Saturday 16 February 2019 02:41 PM IST

മൂന്ന് മക്കൾക്കും നട്ടെല്ല് വളയുന്ന സ്കോളിയോസിസ്; സങ്കടം ഉള്ളിലൊതുക്കി അംബിക പാടുന്നു; വൈറൽ ഗായികയുടെ യഥാർത്ഥ ജീവിതം ഇങ്ങനെയാണ്

Binsha Muhammed

ambika-story

‘‘ഇന്നെനിക്ക് പൊട്ടുകുത്താൻ സന്ധ്യകൾ ചാലിച്ച സിന്ധൂരം....ഇന്നെനിക്ക് കണ്ണെഴുതാൻ വിണ്ണിലെ നക്ഷത്ര മഷിക്കൂട്’’. തുന്നൽ മെഷീന്റെ ശബ്ദവിന്യാസങ്ങളെ ശ്രുതിയാക്കി, കാലനക്കങ്ങളെ താളമാക്കി അംബികയങ്ങനെ പാടുകയാണ്. അളവും കുറിയും തെറ്റാത്ത തുന്നൽ പണിയും ഇടർച്ചയില്ലാത്ത ആ മധുര സ്വരവും ഒരേ വള്ളത്തിൽ സഞ്ചരിക്കുമ്പോൾ കാഴ്‍ചക്കാർക്കും കൗതുകം.

പ്രാരാബ്ദക്കെട്ടുകൾക്കിടയിലും ചിതലരിക്കാത്ത പാട്ടിന്റെ പെരുമ പങ്കുവയ്ക്കുന്ന ഗായികയ്ക്ക് നാട്ടിലൊക്കെ വലിയ പേരാണ്. എപ്പോഴും പുഞ്ചിരിക്കുന്ന പെൺകൊടി, കഠിനാദ്ധ്വാനിയായ വീട്ടമ്മ, അഴീക്കോടിന്റെ പ്രിയപ്പെട്ട ഗായിക. പറയാൻ ഏറെയുണ്ട്. പക്ഷേ മായാത്ത പുഞ്ചിരിക്കും മധുര സ്വരം പൊഴിക്കുന്ന പാട്ടിനുമപ്പുറം കണ്ണീരിന്റെ ഒരു കടലാഴം അംബികയുടെ മനസിൽ ഒളിഞ്ഞു കിടപ്പുണ്ട്.

‘നിന്നെക്കണ്ടാൽ പറയില്ല അംബികേ...ഇത്രയും വിഷമത്തിനിടയിലും നിനക്ക് പുഞ്ചിരിക്കാൻ കഴിയുന്നതെങ്ങനെയാണ്...’. അയൽപക്കത്തെ ചേച്ചിമാരുടേയും, തയ്യൽക്കടയിലെ സന്ദർശകരുടേയും സ്ഥിരം ചോദ്യമാണ്. അപ്പോഴും നിറഞ്ഞ ചിരിയായിരിക്കും അംബികയുടെ മറുപടി. വേദന മറന്ന് ചിരിക്കാനുള്ള ടെക്നിക്ക് പണ്ടേ ഞാൻ പഠിച്ചിട്ടുണ്ടേ...നമ്മുടെ വേദന നമ്മുടെ ഉള്ളിലിരിക്കണം, അതങ്ങനെയല്ലേ പാടുള്ളൂ. ദൈവം നൽകിയ സൗഭാഗ്യങ്ങൾ ഇത്തിരിയാണെങ്കിലും അതിൽ നമ്മൾ സംതൃപ്തരായേ തീരൂ.– അംബിക പറയുന്നു.

