'ഒരു പെണ്ണുകാണല്‍ സഭയില്‍ നിന്നാണ് ഈ കഥ ആരംഭിക്കുന്നത്. കാല്‍വിരല്‍ കൊണ്ട് ചിത്രം വരച്ച് നാണത്തോടെ നില്‍ക്കുന്ന പെണ്ണ്. ചെക്കന്‍ എങ്ങനെയുണ്ടെന്നറിയാന്‍ അടുക്കളയില്‍ നിന്ന് ഉമ്മറത്തേക്ക് ഒളികണ്‍നോട്ടങ്ങളും പായുകയാണ്. പെണ്ണുകാണല്‍ സഭയില്‍ 'കാര്‍ന്നോമ്മാര്‍കരികില്‍' ഇരുന്ന് വര്‍ത്തമാനം പറയുന്ന ചെക്കനെ പെണ്ണ് അകലെ മാറി നിന്ന് പെണ്ണും ഒളികണ്ണിട്ടു നോക്കി. കുശലം പറച്ചിലുകള്‍ക്കും ചടങ്ങുകള്‍ക്കുമൊടുവില്‍ പെണ്ണ് ചെക്കന് ചായ കൊടുക്കാനായി മന്ദം മന്ദം അരികിലേക്ക് എത്തുകയാണ്. ചായകൊടുക്കുന്ന ഗ്യാപ്പില്‍ ചെക്കനെ അടിമുടി നോക്കിയതും പെണ്ണിന്റെ ടെന്‍ഷന്‍ ഇരട്ടിയായി. പെണ്ണിന്‍റെ കയ്യിലിരിക്കുന്ന ചായയും സോസറും ആലില പോലെ വിറയ്ക്കാന്‍ തുടങ്ങി. അന്ന് അവിടുന്ന് സലാം പറഞ്ഞിറങ്ങിയ ചെക്കനും കൂട്ടര്‍ക്കും കുറച്ചു ദിവസത്തിനുള്ളില്‍ മറുപടി കിട്ടി.'
'ചെക്കന് നല്ല തടിയുണ്ട്... അവര്‍ രണ്ടും ചേരില്ല. ഞങ്ങള്‍ക്ക് താത്പര്യമില്ല....'
ചെക്കന് തടി കൂടിയതിന്റെ പേരില്‍ ഏതെങ്കിലും കല്യാണാലോചനകള്‍ മുടങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പന്തളം സ്വദേശിയായ ശരത് കൈമലര്‍ത്തും. പക്ഷേ ഒരു പെണ്ണുകാണല്‍ തനിക്ക് തന്ന മാറ്റത്തെ കുറിച്ച് ചോദിച്ചാല്‍ ആത്മവിശ്വാസത്തോടെയാകും ഈ മുപ്പത്തിമൂന്നുകാരന്‍ സംസാരിക്കുക.
'ഞാന്‍ തടി കുറച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും എന്നെ വേണ്ടാന്നു പറഞ്ഞ ആ കല്യാണ പെണ്ണിനാണ്. അന്ന് അങ്ങനെ ഒരു അനുഭവം കിട്ടിയതു കൊണ്ടല്ലേ ഞാന്‍ ഇങ്ങനെ തടി കുറച്ചത്.'
108 കിലോയില്‍ നിന്നും 92 ലേക്ക് എത്താന്‍ ഒരു പെണ്ണുകാണല്‍ വേണ്ടി വന്നുവെന്ന് പറയുമ്പോള്‍ ശരതിന്റെ മുഖത്ത് ഒരു കുസൃതി ചിരി നിറയും. വനിത ഓണ്‍ലൈനോട് ആ കഥ പറഞ്ഞു തുടങ്ങുമ്പോള്‍ ആത്മവിശ്വാസവും ആ വാക്കുകള്‍ക്ക് ഒപ്പം ചേര്‍ന്നു.
