Thursday 29 December 2022 12:37 PM IST

‘ആ അമ്മച്ചി തന്ന കറൻസി നോട്ടുകൾ വിയർപ്പിൽ കുതിർന്നിരുന്നു; 120 മിനിറ്റ് കൊണ്ട് യാഥാർഥ്യമായ അദ്ഭുതം’: ഹൃദ്യമായ കുറിപ്പ്

Ajit Abraham

Assistant Editor

ajit-fb-post

കൂടെയുണ്ട്...

ആ പാച്ചിൽ മനസ്സിൽ നിന്ന് മായുന്നില്ല. ഡിസംബർ 18ന് ഉച്ചയ്ക്ക് 2 മുതൽ നാല് മണി വരെയുള്ള രണ്ടു മണിക്കൂർ ഓട്ടം. 21 വയസുള്ള അലൻ, 28 വയസുള്ള  ആനന്ദ്; ഇവരുടെ കിഡ്നി മാറ്റിവയ്ക്കൽ സർജറിക്ക് പണം കണ്ടെത്താൻ കുടമാളൂർ സെന്റ് മേരീസ് പള്ളി  ഇടവകാംഗങ്ങൾ ഒന്നിച്ചു അണിചേർന്നു. അതിൽ ഒരു കണ്ണിയാകാൻ സാധിച്ചതിന്റെ ചാരിതാർഥ്യം ചെറുതല്ല. 2022 വർഷത്തിൽ,  ഒന്നു മാറി ചിന്തിക്കാൻ തന്നെ പ്രചോദനമായി ഈ സംഭവം.  

അലൻ എന്റെ ഇളയ മകനോടൊപ്പം വേദപാഠ ക്ലാസ്സിൽ ഒരു ബെഞ്ചിലിരുന്ന് പഠിച്ച മിടുക്കനാണ്. ദുബായിൽ അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലായിരുന്നു ആനന്ദിന്. ഒരു ഓക്കാനം വന്നപ്പോൾ വെറുതെ ചെക്കപ്പിന് പോയതാണ്. ക്രിയാറ്റിൻ ലവലിൽ  സാരമായ വ്യത്യാസം കണ്ടു. കിഡ്നി ട്രാൻസ്പ്ളാന്റ് വേണമെന്ന് ഡോക്ടേഴ്സ് നിർദ്ദേശിച്ചു. ഇപ്പോൾ ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്യുന്നുണ്ട്.

എന്റെ പള്ളി ഇടവകാംഗമായ തൊട്ടയല്പക്കത്തുള്ള റെനി എന്നെ വിളിച്ച് പറഞ്ഞു. 'അജിത്തേട്ടാ, പറ്റില്ല എന്ന് മാത്രം പറയരുത്. നാളത്തെ ദിവസം ഈ കളക്ഷൻ ടീമിന് മുന്നിലുണ്ടാകണം.'  മറുപടിക്ക് അവസരമുണ്ടാക്കാതെ ഫോൺ കട്ട് ആയി. ഉച്ചയ്ക്ക് കൃത്യം രണ്ടിന് പ്രാർത്ഥിച്ച്, വീടുകൾ കയറാൻ തുടങ്ങി. ഞങ്ങളുടെ വാർഡിലെ ഭാരവാഹികളായ അഡ്വ. സാലിച്ചനും, ജോജിയും, മേരിക്കുട്ടി ആന്റിയും യുവതലമുറയിലെ മിടുക്കികൾ അലീനയും, ഹന്നാ മോളും, ജോവാക്കിയും ഉഷാറായി ഒപ്പം നിന്നു. 

അലന്റെയും ആനന്ദിന്റെയും ചിത്രങ്ങൾ പതിച്ച ബക്കറ്റിലേക്ക് ഓരോ വീട്ടിൽ നിന്നും സഹാനുഭൂതി സംഭാവനയായി ഒഴുകുകയായിരുന്നു. രണ്ടു യുവാക്കളുടെയും കുടുംബാംഗങ്ങളുടെ ഹൃദയത്തിലേക്ക് ഓരോരുത്തരും അക്ഷരാർത്ഥത്തിൽ സ്നേഹലേപനം പുരട്ടുകയായിരുന്നു. കൃത്യം നാലിന് പിരിവ് നിർത്തി, കളക്ഷൻ പള്ളിയിലെത്തിക്കണം എന്നായിരുന്നു നിർദ്ദേശം. ഒരു നിമിഷം പോലും പാഴാക്കാനില്ല. ഓരോ ചില്ലിക്കാശും 2 ജീവന്റെ വിലയാണ്. കിട്ടിയ സംഭാവന തിട്ടപ്പെടുത്തുക, രസീത് കൊടുക്കുക, നന്ദി പറയുക... ഉടൻ അടുത്ത വീട്ടിലേക്ക്...

