Wednesday 30 September 2020 11:35 AM IST

‘പ്രസവം കഴിഞ്ഞ പെണ്ണുങ്ങടെ തടി കുറയാനൊന്നും പോണില്ല’; അടക്കം പറഞ്ഞവർ അമ്പരന്നു! 65ൽ നിന്നും 45ലെത്തി ആരതിയുടെ പ്രതികാരം

Binsha Muhammed

arathi

‘അകത്ത് കുഞ്ഞാവ കിടക്കുകയല്ലേ... പിന്നെ ശരീരത്തിൽ വെള്ളവും കൂടുതലായിരിക്കും. അതിന്റെ വണ്ണമാ ഇത്. പ്രസവം കഴിഞ്ഞാൽ പഴയ പോലെയാകും.’

44 കിലോ എന്ന സുരക്ഷിത തീരത്തുണ്ടായിരുന്ന ആരതി പണിക്കരെ പ്രസവകാലം ശരിക്കും ‘ബോളുപോലെയാക്കി’ എന്നായിരുന്നു കൂട്ടുകാരുടേയും പ്രിയപ്പെട്ടവരുടേയും കമന്റ്. അവിടെ ആശ്വാസമായതാണ് ഈ വാക്കുകൾ.

‘കുഞ്ഞാവയിങ്ങ് പോരട്ടേ... അതിനു ശേഷം... പഴയ പോലെ ഹെൽത്തിയാകാം.’

ഡെലിവറിയുടെ ദിവസം 65 കിലോ രേഖപ്പെടുത്തിയ വെയിംഗ് മെഷീൻ കണ്ട് തെല്ലൊന്നു പരിഭവിച്ചെങ്കിലും ആരതി ആ വാക്കുകള്‍ സത്യമാകാൻ കാത്തിരുന്നു. കാത്തിരുന്ന പോലെ കടിഞ്ഞൂൽ കൺമണി വന്നു. 3 കിലോ ഭാരമുണ്ടായിരുന്ന സിയാൻ വാവ അമ്മയെ ശരിക്കും ഫ്രീയാക്കി. പക്ഷേ 60 കടന്ന് കുതിച്ച ശരീരഭാരം ആരതിയെ അങ്ങനെയങ്ങ് ഫ്രീയാക്കി വിട്ടില്ല. 65ൽ നിന്നും 4 കിലോ മാത്രം കുറഞ്ഞു കൊണ്ട് ശരീരഭാരം കോമ്പ്രമൈസില്ലാതെ നിന്നു.

പ്രസവകാലം കഴിഞ്ഞു പോയിട്ടും കട്ടയ്ക്ക് നിന്ന ശരീരഭാരത്തിന്റെ കാര്യത്തിൽ ആരതിക്ക് ചെറിയ ആശങ്കകളുണ്ടായിരുന്നു . ‘ഇനി ഭാരമൊന്നും കുറയാൻ പോകുന്നില്ലന്നേ...’ എന്ന മട്ടിലുള്ള അടക്കം പറച്ചിലുകൾ അങ്ങിങ്ങ് കേട്ടു. ഇനി പഴയ ഹെൽത്തിയായ രൂപത്തിലേക്ക് തിരികെ പോകാനാകില്ലേ... അതിനായി എന്തെല്ലാം ചെയ്യേണ്ടി വരും എന്നെല്ലാം ചിന്തിച്ചു.  ആ നിമിഷത്തിലെപ്പോഴോ ആരതി പണിക്കർ എന്ന ടെക്കി തടിയോട് യുദ്ധ പ്രഖ്യാപനം നടത്തി. അതിന്റെ ഫലമെന്തെന്ന് ചോദിച്ചാൽ 45കിലോയിലേക്ക് തിരികെ എത്തിയ ആരതിയുടെ പുതിയ ചിത്രം മറുപടി പറയും.  65ൽ നിന്നും 45ലേക്ക് പറന്നെത്തിയ  ആ അമ്മയുടെ കഥ...