തടിയും പെണ്ണുകാണലും തമ്മില്‍
വീടുകളില്‍ ഇന്റീരിയര്‍ വര്‍ക് ചെയ്യുന്നതാണ് എന്റെ ജോലി. കുറേകാലം ഖത്തറിലും അതേ ജോലി തന്നെയാണ് ചെയ്തത്. ഖത്തറിലെ ജീവിതം തന്ന മാറ്റമായിരുന്നു എന്റെ പൊണ്ണത്തടി. 86 കിലോയും കൊണ്ടാണ് വിമാനം കയറുന്നത്. എന്നാല്‍ അവിടുത്തെ ജോലിഭാരവും നിയന്ത്രണങ്ങളില്ലാത്ത ജീവിതവും എന്നെ 'തടിയനാക്കി.' ഉച്ച സമയങ്ങളില്‍ മിക്കപ്പോഴും ബിരിയാണി. ചിക്കനും മട്ടനും ബീഫുമൊക്കെ ധാരാളം കഴിച്ചു. ബ്രോസ്റ്റഡ് ചിക്കനും ബര്‍ഗറും പെപ്‌സിയും പോലുള്ള ശീതള പാനീയങ്ങളും കൂടി ജീവിതത്തിന്റെ ഭാഗമായതോടെ 86കിലോ ഉണ്ടായിരുന്ന ഞാന്‍ വെറും തുച്ഛമായ മാസങ്ങള്‍ കൊണ്ട് ശരീരഭാരത്തില്‍ സെഞ്ച്വറി തികച്ചു. ഒടുവില്‍ അത് ചെന്നെത്തി നിന്നത് 108 കിലോയില്‍. വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു അന്ന് പൊണ്ണത്തടി സമ്മാനിച്ചത്. ഏറെ നേരം നില്‍ക്കാന്‍ കഴിയില്ല. കൈക്കും കാലിനും വേദന. മുട്ടു വേദന അങ്ങനെ ബുദ്ധിമുട്ടുകള്‍ ഏറെ.

ഗള്‍ഫിന് താത്കാലികമായി അവധി നല്‍കി നാട്ടിലെത്തിയപ്പോഴാണ് വീട്ടുകാരുടേയും കൂട്ടുകാരുടേയും നിര്‍ബന്ധത്തില്‍ ഒരു പെണ്ണ് കാണാന്‍ പോകുന്നത്. അന്നേരം എന്റെ തടിയെക്കുറിച്ച് ആലോചിക്കാനോ തല പുകയ്ക്കാനോ പോയില്ല. ഗള്‍ഫ്കാരന്റെ ഗമയില്‍ പെണ്ണുകാണാന്‍ പോകുകയാണ്. പെണ്ണു കാണല്‍ വീട്ടില്‍ എത്തിയപ്പോഴാണ് സീന്‍ മാറുന്നത്. തടിയുള്ള എന്നെ കണ്ടതും എന്നെക്കാളും തടി കുറഞ്ഞ പെണ്ണ് ടെന്‍ഷനായി. അവള്‍ ചായപോലും മടിച്ചു മടിച്ചാണ് മുന്നില്‍ കൊണ്ടു വച്ചത്. ഇത്രയൊക്കെ ആയപ്പോഴേ എനിക്ക് കാര്യം മനസിലായി. എന്റെ തടിയാണ് പെണ്ണിനെ പേടിപ്പിച്ചിരിക്കുന്നത്.
