Tuesday 12 July 2022 04:57 PM IST

‘എന്റെ ഭാര്യയ്ക്ക് തടിയുണ്ട്, അത് ഞാന്‍ സഹിച്ചോളാം..’: ബോഡിഷെയ്മിങ് നടത്തുന്നവർ ആ സത്യം അറിയുന്നുണ്ടോ?: സുജിത്ത് പറയുന്നു

Binsha Muhammed

Senior Content Editor, Vanitha Online

sujith-bhakthan-cover

‘മലയാളി പൊളിയല്ലേ...’ എന്ന് പറഞ്ഞവരെ കൊണ്ട് തന്നെ ‘എന്താടോ നന്നാവാത്തേ...’ എന്ന് ചോദിപ്പിക്കും. അതാണ് സോഷ്യൽ മീഡിയയിലെ പ്രബുദ്ധ മലയാളി. അയൽപക്കം തൊട്ട് അമേരിക്ക വരെയുള്ള വിഷയങ്ങളിൽ സ്വന്തമായി അഭിപ്രായമുള്ള മലയാളി സോഷ്യൽ മീഡിയയിൽ എത്തിയപ്പോഴാണ് കളിമാറിയത്. പതിവു പോലെ അഭിപ്രായ പ്രകടനങ്ങളിൽ നിന്നു തന്നെയായിരുന്നു തുടക്കം. പതിയെ പതിയെ ആ അഭിപ്രായം പറച്ചിലുകൾ അന്യന്റെ കമന്റ് ബോക്സിൽ പരിഹാസവും ബോഡി ഷെയ്മിങ്ങും കുത്തുവാക്കുകളും കുറ്റംപറച്ചിലും നടത്താനുള്ള ലൈസൻസാക്കി എടുത്തു മേൽപ്പറഞ്ഞവർ. എപ്പോൾ നോക്കിയാലും കാണും ഓണായിരിക്കുന്ന കമന്റ് ബോക്സുകളിൽ സദാചാരവും ബോഡിഷെയ്മിങ്ങും കൊണ്ട് ആറാട്ട് നടത്തുന്ന ന്യൂജെൻ മലയാളി ചേട്ടൻമാരെ. കുറച്ചു കൂടി പരത്തി പറഞ്ഞാല്‍ അടക്കവും ഒതുക്കവും പഠിപ്പിക്കുന്ന ‘വസന്തങ്ങളെ.’

വ്ലോഗറായും യൂട്യൂബറായും പേരെടുത്ത സുജിത്ത് ഭക്തനും ഭാര്യ ശ്വേത ഭക്തനുമാണ് ഇത്തരം സൈബർ സദാചാര ചേട്ടൻമാരുടെ അറ്റാക്കിൽ ഒടുവിൽ പൊറുതിമുട്ടിയത്. ശ്വേതയുടെ തടി ചൂണ്ടിക്കാട്ടി കേട്ടാലറയ്ക്കുന്നതും, വെറുക്കുന്നതും, വിഷമിപ്പിക്കുന്നതുമായ കമന്റുകൾ ശരം പോലെ എയ്തു കൂട്ടി ഈ സൈബർ വെട്ടുകിളിക്കൂട്ടം. റോഡ് റോളറെന്നും, സെപ്റ്റിക് ടാങ്കെന്നും, ആനയെന്നും വരെ വിളിച്ച് സോഷ്യൽ മീഡ‍ിയയിലെ കൂട്ടം തങ്ങളുടെ ‘തനിസ്വരൂപം’ കാണിച്ചു. വികലമായ ഇത്തരം മനസുള്ളവരെ അവഗണിക്കാറാണ് പതിവെങ്കിലും ചിലതെങ്കിലും മനസിനെ വേദനിപ്പിക്കുന്നുവെന്ന് തുറന്നു പറയുകയാണ് സുജിത്ത് ഭക്തൻ. എന്തിനേറെ തടിയുടെ പേരിൽ ബോഡിഷെയ്മിങ് നടത്തുന്നവരിൽ സ്ത്രീകളും ഉണ്ടെന്ന സത്യവും സുജിത്ത് തുറന്നു പറയുന്ന. തന്റെ ഭാര്യക്ക് ഭാര്യയ്ക്ക് ഡയറ്റ് നിശ്ചയിക്കുന്ന, അവളുടെ തടിയിൽ ആകുലപ്പെടുന്ന സൈബർ വെട്ടുകിളി കൂട്ടത്തോടും സദാചാരക്കാരോടും ശക്തമായ ഭാഷയിൽ മറുപടി പറയുകയാണ് സുജിത്ത് ഭക്തൻ. വനിത ഓൺലൈനിനോടു സംസാരിക്കുമ്പോൾ ഇന്ത്യ–ഭൂട്ടാന്‍ പര്യടനത്തിന്റെ ഭാഗമായി ഗുജറാത്തിലുണ്ടായിരുന്നു സുജിത്തും ശ്വേതയും.