പിടിവിട്ട് പോയ തടി

arathi-4

പ്രസവകാലത്തുള്ള ആയൂർവേദ മരുന്നുകളും പരിചരണവുമൊക്കെ നമ്മളുടെ ആരോഗ്യം കാക്കുമെന്നത് സത്യം തന്നെ. പക്ഷേ അതേ പോലെ തന്നെ തടിയും കൂട്ടും. അങ്ങനെ വണ്ണമൊന്നും ഉള്ള ആളേ ആയിരുന്നില്ല ഞാൻ. 44നും 48നും ഇടയിൽ ശരീരഭാരം നിലനിർത്തി ഫ്രീബേഡായി പറന്നു നടന്നു. പക്ഷേ കുഞ്ഞാവ വരവറിയിച്ചതോടെ ശരീരഭാരം ഹാഫ് സെഞ്ച്വറി കടന്നു. പി്ന്നീട് 65 കടന്ന അമിത വണ്ണത്തിന് ഔട്ടാകാൻ ഉദ്ദേശ്യമേ ഇല്ലായിരുന്നു. പ്രസവകാലം കഴിഞ്ഞിട്ടും. നാല് കിലോ മാത്രം കുറഞ്ഞ് പുള്ളിക്കാരൻ അങ്ങനെ നോട്ട് ഔട്ടായി തന്നെ നിന്നു.

പ്രസകാലമല്ലേ... ശരീരം മുഴുവൻ വെള്ളമായിരിക്കും പിന്നെ കുഞ്ഞും കിടക്കുവല്ലേ... അതാണ് ഈ ഭാരം. എന്ന് പലരും പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മറുവശത്ത്, ഇതെന്താ ആരതി ബോളു പോലെ ആയല്ലോ എന്ന കളിയാക്കൽ. ഞാൻ ഗർഭിണി ആണെന്ന് അറിയാത്തവർ പോലും എന്നാലും ഇതെന്ത് ഭാരം എന്ന മട്ടിൽ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. എന്തേലും അസുഖമോണോ എന്ന് ചോദിച്ചവരും ഉണ്ട്. അപ്പോഴെല്ലാം പ്രസവ ശേഷം നല്ലൊരു തിരിച്ചു വരവിനായി കാത്തിരുന്നു. പക്ഷേ കാത്തിരിപ്പ്... കാത്തിരിപ്പായി തന്നെ തുടർന്നു. ലേബർ റൂമിലേക്ക് കയറുമ്പോൾ 65 ആയിരുന്നു ഭാരം. പ്രസവശേഷം അത് 61 ആയി കുറഞ്ഞു. പക്ഷേ അവിടുന്നങ്ങോട്ട് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എന്നതാണ് സത്യം.

ഹെൽത്തിയാകാൻ ഈ യുദ്ധം

arathi-2

അമ്മ ലളിത അപ്പുക്കുട്ടൻ അലോപ്പതി ഡോക്ടറാണ്. പോരാത്തതിന് ന്യൂട്യീഷ്യനിസ്റ്റും. എന്റെ തടിയുടെ പേരിലുള്ള ടെൻഷനും ആശങ്കയും അമ്മയാണ് ആദ്യം മനസിലാക്കിയത്. അമ്മ അന്നേരം വച്ച കണ്ടീഷൻ. എന്റെ മധുരത്തോടുള്ള കൊതി കുറയ്ക്കാനാണ്. ഞാനാണെങ്കിൽ സ്വന്തമായി കേക്കൊക്കെ ഉണ്ടാക്കി മതിയാവോളം കഴിച്ച് പരീക്ഷിക്കുന്ന ആളാണ്. അതെന്നെ കൊണ്ട് പറ്റില്ല എന്ന് പറഞ്ഞപ്പോൾ എങ്കിൽ പിന്നെ തടിയും വയറും കുറയ്ക്കുന്ന പരിപാടി മറന്നേക്കൂ എന്ന മട്ടിലായി അമ്മ. ഒടുവിൽ ഞാന്‍ തന്നെ അതിനും ഒരു വഴി കണ്ടു പിടിച്ചു. പഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിച്ചു തുടങ്ങി. ശർക്കര ആകുമ്പോ പഞ്ചസാരയെ പോലെ റിഫൈൻഡ് അല്ലല്ലോ? പായസം... കേക്ക് തുടങ്ങി എന്നെ മധുരം കീഴടക്കുന്ന സകല ഇടങ്ങളിലും ശർക്കരയുടെ വരവായിരുന്നു പിന്നീട്.

