ഉപ്പാന്റെ ഭാഗ്യക്കുട്ടി എവിടേ.... ഈ ദുനിയാവിലെ ഉപ്പാന്റെ സ്വത്ത്...’
മലപ്പുറം കോടത്തൂരെ നമ്പിശേരിയിൽ വീടിന്റെ പൂമുഖപ്പടിയിൽ നിന്നു സലിം ഉള്ളിലേക്ക് നോക്കി വിളിച്ചു. ആ വിളിക്കുത്തരം പോലെ വീടിന്റെ കിലുക്കാം പെട്ടി ഓടിയെത്തി. പിന്നെ തെരുതെരാ ഉമ്മകൾ... ഇത്തിരി നേരം മാറിനിന്നതിന്റെ പരിഭവം പറച്ചിൽ. സലിം ചോദ്യം വീണ്ടും ആവർത്തിച്ചു.
‘ദുനിയാവിലെ ഉപ്പാന്റെ ചിങ്കിടി മാലാഖ ആരാ...?’
‘ഞാൻ...’
ഹന്ന കൊഞ്ചിച്ചിരിച്ചു.
ഇമ്പവും ഇശലും പിരിശവും ഇഴചേർന്ന് മാപ്പിളപ്പാട്ടുകൾക്ക് മധുരസ്വരം നൽകിയ കലാകാരൻ സലിം കോടത്തൂരിന് ഹന്നയെന്ന നിധിയെ കിട്ടിയിട്ടു വർഷം പത്താകുന്നു. ‘‘ഈ കുട്ടി ജനിക്കില്ലെന്നായിരുന്നു ആദ്യത്തെ വിധിയെഴുത്ത്. പിന്നെ, ജനിച്ചാലും ജീവിക്കില്ലെന്നായി.ഇനി ജീവിച്ചാലും നരകിച്ച് കഴിയേണ്ടി വരുമെന്നും ഒരു ഘട്ടത്തിൽ പറഞ്ഞു.’’ സലിം ഒാർമിക്കുന്നു.
പത്തു വയസുകാരി ഹന്നയെ കുറവുകൾ ഉള്ളവളെന്ന് ലോകം വിളിച്ചപ്പോൾ, കുട്ടി മികവുകൾ ഉള്ളവളാണെന്ന് ലോകത്തെ കൊണ്ട് തിരുത്തി പറയിച്ച ഒരുപ്പയുടെ നിശ്ചയദാർഢ്യത്തിന്റെ കഥയാണിത്.
അറിഞ്ഞു നൽകിയ നിധി
‘‘എന്റെയും സുമീറയുടേയും ജീവിതത്തിലേക്ക് പടച്ചോ ൻ മൂന്നാമതായി തന്ന നിധിയാണ് ഹന്നക്കുട്ടി. മൂത്തയാൾ സിനാൻ പ്ലസ്ടു കഴിഞ്ഞു . രണ്ടാമത്തവൾ സന പത്താം ക്ലാസിലും. സുമീറ മൂന്നാമതും ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും വല്യ സന്തോഷം. ഏറ്റവും മികച്ച ആശുപത്രിയിൽ തന്നെ കൊണ്ടുപോയി.
ഗർഭിണികൾക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉള്ളപ്പോൾ നടത്തുന്ന ഇഎസ്ആർ പരിശോധനയും ആ സമയത്ത് നടത്തി. അപ്പോഴൊന്നും കാര്യമായ പ്രശ്നങ്ങൾ കണ്ടില്ല. വിധിയുടെ കണക്കു പുസ്തകത്തിൽ പടച്ചോൻ എഴുതി ചേർത്തത് മറ്റൊന്നായി. ‘നിങ്ങളുടെ കുഞ്ഞിനു ‘രണ്ട് വിരൽ ഇല്ല....’ എന്ന് മാത്രമാണ് ആദ്യം ഡോക്ടറും ആശുപത്രി അധികൃതരും പറഞ്ഞത്. വിരലുകൾ ഇല്ലെങ്കിലും കുഞ്ഞിനു മറ്റു കുഴപ്പങ്ങൾ ഒ ന്നും ഇല്ലല്ലോ എന്നോർത്തു സ്വയം സമാധാനിച്ചു.
ഒടുവിൽ ഞാനാ കാഴ്ച കണ്ടു. വെന്റിലേറ്ററിനുള്ളിൽ ഞങ്ങളുടെ കുഞ്ഞ്. കഷ്ടിച്ച് 950 ഗ്രാം തൂക്കം മാത്രം. കുഞ്ഞിന് സാധാരണ ഉണ്ടാകേണ്ട ശാരീരിക വളർച്ചയൊന്നും തന്നെയില്ല.
ശ്വാസമെടുക്കാൻ വെമ്പുന്ന ആ കുഞ്ഞു ജീവനെ വാതിൽ വട്ടത്തിലൂടെ ഞാൻ കണ്ടു. അവളെയോർത്ത് അന്ന് മാത്രമാണ് ഞാൻ കരഞ്ഞത്. പിന്നീടൊരിക്കലും എനിക്ക് കരയേണ്ടി വന്നിട്ടില്ല.
പൂർണരൂപം ജൂൺ 11–24 ലക്കത്തിൽ