sujith-swetha-2

ആ ‘വിഷമം’ ഞാൻ സഹിച്ചാൽ പോരേ...

വിവാഹം കഴിഞ്ഞിട്ട് വർഷം നാലാകുന്നു. ഞാനെന്റെ ജീവിതത്തിലേക്ക് നോക്കിയാൽ, എന്റെയും ശ്വേതയുടേയും ലോകത്ത് സന്തോഷങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. പക്ഷേ ഈ കഴിഞ്ഞ നാലു വർഷം ഞങ്ങൾ നേരിട്ട സൈബർ അറ്റാക്കുകൾ, ബുള്ളിയിങ്ങുകൾ അത് എത്രമാത്രം വലുതാണെന്ന് അതില്‍ ചിലതെങ്കിലും ഉണ്ടാക്കുന്ന മാനസിക വിഷയമങ്ങൾ എത്രയെന്ന്... അത് എനിക്കും ശ്വേതയ്ക്കും ക്കു മാത്രമേ അറിയൂ.  അല്ലെങ്കിലും മനുഷ്യന്റെ വായമൂടി കെട്ടാനാകില്ലല്ലോ.– സുജിത്ത് സംസാരിച്ചു തുടങ്ങുകയാണ്.

വിവാഹം കഴിഞ്ഞ് ആദ്യനാളുകളില്‍ കേട്ടത് സുജിത്തിന് ശ്വേതയേക്കാളും നല്ല പെണ്ണിനെ കിട്ടുമെന്നാണ്. ഞാനും അവളും ഒരുമിച്ചെത്തുന്ന ഒരു പ്ലാറ്റ് ഫോമിൽ, അതിന്റെ കമന്റ് ബോക്സിൽ ഇങ്ങനെയൊക്കെ വന്നു പറയുമ്പോൾ ഏതൊരു പെണ്ണിനും അത് വിഷമം ഉണ്ടാക്കും. തുടക്കത്തിൽ ശ്വേതയും വല്ലാതെ വിഷമിച്ചു. യൂ ട്യൂബ് പോലുള്ള ഒരു തുറന്ന മാധ്യമത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇങ്ങനെയുള്ള നെഗറ്റീവ് കമന്റുകൾ നമ്മൾ സ്വാഭാവികമായും പ്രതീക്ഷിക്കും. ആരോഗ്യകരമായ വിമർശനങ്ങൾ ഞാന്‍ സ്വാഗതം ചെയ്യാറുമുണ്ട്. ഞാൻ പോസ്റ്റ് ചെയ്യുന്ന കണ്ടന്റിനെ കുറിച്ചോ വിഡിയോയെ കുറിച്ചോ എതിരഭിപ്രായം ഉണ്ടെങ്കിൽ ധൈര്യമായി തുറന്നുപറയാം. പക്ഷേ... പരാമർശങ്ങൾ വ്യക്തിപരമാകുമ്പോൾ വല്ലാതെ വിഷമമുണ്ടാകും. തുടക്കത്തിൽ സൈബർ സെല്ലിലൊക്കെ ബോഡി പരാതി നൽകിയിരുന്നു. പക്ഷേ അതിൽ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകില്ല എന്നതു കൊണ്ടും പിന്നാലെ പോകാൻ നേരമില്ലാത്തതു കൊണ്ടും അതിനു പുറകേ പോയില്ല.

