Tuesday 12 July 2022 11:06 AM IST

സ്വപ്നങ്ങൾക്ക് തടയിട്ട് 17–ാം വയസിൽ കല്യാണം, നാലു കുട്ടികളുടെ അമ്മ... ഇന്ന് ലക്ഷങ്ങൾ വരുമാനമുള്ള യൂട്യൂബർ: സൽഹയുടെ കഥ

Vijeesh Gopinath

Senior Sub Editor

salha-youtuber

പതിനേഴാം വയസ്സിലായിരുന്നു പാലക്കാടുള്ള സ ൽഹയുടെ വിവാഹം. ക്ലാസ്സിൽ നിന്ന് പിടിച്ചിറക്കി കല്യാണം കഴിപ്പിച്ചതു പോലെ. വിവാഹം കഴിഞ്ഞ് ഭർത്താവ് വിദേശത്തേക്കും പോയി. പഠിക്കണമെന്നും സ്വന്തമായി സമ്പാദിക്കണമെന്നും മോഹമുണ്ട്. പ ക്ഷേ, വീട്ടിൽ നിന്നിറങ്ങാൻ അനുവാദവുമില്ല,

കുടുംബവും കുട്ടികളുമായി നാലു ചുമരുകൾക്കുള്ളിൽ ജീവിക്കുന്ന ഒരാളായി മാറാൻ സൽഹ തയാറായില്ല. നാലു മക്കളുെട അമ്മയായിട്ടും പഠനം തുടർന്നു. ഇന്ന് സിലു ടോക്സ് എന്ന യൂട്യൂബ് ചാനൽ നടത്തുന്നു. ഏഴുലക്ഷത്തി നടുത്ത് സബ്സ്ക്രൈബേഴ്സ്. മികച്ച വരുമാനം.

മൈനസിൽ നിന്ന് തുടക്കം

‘‘സയന്‍സ് പഠിക്കണം എന്നായിരുന്നു മോഹം. പക്ഷേ, ഉപ്പ എന്നെ അറബിക് കോളജിലാണ് ചേർത്തത്. ക്ലാസ്സിൽ നിന്ന് ഒരു ദിവസം വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത് പിറ്റേന്ന് പെണ്ണുകാണാനായി വരുന്നുണ്ട്. കരച്ചിലൊന്നും വിലപ്പോയില്ല. ഒരു പെൺകുട്ടിയോടും ആരും ഇങ്ങനെ ചെയ്യരുതെന്ന് എനിക്കു തോന്നി. പെണ്ണുകാണൽ ചടങ്ങിന് ഒരു നോട്ടം കണ്ടിട്ടേയുള്ളൂ. പിന്നെ, ആളെ കാണുന്നത് വിവാഹത്തിന്. രണ്ടു മാസത്തിനുള്ളിൽ വിദേശത്തേക്ക് പോകുകയും ചെയ്തു. ഞാൻ ഒറ്റയ്ക്കായതു പോലെ.

ഒരു വർഷം കഴിഞ്ഞ് ഭർത്താവ് അബ്ദുൾ ഗഫൂർ നാട്ടിലെത്തിയപ്പോൾ ഞാൻ വാശിപിടിച്ചു, ഇനി തിരിച്ചു പോവേണ്ട. സ്വർണമൊക്കെ വിറ്റ് ഒരു കട തുടങ്ങി.

വിവാഹത്തോടെ നിന്നു പോയ ഡിഗ്രി പഠനം പൂർത്തിയാക്കാൻ വലിയ ആഗ്രഹമായിരുന്നു. ജോലിക്കു വിടില്ലെങ്കിലും സർട്ടിഫിക്കറ്റ് കാണുമ്പോഴുള്ള സന്തോഷം കിട്ടുമല്ലോ... പക്ഷേ, വീടിനു പുറത്തു പോയി പഠിക്കുന്നതിനോട് രണ്ടു വീട്ടിലും എതിർപ്പ്. ഭർത്താവിനെ സോപ്പിട്ട് ആഴ്ചയിൽ രണ്ടു ദിവസം ക്ലാസ്സിനു പോകാനുള്ള അനുവാദം വാങ്ങി. ഏഴു മാസം ഗർഭിണി ആയിരിക്കുമ്പോഴാണ് ഒന്നാം വർഷ പരീക്ഷ എഴുതിയത്. പക്ഷേ, രണ്ടാം വർഷം അത് നടന്നില്ല. എല്ലാ ദിവസവും ക്ലാസ്സിലെത്തണമെന്ന് പ്രിൻസിപ്പൽ നിർബന്ധം പിടിച്ചു. അതോടെ പഠനം നിന്നു.

