Thursday 15 October 2020 12:01 PM IST

‘വെറും മൂന്ന് ദിവസത്തെ ഒറ്റമൂലി, അലർജിയും ആസ്മയും ഇപ്പ ശര്യാക്കി തരാം’; തട്ടിക്കൂട്ട് ചികിത്സയിൽ തലവയ്ക്കും മുമ്പ് അറിയാൻ

Asha Thomas

Senior Sub Editor, Manorama Arogyam

allergy-fraud

വെറും മൂന്നു ദിവസം കൊണ്ട് അലർജി മാറ്റാം, തുമ്മലും ആസ്മയും മാറ്റാൻ അക്യുപങ്ചർ ചികിത്സ, എത്ര പഴക്കമുള്ള ആസ്മയും നൊടിയിടയിൽ മാറ്റും ഒറ്റമൂലി,അലർജി എളുപ്പം കണ്ടെത്താൻ പരിശോധന

ഇതുപോലെ എത്രയെത്ര പരസ്യങ്ങൾ...കേരളത്തിലെ ഏറ്റവും സാമ്പത്തികലാഭം കൊയ്യുന്ന വ്യവസായമാണ് അലർജി (തട്ടിപ്പു) ചികിത്സ. നീണ്ടുനിൽക്കുന്ന പ്രശ്നമാണ് അലർജി എന്നതുകൊണ്ട് പലരും ചെറുപ്പം മുതലേ അലർജിയുടെ ദുരിതങ്ങൾ സഹിക്കുന്നവരായിരിക്കും. ദൈനംദിന ജീവിതത്തെ തന്നെ അലർജി ദുരിതത്തിലാക്കാം, പ്രവർത്തനക്ഷമത കുറയ്ക്കാം, അലർജികൾ മൂലം ചിലർക്ക് (വോയിസ് പ്രഫഷനലുകൾ) തൊഴിൽ മേഖല തന്നെ ഉപേക്ഷിക്കേണ്ടിവരാം. പ്രമേഹമോ അർബുദമോ പോലെ മാരകരോഗമല്ലാത്തതിനാൽ ആരോഗ്യ ഇൻഷുറൻസുകളുടെ ആനുകൂല്യം ലഭിക്കില്ല. ഇതൊക്കെ കൊണ്ട്, അലർജി കൊണ്ട് വലയുന്നവർ ഒാരോ പരസ്യം കാണുമ്പോഴും ഭാഗ്യപരീക്ഷണത്തിനു മുതിരും. ചിലപ്പോൾ ആ മരുന്നു കഴിക്കുന്ന നാളത്രയും അലർജിക്കു ശമനം ഉണ്ടാകും. മരുന്നു നിർത്തിയാൽ രോഗം പോയതു പോലെ വരും. ചിലർ മരുന്നു കഴിച്ച് അസുഖം ഭേദമായില്ലെങ്കിലും നാണക്കേടു കൊണ്ട് അബദ്ധം പുറത്തുപറയില്ല....

ഇതു തന്നെയാണ് അലർജി ചികിത്സാ തട്ടിപ്പിന് ഇറങ്ങുന്നവരുടെ ധൈര്യവും. എന്നാൽ, ചിലപ്പോഴെങ്കിലും അലർജിയും ആസ്മയുമൊക്കെ മരണത്തിനു വരെ ഇടയാക്കാം. ലോകമാകമാനം നോക്കിയാൽ ആയിരക്കണക്കിനു പേരാണ് ആസ്മ മൂർച്ഛിച്ച് ശരിയായ ചികിത്സ കിട്ടാതെ മരണപ്പെടുന്നത്. ആസ്മയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ അത് ശ്വാസകോശത്തിനു സ്ഥായിയായ നാശം വരുത്തും. തട്ടിപ്പു ചികിത്സയുടെ പുറകേ കളയുന്ന ഒാരോ സെക്കൻഡിനും വലിയ വില കൊടുക്കേണ്ടിവരും.

തട്ടിക്കൂട്ട് പരിശോധനകൾ

അലർജി പരിശോധനയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ കച്ചവടച്ചരക്ക്. എല്ലാത്തരം അലർജിയും ഒറ്റ രക്തപരിശോധനയിലൂടെ കണ്ടെത്താം എന്നാണ് അവകാശവാദം. .‘‘ സ്പെസിഫിക് അലർജൻ പരിശോധനയാണ് (ഐജിഇ) നടത്തുന്നതെന്നാണ് ഇത്തരം പരസ്യങ്ങളിലെ അവകാശവാദം. ’’കൊല്ലം അഞ്ചലിൽ നിന്നുള്ള ഫിസിഷനായ ഡോ. ജോഗേഷ് സോമനാഥൻ പറയുന്നു.

