'തരിപോലും സിമ്പതി വേണ്ട, പെണ്ണ് ചായ വില്‍ക്കുന്നതു കണ്ട് നെറ്റിചുളിക്കുകയും വേണ്ട. അന്തസായിട്ട് അധ്വാനിച്ചു ജീവിക്കുന്നതിലെന്താ തെറ്റ്. ഇതെന്റെ ചോറാണ്... നിലനില്‍പ്പാണ്. അതില്‍ അഭിമാനമേയുള്ളൂ.'
ഗ്ലാസിലേക്ക് പകര്‍ന്നു കൊടുത്ത ആവി പറക്കുന്ന ചൂടന്‍ ചായയേക്കാള്‍ കടുപ്പമുണ്ടായിരുന്നു സംഗീതയുടെ ആ വാക്കുകള്‍ക്ക്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍... എല്ലാത്തിനുമുപരി തന്റെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ ചായ വില്‍പ്പനയ്ക്കിറങ്ങുന്ന ഈ സിങ്കപ്പെണ്ണ് പുതുതലമുറയെ ചിലതോര്‍മ്മിപ്പിക്കുകയാണ്. വെളുത്ത കോളര്‍ ജോലിയില്ലെങ്കില്‍ ജീവിതമേ ഇല്ലേ എന്ന് വിധിയെഴുതുന്ന അഭ്യസ്ത വിദ്യരായ പുതുതലമുറയ്ക്കുള്ള വലിയ ഓര്‍മ്മപ്പെടുത്തല്‍. ഇഞ്ചിയും കുരുമുളകും കറുവപ്പട്ടയും ഏലയ്ക്കയും അളവു ചോരാതെ കൂട്ടിയിണക്കി കൊച്ചിയുടെ മനസു കവര്‍ന്ന സംഗീത ചിന്നമുത്തുവിന്റെ ജീവിതവും അവളുടെ ഹെര്‍ബല്‍ ചായ പോലെയാണ്. കഷ്ടപ്പാടും കഠിനാദ്ധ്വാനവും സ്വപ്‌നങ്ങളും സമം ചേര്‍ന്ന ജീവിതത്തെ കടുപ്പത്തില്‍ പിടിച്ചു നിര്‍ത്താന്‍ പെടാപ്പാടു പെടുകയാണ് പിജിക്കാരി. ചുളിവു വീണുപോയ ജീവിതത്തെ ഇസ്തിരിയിട്ട് നിവര്‍ത്തിയെടുത്ത് ജീവിക്കാന്‍ പഠിച്ച ചിന്നമുത്തുവിന്റെ മകള്‍, കൊച്ചിയുടെ തെരുവില്‍ ചായ വില്‍ക്കാനിറങ്ങിയതിനു പിന്നില്‍ ഒരു സ്വപ്‌നമുണ്ട്. മധുരമൊട്ടും ചോരാതെ ആ ജീവിത കഥയും മധുരമിടാ ഹെർബല് ചായയുടേയും കഥ സംഗീത തന്നെ 'വനിത ഓണ്‍ലൈനോട്' പറയുന്നു.
ചുളിവു വീഴാതെ സ്വപ്‌നങ്ങള്‍
സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമില്ലാത്ത മനുഷ്യരുണ്ടോ, എനിക്കുമുണ്ട് നിറമുള്ളൊരു സ്വപ്നം. പക്ഷേ അതു നേടിയെടുക്കുന്നതു വരെ വെറുതെ ഇരിക്കാന്‍ പറ്റുമോ? പിജിക്കാരിയുടെ പത്രാസു കാട്ടി ഞാന്‍ വീട്ടിലിരുന്നാല്‍ ഒരു പക്ഷേ എന്റെ വീട്ടിലെ അടുപ്പെരിഞ്ഞെന്നു വരില്ല. രണ്ട് കാര്യങ്ങള്‍ക്കു വേണ്ടിയാണ് ഈ അധ്വാനം. ഒന്നെന്റെ സ്വപ്‌നം നേടിയെടുക്കാന്‍, രണ്ട് ജീവിത പ്രാരാബ്ദങ്ങളില്‍ ഉലഞ്ഞുപോകാതെ എന്റെ കുടുംബത്തെ നിവര്‍ത്തി നിര്‍ത്താന്‍.'- കണ്ണുകളിലെ നിശ്ചയദാര്‍ഢ്യത്തിന്റെ തിളക്കം ചോരാതെ സംഗീത പറഞ്ഞു തുടങ്ങുകയാണ്.
