Friday 29 July 2022 03:08 PM IST

‘പ്രസവത്തോടെ മരിച്ച സ്വന്തം കുഞ്ഞിനെ അടക്കാൻ പോലും അവൻ വന്നില്ല’: സംഗീത അനുഭവിച്ചത്: കണ്ണീരുണങ്ങാതെ കുടുംബം

Binsha Muhammed

sangeetha-suicide

സ്ത്രീധന മരണങ്ങളിൽ ഹാഷ്ടാഗ് ഇട്ട് പ്രതിഷേധിക്കുന്ന നാട്, ഇനിയൊരു വിസ്മയ ഈ നാട്ടിൽ ഉണ്ടാകില്ലെന്ന് ആണയിട്ടു പറയുന്ന നാട്. പക്ഷേ ഭർതൃവീട്ടിലെ പീഡനത്തിന്റെ പേരിൽ ജീവനും ജീവിതവും അവസാനിപ്പിക്കുന്ന പെൺകുട്ടികളുടെ എണ്ണം വിസ്മയയിൽ അവസാനിക്കുന്നില്ല.

കടുത്ത ജാതിഅധിക്ഷേപത്തിനും സ്ത്രീധന പീഡനത്തിനുമൊടുവിൽ നിൽക്കക്കള്ളിയില്ലാതെ ജീവിതം അവസാനിപ്പിച്ച സംഗീതയെന്ന പെൺകുട്ടി കേരള മനസാക്ഷിക്കു മുന്നില്‍ ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് മരിച്ച സംഗീതയുടെ മരണത്തിന്റെ പിന്നാമ്പുറം അന്വേഷിക്കുമ്പോഴാണ് ഒരു പെൺകുട്ടി അനുഭവിച്ച സമാതകളില്ലാത്ത പീഡനത്തിന്റേയും വേദനകളുടേയും ചുരുളഴിയുന്നത്.

പ്രണയത്തിനൊടുവില്‍ 2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്. നല്ലൊരു ജീവിതം സ്വപ്നം കണ്ട് ഇറങ്ങിത്തിരിച്ച സംഗീതയ്ക്ക് വിവാഹം നാൾ തൊട്ട് ഒരു ഷോളിൽ ജീവിതം ഒടുക്കന്നതു വരെ കണ്ണീരു കുടിക്കാനായിരുന്നു വിധി. രണ്ടാഴ്ച പിന്നിടും മുന്‍പേ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങി. ശാരീരിക ഉപദ്രവങ്ങള്‍ക്കു പുറമെ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചുവെന്നും കുടുംബാംഗങ്ങൾ വനിത ഓൺലൈനോടു പറയുന്നു.

‘പട്ടി വർഗക്കാര് പട്ടി ജാതിക്കാര് എന്നൊക്കെയാണ് എന്റെ കുട്ടിയെ അവർ വിളിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് ആ വീട്ടിൽ കയറി ചെന്ന നാൾ തൊട്ട് അനുഭവിക്കാൻ തുടങ്ങിയതാണ്. കല്യാണ നാളിൽ ഫൊട്ടോ എടുക്കാൻ വിളിച്ചപ്പോൾ ‘ഇവറ്റകളുടെ കൂടെ നിന്നാൽ രോഗം വരും’ എന്നാണ് സുമേഷിന്റെ ചേട്ടന്റെ ഭാര്യ പറഞ്ഞത്. നിലവിളക്ക് കൊണ്ട് കേറി ചെല്ലുമ്പോഴും അവർ പരിഗണിച്ചത് ഏതാണ്ട് വലിഞ്ഞു കയറി ചെല്ലുന്നത് പോലെയാണ്. അവൾക്ക് ഡ്രസ് മാറാൻ മുറിപോലും നൽകിയില്ല. അവൾ ഉപയോഗിച്ച ചീപ്പും ഭക്ഷണ പാത്രമൊക്കെ അറപ്പോടെയാണ് നോക്കിക്കണ്ടത്. വിവാഹത്തോടനുബന്ധിച്ച് അവരുടെ നാട്ടിൽ പാത്രപ്പണം കൊടുക്കുന്ന പതിവുണ്ട്. ഞങ്ങൾക്ക് നിവൃത്തി ഇല്ലാതിരുന്നിട്ടും അതിനു വേണ്ടിയും വാശിപിടിച്ചു.അവളെ ഒരു കസേരയിൽ ഇരുത്തില്ല, പക്ഷേ ആ വീട്ടിലെ സകല ജോലിയും അവളെക്കൊണ്ടു തന്നെ ചെയ്യിക്കും. അതിനൊന്നും അവർക്ക് പുലയ ജാതിയെന്ന പ്രശ്നം ഉണ്ടായിരുന്നില്ല. ’– സംഗീതയുടെ ചേച്ചി സലീനയുടെ വാക്കുകൾ.

‘വിവാഹം കഴിഞ്ഞ് മുന്നോട്ടു പോകേ... അവളെ വേണ്ടാ എന്ന മട്ടിലായി സുമേഷ്. എന്നെ എന്തിനാ വേണ്ടാന്നു വയ്ക്കണേ എന്നറിയില്ലാ ചേച്ചി എന്ന് അവൾ കരഞ്ഞു കൊണ്ട് പറയുമായിരുന്നു. ബന്ധം തീർക്കാനുള്ള പേപ്പറിലൊക്കെ നിർബന്ധിച്ച് ഒപ്പിടീക്കുമായിരുന്നു. ഒടുവിൽ അവൾക്ക് മാനസിക രോഗമാണെന്ന് പറഞ്ഞു പരത്തി. അത് അവൾക്ക് സഹിക്കാൻ പറ്റുമായിരുന്നില്ല.’– സംഗീതയുടെ അമ്മ ഷീബയുടെ വാക്കുകൾ.