രണ്ടാമത്തെ കുഞ്ഞു ജനിച്ചു–മകൻ. ആരോഗ്യ പ്രശ്നത്തോടെയാണ് അവൻ ജനിച്ചത്. എന്തു കുടിച്ചാലും ഛർദിക്കും. ഒരുപാടു ഡോക്ടർമാരെ കാണിച്ചെങ്കിലും രോഗം മാറിയത് ഒരു ഹോമിയോ ഡോക്ടറുടെ മരുന്നു കഴിച്ചപ്പോഴാണ്. ആ ഡോക്ടറെ പോലെ ആകാൻ മോഹം തോന്നി. മെഡിസിനു ചേരണമെങ്കിൽ പ്ലസ് ടുവിന് സയൻസ് പഠിക്കണം. പക്ഷേ, വീട്ടിൽ നിന്നിറങ്ങാൻ പറ്റില്ലല്ലോ.

ഡോക്ടറായാൽ അതിൽ കാരുണ്യവും കൂടിയുണ്ടെന്ന് ബോധ്യപ്പെടുത്തിയപ്പോൾ ഭർത്താവിന്റെ മനസ്സലിഞ്ഞു. അടുത്തുള്ള ട്യൂഷൻ‌ അധ്യാപകനെ കണ്ട് എന്റെ അവസ്ഥ ബോധ്യപ്പെടുത്തി. അദ്ദേഹം എന്റെ സമയത്തിനനുസരിച്ച് ക്ലാസെടുക്കാൻ തയാറായി. അങ്ങനെ രാവിലെ വീട്ടിലെ ജോലിയെല്ലാം തീർക്കും. മൂത്ത മകളെ എൽകെജിയിൽ ചേർത്തിരുന്നു. മകനെ എന്റെ വീട്ടിലാക്കി ക്ലാസ്സിലേക്ക് ഒാടും. തിരിച്ചു വന്ന് വീട്ടിലെ ജോലികൾ. രാത്രിയിൽ പഠനം. റിസൽറ്റ് വന്നു. 63 ശതമാനം മാർക്കുണ്ടായിരുന്നു.

ചെന്നൈയിലേക്ക്...

ക്ഷമ,സമാർട് വർക്ക്, ഹാർഡ് വർക്ക് ഇത്രയുമുണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കാമെന്ന് അന്നു പഠിച്ചു. പക്ഷേ, ലാഭം ഉ‍‍ടൻ കിട്ടുമെന്ന് കരുതരുത്. ദൈവമത് നമുക്ക് സമ്മാനിക്കുമെന്നുറപ്പാണ്.

വിവാഹം കഴിഞ്ഞാൽ വീട്ടിലിരിക്കണം എന്നായിരുന്നു രണ്ടു വീട്ടുകാരുടെയും നിലപാട്. വീണ്ടും ഭർത്താവിനെ പഠനത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമം തുടങ്ങി. കുടുംബത്തിൽ ഒരു കുറവും ഉണ്ടാക്കാതെ എന്തെങ്കിലും ചെയ്തോളാൻ അനുവാദം കിട്ടി. അങ്ങനെ അക്യൂ‌പങ്ചറിന്റെ ഒരു കോഴ്സ് പഠിച്ചു. പക്ഷേ, ഒരു ദിവസം എന്റെ വീട്ടുകാർ അത് കണ്ടുപിടിച്ചു. ബാപ്പ വന്ന് എന്നെ തല്ലി. ഇനി വീട്ടിൽ നിന്ന് ഇറങ്ങരുതെന്ന് പറഞ്ഞു.

അതോടെ എനിക്ക് വാശിയായി. പഠിക്കണം എന്നു മോഹമുണ്ട്. ദൈവം ചിറകുകളും തന്നു. പക്ഷേ, കെട്ടിയിട്ടിരിക്കുന്നത് എന്തൊരു സങ്കടമാണ്. ഞാൻ പറക്കാൻ തീരുമാനിച്ചു.

ആയിടയ്ക്ക് ഡയബറ്റിസ് എജ്യൂക്കേറ്റർ കോഴ്സിനെക്കുറിച്ചറിഞ്ഞു. ചെന്നൈയിലാണ്. നാലഞ്ചുമാസം അവിടെ പോയി നിന്നു പഠിക്കണം. ആലോചിക്കാൻ പോലും പ റ്റില്ല. പക്ഷേ, അതൊരു വരുമാന മാർഗം ആകുമെന്ന് പറഞ്ഞപ്പോൾ ഭർത്താവ് സമ്മതിച്ചു. ക്ലാസ് തുടങ്ങി. ആദ്യ ആഴ്ച കഴിഞ്ഞു. ദിവസങ്ങൾ കഴിയും തോറും എനിക്ക് ഭ യങ്കര ക്ഷീണം. പ്രഗ്‌നൻസി ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ്. ഒരു വലിയ സ്വപ്നത്തിനായി വന്നതാണ്. പക്ഷേ...