ambika-1

ഒരേ സമയം തുന്നിയും പാടിയും പേരെടുത്ത വൈറൽ ഗായികയെ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത് അടുത്തിടെയാണ്.ഒരേസമയം തുന്നിക്കൊണ്ട് പാടുന്ന ഗായിക. അംബികയെന്ന വൈറൽ ഗായികയെ സോഷ്യൽ ലോകം അങ്ങനെയാണ് പരിചയപ്പെടുന്നത്. ലൈക്കും ഷെയറും കൊണ്ട് അംബിക ആദിത്യനെന്ന ഗായികയെ പ്രശസ്തിയുടെ കൊടുമുടി കയറ്റുമ്പോൾ കാണാതെ പോകുന്ന ചില വേദനകളുണ്ട്. നട്ടെല്ല് തേയ്മാനം സംഭവിക്കുന്ന സ്കോളിയോസിസ് അസുഖത്തിൽ പിടയുന്ന മൂന്ന് കുഞ്ഞുങ്ങളെ വളർത്താൻ പാടുപെടുന്നവൾ, സുരക്ഷിതമായ ഒരു കൂരയില്ലാതെ വാടക വീടിന്റെ നാലു ചുമർക്കെട്ടിനുള്ളിൽൽ കാലം കഴിക്കുന്നവൾ. നിറങ്ങൾ ചാലിച്ച വൈറൽ കഥയ്ക്കപ്പുറം കണ്ണീരിന്റെ നനവുള്ള ഫ്രെയിമുകൾ ഇങ്ങനെയ പോകുന്നു. ആ വേദനയ്ക്കു നടുവിൽ നിന്നുകൊണ്ട് അംബിക ആദിത്യൻ എന്ന വൈറൽ ഗായിക ‘വനിത ഓൺലൈൻ’ വായനക്കാരോട് സംവദിക്കുകയാണ്. ആരും കാണാത്ത വേദനയുടെ കഥ.

‘മൂന്ന് മക്കളാണ് എനിക്ക് അഭിമന്യ, അമൻ സൂര്യ, ആരാധ്യ. പതിനൊന്നും എട്ടും ഏഴും വീതം വയസുള്ള മക്കൾ. ഒരുപാട് സൗഭാഗ്യങ്ങളൊന്നും ഞങ്ങളുടെ ജീവിതത്തിലില്ല. അത് ആഗ്രഹിച്ചിട്ടുമില്ല. പക്ഷേ ഉള്ളതു കൊണ്ട് ഓണം പോലെ കഴിഞ്ഞു പോയി. ചേട്ടൻ ആദിത്യന് വെൽഡിംഗ് ജോലിയാണ്. ഞാൻ ഇടയ്ക്ക് ഗാനമേള പരിപാടികൾക്കൊക്കെ പോകാറുണ്ട്. അതിൽ നിന്നെല്ലാം കിട്ടുന്ന വരുമാനത്തിൽ സന്തോഷത്തോടെ ജീവിച്ചു പോന്നു. അങ്ങനെയിരിക്കെയാണ് മക്കൾക്ക് സ്കോളിയോസിസ് എന്ന അസുഖം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുന്നത്. നട്ടെല്ല് തേയ്മാനം സംഭവിക്കുന്നതാണ് ഈയവസ്ഥ. ജനിച്ചപ്പോൾ അവർക്ക് യാതൊരു വിധ പ്രശ്നങ്ങളും ഇല്ലായിരുന്നു. അവർ നടന്നു തുടങ്ങുന്നതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോകുന്നത്. മൂത്തമകൾ അഭിമന്യക്ക് വന്ന പ്രശ്നം ബാക്കി രണ്ടു പേർക്കും ഒരേ പോലെ പിടിപ്പെടുകയായിരുന്നു. വിളിക്കാത്ത ദൈവങ്ങളില്ല. പോകാത്ത ആശുപത്രികളില്ല. പക്ഷേ പ്രതീക്ഷ മാത്രം അകലെയായിരുന്നു.’– അംബിക കണ്ണീരോടെ പറഞ്ഞു തുടങ്ങുകയാണ്.