sujith-swetha-5

വിമർശിക്കാൻ മാത്രം വായ തുറക്കുന്നവർക്ക് നമ്മള്‍ എങ്ങനെയിരുന്നാലും കുറ്റമാണ്. നമ്മൾ മെലിഞ്ഞിരുന്നാലും വെളുത്തിരുന്നാലും കറുത്തിരുന്നാലും അവർ ഓരോന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ശ്വേത പ്രെഗ്നന്റ് ആയിരുന്നപ്പോൾ പോലും അവർ വിട്ടില്ല. അവളെ പറഞ്ഞതു പലതും രണ്ടാമതൊരു വട്ടം പറയാൻ പോലും കഴിയുന്നില്ല. വിവാഗം കഴിഞ്ഞ് അധികം ആകും മുന്നേ ശ്വേതയും പ്രത്യേകം ഒരു യൂട്യൂബ് ചാനൽ സ്റ്റാർട്ട് ചെയ്തിരുന്നു. വിമർശനങ്ങൾ പരിധി വിട്ടപ്പോൾ കുറേനാളത്തേക്ക് വിഡിയോ പോലും പോസ്റ്റ് ചെയ്യാതായി. വിഡിയോയിൽ പ്രത്യക്ഷപ്പെടാന്‍ പോലും മടിച്ചു. ഇത്തരക്കാരെ പാടെ അവഗണിച്ച് വീണ്ടും എത്തുമ്പോഴും മനോഭാവങ്ങളിൽ മാറ്റം വന്നിട്ടില്ല.

എനിക്കറിയാം എന്റെ ഭാര്യയ്ക്ക് തടിയുണ്ട്. എന്റെ ഭാര്യയ്ക്ക് വണ്ണമുണ്ട്. എനിക്കും അത്യാവശ്യം കുടവയറൊക്കെയുണ്ട്. എന്റെ വീട്ടിൽ എല്ലാവർക്കും വണ്ണമുണ്ട്. അത് ഞാൻ സഹിച്ചാൽ പോരേ. ശ്വേതയുടെ തടിയെ കുറിച്ച് പറയുന്നവർ അറിയുന്നുണ്ടോ? ശ്വേതയ്ക്ക് തൈറോയ്ഡിന്റെ പ്രശ്നങ്ങൾ ഉണ്ട്. പ്രസവം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് ആ പ്രശ്നം തലപൊക്കിയത്. അത് നിയന്ത്രിക്കാൻ മരുന്നുകൾ കഴിക്കുന്നുമുണ്ട്. ശ്വേത തടി കുറച്ചില്ലെങ്കിൽ സിസേറിയൻ ആയിപ്പോകും എന്ന് പറഞ്ഞവർ വരെയുണ്ട്. പക്ഷേ പ്രസവ സമയത്ത് ശ്വേതയുടെ തൈറേയ്ഡ് കൺട്രോളിൽ ആയിരുന്നു. ആ കാര്യത്തിൽ ശ്വേത ലക്കിയാണ്. സുഖപ്രസവത്തിനൊടുവിലാണ് ഞങ്ങൾക്ക് ഋഷിയെ കിട്ടിയത്. തടി ഇല്ലാത്തവർക്കും ഇവിടെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഫുൾ‌ടൈം ജിമ്മും ബോ‍ഡിയും ഫിറ്റാക്കി നടക്കുന്നവർക്ക് ഹാര്‍ട്ട് അറ്റാക്ക് വരുന്നില്ലേ?

sujith-swetha

നിങ്ങളെ എന്താണ് ബുദ്ധിമുട്ടിക്കുന്നത്. ഒരു പെണ്ണിന് പ്രസവശേഷം ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ എന്തെന്ന് മനസിലാക്കാനുള്ള പാകതയും പക്വതയും പോലും നിങ്ങൾക്കില്ലെങ്കിൽ ഗെറ്റ് വെൽസൂണ്‍ എന്നേ പറയാനുള്ളൂ. ഇനി അതും മനസിലാകുന്നില്ലെങ്കിൽ അവരവരുടെ അമ്മമാരിലേക്കും പെങ്ങൻമാരിലേക്കും നോക്കൂ. പെണ്ണിന്റെ മാറ്റങ്ങൾ എന്തൊക്കെയെന്നുള്ള പാഠങ്ങൾ നിങ്ങൾക്ക് അവിടെ നിന്ന് ലഭിക്കും. ബാക്കിയെല്ലാം വീ ‍ഡോണ്ട് കെയർ‌– സുജിത്ത് പറഞ്ഞു നിർത്തി.