പഠനം ഉപേക്ഷിക്കില്ലെന്നു തീരുമാനിച്ചു. ഇത് ദൈവവും ഞാനും തമ്മിലുള്ള മത്സരമായാണ് തോന്നിയത്. ഹോസ്റ്റൽ ഭക്ഷണത്തിനോട് പൊരുത്തപ്പെടാനായില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ താമസിക്കാനുള്ള അനുവാദം വാങ്ങി. വെറും തറയിൽ നിസ്കാര പായ വിരിച്ചാണ് ഞാൻ കിടന്നത് കുട്ടികളെത്തുമ്പോഴേക്കും കുളിച്ച് റെഡിയാകും. ആ കോഴ്സ് എങ്ങനെയോ പൂർത്തിയാക്കി.

അവസാന മാസങ്ങളിലെത്തിയപ്പോൾ നാൽപ്പത്തഞ്ചു കിലോ ഉള്ള ഞാൻ 90 കിലോ ആയി. സഹിക്കാൻ പറ്റാത്ത വേദന. എഴുന്നേറ്റു നിൽക്കുമ്പോൾ കുഞ്ഞ് താഴേക്ക് ഇറങ്ങി വരുന്ന അവസ്ഥയിലേക്കെത്തി. അങ്ങനെ മൂന്നാമത്തെ മകൾ പിറന്നു.

വീണ്ടും പരീക്ഷണങ്ങൾ

മോൾക്ക് ഒൻപതു മാസം. 40 ലക്ഷം രൂപ ലോണെടുത്ത് വീടു വാങ്ങി. അതിനോടു ചേർന്ന് പ്രമേഹ രോഗികൾക്ക് മാർഗ നിർദേശം നൽകാനായി ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിച്ചു. അപ്പോഴാണ് എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ഞാൻ വീണ്ടും ഗർഭിണിയായത്.

അത്ര സങ്കീർണമായിരുന്നു അവസാന പ്രസവം. മാസങ്ങളോളം ബെഡ്റെസ്റ്റും വേദനകളും അനുഭവിച്ചതാണ്. ഉടനെ മറ്റൊരു കുഞ്ഞ്... അബോർഷനല്ലാതെ മറ്റു വഴിയില്ലെന്ന് ഭർത്താവ് പറഞ്ഞു. പക്ഷേ, ഞാൻ സമ്മതിച്ചില്ല. ഒരു ജീവനെ ഇല്ലാതാക്കാൻ തയാറല്ലെന്ന് തീർത്തു പറഞ്ഞു. മകൻ പിറന്നു. ആരോഗ്യപ്രശ്നങ്ങളും പോസ്റ്റ്‌പാർട്ടം ഡി പ്രഷനും കൊണ്ട് ഞാൻ ഒരുപാട് അനുഭവിച്ചു. പക്ഷേ, അവന്റെ മുഖം കാണുമ്പോൾ അതെല്ലാം മറന്നു.

ഒരു വരുമാനമാർഗം വേണമായിരുന്നു. യൂട്യൂബിൽ വിഡിയോകൾ അപ്‍ലോഡ് ചെയ്തു തുടങ്ങി . എഡിറ്റിങ് ഉൾപ്പടെ എല്ലാം യൂട്യൂബ് കണ്ടാണ് പഠിച്ചത്. കുഞ്ഞുങ്ങൾക്ക് ഭക്ഷണമുണ്ടാക്കുന്നതും വീട് ഒരുക്കുന്നതും ഒക്കെയായിരുന്നു ആദ്യ കാല വിഡിയോകൾ. 166 വിഡിയോകൾ കഴിഞ്ഞപ്പോൾ മോണിറ്റൈസേഷനായി. അപ്പോഴും കാര്യമായ പണം കിട്ടുന്നില്ല. പിന്നെ മാറ്റം വന്നു. ഇപ്പോൾ നാല് ചാനലുണ്ട്. വരുമാനവുമുണ്ട്.

പഴയ എന്നെ കുറിച്ച് ഞാനാലോചിക്കും. നാലു ചുമരിനുള്ളിൽ ഇരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. എല്ലാ പ്രതിസന്ധിയെയും മറികടക്കാനുള്ള ശക്തി സ്ത്രീകൾക്ക് കൂടുതലാണ്. അത് തിരിച്ചറിഞ്ഞ് നമ്മുടെ സന്തോഷങ്ങളിലേക്കുള്ള വഴി കണ്ടെത്തിയാല്‍ മതി.