Saturday 26 December 2020 04:29 PM IST

'എന്റെ അടുത്ത അഭിമുഖത്തില്‍ ഞാന്‍ അത് പറയും, വിശദമായി തന്നെ': അനില്‍ ബാക്കിവച്ചു പോയ ആ കടം: വേദനയായി ആ വാക്കുകള്‍

V R Jyothish

Chief Sub Editor

anil-ivw ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സെക്കൻഡ് ഷോ സിനിമകളുടെ ശബ്ദരേഖ കേട്ട് ഉറങ്ങിയിരുന്ന ഒരു സ്കൂൾ വിദ്യാർഥി ഉണ്ടായിരുന്നു പണ്ട്, നെടുമങ്ങാട്. അച്ഛൻ സയൻസ് അധ്യാപകനായിരുന്നെങ്കിലും മകൻ സിനിമ കാണുന്നതു കൊണ്ടു ദോഷം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാടകം പഠിക്കാനാണ് താൽപര്യം എന്നു പറഞ്ഞപ്പോഴും അച്ഛൻ എതിരു നിന്നില്ല. പക്ഷേ, അനില്‍ െനടുമങ്ങാട് എന്ന പേരില്‍ ആ മകൻ വെള്ളിത്തിരയിലെത്തിയതും അവിടെ തിളങ്ങുന്നതും പ്രേക്ഷകർ തിരിച്ചറിയുന്നതും ഒക്കെ കാണാൻ അച്ഛൻ കാത്തുനിന്നില്ല. 

‘അയ്യപ്പനും കോശിയും’ എന്ന സിനിമ ഹിറ്റായതോടെയാണ് അനില്‍ താരനിരയുടെ മുന്‍നിരയിലേക്കു കയറി നിന്നത്. മലയാളസിനിമ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കണ്ടത്. രൂപത്തിൽ മാത്രമല്ല, ഭാവത്തിലും ശബ്ദത്തിലും നടനത്തിലും പുതുമകള്‍. പൃഥ്വിരാജിന്‍റെ മുഖത്തു നോക്കി, ‘കണ്ടറിയണം കോശി‍, നിനക്കെന്താണു സംഭവിക്കുക’ എന്നു പറയുമ്പോള്‍ തിയറ്ററില്‍ നിറഞ്ഞ കൈയടികള്‍ ഇപ്പോഴും അനിലിന്‍റെ മനസ്സിലുണ്ട്. നെടുമങ്ങാടിനടുത്ത് അരശുപറമ്പിലെ വീട്ടിലിരുന്ന് അനിൽ സംസാരിക്കുന്നു.

സിനിമയോടുള്ള ഇഷ്ടം തുടങ്ങിയത്  ?

നെടുമങ്ങാട്ടെ സർക്കാർ സ്കൂളുകളിലാണ് ഞാൻ പഠിച്ചത്. സ്കൂളിനടുത്ത് തന്നെ തിയറ്ററുകൾ ഉണ്ട്. കണക്കിന്റെയും സംസ്കൃതത്തിന്റെയും പീരിഡുകളിൽ ക്ലാസ് കട്ട് ചെയ്യും. നൂൺ ഷോ അല്ലെങ്കിൽ മാറ്റിനി, അതാണു പതിവ്. 

നാട്ടിൽ ഒരു ഫിലിം ക്ലബ് ഉണ്ടായിരുന്നു. അവിടെ നല്ല ക്ലാസിക് സിനിമകൾ കാണിക്കും. അതു കാണാൻ അച്ഛ ൻ കൊണ്ടുപോകും. പിന്നെ, കഥകളി ക്ലബ്ബ് ഉണ്ടായിരുന്നു. അച്ഛനോടൊപ്പം കഥകളി കാണാനും പോകുമായിരുന്നു. കഥ അറിയാതുള്ള ആട്ടം കാണല്‍.

നെടുമങ്ങാട്ടെ തിയറ്ററുകൾ ആണോ സിനിമയിൽ  താൽപര്യമുണ്ടാക്കിയത്?

