തൃശൂർ ചാലക്കുടി പരിയാരത്ത് അച്ചാടൻ വീട്ടിൽ മാത്യു ആന്റണി എന്ന മാത്യു അച്ചാടന് ഇതിപ്പോൾ രണ്ടാം പിറന്നാളാണ്. ‘‘ഹൃദയം മാറ്റിവച്ചവരുടെ കാര്യത്തിൽ അങ്ങനെയാണ് പറയുക. മറ്റൊരാളുടെ ഹൃദയവുമായി പുതിയൊരു ജീവിതമാണല്ലൊ ഇത്’’ നാട്ടുമ്പുറത്തുകാരന്റെ കളങ്കമില്ലാത്ത ചിരിയോടെ അച്ചാടൻ സംസാരിച്ചുതുടങ്ങി. ഏതാനും വർഷങ്ങൾക്ക് മുമ്പേ ഇതല്ലായിരുന്നു അവസ്ഥ. ഹൃദയത്തിന്റെ പമ്പിങ് കുറയുന്ന ഡയലേറ്റഡ് കാർഡിയോ മയോപ്പതി എന്ന രോഗമായിരുന്നു അച്ചാടന്. മാർക്കറ്റിൽ ചുമടെടുത്തും പകലന്തിയോളം ഒാട്ടോ ഒാടിച്ചും കഠിനാധ്വാനിയായി ജീവിച്ച ഒരാൾക്ക് ഒരു സുപ്രഭാതം മുതൽ ശ്വാസം കഴിക്കാൻ പോലും പ്രയാസമുണ്ടാവുക– എന്തൊരു ജീവിതമായിരിക്കും അത്. പോരാത്തതിന് പണി തീരാത്ത വീടും പറക്കമുറ്റാത്ത പിഞ്ചുകുട്ടികളും നിസ്സഹായയായി കരയുന്ന ഭാര്യയും. അതുകൊണ്ട് ഡോ. ജോസ്ചാക്കോ പെരിയപുറം ഹൃദയം മാറ്റിവയ്ക്കലിനെ കുറിച്ചു പറഞ്ഞപ്പോഴേ അച്ചാടൻ മനസ്സിൽ കുറിച്ചു– ഇത്രയും വലിയ തുക മുടക്കി ഒരു ചികിത്സ വേണ്ട.
പക്ഷേ, പരിയാരത്തെ വീടുകൾ മാത്രമല്ല ആളുകളുടെ മനസ്സും വിശാലമായിരുന്നു. അച്ചാടന്റെ അയൽവാസിയായ പഞ്ചായത്ത് മെമ്പർ വഴി വിവരമറിഞ്ഞ പരിയാരം ഗ്രാമവാസികൾ ദിവസങ്ങൾ കൊണ്ടു തന്നെ വലിയൊരു തുക സംഘടിപ്പിച്ചു. പിന്നെയും പലവഴി സഹായമെത്തി. അങ്ങനെ 2015 ജൂലൈ 24ന് അച്ചാടന്റെ ശരീരത്തിലേക്ക് പുതിയഹൃദയം വിരുന്നെത്തി. മാധ്യമങ്ങളും നാടും മുഴുവൻ ആഘോഷിച്ചൊരു ഹൃദയംമാറ്റിവയ്ക്കലായിരുന്നു അത്. തിരുവനന്തപുരം കാരനായ നീലകണ്ഠ ശർമയുടെ ഹൃദയം നേവിയുടെ ഡോർണിയർ എയർക്രാഫ്റ്റിലാണ് കൊച്ചിയിലെത്തിച്ചത്. അതും ചരിത്രമായി.
പയറും കോവലും പച്ചച്ചുകിടക്കുന്ന പറമ്പിലേക്കു നോക്കി പഴയതൊക്കെ ഓർത്തിരിക്കവെ അച്ചാടൻ പറഞ്ഞു
‘‘ ശസ്ത്രക്രിയ വേണ്ടെന്നു പറയുമ്പോൾ അതിനുശേഷമുള്ള ജീവിതം മരുന്നും മന്ത്രവുമായി മാത്രം ഒതുങ്ങിപ്പോകുമെന്നൊരു പേടി കൂടിയുണ്ടായിരുന്നു. അതു മാറി. ഇപ്പോഴും ആളുകൾ വിളിച്ചാൽ ഒാട്ടോയുമായി പോകുന്നുണ്ട്. സർജറി കഴിഞ്ഞ് വെറുതെയിരുന്ന സമയത്ത് അലങ്കാര ബൾബുണ്ടാക്കുന്നത് പഠിച്ചു ചെയ്യാൻ തുടങ്ങി. പെരുന്നാളുകളും ആഘോഷങ്ങളുമൊക്കെ വരുമ്പോൾ അത്തരം ഒാർഡർ കിട്ടാറുണ്ട്. ഈയടുത്ത് ഹൃദയമാറ്റ സുവർണജൂബിലിക്കായി കൊച്ചി വരെ ഒാട്ടോ ഒാടിച്ചുപോയി. സ്ഥിരം ആശുപത്രി സന്ദർശനങ്ങൾക്ക് ട്രെയിനിലാണ് പോകുന്നത്. കുറച്ച് പച്ചക്കറി കൃഷിയുമുണ്ട്. എങ്കിലും തൂമ്പയെടുത്തു കിളയ്ക്കാനൊന്നും പോകാറില്ല. അത്ര ആയാസത്തിനു ശരീരം വഴങ്ങില്ല. ’’
വേറൊരു ഹൃദയമല്ലേ അതുകൊണ്ട് നമ്മുടെ സ്വഭാവം മാറിയോ എന്നൊക്കെ ചോദിക്കാറുണ്ട്. എനിക്കും ആദ്യമൊരു തോന്നലുണ്ടായിരുന്നു–ഞാനങ്ങ് മൗനിയായോന്ന്. പക്ഷേ, കൂട്ടുകാരൊക്കെ പറഞ്ഞത് നിന്റെ സംസാരം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ലെന്നാണ്.
മാസം നല്ലൊരു തുക മരുന്നിനും പരിശോധനകൾക്കുമായി ആകുന്നുണ്ട്. പഴയ ചികിത്സാഫണ്ടിൽ മിച്ചമുള്ള കുറേ കാശുണ്ട്. തുടർചികിത്സാചെലവുകളേക്കുറിച്ച് ഡോക്ടർ നേരത്തേ സൂചിപ്പിച്ചിരുന്നതുകൊണ്ട് അങ്ങനെയൊരു നീക്കിയിരിപ്പുണ്ടായി.
പൊടിയും പുകയുമൊക്കെ ഒഴിവാക്കാൻ ഒാട്ടോ സ്റ്റാൻഡിൽ കിടക്കാറില്ല. ‘‘ആരുടെയോ സ്നേഹസമ്മാനമായി ലഭിച്ച ജന്മമല്ലേ, അതിന്റെയൊരു ശ്രദ്ധ നമ്മൾ കാണിക്കണം.’’ ഹൃദയത്തോട് കൈ ചേർത്ത് മാത്യു അച്ചാടൻ പറയുന്നു.