Wednesday 26 February 2020 05:37 PM IST

രണ്ടാം വയസ്സിൽ അച്ഛൻ മരിച്ചു, വർഷങ്ങൾക്കിപ്പുറം മറ്റൊരാൾ അച്ഛനായി വന്നു ചേർത്തു നിർത്തി! പുണ്യയുടെ ജീവിതത്തിനിപ്പോൾ പുതിയ താളം

Binsha Muhammed

punnya

പേരു പോലെ ‘പുണ്യം’ ചെയ്തൊരു പാട്ടുകാരി. പുണ്യ പ്രദീപ് എന്ന അനുഗ്രഹീത ഗായിക മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയായത് വളരെ പെട്ടെന്ന്. കൗതുകം വിടരുന്ന കണ്ണുകളും കുട്ടിത്തം നിറയുമ്പോഴും താളപ്പിഴകളില്ലാതെ ഒഴുകുന്ന സംഗീതത്തിന്റെ സാന്ദ്ര സൗരഭ്യവും അവളെ സംഗീതപ്രേമികൾക്ക് പ്രിയങ്കരിയാക്കി. പ്രേക്ഷകർ കുന്നോളം നൽകിയ ആ പാട്ടിഷ്ടം സിനിമാ പിന്നണി ഗാനരംഗത്തിന്റെ പടിവാതിൽക്കലാണ് പുണ്യയെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇടർച്ചയില്ലാത്ത ആ സ്വരവും പതർച്ചയില്ലാത്ത ആ പ്രകടനവും പ്രേക്ഷകർക്ക് അത്രമേൽ പ്രിയങ്കരം.

പക്ഷേ ജീവിതത്തിന്റെ ഏഴു സ്വരങ്ങൾ പാടി പഠിക്കുമ്പോഴെപ്പോഴോ പതറിപ്പോയൊരു ഭൂതകാലം ഈ പാട്ടുകാരിക്ക് പങ്കുവയ്ക്കാനുണ്ട്. സ്വപ്നങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയ നാളുകളിൽ കാലിടറിപ്പോയ...ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത പോയകാലം. അന്ന് സംഗീതത്തിന്റെ സപ്തവർണങ്ങൾ അവൾക്ക് കൂട്ടുണ്ടായിരുന്നില്ല. ഒന്നുമറിയാത്ത പ്രായത്തിൽ ബാക്കിയായത് നഷ്ടങ്ങളുടേയും കണ്ണീരിന്റേയും മാത്രം കഥകൾ. പൊയ്ക്കിനാവു പോലെ കടന്നു പോയ ആ മുറിവുകളെ സംഗീതം കൊണ്ട് ഉണക്കുന്ന വർത്തമാന കാലത്തിൽ നിന്ന് പുണ്യയെന്ന 19 വയസ്സുകാരി ‘വനിത ഓൺലൈൻ’ വായനക്കാരോട് പറഞ്ഞു തുടങ്ങുകയാണ്. കണ്ണീരും വേദനയും കൂട്ടിരുന്ന ബാല്യകാലത്തെ കുറിച്ചും, നേട്ടങ്ങള്‍ ചങ്ങാതിമാരായെത്തിയ പുതിയകാലത്തെക്കുറിച്ചും.

punnya-2

ജെസിബി ഡ്രൈവർ ടു പിന്നണി ഗായകൻ! അക്ബർ ഖാന്റെ ജീവിതകഥ നിറയെ ട്വിസ്റ്റോടു ട്വിസ്റ്റാണ്

വേദനകളുടെ ബാല്യകാലം

ഒരുപാട് കാലം ഒരാളെ വേദനിപ്പിച്ചു കൊണ്ടിരിക്കാൻ ജീവിതത്തിനാകില്ല എന്നു കേട്ടിട്ടുണ്ട്. എന്റെ ജീവിതത്തിന്റെ കാര്യത്തിൽ അത് വളരെയധികം ശരിയാണ്. കുറേയേറെ വേദനകൾ. പിന്നീട് അതിനെയെല്ലാം അതിജീവിക്കാൻ സഹായിച്ച ഒരുപാട് നേട്ടങ്ങൾ.

