Wednesday 23 November 2022 11:59 AM IST : By സ്വന്തം ലേഖകൻ

‘കെനിയയിലെ സ്ത്രീകളിൽ ജനനേന്ദ്രിയഛേദനം പതിവാണ്; ബോധവൽക്കരണത്തിലൂടെ കുറയ്ക്കാന്‍ സാധിച്ചു’: നഴ്സിങ് പുരസ്കാര നിറവില്‍ അന്ന കബാലെ

kozhikode-nursing-award-winner-anna-kabala-duba-visited-aster-mims-hospital.jpg.image.845.440

സാമൂഹിക സേവനമേഖലയിൽ കഴിവു തെളിയിച്ച ലോകത്തിലെ ഏറ്റവും മികച്ച നഴ്സിനുള്ള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് പുരസ്കാരം നേടിയ കെനിയ സ്വദേശി അന്ന കബാലെ ദുബ ആസ്റ്റർ മിംസ് ആശുപത്രിയിൽ സന്ദർശനത്തിലാണ്. മിസ് ടൂറിസം കെനിയയായി തിരഞ്ഞെടുക്കപ്പെട്ട മോഡലുമാണ്. ഗ്ലോബൽ നഴ്സിങ് പുരസ്കാരമായി തനിക്കു ലഭിച്ച സമ്മാനത്തുകയായ രണ്ടര ലക്ഷം അമേരിക്കൻ ഡോളർ (രണ്ടുകോടി മൂന്നുലക്ഷത്തോളം രൂപ) കെനിയയിലെ തന്റെ പ്രവിശ്യയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്ന് കബാലെ മനോരമയോട് പറഞ്ഞു.

കബാലെ തുടരുന്നു:

വടക്കൻ കെനിയയിലെ ഞങ്ങളുടെ ഗ്രാമത്തിൽ പെൺകുട്ടികളെ സ്കൂളിൽ വിടുക അപൂർവമാണ്. വടക്കൻകെനിയ ഒറ്റപ്പെട്ട പ്രദേശമാണ്. എത്തിച്ചേരാൻ ബുദ്ധിമുട്ടാണ്. എന്റെ ഗ്രാമത്തിൽനിന്ന് ആദ്യമായി ബിരുദം നേടിയത് ഞാനാണ്. എന്റെ കുടുംബത്തിൽ ഉയർന്ന വിദ്യാഭ്യാസം നേടിയ ഏകയാളും ഞാനായിരുന്നു. ബഹുഭാര്യാസമ്പ്രദായമുള്ള നാടാണ് എന്റേത്. അച്ഛന് 19 ഭാര്യമാരുണ്ടായിരുന്നു. ഏറ്റവും മുതിർന്ന ഭാര്യയായിരുന്നു എന്റെ അമ്മ. അച്ഛന്റെയും എന്റെ അമ്മയുടെയും 9 മക്കളിൽ ഏറ്റവും ഇളയയാളാണ് ഞാൻ. എന്റെ സഹോദരൻമാരെപ്പോലെ എന്നെയും സ്കൂളിലയയ്ക്കാൻ നിർബന്ധം പിടിച്ചത് അമ്മയാണ്.

ഞങ്ങളുടെ ഗ്രാമത്തിൽ ഇന്നും വൈദ്യുതി എത്തിയിട്ടില്ല. സോളർപാനലുകൾ വരുന്നേയുള്ളൂ. അന്നും ഇന്നും മണ്ണെണ്ണ വിളക്കുകളാണ്. രാവിലെ അഞ്ചു മണിക്ക് അമ്മയെന്നെ വിളിക്കും. വിളക്കിലൊഴിക്കാനുള്ള മണ്ണെണ്ണ എന്റെയമ്മ എങ്ങനെയെങ്കിലും ശേഖരിച്ചു വച്ചിട്ടുണ്ടാവും. പതിനാലാം വയസ്സിൽ ഒരു ശൈശവ വിവാഹത്തിൽനിന്ന് രക്ഷപ്പെട്ടയാളാണ് ഞാൻ. അച്ഛൻ എന്റെ വിവാഹം ഒരാളുമായി നിശ്ചയിച്ചു. ഇതു ഞാനും അമ്മയും അറിഞ്ഞില്ല. സ്കൂളിൽ നന്നായി പഠിക്കുകയും എല്ലാത്തിനും ചാടിയിറങ്ങുകയും ചെയ്യുന്നതുകൊണ്ട് അധ്യാപകർ എന്നെ തുടർന്നു പഠിപ്പിക്കണമെന്ന് പറഞ്ഞു.

