കണ്ണിലെ വെളിച്ചം അന്യമായവർ. അവർ ഒരിക്കലു പരസ്പരം കണ്ടിട്ടില്ല. അടുത്തതും അറിഞ്ഞതും പ്രണയിച്ചതുമെല്ലാം ശബ്ദങ്ങളിലൂടെ. നിറമുള്ളതാണ് പ്രണയമെന്ന് വിശ്വസിക്കുന്നവരുടെ ലോകത്ത് അകക്കണ്ണിന്റെ അഴകുമായി പ്രണയിക്കുന്നവരുടെ കഥപറഞ്ഞ് അവർ വന്നിരിക്കുന്നു.
സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ഒരു സേവ് ദി ഡേറ്റ് കൺസപ്റ്റിന്റെ കഥയാണിത്. തിരക്കുള്ള കൊച്ചി നഗരത്തിലേക്കിറങ്ങിയ അന്ധരായ ജോഡികൾ. അവരുടെ കല്യാണക്കുറിമാനത്തിന് വെഡ്ഡിംഗ് ഫൊട്ടഷൂട്ടുകളിൽ അതുവരെയും കാണാത്തൊരു ചന്തമുണ്ടായിരുന്നു. കണ്ണിലെ വെളിച്ചം കെട്ടുപോയവർക്കും വിവാഹ സ്വപ്നങ്ങളും, സങ്കൽപ്പങ്ങളുമുണ്ടെന്ന് പറയാതെ പറഞ്ഞ ഫൊട്ടോഷൂട്ട് കണ്ടമാത്രയിൽ സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റി. ക്യാമറാ ഫ്ലാഷുകൾ എത്തിനോക്കാത്ത ആ വിവാഹ കാഴ്ചയുടെ കഥതേടി വനിത ഓൺലൈന്‍ എത്തിയത് ഫൊട്ടോഗ്രാഫറായ ജിബിൻ ജോയിയുടെ അടുത്ത്. ജീവൻ തുടിക്കുന്ന ആ ചിത്രങ്ങൾക്ക് പിന്നിൽ ഒളിപ്പിച്ച രഹസ്യമാണ് ജിബിൻ ആദ്യമായി പങ്കുവച്ചത്.
‘ആ കണ്ട ചിത്രങ്ങളിലെ ജോഡികൾ ശരിക്കും അന്ധരല്ല. അവർ കാഴ്ചയുള്ളവരാണ്. അങ്ങനെയൊരു കൺസപ്റ്റിനു പിന്നാലെ പോയതിനു പിന്നിൽ ഒരു രഹസ്യമുണ്ട്. അതാണ് ഇനി പറയാൻ പോകുന്നത്.’– വാക്കുകളിൽ സസ്പെൻസിട്ട് ജിബിൻ പറഞ്ഞു തുടങ്ങുകയാണ്.

അകക്കണ്ണിലൊളിച്ച പ്രണയം
സേവ് ദി ഡേറ്റ് കൺസപ്റ്റിൽ ഇനി പരീക്ഷണങ്ങളൊന്നും ബാക്കിയുണ്ടെന്ന് തോന്നുന്നില്ല. കോർപ്പറേറ്റ് ലുക്ക് മുതൽ മീൻ കച്ചവടക്കാർ വരെയായി ചെക്കനും പെണ്ണും വിവാഹം ക്ഷണിക്കാനെത്തി. പെയിന്ററായും തൊഴിലുറപ്പ് പണിക്കാരായും നഗരസഭ ജീവനക്കാരായും ചെക്കനേയും പെണ്ണിനേയും അണിനിരത്തി ഞാനും കൺസപ്റ്റ് ഷൂട്ട് ചെയ്തിരുന്നു. ദൈവം എല്ലാ വിധ അനുഗ്രങ്ങളും ആരോഗ്യവും നൽകിയവരുടെ കഥയാണ് അതിലെല്ലാം പറഞ്ഞത്. പക്ഷേ ശാരീരിക വൈകല്യമുള്ളവരുടെ വിവാഹ സങ്കൽപ്പങ്ങളിലേക്ക് ഒരു ക്യാമറാമാനും കടന്നു ചെന്നിട്ടില്ല. അത്തരക്കാർക്ക് മാതൃകകാട്ടുന്ന, ശക്തമായ സന്ദേശം പകരുന്ന എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അതാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഈ ഫൊട്ടോഷൂട്ട്– ജിബിൻ പറയുന്നു.
മുണ്ടക്കയം സ്വദേശിയായ അജയും ചിറ്റാര്‍ സ്വദേശിയായ ജിൻസിയും ശരിക്കും അന്ധരല്ല. പക്ഷേ അവർ പങ്കുവയ്ക്കുന്ന സന്ദേശം അന്ധരായ വിവാഹം സ്വപ്നം കാണുന്ന ജോഡികൾക്കു വേണ്ടിയുള്ളതാണ്. അവരുടെ വിവാഹ സ്വപ്നങ്ങളിലും സേവ് ദി ഡേറ്റും, ഫൊട്ടോഗ്രഫിയും ഉണ്ടെന്ന് കാണിച്ചു കൊടുക്കുകയാണ് ഈ ചിത്രങ്ങളിലൂടെ. ശരിക്കും ഇത് എന്റെ മനസിലുണ്ടായിരുന്നു ഒരു സേവ് ദി ഡേറ്റ് കൺസപ്റ്റാണ്.

