Saturday 03 December 2022 02:40 PM IST

‘നട്ടെല്ലിടിച്ചു വീഴുമ്പോൾ എനിക്ക് ബോധം ഉണ്ടായിരുന്നില്ല, ചോരയൊലിപ്പിച്ചു കിടന്ന ആ ദിവസം’: വേദനകളെ പ്രണയം കൊണ്ട് ജയിച്ചവർ...

Binsha Muhammed

Senior Content Editor, Vanitha Online

keerthy-rajesh-c

അവരുടെ കുറവുകളിലേക്കല്ല, മികവുകളിലേക്കാണ് നോക്കേണ്ടതെന്ന് നമ്മെ ഓർമിപ്പിക്കുന്ന ദിനമാണിന്ന്. ലോക ഭിന്നശേഷി ദിനം... സഹതാപ കണ്ണുകളേയും പരിഹാസച്ചുവകളേയും മറികടന്ന് ലോക ഭിന്നശേഷി ദിനത്തില്‍ അവർ തലയയുർത്തി നിൽക്കുമ്പോൾ ഇതാ ഒരു അപൂർവ പ്രണയഗാഥ. പരിമിതികളുടെ തുലാസിൽ വച്ച് അവനെ പലരും അളന്നപ്പോൾ ഹൃദയത്തിലേക്ക് നോക്കി ഇതാ എന്റെ പ്രിയപ്പെട്ടവൻ എന്ന് പ്രഖ്യാപിച്ച ഒരുവൾ... കീർതതിയുടെയും രാജേഷിന്റെയും പ്രണയഗാഥയ്ക്ക് എല്ലാ മുൻവിധികളെയും വെല്ലുന്നൊരു ചന്തമുണ്ട്. അവർ വനിത ഓൺലൈനോടു പറയുന്നു, അവരുടെ അപൂർവ സുന്ദരപ്രണയഗാഥ...

വീൽചെയറിന്റെ ഹാൻഡിലിൽ മുറുക്കെപ്പിടിച്ചിരിക്കുന്ന കീർത്തിയുടെ കൈകളെ തലോടി രാജേഷ് അതു പറയുമ്പോൾ ആ കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കമുണ്ടായിരുന്നു. ഇട്ടുമൂടാനുള്ള പണവും ഇഷ്ടം പോലെ പണ്ടവുമുണ്ടെങ്കിലേ കല്യാണം നടക്കൂവെന്ന് സഭകൂടി പ്രഖ്യാപിക്കുന്ന കാരണവൻമാരുടെ കാലത്ത് സ്നേഹം കൊണ്ട് പരസ്പരം തണലൊരുക്കുകയാണ് അവർ. രണ്ട് മനസുകള്‍ ഒന്നു ചേരുമ്പോൾ എന്നെന്നും ഫിക്സഡ് ഡിപ്പോസിറ്റായി നിലനിൽക്കുന്നത് പണമോ പൊന്നോ പ്രോപ്പർട്ടിയോ അല്ലെന്ന് ജീവിതംകൊണ്ട് തെളിയിക്കുകയാണ് ഈ മാതൃക ദമ്പതികൾ.

രാജേഷിന്റെ പെണ്ണായി, സ്നേഹനിധികളായ ഒരുകൂട്ടം പേരടങ്ങുന്ന വീടിന്റെ മരുമകളായി 2012ലാണ് കീർത്തി വന്നു കയറുന്നത്. എന്തുകൊണ്ടും സന്തോഷം കളിയാടിയിരുന്ന ജീവിതം. പക്ഷേ, 2014ൽ ആ സന്തോഷച്ചിരികളെയെല്ലാം കെടുത്താൻ പോന്നൊരു വിധി വഴിയിൽ കണ്ണുകൂർപ്പിച്ചിരുന്നു. ഊർജസ്വലനായി ഓടി നടന്നൊരു ചെറുപ്പക്കാരനെ വീൽചെയറിലേക്ക് തള്ളിവിട്ട ആ നശിച്ച നിമിഷം ഇന്നും രാജേഷിനൊരു പേക്കിനാവാണ്. പക്ഷേ തളർത്തിയ വിധിയെ നോക്കി പുഞ്ചിരിക്കാനും അവിടുന്ന് ജീവിച്ചു തുടങ്ങാനും രാജേഷിനെ പഠിപ്പിച്ചു കീർത്തി.നിഴലായി, കൂട്ടുകാരിയായി.. ഓരംചേർന്നു കീർത്തി നിൽക്കുമ്പോൾ സ്ത്രീധനത്തിൽ കുളിക്കുന്ന കല്യാണമേളങ്ങളെ നോക്കി രാജേഷ് ഈ മാസ് ഡയലോഗ് പറയും.

