈവത്തിന്റെ പ്രതിപുരുഷൻമാരെന്ന് നാം വിളിക്കുന്ന നന്മമനസുകൾ. പണത്തൂക്കവും പ്രതാപവും അളന്നു നോക്കാതെ വലിയവനേയും ചെറിയവനേയും ഒരുപോലെ തെരുവില്‍ നിർത്തിയ പ്രളയകാലത്തും ദുരന്തം വിതച്ച നിപ്പാ നാളിലും നാം ആ കാവൽമാലാഖമാരെ കണ്ടു. മതത്തിന്റെ വേലിക്കെട്ടുകൾ മാറ്റി നിർത്തിയാൽ ദൈവം ഭൂമിയിലേക്കയച്ച അവരുടെ പേരും മേൽവിലാസവുമൊക്കെ പലതായിരുന്നു എന്നു മാത്രം. സ്വജീവൻ തന്നെ ത്യജിക്കാൻ തയ്യാറായ ലിനി സിസ്റ്ററും, പ്രളയത്തിൽ മുങ്ങിയ മനുഷ്യർക്ക് മുതുക് കാട്ടിക്കൊടുത്ത ജൈസലും ഒക്കെ ആ നിരയിലെ ചില ഉദാഹരണങ്ങൾ മാത്രം.
കൊറോണയെന്ന മഹാമാരിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന നമ്മുടെ നാട് വീണ്ടുമിതാ കുറേ നന്മ മനസുകളുടെ അളവില്ലാ കരുതലിന് സാക്ഷിയാകുകയാണ്. സ്വജീവൻ പോലും പരിഗണിക്കാതെ മറ്റുള്ളവരുടെ സുരക്ഷയ്ക്കായി രാപ്പകലില്ലാതെ യത്നിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമാണ് കൊറോണക്കാലത്തെ കേരളത്തിന്റെ കാവൽമാലാഖമാർ! കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഹോം ക്വാറന്റിനിൽ കഴിയേണ്ടി വന്ന ഗർഭിണിയായ യുവതിയെ സ്നേഹത്തോടെ ചേർത്തു നിർത്തിയൊരു ഡോക്ടറാണ് സോഷ്യൽ മീഡിയയുടെ ഹൃദയം നിറയ്ക്കുന്ന കഥയിലെ പുതിയ നായിക. വീട്ടിൽ കഴിയേണ്ടി വന്ന ഗർഭിണിയുടെ സുഖ വിവരങ്ങൾ വിഡിയോ കോളിലൂടെ അന്വേഷിച്ചറിഞ്ഞ ആ ഡോക്ടറുടെ പേര് ഡോ. ആനി ട്രീസ. മൂവാറ്റപുഴ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്. വൈറൽ ചിത്രവും വാഴ്‍ത്തും സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ വനിത ഓൺലൈനോട് സംസാരിക്കുകയാണ് ഡോ. ആനി ട്രീസ.
ഓസ്ട്രേലിയയിൽ നിന്നെത്തിയ ഭാര്യയും ഭർത്താവും. കൊറോണ ഭീതിയുടെ നിഴലിൽ നിൽക്കുമ്പോൾ അവരോട് ഹോം ക്വറന്റീനിൽ കഴിയാനാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്. സങ്കടകരമായ അവസ്ഥയെന്തെന്നാൽ ആ കുട്ടി മൂന്നു മാസം ഗർഭിണിയാണ്. ഭർത്താവ് മാത്രമാണ് അടുത്തുള്ളത്. കർശന മുൻകരുതല്‍ ഉള്ളതു കൊണ്ടു തന്നെ ബന്ധുക്കൾക്കോ ഡോക്ടർമാർക്കോ അടുത്തേക്ക് പോകാൻ നിർവാഹമില്ല. ഈ സാഹചര്യത്തിലാണ് വിഡിയോ കോളിലൂടെ ആരോഗ്യ കാര്യങ്ങള്‍ അന്വേഷിച്ചറിയേണ്ടി വന്നത്. സ്റ്റാഫുകളിലാരോ പകർത്തിയ ചിത്രമാണത്. അത് എങ്ങനെയോ സോഷ്യൽ മീഡിയയിൽ വൈറലായി– ഡോ. ആനി പറയുന്നു.