ഞങ്ങളുടെ വേരുകള്‍ അങ്ങ് തേനിയിലാണ്. അച്ഛന്‍ ചിന്നമുത്തു 14ാം വയസില്‍ കൊച്ചിയുടെ മണ്ണില്‍ ചേക്കേറി. കൃത്യമായി പറഞ്ഞാല്‍ 40 കൊല്ലം മുമ്പ്. വലിയ കുടുംബമായിരുന്നു അച്ഛന്റേത്. ഒത്തിരി അംഗങ്ങളുള്ള ആ വലിയ വീടിന്റെ അടുപ്പെരിയാന്‍ അച്ഛന്‍ ഇവിടെയെത്തി. തേപ്പു പണിയായിരുന്നു ഉപജീവന മാര്‍ഗം. ദാരിദ്ര്യത്തിന്റെ കൊടുമുടി കയറിയ അക്കാലത്ത് താങ്ങി നിര്‍ത്തിയ ഈ മണ്ണ് പിന്നീട് ഞങ്ങളുടെ മേല്‍വിലാസമായി. ഞാനും അച്ഛനും അമ്മ ശങ്കിലിയമ്മയും ചേട്ടന്‍ സുരേഷും ശരിക്കും കൊച്ചിക്കാരായി. ചേട്ടന്‍ സുരേഷ് കോട്ടയത്ത് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.
കൊച്ചിയുടെ മണ്ണിലാണ് ഞാന്‍ വളര്‍ന്നത്. എസ്എസ്എല്‍സിയും പ്ലസ്ടുവുമൊക്കെ ഇവിടെ തന്നെ. ഡിഗ്രിക്ക് സെയിന്റ് തെരേസാസ് കോളജിലാണ് പഠിച്ചത്. ബികോമായിരുന്നു ഐച്ഛിക വിഷയം. പിജിക്ക് സ്വാഭാവികമായും എംകോമിലേക്ക് തിരിഞ്ഞു. ഇഗ്നൗവില്‍ ഡിസ്റ്റന്റ് ആയിട്ടായിരുന്നു പഠനം. എന്റെ പഠന കാലത്തു തന്നെ അച്ഛന്‍ ജീവിക്കാന്‍ വേണ്ടി വളരെ കഷ്ടപ്പെടുന്നതു കണ്ടിട്ടുണ്ട്.
അച്ഛന്റെ അധ്വാനത്തിന്റെ ഫലമായിരുന്നു കൊച്ചിയുടെ ഓരത്ത് ഞങ്ങള്‍ സ്വന്തമാക്കിയ ഒരു തുണ്ട് ഭൂമി. ആ പാവം വര്‍ഷങ്ങളോളം പലരുടേയും തുണികള്‍ തേച്ചുമിനുക്കിയുണ്ടാക്കിയ കാശ് കൊണ്ടുണ്ടാക്കിയ സ്വത്ത്. അതില്‍ ഒരു കുഞ്ഞ് വീട് പണിയുകയും ചെയ്തു. കടംവാങ്ങിയും ലോണെടുത്തും ഉണ്ടാക്കിയ ആ വീട് ഒരു ഘട്ടത്തില്‍ ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ബാധ്യതയായി. എന്തിനേറെ പറയണം, ജപ്തിയുടെ വക്കോളമെത്തി. ആ മണ്ണും വീടും നിലനിര്‍ത്താനാണ് ഞാനും ഗ്ലാമറും പഠിപ്പും നോക്കാതെ ഞാന്‍ അധ്വാനിക്കാനിറങ്ങിയത്.

കൊച്ചിയുടെ മനംനിറച്ച മധുരമിടാ ചായ
സിവില്‍ സര്‍വീസായിരുന്നു അന്നും ഇന്നും മനസിലുള്ള സ്വപ്നം. ആ സ്വപ്‌നത്തിനും അപ്പുറം എന്റെയും കുടുംബത്തിന്റേയും പ്രാരാബ്ദങ്ങള്‍ വന്നപ്പോഴാണ് അച്ഛന് സഹായകമാകുന്ന തരത്തില്‍ ഒരു ജോലി സൈഡായി നോക്കിയത്. ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി കുറച്ചു നാള്‍ ജോലിക്കു പോയി. പക്ഷേ പഠിക്കാനുള്ള എന്റെ ഭൂരിഭാഗം സമയവും ആ ജോലി കവര്‍ന്നു. ശമ്പളവും തുച്ഛം. അങ്ങനെയാണ് മൂന്നാല് മാസങ്ങള്‍ക്കു മുമ്പ് സ്വന്തമായി എന്തെങ്കിലും വരുമാനം കണ്ടെത്തണമെന്ന ആശയം മനസിലുദിച്ചത്.