‘അന്നവളുടെ കൈപിടിക്കുമ്പോൾ ഒന്നും ചോദിച്ചു വാങ്ങിയിരുന്നില്ല. പൊന്നു കൊണ്ടു തുലാഭാരവും നടത്തിയിരുന്നില്ല. പക്ഷേ അതിനേക്കാളും എത്രയോ വലിയ ‘സ്ത്രീധനത്തെയാണ്’ അവർ എനിക്കു തന്നത്.’

വിവാഹ ധാരാളിത്തങ്ങൾ നൽകിയ ബാധ്യതകളുടെ കെട്ടുമാറാപ്പുകളും പേറി ജീവിക്കുന്ന ‘ടിപ്പിക്കൽ മലയാളിക്കു’ മുന്നിൽ രാജേഷ് തന്റെയും കീർത്തിയുടേയും നിർമല സ്നേഹത്തിന്റെ കഥപറയുകയാണ്.

അവളെന്റെ പൊന്ന്

വീണുപോയതാണ് ഒരിക്കല്‍. അന്ന് കൈപിടിക്കാൻ ആരുമുണ്ടായിരുന്നില്ല. ഞാനിന്ന് ഈ ജീവിതം ജീവിച്ചു തീർക്കുന്നുണ്ടെങ്കിൽ അതെന്റെ കീർത്തിയുടെ കൂടി തണലിലാണ്. അവളാണെന്റെ ധനം.– രാജേഷ് പറഞ്ഞു തുടങ്ങുകയാണ്.

അന്തസിന്റെ പേരുപറഞ്ഞാണ് പലരും കല്യാണത്തിന് കാശ് പൊടിക്കുന്നത്. മക്കളുടെ ഭാവിയെക്കരുതി എന്നൊക്കെ പറയും. പക്ഷേ ജീവിതത്തിൽ പ്രശ്നം വരുമ്പോൾ ഈ കാണുന്ന കാശോ പൊന്നോ പണ്ടമോ നമുക്ക് ഉപകാരപ്പെട്ടു എന്നുവരില്ല. എന്റെ ജീവിതം തന്നെ അതിന് വലിയ ഉദാഹരണം. ഇവിടെയെനിക്ക് തുണയാകുന്നത് എന്റെ കീർത്തിയുടെ നിസ്വാർത്ഥമായ സ്നേഹം മാത്രമാണ്. ജീവിതത്തിൽ എന്നെ നിവർത്തി നിർത്തുന്നത് സ്ത്രീധനമല്ല, ഈ സ്ത്രീയെന്ന ധനമാണ്.– കീർത്തിയുടെ കൈകൾ ചേർത്തു പിടിച്ച് രാജേഷ് പറയുന്നു.

എന്റെ ജീവിതമെടുത്താൽ, 2012ലായിരുന്നു ഞങ്ങളുടെ വിവാഹം. പക്കാ അറേഞ്ച്ഡ് മാര്യേജ്. അന്ന് നടന്ന വിവാഹ ചർച്ചകളിൽ ഒരു ഡിമാന്റും ഞാൻ മുന്നോട്ടു വച്ചിരുന്നില്ല എന്ന് അന്തസോടെ പറയാനാകും.

ഏറെ സന്തോഷത്തോടെയായിരുന്നു ഞങ്ങളുടെ ജീവിതം മുന്നോട്ടു പോയിരുന്നത്. കൃഷിയും അത്യാവശ്യം ബിസിനസുമൊക്കെയായി മോശമല്ലാത്ത രീതിയിൽ ജീവിച്ചു തുടങ്ങി. 2014ലായിരുന്നു എന്റെ ജീവിതം തന്നെ തകർത്തു കളഞ്ഞ വിധി സംഭവിക്കുന്നത്. ഹെവി ലൈസൻസ് ‍ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞ് ബൈക്കിൽ തിരികെ വരുമ്പോൾ ഒരു ആക്സിഡന്റ്. പാഞ്ഞെത്തിയ കാർ എന്റെ വണ്ടിയിലേക്ക് ഇടിച്ചു കയറി. അന്ന് നട്ടെല്ലിടിച്ചു വീഴുമ്പോൾ എനിക്ക് ബോധമുണ്ടായിരുന്നില്ല. ചോരയൊലിപ്പിച്ച് കിടന്ന എന്നെ ആരൊക്കെയോ ആശുപത്രിയിലെത്തിച്ചു. ടെസ്റ്റുകളുടെയും മരുന്നുകളുടേയും ഇടയിൽ മരവിച്ചു കിടന്ന മണിക്കൂറുകൾ. ഒടുവിൽ ഡോക്ടറുടെ അന്തിമ അറിയിപ്പെത്തി. വീട്ടുകാരെയും പ്രിയപ്പെട്ടവരേയും സാക്ഷിയാക്കി അന്ന് ഡോക്ടർ എന്നോട് ചോദിച്ചത്, രാജേഷ് എന്തിനാണ് ഇവിടെ വന്നതാണെന്നാണ്. ‘എന്ത് ചെയ്താലും വേണ്ടില്ല, എനിക്ക് എഴുന്നേറ്റ് നടക്കണം ഡോക്ടർ’ എന്ന് എന്റെ മറുപടി. ‘രാജേഷിന് ഇനി എഴുന്നേറ്റ് നിൽക്കാനാകില്ല.’ എന്റെ മുഖത്തേക്ക് നോക്കാതെ ദയനീയമായി ഡോക്ടർ ഇതു പറയുമ്പോൾ കീർത്തി പൊട്ടിക്കരയുകയായിരുന്നു.