ഏറ്റവും ശ്രദ്ധിക്കേണ്ട സമയമാണിത്. ആ കുട്ടിക്ക് അത്യാവശ്യം ടെൻഷനുമുണ്ട്. ഒറ്റയ്ക്കായി പോയതിന്റെ വിഷമം വേറെ. കുട്ടിയുടെ ടെൻഷനും സ്ട്രെസും ഒക്കെ മാറ്റി, ആശ്വാസം പകരാൻ വിഡിയോ കോളിലൂടെ ശ്രമിച്ചിട്ടുണ്ട്. യാത്ര ചെയ്തു വന്നതിന്റെ ചെറിയ മസിൽ പെയിൻ മാറ്റി നിർത്തിയാൽ ആ കുട്ടിക്ക് മറ്റു ബുദ്ധിമുട്ടുകളൊന്നും ഇല്ല. സുഖമായിരിക്കുന്നു.
ആശുുപത്രി സൂപ്രണ്ട് ഡോ ആശാ വിജയന്റെ നേതൃത്വത്തിലാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഡോക്ടർമാരും നഴ്സുമാരും തുടങ്ങി വലിയൊരു സംഘം ഈ പോരാട്ടത്തിൽ പങ്കാളികളാണ്. അതിന്റെ ഭാഗമാണ് സോഷ്യൽ മീഡിയയിൽ കണ്ട ഈ ചിത്രവും. വലിയൊരു കാര്യം ചെയ്തു എന്ന ഭാവമില്ല. കൊറോണയെ തുരത്തും വരെ ഞങ്ങളുൾപ്പെടുന്ന സംഘത്തിന്റെ പോരാട്ടം തുടരും.– ഡോക്ടർ പറഞ്ഞു നിർത്തി.

ഡോ. ആനി ട്രീസയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ;
കൊറോണക്കാലത്തെ കരുതൽ'
ഇത് ഡോ. ആനി ട്രീസ... മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആണ്...
കോവിഡ് - 19 ബാധിത രാജ്യത്തു നിന്നും മുവാറ്റുപുഴയിൽ എത്തി ഹോം ക്വാറൻറ്റൈനിൽ കഴിയുന്ന ഒരു ഗർഭിണിയോട് അവരുടെ ആരോഗ്യകാര്യങ്ങൾ ദിവസേന വീഡിയോ കോളിലൂടെ ഫോളോ അപ് ചെയ്യുന്ന ഒരു കാഴ്ചയാണിത്...
നമ്മുടെയൊക്കെ ആരോഗ്യം മോശമാകരുത് എന്ന് കരുതി സർക്കാരിന്റെ മാർഗരേഖ അനുസരിച്ച് സ്വയം 28 ദിവസം വീട്ടിൽ തന്നെ ഒരു മുറിയിൽ കഴിയാൻ തീരുമാനിച്ച ഒരു സ്ത്രീയുടെ മുഖമാണ് ആ മൊബൈൽ സ്ക്രീനിൽ തെളിഞ്ഞിരിക്കുന്നത്... അതും ഒരു ഗർഭിണി ❣🤰
പൊതുവേ ഗർഭകാലത്തുണ്ടാകുന്ന ഫിസിയോളജിക്കലായ മാറ്റങ്ങൾ മൂലമുള്ള മാനസിക സംഘർഷങ്ങൾ കുറേയധികമാണ്... ആ അവസ്ഥയിൽ ഇപ്പോ ഹോം ക്വാറൻറ്റൈൻ കൂടി....😥 എനിക്കുറപ്പുണ്ട് ഇനി മാഡത്തിന്റെ ഈ വിളികൾ അവർക്ക് നൽകുന്ന മാനസിക ധൈര്യം അളവറ്റതായിരിക്കുമെന്ന്...💞🥳
ഇങ്ങനെ നാടിനു വേണ്ടി സ്വയം സഹിക്കുന്ന ഒരുപാട് നല്ല മനുഷ്യരുടെ നാടാണിത്... ഇനിയും ഈ കനത്ത ജാഗ്രത കുറച്ച് ആഴ്ചകൾ കൂടി തുടരേണ്ടതുണ്ട്... എത്ര നാൾ എന്ന് നിലവിൽ ഉറപ്പിച്ചു പറയാനാകില്ല... കൃത്യമായ social distancing തുടരൂ...