Saturday 05 October 2019 04:19 PM IST

‘പഠിച്ചു നേടിയ ബോട്ടണിയും അച്ഛനുമമ്മയും പകർന്ന കൃഷിയറിവും കൂടിയായപ്പോൾ മാസ വരുമാനം 20000’

Ammu Joas

Sub Editor

_ONS1543 ഫോട്ടോ: ടിബിൻ അഗസ്റ്റിൻ, ബേസിൽ പൗലോ

തൊടുപുഴ കോ-ഓപറേറ്റീവ് സ്കൂളിലെ ക്ലാസിൽ വന്നാൽ പ്ലാന്റ് സെല്ലും മോണോകോട് സീഡുമൊക്കെ പഠിപ്പിക്കുന്ന ബോട്ടണി ടീച്ചറാണ് ഞാൻ. വൈകുന്നേരം വീട്ടിലെത്തിയാൽ കൃഷിക്കാരിയാകും. തൂമ്പയെടുത്ത് മണ്ണ് കിളച്ച്, വിത്തു പാകി മുളച്ചു വരുന്നത് കണ്ട് സന്തോഷിക്കുന്ന ഒരു സാധാരണ വീട്ടമ്മ. ഇതിനുമപ്പുറം കൃഷി മറ്റുള്ളവർക്കു കൂടി പകർന്നു നൽകുന്ന വ്ലോഗറും. വ്ലോഗിങ് തുടങ്ങിയിട്ട് ഒരു വർഷമേ ആയുള്ളൂ. പഠിച്ചു നേടിയ ബോട്ടണിയും അച്ഛനുമമ്മയും പകർന്നു തന്ന കൃഷിയറിവും കൂടി യുട്യൂബ് ചാനലാക്കിയപ്പോൾ ഒരു വർഷം കൊണ്ട് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒന്നര ലക്ഷത്തോടടുക്കുന്നു.

യുട്യൂബ് ചാനൽ എന്ന ആശയം

പതിമൂന്ന് വർഷമായി ടീച്ചിങ് മേഖലയിലാണ്. അന്നേ കുട്ടികളോട് കൃഷിയെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും പറയാറുണ്ട്. പക്ഷേ, പലപ്പോഴും അതൊക്കെ വിഫലമായി. കൃഷിരീതികളും പരിപാലനവുമൊക്കെ കാണിച്ചു കൊടുത്താൽ കുട്ടികൾ  ചെയ്യുമെന്ന് അന്ന് ചിന്തിച്ചിട്ടുണ്ട്.  

സഹോദരൻ ബോബിറ്റ് തുടങ്ങിയ യൂട്യൂബ് ചാനലാണ് ലൈവ് കേരള. അവനാണ് അഗ്രികൾച്ചർ വിഡിയോ ചെയ്താലോ എന്നു ചോദിക്കുന്നത്. പിന്നെ, ഒന്നും ആലോചിച്ചില്ല. കഴിഞ്ഞ മേയിൽ എഡിറ്റ് പോലും ചെയ്യാതെ മൾബറിയെ കുറിച്ചുള്ള ആദ്യ വിഡിയോ പോസ്റ്റ് ചെയ്തു. അന്ന് 360 സബ്സ്ക്രൈബേഴ്സ് മാത്രമുണ്ടായിരുന്ന ചാനലിന് ഒരു വർഷം കൊണ്ട് 1,40,000 സബ്സ്ക്രൈബേഴ്സ് ആയി. ശരാശരി 20,000 രൂപ വരെ മാസവരുമാനവും ഇപ്പോൾ ലഭിക്കുന്നുണ്ട്.

