പെറ്റിക്കോട്ടില്‍ നിന്നും പട്ടുപാവാടയിലേക്ക് മാറിയ ആ കാലം ഓര്‍ക്കുന്നുണ്ടോ? ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ജീവിതത്തിലെ വസന്തകാലം. ജരാനരകള്‍ ബാധിച്ച് ചാരുകസേരയിലിരുന്ന് പോയ കാലത്തെ അയവിറക്കുമ്പോള്‍ ആ പഴയ പട്ടുപാവാടയും, ദാവണിയും, ചേര്‍ത്തുവച്ച വളപ്പൊട്ടുകളും ഓര്‍മ്മകളിലേക്ക് തികട്ടി വരും. യൗവനവും വാര്‍ധക്യവും നമ്മളെ സാരിയിലേക്കും അടുക്കളയിലെ കരിപിടിച്ച നൈറ്റിയിലേക്കും പറിച്ചു നടുമ്പോഴും ഒരു ചിത്രശലഭത്തെ പോലെ പാറി നടന്ന നമ്മളിലെ ആ പഴയ പട്ടുപാവാടക്കാരി ഓര്‍മ്മകളെ സുന്ദരമാക്കും.
ഇനിയൊരിക്കലും തിരിച്ചു ചെല്ലാനാകാത്ത ആ പട്ടുപാവാടക്കാലത്തിലേക്ക് തിരികെ പോയാലോ? ആ ചോദ്യത്തിനു മുന്നില്‍ നഷ്ടബോധത്തോടെ നെറ്റിചുളിക്കാനേ നമുക്കാകൂ. പക്ഷേ ജരാനരകള്‍ മനസിനെ ബാധിച്ചിട്ടില്ലെങ്കില്‍ എല്ലാം ആഗ്രഹങ്ങളും സാധ്യമെന്ന് പറയുകയാണ് ഒരമ്മ. മധ്യവയസ്‌കയെന്ന മേല്‍വിലാസത്തെ മാറ്റിവച്ച് ഒരു പട്ടുപാവാട നല്‍കിയ ടൈം ട്രാവലിന്റെ ചിറകിലേറി അവര്‍ പറന്നു, ആ പഴയ കൗമാരകാലത്തിലേക്ക്.
എറണാകുളം സ്വദേശിയായ അംബിക എന്ന അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തതാകട്ടെ ഉണ്ണികൃഷ്ണന്‍ എന്ന യുവ ഫാഷന്‍ ഡിസൈനറും. പട്ടുപാവാടയണിഞ്ഞുള്ള അമ്മയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടതോടെ കുന്നോളം ഒഴുകി ഇഷ്ടങ്ങള്‍. മനസില്‍ കൗമാരം സൂക്ഷിക്കുന്ന ആ അമ്മയെ സ്‌നേഹം കൊണ്ട് മൂടി പലരും. സോഷ്യല്‍ മീഡിയയിലെ പാണന്‍മാര്‍ പാടി നടക്കുന്ന ആ 'പട്ടുപാവാടക്കഥ' ഇവിടെയിതാ ഇതള്‍ വിരിയുകയാണ്. ആ കഥ വനിത ഓണ്‍ലൈനോട് പറയുന്നതാകട്ടെ അംബികാമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത ഫാഷന്‍ ഡിസൈനര്‍ ഉണ്ണികൃഷ്ണനും.