അമ്മ മുൻകയ്യെടുത്താണ് ആ വിവാഹം തടഞ്ഞത്. ഇപ്പോൾ അധ്യാപകനായ ഭർത്താവും രണ്ടു മക്കളുമടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛൻ മരിച്ചു. അമ്മയ്ക്കിപ്പോൾ 85 വയസ്സായി. കാൻസർ ബാധിച്ച സഹോദരനോടൊപ്പം 2016ൽ ആണ് അന്ന ആദ്യം ഇന്ത്യയിലെത്തിയത്. രണ്ടു വർഷത്തിനുശേഷം സഹോദരന്റെ തുടർപരിശോധനയ്ക്കായി മണിപ്പാലിലും വന്നു. ഇന്ത്യയിൽനിന്ന് അനേകം പേർ കെനിയയിൽ എത്തുന്നുണ്ട്. ബിസിനസ്സുകാരാണ് ഒട്ടുമിക്കയാളുകളും. നഴ്സുമാരുമുണ്ട്. കെനിയയിൽ നിന്ന് അനേകം പേർ ചികിത്സ തേടി ഇന്ത്യയിലേക്ക് വരുന്നു. ആരോഗ്യടൂറിസം ഇത്രയധികം വികസിച്ച രാജ്യം വേറെയുണ്ടാവില്ല എന്നും അന്ന ഇന്ത്യയെക്കുറിച്ചു നിരീക്ഷിക്കുന്നു.

നഴ്സിങ്ങിനൊപ്പം സ്കൂൾ തുടങ്ങുകയെന്ന ആശയം എങ്ങനെ രൂപപ്പെട്ടു?

∙ പഠനകാലത്തു മോഡലിങ്ങ് ചെയ്തിരുന്നു. മിസ് കെനിയ ടൂറിസമായി തിരഞ്ഞെടുക്കപ്പെട്ടു. നഴ്സിങ്ങാണ് എന്റെ ജോലിമേഖല. നഴ്സിങ്ങിനൊപ്പം മോഡലിങ്ങും ചെയ്തിരുന്നു. പിന്നീടാണ് 2013ൽ ഞാൻ എന്റെ ഗ്രാമത്തിൽ ഒരു സ്കൂൾ തുടങ്ങിയത്. വിദ്യാഭ്യാസമാണ് വികസനത്തിന്റെ അടിസ്ഥാനമെന്ന ചിന്തയാണ് എന്നെയിതിനു പ്രേരിപ്പിച്ചത്.

പുരസ്കാരത്തിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു ?

∙ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച നഴ്സുമാരാണ് പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടത്. കെനിയയിലെ സ്ത്രീകളിൽ ജനനേന്ദ്രിയഛേദനം പതിവാണ്. ബോധവൽക്കരണത്തിലൂടെ ഇതു വലിയൊരളവു വരെ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. വീടുകളിലെ പ്രസവം കുറച്ചുകൊണ്ടുവരാനും പ്രസവത്തിനായി സ്ത്രീകളെ ആശുപത്രികളിലെത്തിക്കാനും ബോധവൽക്കരണം തുടരുകയാണ്. എന്റെ സ്കൂളിൽ സാമൂഹിക സാക്ഷരതാ പദ്ധതിയിലൂടെ 150 വിദ്യാർഥികളും 100 അമ്മമാരും വിദ്യാഭ്യാസം നേടുന്നു. അമ്മമാരെ പ്രാഥമിക ശുചിത്വരീതികൾ പഠിപ്പിച്ചു. ലൈംഗികശുചിത്വവും ലൈംഗിക വിദ്യാഭ്യാസവും നൽകി വരുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിനെക്കുറിച്ചറിഞ്ഞത്.

Tags:
  • Spotlight
  • Inspirational Story