‘‘കുറച്ചധികം അലർജനുകളെ (അലർജിക്ക് കാരണമായേക്കാവുന്ന ഘടകങ്ങളെ) എടുത്ത് അവയോടുള്ള ആളുകളുടെ സംവേദനത്വം (സെൻസിറ്റിവിറ്റി) രക്തപരിശോധനയിലൂടെ കണ്ടുപിടിക്കുന്നു. നമുക്കു ചുറ്റുപാടും പതിനായിരക്കണക്കിന് അലർജനുകളാണ് ഉള്ളത്. സാധാരണഗതിയിൽ ഒരു ഡോക്ടർ ഈ പരിശോധന നിർദേശിക്കുമ്പോൾ രോഗിയുടെ രോഗചരിത്രവും താമസസ്ഥലവും പരിഗണിച്ച് സാധ്യതയുള്ള കുറച്ച് അലർജനുകളെ തിരഞ്ഞെടുത്താണ് പരിശോധനയ്ക്ക് നൽകുന്നത്.

എന്നാൽ, ഇതൊന്നും പരിഗണിക്കാതെ നടത്തുന്ന ഇത്തരം കൂട്ട പരിശോധനകളിൽ കണ്ണും പൂട്ടി കുറേ അലർജനുകളെ എടുത്ത് അവയോടുള്ള സംവേദനത്വം പരിശോധിക്കാനേ സാധിക്കൂ. അപ്പോൾ ഫലം എങ്ങനെയിരിക്കുമെന്ന് ഊഹിക്കാമല്ലൊ.

ഇനി ഈ പരിശോധന നടത്തി ഏതെങ്കിലും അലർജന്, പൊസിറ്റീവ് റിസൽട്ട് ആണെന്ന് തന്നെയിരിക്കട്ടെ. നിങ്ങളുടെ അലർജി ലക്ഷണങ്ങളുടെ കാരണം ഈ അലർജനാണെന്ന് ഉറപ്പിക്കാനാകില്ല. തെറ്റായ പൊസിറ്റീവ് റിസൽട്ടുകൾ കിട്ടാനുള്ള സാധ്യത ഇത്തരം പരിശോധനകളിൽ വളരെ അധികമാണ്. ഇനി ഫലം നെഗറ്റീവാണെന്നതുകൊണ്ട് നിങ്ങൾക്ക് അലർജിയില്ല എന്നു പറയാനുമാകില്ല. ടൈപ്പ് 1 അലർജി മാത്രമേ ഐജിഇ പരിശോധന വഴി കണ്ടെത്താനാകൂ. ടൈപ്പ്2, ടൈപ്പ്3, ടൈപ്പ്4 അലർജികളിൽ ഐജിഇ നിരക്ക് കൂടില്ല.’’

ചുരുക്കത്തിൽ ഐജിഇ പരിശോധന സ്ക്രീനിങ് പരിശോധന മാത്രമാണ്. ഇതുകൊണ്ടുമാത്രം അലർജിയുണ്ടെന്ന് ഉറപ്പിക്കാനാകില്ല. ഒരു ഡോക്ടർ രോഗിയെ കണ്ട് രോഗചരിത്രവും ലക്ഷണങ്ങളും വിലയിരുത്തി, ശരീരപരിശോധന നടത്തി അടിസ്ഥാന ലാബ് പരിശോധനകൾക്കും ശേഷം നിർദേശിക്കുകയാണെങ്കിൽ മാത്രം ഈ സ്പെസിഫിക് അലർജി പരിശോധന നടത്തിയാൽ മതി. ഇതേപോലെ തന്നെ ഇയോസിനോഫിൽ നിരക്ക്, ഇഎസ്ആർ ഇവയുടെ അളവു കൂടുന്നത് അലർജിയാണെന്നു പറഞ്ഞു തട്ടിപ്പു ചികിത്സ നടത്തുന്നവരുണ്ട്. യഥാർഥത്തിൽ ഇയോസിനോഫിൽ നിരക്ക് കൂടിനിൽക്കുന്നത് കൊണ്ടു

മാത്രം അലർജി തീർച്ചപ്പെടുത്താനാകില്ല. വിരബാധ മുതൽ അർബുദം വരെയുള്ള രോഗങ്ങൾ മൂലവും ഇയോസിനോഫിൽ നിരക്ക് വർധിക്കാം. ശരീരത്തിൽ എന്തുതരം നീർവീക്കം ഉണ്ടായാലും ഇഎസ്ആർ കൂടാം. ഇതൊന്നും അലർജിക്ക് കൃത്യമായുള്ള പരിശോധനകൾ അല്ല.