28 വീടുകൾ കയറാനെ എന്റെ ടീമിന് കഴിഞ്ഞുള്ളൂ. പള്ളിയിലെത്തും മുൻപും പിൻപും കണ്ടത് കരുണയുടെ കരുതലാണ്. ആടിന് പുല്ലരിഞ്ഞ് കിതപ്പ് മാറാത്ത അമ്മച്ചി തന്ന കറൻസി നോട്ടുകൾ വിയർപ്പിൽ കുതിർന്നിരുന്നു. ആ കുഞ്ഞുങ്ങൾക്ക് എല്ലാം സുഖമായി നടത്തി തരണേ കർത്താവേ എന്ന് കണ്ണ് നിറച്ചു, ശ്വാസംമുട്ടൽ വകവയ്ക്കാതെയുള്ള അമ്മച്ചിയുടെ പ്രാർത്ഥന, ഞങ്ങളിലും വിശ്വാസം നിറച്ചു.

ഒരു ചേട്ടന്റെ കയ്യിൽ അപ്പോൾ നൂറ് രുപയേയുണ്ടായിരുന്നുള്ളൂ. അത് ചുരുട്ടി മറ്റാരും കാണാതെ ബക്കറ്റിലേക്ക് ഇട്ടിട്ടു പറഞ്ഞു. 'എനിക്കു രസീത് വേണ്ട. നാണക്കേടാകില്ലേ മോനെ.' നേർച്ചയിടുന്ന മനസ്സോടെയാണ് അവരെല്ലാം പണം തന്നത്. സ്ഥലത്തില്ലാതിരുന്നവർ പോലും സംഭാവന തുക അടുത്ത വീട്ടിൽ  ഏൽപ്പിച്ചിരുന്നു.

ഞങ്ങളുടെ ടീമിന് പിരിഞ്ഞു കിട്ടിയ 40,300 രൂപയുമായി പള്ളിയിൽ ചെന്നു. അവിടെ ഒട്ടേറെ സ്നേഹ ബക്കറ്റുകൾ ഏറെ ആർദ്രതയോടെ ക്യൂവിലാണ്. സിഗരറ്റു പോലെ ചുരുട്ടിയ, രണ്ടായിരം രൂപയുടെ രണ്ടു നോട്ടുകൾ വച്ച് നീട്ടുന്നു ഒരു ചേച്ചി. 'ഇത് വീട്ടിലിരുന്നാൽ അങ്ങേരു കുടിച്ചു- മുള്ളി കളയത്തേയുള്ളു. ഈ പിള്ളേർക്ക് ഉപകാരപെടട്ടെന്നേ.' ആകെ കളക്ഷൻ എണ്ണി തീർന്നപ്പോൾ ഇരുപത്തിരണ്ട് ലക്ഷത്തി അൻപതിനായിരത്തി നാനൂറ്റി എൺപത്തി നാല് രൂപ. 120 മിനിറ്റ് കൊണ്ട് യാഥാർഥ്യമായ അദ്ഭുതം.

ഒരു നാട് മുഴുവൻ ഒപ്പമുണ്ടല്ലോ എന്ന അപാര കരുത്ത് ഈ രണ്ടു കുടുംബത്തിനും കൂട്ടിനുണ്ട്. പുതിയ ജീവിതത്തിലേക്ക് തിരിച്ച് വരുന്ന ശുഭാപ്തി വിശ്വാസത്തിൽ എന്ത് കരുതലോടെയാണ് അവർ ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുന്നത്. കിഡ്നി ആവശ്യമാണ് എന്നറിഞ്ഞപ്പഴേ, 'ഞാനാണ് അവനു കിഡ്നി കൊടുക്കുന്നത്..' എന്ന് പറഞ്ഞു അലന്റെ അമ്മ ഷേർളി. ജനുവരി 31ന് സർജറി നടത്താനാണ് തീരുമാനം. ആനന്ദിന് സന്തോഷത്തോടെ കിഡ്നി നൽകുന്ന സഹോദരൻ ആന്റോയും ടെസ്റ്റുകൾ പൂർത്തിയാക്കി കഴിഞ്ഞു. സർജറി ഡേറ്റ് ഉടൻ തീരുമാനിക്കും. 

ആട്ടിൻകുട്ടികൾക്ക് അടുത്തു നിൽക്കുന്ന ആ അമ്മച്ചിയെ ക്രിസ്തുമസിന് മൂന്നു ദിവസം മുന്‍പ് വീണ്ടും കണ്ടു. അടക്കിപ്പിടിച്ച സ്വരത്തിൽ അമ്മച്ചി ചോദിച്ചു. 'അവർക്ക് ഓപ്പറേഷന് പണം തികഞ്ഞോ മക്കളെ. ഞാൻ ഇത്തിരി കാശു കൂടി സംഘടിപ്പിച്ചിട്ടുണ്ട്. കൺമുന്നിൽ രണ്ടു കുട്ടികൾ ഇത് പോലൊരു അത്യാഹിതത്തിനായി കൈ നീട്ടുമ്പോൾ, നമ്മൾ കുറെ പൂത്തിരിയും കത്തിച്ചു, അമിട്ടും പൊട്ടിച്ചിട്ടെന്തു കാര്യം...? 

എനിക്ക് ആ അമ്മച്ചിയുടെ കാലിൽ തൊട്ട് നമസ്കരിക്കണമെന്നു തോന്നി.

എഴുതിയത്: അജിത് എബ്രഹാം, മനോരമ ട്രാവലറിന്റെ എ‍ഡിറ്റോറിയല്‍ കോര്‍ഡിനേറ്ററാണ് ലേഖകന്‍

Tags:
  • Spotlight