അങ്ങനെ പറയുന്നതാണ് ശരി. ഞങ്ങള്‍ ആദ്യം താമസിച്ചിരുന്ന വീട് ഒരു ഒാല മേഞ്ഞ തിയറ്ററിനടുത്തായിരുന്നു. തിയറ്ററിനുള്ളിലെ ശബ്ദം നല്ല ഉച്ചത്തിൽ പുറത്തു കേൾക്കാം. വീട്ടിൽ ഇരുന്നാലും സിനിമ കേൾക്കാം. സെക്കൻഡ് ഷോകളാണ് കൂടുതൽ വ്യക്തമായി കേൾക്കുന്നത്. അതുകൊണ്ട് മാറി മാറി വരുന്ന സിനിമകൾ വെള്ളിയാഴ്ച തന്നെ കാണും. ബാക്കിയുള്ള ദിവസങ്ങളിൽ ആ സിനിമ കേൾക്കും. അതു കേട്ടാണ് ഞാൻ ഉറങ്ങിയിരുന്നത്.

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ‘മൂർഖൻ’ സിനിമ റിലീസ് ചെയ്യുന്നത്. അന്നു ഞാൻ സ്കൂളിലൂടെ അനൗൺസ് ചെയ്തു നടക്കുമായിരുന്നു, ‘ജോഷിയുടെ സംവിധാനത്തിൽ ജയൻ നായകനായി അഭിനയിച്ച മൂർഖൻ ഇന്നുമുതൽ നെടുമങ്ങാട് റാണി തിയറ്ററിന്റെ നയനമനോഹരമായ വെള്ളിത്തിരയിൽ...’

‘പൊറിഞ്ചു മറിയം ജോസ്’ സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ ജോഷി സാർ പറഞ്ഞു, അനിൽ അഭിനയിച്ച സിനിമകൾ കണ്ടിട്ടുണ്ടെന്ന്. എെന്‍റ മനസ്സില്‍ അപ്പോള്‍, മൂന്നാം ക്ലാസ്സിലെ അനൗൺസ്മെന്‍റും ‘മൂർഖൻ’ സിനിമയുടെ പോസ്റ്ററും സംവിധാനം ജോഷി എന്ന് എഴുതി കാണിച്ചപ്പോൾ തിയറ്ററിൽ നിറഞ്ഞ കയ്യടിയും ആയിരുന്നു.

എങ്ങനെയാണ് സ്കൂൾ ഓഫ് ഡ്രാമയിൽ എത്തിയത്?

നാടകം കാണാനും കളിക്കാനും ഒക്കെ വീട്ടിൽ അനുവാദം ഉ ണ്ടായിരുന്നതു കൊണ്ട് പഠിക്കുന്ന കാലത്തേ നാടകത്തോടായിരുന്നു കൂടുതൽ പ്രിയം. പഠനം രണ്ടാമതായിരുന്നു. ഡിഗ്രിക്കു േചര്‍ന്ന േശഷമാണ് സ്കൂൾ ഓഫ് ഡ്രാമ എന്നൊരു സ്ഥാപനം ഉണ്ടെന്നറിയുന്നത്. അഡ്മിഷനു വേണ്ടി അപേക്ഷിക്കേണ്ടത് എങ്ങനെയെന്നൊന്നുമറിയില്ല. വയലാ വാസുദേവൻ പിള്ള സാർ ആണ് ഡയറക്ടർ എന്നറിഞ്ഞ്, അദ്ദേഹത്തിനൊരു കത്തെഴുതി. സാറിന്റെ മറുപടി വന്നു. 

അഡ്മിഷൻ സമയമായപ്പോൾ സാർ വീണ്ടും എഴുതി. അ ങ്ങനെ  സ്കൂൾ ഓഫ് ഡ്രാമയിൽ എത്തി. നാട്ടിൻപുറത്തുകാരനായ എന്നെ സംബന്ധിച്ചിടത്തോളം സ്കൂൾ ഓഫ് ഡ്രാമ പുതിയൊരു ലോകമായിരുന്നു. അവിെട ചേര്‍ന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഞാൻ സിനിമയിലും എത്തില്ലായിരുന്നു.

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു പഠിച്ചിറങ്ങിയതിനു ശേഷമുള്ള കാലം?