am-3

വയനാട്ടെ ഒരു പാരമ്പര്യ ചികിത്സാ കേന്ദ്രത്തിലാണ് മക്കൾക്കുള്ള ചികിത്സ നടക്കുന്നത്. വർഷത്തിൽ രണ്ടുമാസം മക്കളെ അവിടെ കൊണ്ടു പോകും. അര ലക്ഷത്തോളം രൂപയാണ് ചെലവാകുന്നത്. വീട്ടുവാടകയും ചികിത്സാ ചെലവും കൂടി മുന്നിലേക്കെത്തുമ്പോൾ പലപ്പോഴും ഞങ്ങളുടെ കൈയ്യിൽ നിൽക്കാറില്ല. പലർക്കും എപ്പോഴും ചിരിക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്ന അംബികയെ മാത്രമേ അറിയൂ. ഞങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെയാണ്. മക്കളെ ശാരീരിക അസ്വസ്ഥതകളിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരാനുള്ള കഷ്ടപ്പാടിലാണ് ഞാനും ഏട്ടനും. അതിനു വേണ്ടിയുള്ളതാണ് ഈ പാട്ടുകാരിയുടെ വേഷം പോലും. മക്കളെ വെല്ലൂരിൽ കൊണ്ടു പോയി ചികിത്സിക്കണണെന്ന് പലരും പറയുന്നുണ്ട്. അതിനൊക്കെ ഒരുപാട് കാശാവില്ലേ. ഞങ്ങളെക്കൊണ്ട് അതൊന്നു കൂട്ടിയാൽ കൂടാറില്ല. നിതൃവൃത്തിക്കും പോലും പലപ്പോഴും ബുദ്ധിമുട്ടാണ്. പിന്നെ മക്കളുടെ ഈയവസ്ഥ കാണുമ്പോൾ...അവർ നടക്കുന്നതു കാണുമ്പോൾ സങ്കടം വരും. ഒന്നുമില്ലെങ്കിലും രണ്ട് പെൺമക്കളല്ലേ...

am-2

പിന്നെ, പലരും ചോദിക്കാറുണ്ട്. ഒരേ സമയം പാട്ടു പാടി തുന്നുന്നതിനു പിന്നിലുള്ള സീക്രട്ട് എന്താണെന്ന്. രാവിലെ അടുക്കളെയിൽ കയറി മക്കളെ സ്കൂളിൽ വിടുന്നതു വരേയുള്ള ജോലികൾക്കിടെ എന്റെ ചുണ്ടിൽ പല പാട്ടുകളും തത്തിക്കളിക്കും. ഒരു ചെറിയ തുന്നൽ കടയുണ്ട്. അവിടെ പണിയെടുക്കുമ്പോഴും പാട്ട് തന്നെയാകും ചുണ്ടിൽ. ചുരുക്കി പറഞ്ഞാൽ പണികൾക്കൊന്നും മുടക്കം വരാതെ പാട്ട് കൂടെയുണ്ടാകും. അങ്ങനെ കിട്ടിയതാണ് ഈ കഴിവ്. എല്ലാവരും എന്റെ പാട്ടിനെ ഇത്രകണ്ട് നെഞ്ചേറ്റുന്നു എന്നറിയുമ്പോൾ വല്ലാത്തൊരു കുളിരുണ്ട് മനസിന്. ആരുമല്ലാതിരുന്ന എന്നപ്പോലുള്ള കലാകാരികളെ അംഗീകരിക്കാൻ കുറച്ചു പേരെങ്കിലും വന്നല്ലോ...ദൈവത്തിന് സ്തുതി. എന്റെ കഴിവിനെ അംഗീകരിക്കുന്ന നന്മമനസുകൾ എന്റെ അവസ്ഥ കൂടി മനസിലാക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷയും പ്രാർത്ഥനയും. കയറിക്കിടട്ടാൻ ഒരു കൂര വേണം, മക്കളെ ചികിത്സിക്കണം, അത്രയേ ഉള്ളൂ സ്വപ്നങ്ങൾ. കൂടെ കാണണം...കനിയണം.– അംബിക പറഞ്ഞു നിർത്തി.