പക്ഷേ, വരുമാനത്തേക്കാൾ സന്തോഷം നൽകുന്ന പല തുമുണ്ട്. കൃഷിയിലേക്ക് കുറച്ചു പേരെങ്കിലും വരാന്‍ ഞാൻ കാരണമായി എന്നതാണ് അതിൽ പ്രധാനം. ഞാൻ പഠിപ്പിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ  മക്കളെ കുറിച്ച് അന്വേഷിക്കുന്നതിനേക്കാൾ കൂടുതൽ കൃഷി വിശേഷങ്ങളും സംശയവും ചോദിക്കാനാണ് വിളിക്കാറ്. എന്റെ സ്കൂളിലാണ് മക്ക ളായ അലനും നിലനും പഠിക്കുന്നത്. കൂട്ടുകാർ വന്ന് അവരോടും സംശയങ്ങളൊക്കെ ചോദിക്കും.

കുറ്റികുരുമുളക് കൃഷിയെ കുറിച്ച് ഇട്ട വിഡിയോയ്ക്ക്  ആണ് ഏറ്റവും കൂടുതൽ റീച്ച് കിട്ടിയത്. ആ വിഡിയോ കണ്ടിട്ട്  നഴ്സറിയിലെ മുഴുവൻ തൈകളും വിറ്റുപോയെന്ന് ഒരു അപ്പച്ചൻ വിളിച്ചു പറഞ്ഞു. ഇതെല്ലാമാണ് എന്റെ സന്തോഷങ്ങൾ.

കൃഷി രീതി പറയുക മാത്രമല്ല

ഭർത്താവ് ഡെന്നി എറണാകുളത്ത് വെബ് ഡിസൈനറായി ജോലി ചെയ്യുകയാണ്. അദ്ദേഹം ആഴ്ചയവസാനം എത്തുമ്പോഴാണ് വിഡിയോ എടുക്കുന്നത്. എല്ലാ വീട്ടിലെയും അടുക്കളത്തോട്ടത്തിലേക്കു വേണ്ട കൃഷിനുറുങ്ങുകളാണ് ഞാൻ പറഞ്ഞു കൊടുക്കുന്നത്. വീട്ടമ്മമാർക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ.

കൃഷിസംബന്ധമായ വിവരങ്ങൾ തേടുന്നവരാണ് ‘ലൈവ് കേരള’യുടെ പ്രധാന പ്രേക്ഷകർ. ഇഷ്ടമായി എന്നു പലരും നേരിട്ടു പറയാറുണ്ട്. അതിനു കാരണം കൃഷി രീതികൾ പറഞ്ഞു കൊടുക്കാതെ വിഡിയോയിലൂടെ കാണിച്ചു കൊടുക്കുന്നതു കൊണ്ടാകാം.

പലരും വോയ്സ് റെക്കോർഡ് ചെയ്തിട്ട് ഇന്റർനെറ്റിൽ നിന്നെടുക്കുന്ന വി‍ഡിയോയോ ഫോട്ടോയോ വച്ച് എഡിറ്റ് ചെയ്യുകയാണ് പതിവ്. എന്നാൽ അങ്ങനെ ഒരു ദിവസം കൊണ്ടു തീരില്ല എന്റെ കൃഷി വിഡിയോ. കൃഷിയിടം ഒരുക്കി വിത്തു പാകുന്നത് ഷൂട്ട് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞാലാണ് തൈകളുടെ വളർച്ചാഘട്ടം എടുക്കാനാകുക. പിന്നെ, അവയുടെ വിളവെടുപ്പ്. ഇങ്ങനെ ഘട്ടംഘട്ടമായാണ് ഷൂട്ടിങ്. പലപ്പോഴും ക മന്റ് ബോക്സിൽ വന്ന് സംശയം ചോദിക്കുന്ന എല്ലാവരോടും മറുപടി പറയാൻ പറ്റാറില്ല. സ്കൂളിലെ ജോലി കഴിഞ്ഞാലും വീട്ടിൽ വന്നു പിറ്റേന്നത്തേക്ക് തയ്യാറെടുപ്പുകൾ വേണം ടീച്ചേഴ്സിന്. ആ തിരക്കുകൾക്കിടയിൽ സമയം കിട്ടാറില്ല.