നാടക പ്രവർത്തനത്തോടൊപ്പം തന്നെ സിനിമയും മനസ്സിലുണ്ടായിരുന്നു. ഞാനാദ്യം സിനിമയിൽ അവസരം ചോദിച്ചു     പോയത് അടൂർ സാറിെന്‍റ വീട്ടിലാണ്. അദ്ദേഹത്തിെന്‍റ വീട്ടി ൽ കോളിങ് ബെൽ ഇല്ല, ഒരു മണി തൂക്കിയിട്ടുണ്ട്. ഞാനും മ ണിയടിച്ചു. സാർ ഇറങ്ങി വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, ‘സാറിന്റെ സിനിമയിൽ ഒരു അവസരം ചോദിച്ചു കൊണ്ടുള്ള മണിയാണ് ഇവിെട മുഴങ്ങിയത്...’ അദ്ദേഹം ചിരിച്ചു. 

സിനിമയിൽ അവസരം ഒന്നും തന്നില്ലെങ്കിലും അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതി തിരികെ പോന്നു. പിന്നീടും തിരുവനന്തപുരത്തുള്ള പല സംവിധായ കരെയും കണ്ടു. കണ്ടവരാരും അവസരങ്ങൾ തന്നില്ലെങ്കിലും അവരൊക്കെ നല്ല സുഹൃത്തുക്കളായി. 

തിരുവനന്തപുരത്തിനു പുറത്തുള്ള സംവിധായകരുടെ ഫോൺ നമ്പറിനു വേണ്ടി സിനിമ മാസികയുടെ ഓഫിസുകളിൽ വിളിക്കും. ചിലർ തരുന്ന നമ്പറുകൾ ഏതെങ്കിലും പൊലീസ് സ്റ്റേഷന്റേതായിരിക്കും. അങ്ങനെ പൊലീസുകാരുടെ ചീത്തയും കേട്ടിട്ടുണ്ട് ഒരുപാട്.

പിന്നീട് നാടക പ്രവർത്തനങ്ങളിലേക്കു തിരിഞ്ഞോ?

നാടകത്തിനൊപ്പം തന്നെ സമാന്തരമായി ചാനൽ പ്രവർത്തനവും ഉണ്ടായിരുന്നു. നാടകം െകാണ്ടുമാത്രം ഒരിക്കലും ഉപജീവനം നടക്കില്ലെന്നു തോന്നി. അങ്ങനെയാണ് ചാനലുകളിൽ എത്തിപ്പെടുന്നത്. ചാനൽ പരിപാടികൾക്ക് കുറച്ചുകൂടി പ്രാധാന്യം ഉള്ള കാലമാണ്. ടിനി ടോം, കലാഭവൻ പ്രജോദ്, കലാഭവൻ ഷാജോൺ തുടങ്ങി ഇന്നത്തെ താരങ്ങളൊക്കെ അന്ന് അവതാരകരാണ്.  

ഒരു കോമഡി പരിപാടിക്ക് ശബ്ദം നൽകാൻ എത്തിയ ആളാണ് സുരാജ്. വെഞ്ഞാറമൂടും നെടുമങ്ങാടും തമ്മിൽ വലിയ ദൂരവ്യത്യാസം ഇല്ലാത്തതുകൊണ്ടാകും ഞങ്ങൾ നല്ല സുഹൃത്തുക്കളായി. 

ഈ സമയത്ത് എന്റെ  സഹയാത്രികനായിരുന്നു മഹേഷ് പഞ്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയായിരുന്ന മഹേഷ് നാലുവർഷം തുടർച്ചയായി കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിലെ മികച്ച നടനായിരുന്നു. അന്നത്തെ ചാനൽ പരിപാടികൾ ഒക്കെ ഹിറ്റ് ആയിരുന്നെങ്കിലും അവതാരകർക്ക് ഉള്ള വരുമാനം തീരെ കുറവായിരുന്നു. 

അന്ന് മഹേഷ് ചേട്ടനെ പോലെ ഉള്ളവരാണ് വണ്ടിക്കൂലി തന്നിരുന്നത്. എന്നിട്ടു പറയും സിനിമയിൽ ചാൻസ് അന്വേഷിച്ച് രണ്ട് ലൊക്കേഷനിൽ പോകാനുള്ള പൈസയുണ്ട്, പോയിട്ട് വാ. അന്ന് സിനിമ ഞങ്ങളിൽ നിന്ന് അകലെയായിരുന്നു.