അജയുടെ ചേച്ചി മോനിഷയോടാണ് ഞാൻ ഇങ്ങനെയൊരു കൺസപ്റ്റിനെ കുറിച്ച് ആദ്യമായി സംസാരിച്ചത്. അവർ എന്റെ ആശയത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഈയൊരു സന്ദേശം എത്രപേരിലേക്ക് എത്തുമെന്നറിയില്ല. ഒരാളെങ്കിലും ശാരീരിക വൈകല്യമുള്ളവരുടെ സ്വപ്നങ്ങളെ കുറിച്ച് മനസിലായെങ്കിൽ ഞങ്ങളുടെ ഈ ശ്രമം സഫലമായി എന്നു ഞാൻ കരുതും.

മാവേലി സ്റ്റോറിലെ ജീവനക്കാരനാണ് അജയ്, ജിൻസി നഴ്സും. ഇരുവർക്കും മുൻകാല അഭിനയ പരിചയം ഒന്നുമില്ല. പക്ഷേ ക്യാമറയ്ക്കു മുന്നിൽ ഇവർ ഞെട്ടിച്ചു കളഞ്ഞു. മുണ്ടക്കയത്തു നിന്നുമാറി കുറച്ച് തിരക്കുള്ള സ്ഥലത്തു ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കൊച്ചിയിലേക്ക് എത്തിയത്. അദ്ഭുതമെന്ന് പറയട്ടെ ഇരുവരും കോസ്റ്റ്യൂമൊക്കെ ഇട്ട് വൈറ്റില ബൈപ്പാസിലേക്ക് ഇറങ്ങിയപ്പോൾ ഞാൻ പോലും ഞെട്ടിപ്പോയി. ശരിക്കും അന്ധരെപ്പോലെയായി ഇരുവരും. ഷൂട്ടിനിടയിൽ ഇരുവരും ലോട്ടറി കച്ചവടം ചെയ്യുന്ന രംഗമുണ്ട്. ഇവരെ കണ്ട് പലരും ലോട്ടറി വാങ്ങാനായി സഹതാപത്തോടെ അരികത്തേക്ക് വന്നു. ഒരു ഓട്ടോക്കാരൻ ചേട്ടൻ വണ്ടി നിർത്തി അടുത്തേക്ക് വന്ന് ലോട്ടറി ചോദിച്ചതും മറക്കാത്ത നിമിഷമായി.

എന്തായാലും സോഷ്യൽ മീഡിയ ചിത്രങ്ങൾ ഏറ്റെടുത്തു എന്നറിയുന്നതിൽ വലിയ സന്തോഷം. ഈ കൺസപ്റ്റ് ഒരുപാട് പേർക്ക് മാതൃകയാകും എന്നു തന്നെയാണ് പ്രതീക്ഷ. ശാരീരിക വൈകല്യമുള്ളവർക്ക് വിവാഹ സങ്കൽപ്പങ്ങൾ അന്യമാണെന്ന് കരുതുന്നവർക്കുള്ള തിരിച്ചറിവാകട്ടെ ഈ ചിത്രം എന്ന് പ്രത്യാശിക്കുന്നു.– ജിബിൻ പറഞ്ഞു നിർത്തി.