കല്യാണം കളറാക്കാൻ പരീക്ഷണങ്ങള്‍ പതിനെട്ടും പയറ്റും യുവതലമുറ. ഹൽദിയിൽ തുടങ്ങി റിസപ്ഷൻ വരെ നീളുന്ന വിവാഹ മേളത്തിൽ വെറൈറ്റികളുടെ നീണ്ട നിര തന്നെയുണ്ടാകും. ഫൊട്ടോഗ്രാഫിയിലെ പരീക്ഷണങ്ങൾ ഒരുവശത്ത്, മറുവശത്ത് പെണ്ണും ചെക്കനും ഒന്നാകുന്ന വേദിയിൽ കിടിലൻ തീമുകൾ കൊണ്ട് വിസ്മയം തീർക്കും വിവാഹ ചടങ്ങിന്റെ അണിയറക്കാർ.
അത്തരമൊരു വെറൈറ്റി പരീക്ഷണത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. കോട്ടയത്തു നടന്നൊരു വിവാഹ ചടങ്ങിന് ‘വനിത’ മാഗസിനെ കൂട്ടു പിടിച്ച കഥയാണ് ഇനി പറയാൻ പോകുന്നത്. പെണ്ണും ചെക്കനും ഉൾപ്പെടെ അതിഥികള്‍ വരെയുള്ളവർക്കായുള്ള ഫൊട്ടോ പോയിന്റിലാണ് ‘വനിത’ രംഗപ്രവേശം ചെയ്തത്. വനിതയുടെ കവർ ചിത്രത്തിന്റെ അതേ ലേ ഒൗട്ടും മാസ്റ്റ് ഹെഡും പശ്ചാത്തലമാക്കി കലക്കനൊരു ഫൊട്ടോ പോയിന്റ് ഒരുക്കുകയായിരുന്നു വിവാഹത്തിന്റെ ആതിഥേയർ. മാസ്റ്റ് ഹെഡ് മുതൽ ഓരോ ലക്കം വനിതയുടെയും കവറിൽ നൽകാറുള്ള ഹൈലൈറ്റ്സിൽ വരെ അളന്നു മുറിച്ച് വനിത സ്റ്റൈലെത്തി.
സക്കറിയയും ദീപ്തിയും വിവാഹിതരായി എന്ന പ്രധാന തലക്കെട്ടാണ് വനിതയുടെ കവറിലെ ശ്രദ്ധാകേന്ദ്രം. വിവാഹ തീയതിയായ ഫെബ്രുവരി 5, 2022–ാണ് ഡേറ്റ് ലൈന്റെ സ്ഥാനത്ത്. സ്പെഷ്യല്‍ എഡിഷനെന്ന് തലക്കെട്ടിനു കീഴെ പ്രത്യേകം കാണാം. ‘മലയാളത്തനിമയിൽ പെണ്ണും ചെക്കനും, പാരന്റ്സിന്റെ വിവാഹ വാർഷികത്തിൽ മകന്റെ വിവാഹം, മുഹൂർത്തം അനശ്വരമാക്കി അതിഥികൾ, മുഖചിത്രമാകാൻ തിക്കും തിരക്കും, ആഹ്ലാദം പങ്കുവച്ചു ബന്ധുക്കളും സുഹൃത്തുക്കളും’ എന്നിങ്ങനെ വിവാഹ ചടങ്ങിന്റെ ഉള്ളടക്കം ആ സാങ്കൽപ്പിക കവർ ഡിസൈനിൽ കാണാം.

‘ലൈഫ് ഇവന്റ് വെഡ്ഡിങ് പ്ലാനർ മാത്തുക്കുട്ടി മാളിയേക്കലിന്റെ ആശയമാണിത്. സാധാരണ വിവാഹ വേദിയിലെ ഫൊട്ടോ പോയിന്റും ഫൊട്ടോ ബൂത്തുമൊക്കെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജ് സ്റ്റൈലിൽ ഉള്ളതായിരിക്കും. ചിലർ ഫിലിം ഫെയർ, ഫോർബ്സ് മാഗസിനെയൊക്കെ കൂട്ടുപിടിക്കാറുണ്ട്. നമ്മുടെ സ്വന്തം വനിതയുള്ളപ്പോൾ എന്തിനു വേറെ മാഗസിനെ തപ്പിപ്പോണം. ഇതിപ്പോ ഇൻസ്റ്റാഗ്രാം ഫൊട്ടോ ബൂത്തിനെക്കാളും സംഗതി കളറായില്ലേ.’ കല്യാണ ചെക്കൻ സക്കറിയ സജി തോമസ് വനിത ഓൺലൈനോട് പറയുന്നു.
‘അടിമുടി കോട്ടയം സ്റ്റൈലിൽ ഉള്ളതായിരിക്കണം കല്യാണമെന്ന് എനിക്കും ദീപ്തിക്കും നിർബന്ധമുണ്ടായിരുന്നു. വിവാഹത്തിനെത്തിയ അതിഥികളൊക്കെ ചട്ടയും മുണ്ടും സാരിയും ജൂബയുമൊക്കെ അണിഞ്ഞാണ് എത്തിയത്. അവരെ കണക്റ്റ് ചെയ്യണമെങ്കിൽ വനിതയല്ലാതെ മറ്റൊരു ഓപ്ഷനില്ല. ട്രഡീഷണൽ സ്റ്റൈൽ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചിട്ടുള്ളതും വനിതയല്ലേ. അതുകൊണ്ട് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വനിത ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിൽ എന്നും ഓർത്തുവയ്ക്കാവുന്നൊരു ഫ്രെയിമായി മാറി.’–സക്കറിയയുടെ വാക്കുകൾ.

കോട്ടയം സ്വദേശിയായ സക്കറിയ സജി തോമസ് സ്വകാര്യ പരസ്യ കമ്പനിയുടെ ഭാഗമാണ്. വധു ദീപ്തി സൈമൺ യുകെയിൽ നഴ്സാണ്.
എന്തായാലും കല്യാണ ചടങ്ങിനിടിയിലെ ഈ ജനപ്രിയ പരീക്ഷണം സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കല്യാണം വൈറലാകാനുള്ള അടുത്ത വഴിയെന്നാണ് പലരും കമന്റായി രേഖപ്പെടുത്തുന്നത്. വധുവിനും വരനും വനിതയുടെ ആശംസകൾ.