ട്രോളുകൾ ഇത്ര ട്രെൻഡി ആകാതിരുന്ന കാലത്താണ് ട്രോളുമായി അനിൽ ചാനലുകളിൽ നിറഞ്ഞു നിന്നത് ?

ഞാന്‍ അവതരിപ്പിച്ചിരുന്ന ‘ജൂറാസിക് പാര്‍ക്’ െപാളിറ്റിക്കല്‍ സറ്റയറായിരുന്നു. െടലിവിഷനിലെ േട്രാള്‍ എന്നു വിേശഷിപ്പിക്കാം. സത്യത്തില്‍ ട്രോളുകൾ ഉണ്ടാക്കുക വളരെ വലിയ ക്രിയേറ്റീവ് വർക്ക് ആണ്. ക്രിയേറ്റിവിറ്റി മാത്രം പോരാ, സാങ്കേതിക സഹായവും വേണം.

ഞങ്ങളൊക്കെ അഞ്ചു മിനിറ്റ് ഉള്ള പൊളിറ്റിക്കൽ സറ്റയർ ഉണ്ടാക്കിയിരുന്നത് ഒരാഴ്ച െകാണ്ടായിരുന്നു. ഇന്ന് ആ പ്രശ്നമില്ല. സാങ്കേതികമായി മികവുള്ള ഒരുപാട് ഉപകരണങ്ങൾ വന്നു. അതിന്റെ ഗുണം എല്ലാ രംഗത്തും ഉണ്ടായി.

സിനിമയിൽ അവസരം ലഭിക്കുന്നത് ?

ഒരുപാട് പുതുമുഖങ്ങളെ സിനിമയിൽ പരിചയപ്പെടുത്തിയ മമ്മൂക്കയാണ് എനിക്കും ഒരു അവസരം തന്നത്. ചാനൽ വഴിയാണ് മമ്മൂക്കയുമായുള്ള പരിചയം. അദ്ദേഹം നായകനായ ‘തസ്കരവീരൻ’ എന്ന സിനിമയിലാണ് ആദ്യ അവസരം കിട്ടുന്നത്. ആദ്യസിനിമ കഴിഞ്ഞതിനുശേഷം സിനിമയിൽ ഒരു ബ്രേക്ക് തന്നത് രാജീവ് രവിയാണ്.

അദ്ദേഹത്തിന്റെ ‘ഞാൻ സ്റ്റീവ് ലോപസ്’,‘കമ്മട്ടിപ്പാടം’ തുടങ്ങിയ സിനിമകളിൽ നല്ല റോളുകൾ തന്നു. പിന്നീട്, ‘അയാൾ ഞാനല്ല’, ‘പാവാട’, ‘മൺട്രോത്തുരുത്ത്’, ‘ആമി’, ‘മേൽവിലാസം’, ‘ഇളയരാജ’, ‘പൊറിഞ്ചു മറിയം ജോസ്’ അങ്ങനെ കുറച്ച് സിനിമകൾ. ഒടുവില്‍ ‘അയ്യപ്പനും കോശിയും’. ഇപ്പോൾ മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു.

സിനിമയിലെ എന്‍റെ ഉയര്‍ച്ച കാണാൻ അച്ഛൻ കാത്തുനിന്നില്ല. ഇവിെട ഞാന്‍ എന്തെങ്കിലുമൊക്കെയായിട്ടുണ്ടെങ്കി ൽ അതിന്റെ മുഴുവന്‍ ക്രെഡിറ്റും അച്ഛനും അമ്മയ്ക്കുമാണ്. അച്ഛൻ പീതാംബരൻ നായർ അധ്യാപകനായിരുന്നു. അമ്മ ഓമനക്കുഞ്ഞമ്മ െകഎസ്ഇബിയിലും. അമ്മയോെടാപ്പമാണ് ഞാന്‍ താമസം.

കുടുംബം...?