പാഷനും പ്രഫഷനും ഒരുമിച്ച്

ഇടുക്കി കഞ്ഞിക്കുഴിയിലാണ് എന്റെ വീട്. അമ്മയും അച്ഛനും കൃഷിക്കാരാണ്. വിഡിയോസിൽ കാണുന്ന മാവിൻതോപ്പും തോട്ടങ്ങളുമൊക്കെ അവിടത്തേതാണ്. ചെറുതായിരുന്നപ്പോൾ അമ്മയ്ക്കൊപ്പം ഇഞ്ചി നടാനും ചീര വിത്തു പാകാനുമൊക്കെ ഞാനും കൂടും. കൃഷി കണ്ടു വളർന്നതു കൊണ്ടാകണം ബോട്ടണിയായി ഇഷ്ടവിഷയം. ആശിച്ചു നേടിയ ജോലിക്കൊപ്പം എന്റെ പാഷനും കൂടെ കൂട്ടാനാകുന്നു എന്നതാണ് സന്തോഷം ഇരട്ടിയാക്കുന്നത്.

സ്കൂളിൽ എല്ലാവരും വളരെ സപ്പോർട്ടാണ്. സീസൺ അ നുസരിച്ച് വെണ്ട, തക്കാളി, പയർ എന്നിവയൊക്കെ കൃഷി ചെയ്യുന്നുണ്ട്. 350 ചുവട് വെണ്ടയുണ്ട് അവിടെ. കുട്ടികളിൽ കൃഷിയോട് ഇഷ്ടം കൂട്ടാനുള്ള വഴി ആണ് അത്. കൃഷിക്കൊപ്പം നൽകുന്ന കൃഷിപാഠം ആകുമ്പോൾ കുട്ടികൾ ഏറെ താൽപര്യത്തോടെ കൃഷി ചെയ്യുന്നുണ്ട്.

ഡിജിറ്റൽ മാർക്കറ്റിങ് ക്ലാസുകൾ അറ്റൻഡ് ചെയ്തിട്ടുണ്ട് എന്നല്ലാതെ കൃഷി സംബന്ധമായ ക്ലാസുകൾക്കൊന്നും പോയിട്ടില്ല. ഞാൻ പരീക്ഷിച്ച, എനിക്ക് ഉറപ്പുള്ള കൃഷി വിഡിയോ മാത്രമാണ് ചെയ്യുന്നത്. തോട്ടത്തിൽ വിളയുന്ന പച്ചക്കറികളുടെയും  മറ്റും വിത്തുകൾ ‘അഗ്രി എർത്’ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി വിൽക്കുന്നുമുണ്ട്.

കേരളത്തിലും കേരളത്തിനും പുറത്ത് പോയി ധാരാളം ന ഴ്സറികൾ കാണണം. വിത്തുകളെ കുറിച്ച് അറിയണം, പിന്നെ അതെല്ലാം എല്ലാവരുമായി പങ്കു വയ്ക്കണം. ഇതാണ് ഇപ്പോഴത്തെ ആഗ്രഹം.

ചോദിക്കൂ, പറയാം

കൃഷി രീതികൾ പരിചയപ്പെടുത്ത വിഡിയോസിനു പുറമേ റോസ് വാട്ടറും താളിപ്പൊടിയുമൊക്കെ തയാറാക്കുന്ന വിഡിയോകൾക്കും ആരാധകരേറെയുണ്ട്. എന്റെ   മനസ്സിൽ തോന്നുന്ന ആശയങ്ങളാണ് ആദ്യകാലങ്ങളിൽ വിഡിയോ ആക്കിയിരുന്നത്. ഇപ്പോൾ കമന്റ് ബോക്സിൽ വരുന്ന സംശയങ്ങള്‍ക്ക് മറുപടിയായും കാഴ്ചക്കാർക്ക് അറിയാനാഗ്രഹമുള്ള വിളകളെ കുറിച്ചുമെല്ലാം വിഡിയോ എടുക്കാറുണ്ട്.

Tags:
  • Spotlight
  • Inspirational Story