വെറും മൂന്നു ദിവസത്തെ ഒറ്റമൂലി

മറ്റൊരു തട്ടിപ്പു നടക്കുന്നത് ആയുർവേദത്തിന്റെയും പാരമ്പര്യവൈദ്യത്തിന്റെയും പേരു പറഞ്ഞാണ്. അതിൽ തന്നെ ഒറ്റമൂലി ചികിത്സയ്ക്കാണ് ഡിമാൻഡ്. മഞ്ഞളും വെളുത്തുള്ളിയും തൊട്ടാവാടിയുമൊക്കെ അലർജിക്കും ആസ്മയ്ക്കുമുള്ള ഒറ്റമൂലികളായി മാറുന്നു. എത്ര പഴക്കമുള്ള ആസ്മയും അലർജിയും ദിവസങ്ങൾ കൊണ്ടു മാറുമെന്നും ശാസ്ത്രീയ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുള്ള കൂട്ട് എന്നുമൊക്കെ ചേർത്ത് പരസ്യം പൊലിപ്പിച്ചിട്ടുണ്ടാകും.

ഒന്നോ രണ്ടോ നേരം ഇങ്ങനെ കഴിച്ചാൽ അസുഖം മാറുമെന്ന വാദമാണ് ഒറ്റമൂലി ചികിത്സയുടെ ഏറ്റവും വലിയ ആകർഷണം. പച്ചമരുന്നായതുകൊണ്ട് പാർശ്വഫലങ്ങളുണ്ടാകില്ല എന്ന ധൈര്യവും ഉണ്ടാകും.

‘‘സോഷ്യൽ മീഡിയ വ്യാപകമായതോടെ രോഗികൾക്ക് കൂടുതൽ ഇത്തരം മരുന്നുകളേക്കുറിച്ച് അറിവുണ്ട്. ചിലർ എന്നെ വിളിച്ച് ഇതു കഴിയ്ക്കാമോ എന്നൊക്കെ ചോദിക്കാറുണ്ട്. ’’ തൃശൂർ ഔഷധി പഞ്ചകർമ ആശുപത്രി & റിസർച്ച് സെന്ററിലെ സീനീയർ കൺസൽറ്റന്റായ ഡോ. കെ. എസ്. രജിതൻ പറയുന്നു.

‘‘ രോഗിയെ നേരിൽ കണ്ടും കേട്ടും സ്പർശിച്ചും രോഗം മനസ്സിലാക്കാതെ മരുന്ന് പറയരുത്. രോഗിക്കും രോഗതീവ്രതയ്ക്കും അനുസരിച്ചിരിക്കും ചികിത്സാകാലയളവ്. ചില അലർജി പൂർണമായി മാറ്റാനാവില്ല. ഇത്ര ദിവസം കൊണ്ട് അലർജി മാറ്റാമെന്ന് മുൻകൂട്ടി പറയുന്നത് അശാസ്ത്രീയമാണ്.

ഒറ്റമൂലികളായി പറയുന്ന പല മരുന്നുകളും ശാസ്ത്രീയ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളവ അല്ല. മാത്രമല്ല, ഒരു ഒറ്റമൂലിയും ദിവസങ്ങളോളം കഴിക്കുന്നത് നല്ലതല്ല. ഒറ്റമരുന്നായി കഴിക്കുമ്പോൾ ചില പ്രശ്നങ്ങളുണ്ടാകാം.. ഒന്ന് അതിന്റെ ആവാസവ്യവസ്ഥ. ഔഷധച്ചെടി എവിടെ വളരുന്നു എന്നത് മരുന്നിന്റെ ഗുണത്തെ

സ്വാധീനിക്കും. കാഞ്ഞിരത്തിന്റെ ചുവട്ടിൽ നിൽക്കുന്ന ചെടികൾക്ക് കയ്പ് രസം ഉണ്ടാകാമെന്ന് പറയാറുണ്ട്. ചെളിക്കുണ്ടിലോ മാലിന്യത്തിലോ വളരുന്ന സസ്യങ്ങൾ മരുന്നിന് ഉപയോഗിക്കരുതെന്നാണ് ശാസ്ത്രം. ’’ ഡോക്ടർ പറയുന്നു.

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. ജോഗേഷ്
സോമനാഥൻ
കൺസൽറ്റന്റ്
ഫിസിഷൻ
അഞ്ചൽ,
കൊല്ലം

2. ഡോ. കെ. എസ്. രജിതൻ
സീനിയർ കൺസൽറ്റന്റ്
ഔഷധി,
തൃശൂർ