കുടുംബത്തെക്കുറിച്ചു വിശദമായി ഞാന്‍ പറയാം. വനിത വായനക്കാരോടു മാത്രം. ഇപ്പോഴല്ല, അടുത്ത അഭിമുഖത്തില്‍.

‘അയ്യപ്പനും കോശി’യിലെ കഥാപാത്രത്തെക്കുറിച്ച് ?

സംവിധായകൻ സച്ചിയാണ് ആണ് അങ്ങനെ ഒരു റിസ്ക് എടുത്തത്. കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കൂടിപ്പോയാൽ പത്തോ പതിനഞ്ചോ സീനേ ഉണ്ടായിരുന്നുള്ളൂ. ആദ്യമായിട്ടാണ് മുഴുനീള കഥാപാത്രം. അതിന്റെ ഉത്കണ്ഠ സച്ചിയേട്ടനോട് പറയുകയും ചെയ്തു. അദ്ദേഹം ധൈര്യം തന്നു, ‘നീയൊരു നല്ല നടനാണ്. നിനക്ക് പറ്റും ’ എന്നു പറഞ്ഞ്. അതു േകട്ടപ്പോള്‍ കിട്ടിയ ആത്മവിശ്വാസത്തിന്റെ പുറത്താണ് സിഐ സതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡയലോഗുകൾ കാണാപാഠം പഠിച്ച് അഭിനയിക്കേണ്ട,  സ്വാഭാവികമായി സംസാരിച്ചാൽ മതി എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ കഥാപാത്രം ചെയ്യുന്നതും അതുപോലെതന്നെ.

അയ്യപ്പനും കോശിയും സിനിമയിലെ കഥാപാത്രം എന്റെ ഭാഗ്യമാണ്. പക്ഷേ, അതിലും വലിയ നഷ്ടബോധമാണ് എനിക്ക് സച്ചിയേട്ടന്റെ വേർപാട്. എനിക്ക് മാത്രമല്ല ആ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ കഴിയാത്തവർ ഒരുപാട് പേരുണ്ട്.

ബിജുമേനോനും പൃഥ്വിരാജിനും ഇടയ്ക്ക് ആയിരുന്നല്ലോ അനിൽ അവതരിപ്പിച്ച കഥാപാത്രം?

ചാനലിൽ ജോലി ചെയ്യുന്ന സമയത്തേ മല്ലിക ചേച്ചിയെ അറിയാം. അതായിരുന്നു പൃഥ്വിരാജുമായി ബന്ധപ്പെട്ട യാദൃച്‌ഛികത. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആളാണ് ബിജു ചേട്ടൻ. രണ്ടുപേരുടെയും സഹായം എനിക്കുണ്ടായിരുന്നു.

പിന്നെ, സ്കൂൾ ഓഫ് ഡ്രാമയില്‍ എന്റെ സീനിയറായിരുന്നു രഞ്ജിത്തേട്ടൻ. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എ ന്നതും ഒരു വലിയ സ്വപ്നമായിരുന്നു. അങ്ങനെ ഓർമയിൽ സൂക്ഷിക്കാനുള്ള ഒരുപാട് നിമിഷങ്ങൾ തന്ന സിനിമ ആയിരുന്നു അത്.

സിഐ സതീഷ് എന്ന കഥാപാത്രം വെല്ലുവിളിയായി തോന്നിയിരുന്നോ?

പലരും പറഞ്ഞു കേട്ടിട്ടുണ്ട്, ആ കഥാപാത്രം ഒരു വെല്ലുവിളിയായിരുന്നു, ഈ കഥാപാത്രം വെല്ലുവിളിയായിരുന്നു എന്നൊക്കെ. ഞാൻ പറയുന്നത് ഒരു കഥാപാത്രത്തെയും നമ്മൾ വെല്ലുവിളിക്കരുത് എന്നാണ്.

വെല്ലുവിളിക്കുന്നത് ശത്രുക്കളെയാണ്. നമ്മൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ തന്നെ ശത്രുക്കളായി കണ്ടാൽ പിന്നെ, എങ്ങനെയാണ് നല്ല റിസല്‍റ്റ് ഉണ്ടാകുന്നത്. അതുകൊണ്ട് നമ്മൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ശത്രുക്കളായി കാണാൻ പാടില്ല. അവരെ സുഹൃത്തുക്കളായി തന്നെ കാണണം. അങ്ങനെയാണെങ്കിൽ അവർ നമുക്ക് വഴങ്ങും. അല്ലെങ്കിൽ നമ്മളോടു പിണങ്ങി മാറിനിൽക്കും.