പക്ഷേ ഞാന്‍ ചമ്മല്‍ മുഖത്തു കാട്ടാതെ വളരെ സന്തോഷത്തോടെ ആ ചടങ്ങിന് ഇരുന്നു. സന്തോഷപൂര്‍വം ചായ കുടിച്ചു. പെണ്ണുകാണലിന്റെ റിസല്‍റ്റ് എന്താകും എന്ന് ആ നിമിഷം തന്നെ എനിക്ക് മനസിലായി എന്നത് മറ്റൊരു സത്യം. ദിവസങ്ങള്‍ കുറച്ചു കഴിഞ്ഞ് പ്രതീക്ഷിച്ച കോള്‍ എത്തി, ചെക്കന് തടി കൂടുതലാണ്. ഈ ബന്ധത്തിനോട് താത്പര്യമില്ല. എനിക്ക് പ്രത്യേകിച്ച് വിഷമമൊന്നും തോന്നിയില്ല. പക്ഷേ ആ നിമിഷം ഞാനൊരു പ്രതിജ്ഞ എടുത്തു. തടികുറച്ചിട്ടേ ഇനിയൊരു പെണ്ണുകാണാന്‍ പോകൂ.- ശരത് പറയുന്നു.
തടിയോട് സന്ധിയില്ലാ പോരാട്ടം
ഏറെ പ്രണയിച്ച ചോറിനോട് പിണങ്ങിയാണ് ആ പോരാട്ടം തുടങ്ങിയത്. ഡയറ്റ് ആരംഭിച്ച നാള്‍തൊട്ട് ചോറ് തൊട്ടിട്ടേ ഇല്ല. ഗോതമ്പും ഓട്‌സും കഴിച്ച് വിശപ്പടക്കി. മധുരത്തോടുള്ള പ്രിയവും അതോടെ അവസാനിച്ചു. ഇലക്കറികളും സാലഡുകളും ധാരാളം കഴിച്ചു. ആദ്യമൊക്കെ വലിയ വിഷമമായിരുന്നു. പക്ഷേ കട്ടയ്ക്ക് പിടിച്ചു നിന്നു. കളരിയായിരുന്നു എന്റെ മറ്റൊരുതുറുപ്പു ഗുലാന്‍. ശരീരം നല്ല പോലെ വിയര്‍ക്കുന്ന കളരി അഭ്യാസം എന്നില്‍ വളര്‍ത്തിയ മാറ്റങ്ങള്‍ ചെറുതല്ലായിരുന്നു.

മുന്‍പ് കളരി അഭ്യസിക്കുമായിരുന്നെങ്കിലും തടി കുറയ്ക്കല്‍ യജ്ഞത്തിന്റെ ഭാഗമായി നന്നായി മെയ്യഭ്യാസം ചെയ്തു. ദിവസങ്ങള്‍ കടന്നു പോകേ തടി ആയുധം വച്ച് കീഴടങ്ങി തുടങ്ങിയെന്ന് എനിക്ക് മനസിലായി. 5 കിലോയോളം കുറഞ്ഞായിരുന്നു തുടക്കം. എന്നിട്ടും ഞാന്‍ ഉഴപ്പിയില്ല. ആദ്യ കാലത്തെ ഡയറ്റ്. വീണ്ടും ഉറച്ച മനസോടെ പിന്തുടര്‍ന്നു. എന്നെ ബുദ്ധിമുട്ടിച്ച കൊഴുപ്പ് എന്നില്‍ നിന്നും ഉരുകിയിറങ്ങുകയാണെന്ന് വെയിംഗ് മെഷീന്‍ എന്നോടു പറഞ്ഞു. ഇന്ന് ഞാനെത്തി നില്‍ക്കുന്നത് 92 കിലോയിലാണ്. അത്ര വലുതല്ലെങ്കിലും ആ മാറ്റം എനിക്ക് തന്ന ആത്മവിശ്വാസം ചെറുതല്ല. എന്റെ ഉയരം അനുസരിച്ച് 85 കിലോയാണ് എന്റെ ഐഡിയല്‍ വെയിറ്റ്. അതിലേക്ക് എത്താനുള്ള പ്രയാണത്തിലാണ് ഞാന്‍. അതിനു ശേഷം വേണം വീണ്ടും പെണ്ണുകാണല്‍ ഗോദയില്‍ ആത്മവിശ്വാസത്തോടെ ചെന്നിറങ്ങാന്‍- ശരത് പറഞ്ഞു നിര്‍ത്തി.