punya-3

എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് അച്ഛൻ പ്രദീപ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. ഇതോടെ എന്റെയും ചേച്ചി പൂജയുടെയും ചുമതല അമ്മ പദ്മയുടെ ചുമലിലായി. അച്ഛൻ പോയി അധികം വൈകും മുൻപ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഞങ്ങൾ പുറത്തായി. കുറച്ചു നാൾ അമ്മയുടെ വീട്ടിൽ ആശ്രയം ലഭിച്ചു. അവിടെയും ബാധ്യതയായി തോന്നി തുടങ്ങിയതോടെ അമ്മ സമീപത്തുള്ള കറി പൗഡർ ഫാക്ടറിയിൽ ജോലിക്കു പോയിത്തുടങ്ങി. ഏഴ് വർഷത്തോളം അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം സ്വരുക്കൂട്ടി ഞങ്ങൾ ചെറിയ വീട് വാങ്ങി. അക്കാലത്ത് വീടിന് അടുത്തുള്ള ചേച്ചിയെ സംഗീതം പഠിപ്പിക്കാൻ ഒരു മാഷ് എത്തിയിരുന്നു. ആ സമയം നോക്കി ഞാനും അവിടെ ചെല്ലും. അങ്ങനെ സംഗീതത്തിന്റെ ബാലപാഠങ്ങൾ കേട്ടു പഠിച്ചു. അതിനിടെ അവർ അവിടം വിട്ടു പോയി. അതോടെ എന്റെ സംഗീത പഠനവും മുടങ്ങി. എന്നെ സംഗീതം പഠിക്കാൻ വിടാൻ വീട്ടിലെ ദാരിദ്ര്യം അനുവദിച്ചിരുന്നുമില്ല.

അതിനിടെ വിധി വീണ്ടും വില്ലനായി എത്തി. ജോലിക്കു പോയി മടങ്ങും വഴി അമ്മ വീണു പരുക്കേറ്റു കിടപ്പിലായി. ഇതോടെ വീണ്ടും ജീവിതം ഇരുട്ടിലായി. കുഞ്ഞിലേ അച്ഛനില്ലാത്തത് വലിയ സങ്കടമായിരുന്നു. അച്ഛന്റേയും അമ്മയുടേയും തണൽ ഒരുപോലെ കിട്ടുന്ന കൂട്ടുകാരെ കാണുമ്പോൾ സങ്കടം അണപൊട്ടും. എനിക്കു മാത്രം ആരും ഇല്ലല്ലോ എന്ന തോന്നലുണ്ടാകും. ചില സമയത്ത് സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടിയിട്ടുണ്ട്.

punnya-1

അങ്ങനെയിരിക്കെയാണ് അമ്മയ്ക്ക് പുതിയൊരു ജീവിതം ലഭിക്കുന്നത്. വീട്ടുകാർ തന്നെ കൊണ്ടുവന്ന കല്യാണാലോചന. കേട്ടപ്പോൾ കൊള്ളാമെന്ന് ഞങ്ങൾക്കും തോന്നി. അങ്ങനെ വിവാഹം നടന്നു. ബികാഷ് എന്നാണ് അച്ഛന്റെ പേര്. ഞങ്ങളുടെ ജീവിതത്തിലെ വേദനകളുടെ കാലം അവിടെ കഴിയുകയായിരുന്നു. യാതൊരു വേർതിരിവുമില്ലാതെ സ്വന്തം മക്കളെ പോലെയാണ് എന്നേയും ചേച്ചിയേയും അദ്ദേഹം നോക്കുന്നത്. എന്റെ പേരിനൊപ്പമുള്ള ‘പ്രദീപ്’ എന്ന പേരും അച്ഛനേയും കാണുമ്പോൾ പലരും കൺഫ്യൂഷനടിക്കാറുണ്ട്. അവരോടൊക്കെ ഞാൻ അഭിമാനത്തോടെ പറയും ഇതെന്റെ അച്ഛനാണെന്ന്. അത്രയ്ക്ക് കരുതലോടെയാണ് അദ്ദേഹം ഞങ്ങളേയും അമ്മയേയും നോക്കുന്നത്. അച്ഛൻ ഫൊട്ടോഗ്രാഫറാണ്. സ്റ്റുഡിയോയും ഉണ്ട്. ഞാൻ ഇപ്പോൾ കോഴിക്കോട് ദേവഗിരി കോളജിൽ ഒന്നാം വർഷ ബിഎസ്സി സുവോളജി വിദ്യാർത്ഥിനിയാണ്. ചേച്ചി പൂജ ബികോമിന് പഠിക്കുന്നു.

സ്വപ്നമാണ് ആ വേദി

ആരുമറിയാതെ.ഒന്നുമറിയാതെ പോകുമായിരുന്ന ഒരു കുട്ടി ഇന്ന് ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്കു മുന്നിൽ നിന്ന് പാട്ടു പാടുന്നു. അവൾക്ക് ഓരോ അമ്മമാരുടേയും സ്നേഹവും ഇഷ്ടവും ലഭിക്കുന്നു. എത്ര പേർക്ക് ആ ഭാഗ്യം ലഭിക്കുമെന്നറിയില്ല. ഒന്നുമാത്രം പറയാം, ഞാൻ പുണ്യം ചെയ്തവളാണ്. ഭാഗ്യവതിയാണ്– നിറകൺചിരിയോടെ പുണ്യ ഓർമ്മകളുടെ പാട്ടുപുസ്തകം തുറക്കുകയാണ്.