ഓര്‍ക്കാപ്പുറത്തെ ഓര്‍ഡര്‍!
ജോലി തയ്യലാണ്. ഏഴു വര്‍ഷത്തോളം എറണാകുളത്തെ ഒരു ബൊട്ടീക്കില്‍ ജോലി ചെയ്തിട്ടുണ്ട്. അന്നും ഇന്നും ഒരുപാട് പേര്‍ക്ക് ഡ്രസ് തുന്നിക്കൊടുത്തിട്ടുണ്ട്. ചുരിദാറും ഗൗണും ഫ്രോക്കും എല്ലാം ഞാന്‍ തുന്നും. പട്ടുപാവാടയും തുന്നിയിട്ടുണ്ട്. പക്ഷേ ഒരമ്മയ്ക്ക് 'പട്ടുപാവാട' തുന്നി റെക്കോഡിട്ടത് ഞാനായിരിക്കും. അതും എന്റെ അമ്മയെ പോലെ ഞാന്‍ കരുതുന്ന കൂട്ടുകാരന്റെ അമ്മയ്ക്കു വേണ്ടി- സ്‌നേഹം വാക്കുകളില്‍ നിറച്ച് ഉണ്ണി പറഞ്ഞു തുടങ്ങുകയാണ്.
എറണാകുളത്ത് ബൊട്ടീക്കില്‍ ജോലി ചെയ്യുന്ന നാള്‍ തൊട്ടേയുള്ള പരിചയമാണ് മനോജുമായി. എന്റെ സുഹൃത്തിന്റെ സുഹൃത്താണെങ്കിലും ഞങ്ങള്‍ ഉറ്റ ചങ്ങാതിമാരായത് അതിവേഗം. ഒരുപാട് തവണ ആ വീട്ടില്‍ പോയിട്ടുണ്ട്, മനോജിന്റെ അമ്മ അംബികയേയും നന്നായി അറിയാം. അംബികാമ്മയുടെ പേരക്കുട്ടികള്‍ക്ക് ഫ്രോക്കും പട്ടുപാവാടയും ഒരുപാട് തവണ തുന്നിക്കൊടുത്തിട്ടുണ്ട്. ഒരിക്കല്‍ കുട്ടികള്‍ക്ക് പട്ടുപാവാടകള്‍ തുന്നി അവിടേക്ക് ചെല്ലുമ്പോഴാണ് അംബികാമ്മയുടെ ആ ഓര്‍ക്കാപ്പുറത്തെ ഡിമാന്റ്. ' പിള്ളേര്‍ക്കു മാത്രം പോരാ, എനിക്കും വേണം പട്ടുപാവാട!' അംബികാമ്മ തമാശ പറയുന്നതായാണ് തോന്നിയത്. ഡിമാന്റ് ഒന്നു കൂടി ശക്തമായപ്പോള്‍ ഞാന്‍ പറഞ്ഞു, 'എങ്കില്‍ പോയി നല്ലൊരു സാരി എടുത്ത് കൊണ്ടു വാ അമ്മേ' എന്ന്. പറഞ്ഞു തീര്‍ന്നതും പുള്ളിക്കാരി ദേ... പോകുന്നു സാരിയെടുക്കാന്‍. അപ്പോഴും ഞാന്‍ കിളിപറന്ന അവസ്ഥയിലായിരുന്നു. അംബികാമ്മ തമാശ പറയുകയാണെന്ന് ഉറപ്പിച്ചു. പക്ഷേ പുള്ളിക്കാരി സീരിയസായിരുന്നു. നല്ല കട്ട സീരിയസ്.

തുന്നിയെടുത്ത സന്തോഷം
അംബികാമ്മ ചെറുപ്പകാലത്ത് പട്ടുപാവാട ഉടുക്കാന്‍ നന്നേ ആഗ്രഹിച്ചിരുന്നുവത്രേ. പക്ഷേ അന്ന് അത് സാധിച്ചിരുന്നില്ല എന്ന് പറഞ്ഞപ്പോഴാണ് സംഗതി സീരിയസാണെന്ന് എനിക്കും തോന്നിയത്. ഓണാഘോഷത്തിനിടയില്‍ എപ്പോഴോ പട്ടു പാവാട ട്രൈ ചെയ്‌തെങ്കിലും അത് അധികമാരും കണ്ടില്ല. എന്നാല്‍ ഇക്കുറി ആഘോഷമായി തന്നെ പട്ടുപാവാട അണിഞ്ഞുകളയാം എന്ന് തീരുമാനിക്കുകയായിരുന്നു. ആ ആഗ്രഹത്തിന്റെ ആഴം മനസിലാക്കിയ ഞാനും സംഗതി കാര്യമായെടുത്തു. നല്ല ചേലോടെ തന്നെ പട്ടുപാവാട തയ്ച്ചു. വെറും മൂന്ന് മണിക്കൂര്‍ എടുത്താണ് ഞാന്‍ തയ്ച്ചത്. പട്ടുപാവാട കൊണ്ട് കൊടുത്തപ്പോള്‍ ആ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു.

തീര്‍ന്നില്ല കഥ ... ദിവസങ്ങള്‍ക്ക് ശേഷം സ്റ്റൈലായി മേക്കപ്പ് ചെയ്യിപ്പിച്ച് അമ്മയെ ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിക്കുകയും ചെയ്തു. മനോജാണ് ഫോട്ടോ എടുത്ത് എനിക്ക് അയച്ചു തന്നത്. ജിഎന്‍പിസി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് അമ്മയെ അറിയിച്ചത്. പുള്ളിക്കാരി ഹാപ്പിയോട് ഹാപ്പി.
ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തതിന് നിരവധി പേരാണ് അഭിനന്ദനവും ആശംസയും അറിയിച്ചത്. ഇങ്ങനെയൊരു നല്ല കാര്യം ചെയ്തു എന്നോര്‍ക്കുമ്പോള്‍ എനിക്കും ഏറെ സന്തോഷം. നല്ല ഡ്രസ് തുന്നിക്കൊടുക്കുമ്പോള്‍ പലരുടേയും മുഖത്ത് പുഞ്ചിരി വിടരുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഈ സന്തോഷവും അമ്മയുടെ പുഞ്ചിരിയും ഒരിക്കലും മറക്കില്ല.

കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ഞാന്‍ ലോക് ഡൗണായതോടെ ജോലിയൊക്കെ തത്കാലം വിട്ട് വീട്ടില്‍ തയ്യലുമായി കൂടിയിരിക്കുകയാണ്. ഓമനയാണ് എന്റെ അമ്മ. അച്ഛന്‍ രാധാകൃഷ്ണന്‍ മരിച്ചു പോയി. സഹോദരി ദേവികൃഷ്ണ.- ഉണ്ണികൃഷ്ണന്‍ പറഞ്ഞു നിര്‍ത്തി.