കലൂര്‍ സ്‌റ്റേഡിയത്തിന്റെ പുറകില്‍ രാവിലെയും വൈകുന്നേരവും ഒരുപാട് പേര്‍ നടക്കാനും സൈക്ലിങ്ങിനും എക്‌സര്‍സൈസിനുമൊക്കെയായി വരും. അവരുടെ ക്ഷീണമകറ്റുന്ന ഒന്നാന്തരം ഹെര്‍ബല്‍ ചായയായിരുന്നു കണ്ടുപിടുത്തം. ഇഞ്ചിയും കുരുമുളകും കറുവപ്പട്ടയും ഏലയ്ക്ക തുടങ്ങി സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ത്ത് ഒരു ചായ. പരീക്ഷണമെന്നോണം അവതരിപ്പിച്ച എന്റെ ചായ കൊച്ചിയുടെ ഫേവറിറ്റായി എന്നതാണ് ഏറെ സന്തോഷം. കലൂര്‍ സ്‌റ്റേഡിയത്തിലെ പുറകിലെ ലിങ്ക് റോഡില്‍ രാവിലെയും വൈകുന്നേരവും ഞാനുണ്ടാകും. തീര്‍ന്നില്ല, വെറൈറ്റി. വീട്ടില്‍ വച്ച് എന്റെ കൈകൊണ്ടുണ്ടാക്കുന്ന കൊഴുക്കട്ട, , മാമ്പഴ അട, നേന്ത്രന്‍ അട, മധുരക്കിഴങ്ങ് അട, സേമിയ അട, റാഗി അട, മാമ്പഴ ബോളി, ചക്കപ്പഴം ബോളി എന്നിങ്ങനെ ചായക്ക് കൂട്ടു വേറെ. സ്ഥിരം കസ്റ്റമേഴ്‌സ് ഒത്തിരിപ്പേരുണ്ടിപ്പോള്‍ എനിക്ക്. എല്ലാവര്‍ക്കും നല്ല അഭിപ്രായം. അതിനേക്കാളേറെ അധ്വാനിച്ച് എന്റെ വിഹിതം എന്റെ കുടുംബത്തിനായി സ്വരുക്കൂട്ടാനാകുന്നു എന്ന ചാരിതാര്‍ത്ഥ്യവും.
ഇന്ന് വീടിന്റെ ലോണ്‍ അടഞ്ഞു പോകുന്നത് എന്റെയീ സഞ്ചരിക്കുന്ന ചായയില്‍ നിന്നുമാണ്. സ്വന്തം അധ്വാനവും സ്വന്തം സമയവും കണ്ടെത്തി ചെയ്യുന്ന ഈ സംരംഭത്തിന്റെ മറ്റൊരു ഗുണം എന്തെന്നാല്‍ പഠിക്കാന്‍ ഒത്തിരി സമയം കിട്ടുന്നു എന്നതാണ്.
പെണ്ണായ ഞാന്‍ ഇങ്ങനെ ആക്ടീവയില്‍ ചായ വില്‍പ്പനയ്ക്ക് ഇറങ്ങുന്നു എന്നിതില്‍ ചിലര്‍ക്കൊക്കെ എതിര്‍പ്പുണ്ടായിരുന്നു. കസിന്‍സൊക്കെ കുറേ പേര്‍ ഇതുവേണോ എന്നു ചോദിച്ചു. എന്നെ കണ്ടിട്ട് സിമ്പതിയുടെ നോട്ടമെറിഞ്ഞവരും വേറെ. ഇതൊക്കെ നാണക്കേടാവില്ലേ എന്ന ഭാവമൊന്നും എനിക്കില്ല. ഞാനെന്തായാലും റോബറിയും സ്മഗ്ലിങ്ങും ഒന്നുമല്ലല്ലോ ചെയ്തത്. എന്റെ വീടിന് തണലാകുമെങ്കില്‍ എന്റെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടാകുമെങ്കില്‍ ഈ ചായവില്‍പ്പനക്കാരി എന്ന പേരും മേല്‍വിലാസവും എനിക്ക് അഭിമാനം തന്നെ.- സംഗീത പറഞ്ഞു നിര്‍ത്തി.