punya-4

സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ലളിതഗാനത്തിനും സമ്മാനം നേടിയിട്ടുണ്ട്. അതെല്ലാം ജീവിതത്തിലെ നല്ല ഓർമകളുമാണ്. പക്ഷേ ഇന്ത്യയൊട്ടുക്കും പ്രസിദ്ധമായ സരിഗമപ പോലൊരു റിയാലിറ്റി ഷോയുടെ ഭാഗമാകാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. റിയാലിറ്റി ഷോയിലേക്ക് മത്സരാർത്ഥികളെ ക്ഷണിച്ചു കണ്ടപ്പോൾ ഒരു കൈ നോക്കാമെന്ന് തോന്നി. വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും പിന്തുണ കൂടി ലഭിച്ചതോടെ രണ്ടും കൽപ്പിച്ചിറങ്ങി. മുൻപ് പല റിയാറ്റിഷോകളിലും മത്സരിച്ചിട്ടുണ്ടെങ്കിലും ഭാഗ്യം തുണച്ചിരുന്നില്ല. പക്ഷേ സരിഗമപയുടെ ഫൈനൽ ഓഡിഷൻ വരെയെത്താൻ സാധിച്ചു. ‘ശേഷം സ്ക്രീനിൽ’ എന്നു പറയും പോലെ ആയി കാര്യങ്ങൾ. ആയിരക്കണക്കിന് പാട്ടുകാർ സ്വപ്നം കാണുന്ന വേദിയിലേക്ക് മത്സരാർഥികളിൽ ഒരാളായി ഞാനുമെത്തി.

പാടിപ്പഠിച്ച് മുന്നോട്ട്

ഒരു പാട്ട് കേൾക്കുക, അത് പഠിക്കുക. അതിനപ്പുറത്തേക്ക് സാധാരണയായി ശ്രദ്ധ കൊടുക്കാറുണ്ടായിരുന്നില്ല. പക്ഷേ റിയാലിറ്റി ഷോയിലേക്ക് എത്തിയതോടെ രീതി മാറി. പാട്ടിന്റെ സാങ്കേതിക വശങ്ങൾ അരച്ചു കലക്കി കുടിച്ച് പഠിച്ചെടുത്തതാണ് മത്സരിക്കാനെത്തുന്നത്. ഓരോ പാട്ടിനും ആത്മാവുണ്ട്. അത് എന്തെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചത് ഈ വേദിയിലെത്തിയതോടെയാണ്. സംഗീത പ്രേമികൾ ഏറെ ബഹുമാനിക്കുന്ന സുജാത ചേച്ചിയുടേയും ഗോപി ചേട്ടന്റേയും ഷാനിക്കയുടേയും മുന്നിൽ പാടുക. അവർ പറയുന്ന നല്ല വാക്കുകള്‍ ഉൾക്കൊള്ളുക. അതാണ് ഈ റിയാലിറ്റി ഷോയിലൂടെ ലഭിച്ച മറ്റൊരു ഭാഗ്യം. അവരെയൊന്ന് കാണാൻ കൊതിക്കുന്ന, അവരുടെ പാട്ടിനെ പ്രണയിക്കുന്ന എത്ര പേരാണ് നമുക്ക് ചുറ്റുമുള്ളത്. അങ്ങനെയുള്ളപ്പോൾ എളിയ കലാകാരിയായ എനിക്ക് അവർക്ക് മുന്നിൽ പെർഫോം ചെയ്യാൻ പറ്റുന്നതിനെ ഭാഗ്യമെന്നല്ലേ വിളിക്കേണ്ടൂ.

ഒരായുഷ്ക്കാലം മുഴുവൻ മറക്കാത്ത ഒരുപാട് നല്ല നിമിഷങ്ങളേയും സുഹൃത്തുക്കളേയും കൂടി തന്നു ആ വേദി. റഹ്മാൻ സാറിന്റെ മയ്യാ...മയ്യാ..., അകലേ...അകലേ... പൂവേ സെമ്പൂവേ തുടങ്ങി ഒരുപാട് നല്ല പെർഫോമൻസുകൾ കാഴ്ചവയ്ക്കാനായി. അന്നു കിട്ടിയ നല്ല വാക്കുകളാണ് പാട്ടുകാരിയെന്ന നിലയിൽ എനിക്കുള്ള ഊർജം. പാട്ടിനെ പ്രണയിക്കുന്ന ചങ്ക് ചങ്ങാതിമാരാണ് രണ്ടാമത്തെ പുണ്യം. എല്ലാവരുമായും സൗഹൃദമുണ്ട്. നന്ദയോട് ഒരൽപം ഇഷ്ടം കൂടുതലുണ്ടെന്നു മാത്രം. – പുണ്യയുടെ വാക്കുകളിൽ സൗഹൃദത്തിന്റെ സംഗീതം.