ആറു വര്‍ഷം കാത്തിരുന്നെത്തിയ കണ്‍മണി... അവളുടെ വരവ് ആഘോഷമാക്കിയ അച്ഛനും അമ്മയും. സോഷ്യല്‍ മീഡിയയുടെ ഹൃദയം നിറയ്ക്കുകയാണ് ഒരു മെറ്റേണിറ്റി ഫോ്‌ട്ടോഷൂട്ട്. ഖത്തറില്‍ സ്ഥിരതാമസമാക്കിയ അനിത്-സിനി ദമ്പതികളാണ് കുഞ്ഞാവയുടെ വരവ് മനോഹര ചിത്രങ്ങളായി ഓര്‍മ്മകളിലേക്ക് ചേര്‍ത്തുവച്ചത്. ഷാരോണ്‍ ശ്യാം പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞ ആ ചിത്രങ്ങളുടെ കഥ പറയുകയാണ് അനിതും സിനിയും.

കാത്തിരുന്ന് കിട്ടിയ നിമിഷങ്ങള്‍
ആറുവര്‍ഷം നീളുന്ന കാത്തിരിപ്പിന്റേയും മൂന്ന് വര്‍ഷം മുന്നേ മനസില്‍ മൊട്ടിട്ട ഒരു ആഗ്രഹത്തിന്റെയും ബാക്കിയാണ് ആ ചിത്രങ്ങള്‍. രണ്ടും ഒരുമിച്ച് സാധ്യമായിരിക്കുന്നു. താഷി രോഹിണി അനിത് എന്ന മകളുടെ രൂപത്തില്‍ ആ കാത്തിരിപ്പ് സഫലമായി എന്ന് ആദ്യമേ അറിയിക്കട്ടെ. ആ കാത്തിരിപ്പിനെ സുന്ദര ചിത്രങ്ങളാക്കി മാറ്റി ഞങ്ങളുടെ ആഗ്രഹം പൂര്‍ത്തിയാക്കിയതാകട്ടെ, ഷാരോണ്‍ ശ്യാം എന്ന ഫൊട്ടോഗ്രാഫറും.- അനിതാണ് പറഞ്ഞു തുടങ്ങിയത്.

ആറു വര്‍ഷത്തോളമാണ് ഞങ്ങളുടെ കണ്‍മണിക്കായി കാത്തിരുന്നത്. അതിനിടയില്‍ എപ്പോഴോ ഷാരോണിന്റെ കുറേയേറെ ഫൊട്ടോഷൂട്ടുകള്‍ മനസില്‍ പതിഞ്ഞു. ആലപ്പുഴയുടെ പശ്ചാത്തലത്തില്‍ വിദേശികളെ അണിനിരത്തി ഷൂട്ട് ചെയ്ത ചിത്രമായിരുന്നു ഏറ്റവും ഹൃദ്യം. അന്നേ ഞാന്‍ മനസില്‍ കണക്കു കൂട്ടിയതാണ്, കുഞ്ഞാവ ഉള്ളില്‍ മൊട്ടിടുമ്പോള്‍ എക്കാലവും ഓര്‍മ്മിക്കുന്നൊരു മെറ്റേണിറ്റി ഷൂട്ട് ചെയ്യണമെന്ന്. ആ ആഗ്രഹമാണ് ഇപ്പോള്‍ സാധിച്ചത്. ഞങ്ങള്‍ കരുതിയതിലും മനോഹരമായി ഷാരോണ്‍ ഷൂട്ട് ചെയ്തു. ഓള്‍ ക്രെഡിറ്റ്‌സ് ടു ഷാരോണ്‍- സിനിയാണ് ഇത്തവണ മറുപടി പറഞ്ഞത്.


കുഞ്ഞാവ വരവറിയിച്ച പാടെ ഞങ്ങള്‍ തയ്യാറായിരുന്നു. സമയമായപ്പോള്‍ സിനിയുടെ ആഗ്രഹപ്രകാരം ഖത്തറില്‍ നിന്ന് നാട്ടിലേക്കുള്ള വണ്ടി പിടിച്ചു. ഫൊട്ടോഗ്രാഫറെ നേരത്തെ കോണ്ടാക്റ്റ് ചെയ്തത് അനുസരിച്ച് എട്ടാം മാസത്തില്‍ കൊച്ചിയിലെത്തി സ്‌റ്റേ ചെയ്ത് ഷൂട്ട് ചെയ്തു. മനസിലുള്ള കണ്‍സപ്റ്റ് മാത്രം ഞങ്ങള്‍ പങ്കുവച്ചു. അതിലും എത്രയോ മനോഹരമായി ചിത്രങ്ങള്‍ പിറവിയെടുത്തു.- അനിത് പറയുന്നു.


പച്ച സാരിയും ചുവന്ന ബ്ലൗസും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കില്‍ എത്താനാണ് ഞാന്‍ ആഗ്രഹിച്ചത്. മനസാഗ്രഹിച്ച സാരിക്കായി രണ്ടു ദിവസമാണ് ആ വയറും വച്ച് ഞാന്‍ കാത്തിരുന്നത്. പിന്നെ കുറച്ച് പച്ചപ്പും ഹരിതാഭയും. കോട്ടയം ആര്യങ്കാവില്‍ ഞങ്ങള്‍ക്കായി മനോഹര ലൊക്കേഷന്‍ കാത്തിരിപ്പുണ്ടായിരുന്നു. അങ്ങനെ 'ട്രഡീഷണല്‍-നാച്ചുറല്‍' ഫൊട്ടോഷൂട്ട് പിറവിയെടുത്തു. ഇപ്പോഴിതാ ആ സന്തോഷങ്ങളുടെയെല്ലാം പൂര്‍ണതയായി ഞങ്ങളുടെ രാജകുമാരിയും ഇങ്ങെത്തിയിരിക്കുന്നു. താഷി രോഹിണി അനിത് എന്ന പേരിന് പിന്നിലും ഒരു രഹസ്യമുണ്ട്. ഗ്രീക്ക് വിശ്വാസപ്രകാരം സമൃദ്ധിയുടെ ദേവതയാണ് താഷി. രോഹിണിയെന്നത് എന്റെ മുത്തശ്ശിയുടെ പേരാണ്. ഇനി ഞങ്ങടെ കുഞ്ഞാവയ്‌ക്കൊപ്പമാണ് ബാക്കി ഫൊട്ടോഷൂട്ട്. അതും ഉടന്‍ പ്രതീക്ഷിക്കാം.- സിനി പറഞ്ഞു നിര്‍ത്തി.