സിനിമ കൂടുതൽ റിയലിസ്റ്റിക് ആകുന്നുണ്ടോ?

ശരിക്കും പറഞ്ഞാൽ ചില സിനിമകൾ ട്രെൻഡ് സൃഷ്ടിക്കുന്നു. പിന്നീട് കുറെ സിനിമകൾ അതിന്റെ പിറകെ പോകുന്നു. അതാണിപ്പോള്‍ നടക്കുന്നത്.

ഇപ്പോള്‍ റിയലിസ്റ്റിക് ആണെന്നു പറയുന്ന സിനിമകളെക്കാൾ എത്രയോ റിയലിസ്റ്റിക് ആയിരുന്നു, പതിറ്റാണ്ടുകൾക്ക് മുൻപ് റിലീസ് ചെയ്ത ‘അരപ്പട്ട കെട്ടിയ ഗ്രാമം’ പോലുള്ള സിനിമകൾ. സിനിമ ഒരുപാട് മാറുന്നുണ്ട്. ഒന്നോ രണ്ടോ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു പണ്ടുള്ള സിനിമകൾ.

ഇപ്പോഴങ്ങനെയല്ല. ഒട്ടുമിക്ക കഥാപാത്രങ്ങൾക്കും അവരവരുടേതായ പ്രാധാന്യം സിനിമയിലുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തിത്വമുണ്ട്. അവര്‍ നല്ല ഡയലോഗുകള്‍ പറയുന്നു. കഴിഞ്ഞ 15 വർഷത്തിനിപ്പുറം എത്രയോ നല്ല നടന്മാരാണ് മലയാള സിനിമയിൽ വന്നത്.

ഇപ്പോൾ മലയാള സിനിമയിലെ തിരക്കുള്ള നടന്മാരിൽ ഒരാളാണ് അനിൽ. എന്തു തോന്നുന്നു?

സിനിമയൊക്കെ ഓരോരോ സമയമാണ് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആദ്യ സിനിമ കഴിഞ്ഞ് പത്ത് വർഷം കാത്തിരുന്ന ശേഷമാണ് അടുത്ത സിനിമ കിട്ടിയത്. മുപ്പതാം വയസ്സിലാണ്, ‘അയ്യപ്പനും കോശി’യിലെയും കഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്കിൽ ചിലപ്പോൾ ഇങ്ങനെയായിരിക്കില്ല ഞാൻ അഭിനയിക്കുന്നത്.

പത്തു വർഷം മുൻപേ ഞാൻ തിരക്കുള്ള നടൻ ആയിരുന്നെങ്കിൽ, ചിലപ്പോൾ സിനിമ ഒന്നും ഇല്ലാതെ ഇപ്പോൾ വീട്ടിൽ ഇരിക്കുമായിരുന്നു. അതുകൊണ്ട് സിനിമ ഒരു ഭാഗ്യമാണെന്നു ഞാന്‍ കരുതുന്നു. അതിൽ കയറിപ്പറ്റാനും നിലനിന്നു പോകാനും ഭാഗ്യമുണ്ടെങ്കിലേ കഴിയൂ.

‘അയ്യപ്പനും േകാശി’യും കഴിഞ്ഞതോടെ നാട്ടിലെ േപാപ്പുലാരിറ്റിയും കൂടിയിട്ടുണ്ട്. ഇടവഴികളില്‍ എന്നെ കാണുമ്പോള്‍ നാട്ടുകാരായ കുട്ടികൾ ഡയലോഗ് അടിക്കും, ‘നീ കുമ്മാട്ടി എന്നു കേട്ടിട്ടുണ്ടോ...? തൃശ്ശൂരിലെ കുമ്മാട്ടിയല്ല, മുണ്ടൂരിലെ കുമ്മാട്ടി ...’

Tags:
  • Celebrity Interview
  • Movies