അടുത്ത ഘട്ടം, ഡയറ്റിൽ നിന്നായിരുന്നു. ശരീരത്തിന് ആവശ്യമുള്ള കാർബ്സ് മാത്രം കൊടുക്കാൻ തീരുമാനിച്ചു. ചോറ്, ദോശ, ചപ്പാത്തി, ഇഡലി എന്നിവയുടെ അളവ് നന്നേ കുറച്ചു. പ്രാതലിന് രണ്ട് ഇ‍ഡലി മാത്രം എടുത്തിട്ട് സാമ്പാർ കഷണങ്ങൾക്കായി നന്നേ മുങ്ങിത്തപ്പി. സാലഡും ഇലക്കറികളും മധുരമില്ലാത്ത ജ്യൂസുകളും ജീവിതചര്യയുടെ ഭാഗമായി. ഉച്ചയ്ക്ക് ഇത്തിരിച്ചോറ്. പകരം മീൻ വറുത്തതും കറിവച്ചതും പച്ചക്കറികളും അധികമായി കഴിച്ചു. തുമ്പപ്പൂ ചോറ് കിട്ടാതെ പിണങ്ങിയ ശരീരത്തിന് തോരനും, മെഴുക്ക് പെരട്ടിയും, മൂന്നോ നാലോ നാല് പീസ് ചിക്കനും കൊടുത്ത് അഡ്ജസ്റ്റ് ചെയ്തു. ഈ ശീലത്തോടെ അനങ്ങാതെ നിന്ന തടിക്ക് ഇളക്കം തട്ടി തുടങ്ങി. ആവേശം മൂത്ത് എല്ലാ ഭക്ഷണത്തിനോടും പാടേ നോ പറയുന്ന ശീലം എനിക്കില്ലായിരുന്നു. അങ്ങനെ ഒന്നു വേണ്ടേ വേണ്ട എന്ന ദൃഢനിശ്ചയം നമ്മുടെ ശരീരം ഉൾക്കൊള്ളില്ല എന്നതാണ് എന്റെ പോളിസി. എല്ലാം ലിമിറ്റ് ചെയ്തു. അത്ര തന്നെ.

വ്യായാമം, യോഗ എന്നിവയുടെ രംഗ പ്രവേശമായിരുന്നു അടുത്തത്. ആഴ്ചയിൽ നാലു ദിവസം നീന്തൽ. പിന്നെ രാവിലെയുള്ള സൂര്യ നമസ്കാരം നന്നായി തന്നെ വയറു കുറയാൻ സഹായിച്ചു. ലോക് ഡൗൺ ആയതോടെ വീട്ടില്‍ യോഗ തുടർന്നു. പിന്നെ തടി കുറയ്ക്കാൻ എന്നെ വളരയധികം സഹായിച്ച മറ്റൊരു രഹസ്യം. ചൂടു വെള്ളത്തിൽ തേൻ, നാരങ്ങാ നീര്, ഉരുക്ക് വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്ത് കുടിച്ചു. അവസാനം ഒന്നു കൂടി പരീക്ഷിച്ചു. ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ്. ഒരു നേരം കഴിച്ചാൽ അടുത്ത 18 മണിക്കൂർ നേരം കഴിക്കാതെ പിടിച്ചു നിൽക്കുന്ന ഈ ഡയറ്റ് രീതി എന്നെ കാര്യമായി തന്നെ സഹായിച്ചു. ഈ പറഞ്ഞതിന്റെയെല്ലാം ആകെത്തുക എന്റെ ഇന്നീ കാണുന്ന ശരീരമാണ്. മുൻവിധികളെ തോൽപ്പിച്ച് ഞാൻ നേടിയെടുത്ത എന്റെ ആ ശരീരം. 60ൽ നിന്നും 45ലേക്ക് സേഫായി ലാൻഡിങ്. പ്രസവത്തോടെ പെണ്ണുങ്ങളുടെ ശരീരം തോന്നിയ പോലെ പോകും എന്ന് പറഞ്ഞവരെ മാറ്റിപ്പറയിപ്പിച്ച എന്റെ ചലഞ്ചാണിത്. കുഞ്ഞിന്റെ ആദ്യ ജന്മദിനത്തിനും മാസങ്ങൾ മുമ്പേ ഞാൻ എന്റെ പഴയ ശരീരം വീണ്ടെടുത്തു എന്നതാണ് സത്യം.  

തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരിയാണ് ഞാൻ. ഭർത്താവ് ശ്യാമും അവിടെ തന്നെ ജോലി ചെയ്യുന്നു. അത്യാവശ്യം എഴുത്തും ബ്ലോഗിങ്ങും കൂടെയുണ്ട്. യാത്രയാണ് മറ്റൊരു ഹോബി. – ആരതി പറഞ്ഞു നിർത്തി.

Tags:
  • Diet Tips