keerthi-suresh--3

അവിടുന്നങ്ങോട്ട് ആശുപത്രിയായിരുന്നു എന്റെ ലോകം. നീണ്ട ആറുമാസക്കാലം ആശുപത്രിയുടെ മടുപ്പിക്കുന്ന ചുമരുകൾക്കിടയിൽ. ഒടുവിൽ വൈദ്യശാസ്ത്രം തോറ്റു പിൻമാറിയപ്പോൾ ഞാനും എന്റെയീ വീൽചെയറും മാത്രം ബാക്കിയായി. പക്ഷേ തളർന്നു പോകുന്ന ഘട്ടത്തിൽ കീർത്തി എനിക്ക് ചിറുകകളായി. തകർന്നു പോയ മനസിനെ ആശ്വസിപ്പിക്കുന്ന തണലായി മാറി അവൾ. പുറമേ പലരേയും അഭിമുഖീകരിക്കാനുള്ള മടിയായിരുന്നു. സഹതാപ കണ്ണുകൾ കാണാൻ വയ്യഞ്ഞിട്ടാണ്. പക്ഷേ എല്ലാ അപകർഷതാബോധങ്ങളിൽ നിന്നും അവളെന്നെ തിരികെ കൊണ്ടു വന്നു. ആശുപത്രിയില്‍ നിന്നും ഞങ്ങൾ നേരെ പോയത്, ശംഖുംമുഖം ബീച്ചിലേക്കാണ്. അതൊരു തുടക്കം മാത്രമായിരുന്നു. അവളുടെ ചിറകിന്റെ കരുത്തിലും തണലിലും ഞാൻ എവിടെയൊക്കെ പോയെന്നോ. ഞാൻ പഴയപടിയാകാൻ, തമിഴ്നാട് വെല്ലൂരിനടുത്തുള്ള ഒരു വലിയ അമ്പലത്തിലെ കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ചെങ്കുത്തായ വലിയൊരു മല നേർച്ചയെന്നോണം കീർത്തി നടന്നു കയറി. ദേ.. ഇപ്പോ വിവാഹം കഴിഞ്ഞിട്ട്, വർഷം 9 ആകുന്നു ഇപ്പോഴും എന്റെ മുഖമൊന്ന് വാടാൻ അവൾ അനുവദിച്ചിട്ടില്ല. ജീവിതത്തിലെ എല്ലാ സന്തോഷവും നൽകി ഒരായുഷ്ക്കാലത്തിനും അപ്പുറമുള്ള സ്നേഹം നൽകി എന്റെ കീർത്തി എനിക്കരികിലുണ്ട്. എല്ലാത്തിനും സാക്ഷിയായി, ഞങ്ങളുടെ മകൻ അദ്വൈതും.

keerthi-suresh--4

വീല്‍ചെയറില്‍ ജീവിതം മുന്നോട്ടു നയിക്കുന്നവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും നാല് ചുവരുകള്‍ക്കുള്ളിലാകപ്പെട്ട് പോകുന്നവരെ പ്രോത്സാഹിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ട് വരാന്‍ ഞാനും അവളും ശ്രമിക്കുന്നുണ്ട്. വീൽചെയർ ജീവിതത്തിന്റെ ഭാഗമാക്കിയവരുടെ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാസെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ‍ഞാൻ.– രാജേഷ് പറഞ്ഞു നിർത്തി.