അമ്മാ...എന്നു വിളിച്ച് അവൾ ഓടിയെത്തുമ്പോഴെല്ലാം ആതിര എല്ലാവേദനയും മറക്കും. പിന്നെ ചുണ്ടിലൊരു പുഞ്ചിരിയും തേച്ചുപിടിച്ചിപ്പ് അവളുടെ അമ്മയാകും. കാർന്നു തിന്നുന്ന കാൻസർ വേദനയും അതിന്റെ ആഴവും അറിയാത്ത കുഞ്ഞിനു മുന്നിൽ ആ അമ്മ നിറഞ്ഞു ചിരിക്കാതെ മറ്റെന്ത് ചെയ്യാൻ? പക്ഷേ ഈ കാഴ്ചയെല്ലാം കണ്ടിട്ടും കാൻസറിനു മാത്രം മനസലിഞ്ഞിട്ടില്ല. ബ്ലഡ് കാൻസര്‍ വേദനിപ്പിക്കാവുന്നതിന്റെ അത്രയും ആതിരയെ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ചങ്കുപൊള്ളിക്കുന്ന കാഴ്ച.
കീമോയിൽ പൊള്ളിയടർന്ന ശരീരവും കാൻസർ തളർത്തിയ മുഖവുമായി ഇടുക്കി ബാലഗ്രാം സ്വദേശിയായ ആതിര കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. വ്ലോഗർ ജിൻഷ ബഷീറാണ് ആ വേദന ആദ്യമായി ലോകത്തെ അറിയിക്കുന്നത്. ആർജെയും സാമൂഹ്യ പ്രവർത്തകനുമായ കിടിലം ഫിറോസടക്കമുള്ളവർ പിന്നീട് ആതിരയുടെ കഥ ഏറ്റെടുത്തു. ‘വനിത ഓൺലൈൻ’ അടക്കമുള്ള മാധ്യമങ്ങളും ആതിരയുടെ കണ്ണീരിന്റെ കഥ ലോകത്തോടു പങ്കുവച്ചു. വേദനിപ്പിക്കുന്ന ആ കഥ മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോ മനുഷ്യരേയും അസ്വസ്ഥമാക്കാൻ പോന്നതായിരുന്നു.

‘ആറു വയസുള്ള എന്റെ മകൾക്ക് അവളുടെ അമ്മയെ നഷ്ടപ്പെടരുത്... എനിക്ക് ഇനിയും ജീവിക്കണം...ഈ മകൾക്കു വേണ്ടി.’ സോഷ്യൽ മീഡിയക്കു മുമ്പാകെ കൂപ്പുകൈകളുമായി എത്തിയ ആ അമ്മ പറഞ്ഞത് ഇത്രമാത്രം. ചികിത്സായ്ക്കായി സ്വരുക്കൂട്ടേണ്ട ഭീമമായ തുകയ്ക്കു മുന്നിൽ ഒരു കുടുംബം നിസഹായരായി പോയ നിമിഷം. കനിവിന്റെ കവാടം തുറക്കുന്നതും കാത്ത് പ്രാർത്ഥനയോടെ മുന്നിലെത്തിയ ആതിര ഇപ്പോൾ വായനക്കാർക്ക് മുന്നിലേക്കെത്തുന്നത് നന്ദി പറയാനാണ്. സുമനസുകളുടെ സഹായം ഒന്നു കൊണ്ടു മാത്രം താൻ ജീവിതം വീണ്ടും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നുവെന്ന് ആതിര ‘വനിത ഓൺലൈനോ’ട് പറയുന്നു.

സന്തോഷമായി ജീവിച്ചു വരികയായിരുന്നു ഞങ്ങൾ. ചേട്ടൻ സന്തോഷ് ആയൂർവേദ ഹോസ്പിറ്റൽ നഴ്സ്. ഉള്ളതു കൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്ന സന്തുഷ്ട കുടുംബം. ഒന്നര വർഷം മുമ്പാണ് എന്റെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത അതിഥിയായി കാൻസർ വരുന്നത്. പനിയിലും ഛർദ്ദിയിലും ശാരീരിക അസ്വസ്ഥകളിലുമായിരുന്നു തുടക്കം. ടെസ്റ്റും മരുന്നുകളും മരവിപ്പിച്ച ശരീരം ഒടുക്കം ആ സത്യം എന്നോട് പറഞ്ഞു. എനിക്ക് കാൻസറാണ്–ആതിര പറയുന്നു.

മുന്നോട്ടുള്ള ജീവിതം ഒരു പുകമറ മാത്രമായിരുന്നു. ഭാരിച്ച ചികിത്സ ചെലവ് ഞങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടാത്ത അവസ്ഥ. ജീവിക്കാൻ എന്നെ പ്രേരിപ്പിച്ചത് ഒന്നേ ഒന്നു മാത്രം. എന്റെ മകളും അവളുടെ പുഞ്ചിരിയും. അങ്ങനെയാണ് സുമനസുകൾക്കു മുന്നിൽ സഹായം തേടിയെത്തുന്നത്. ദൈവാനുഗ്രഹത്താൽ 4 ദിവസം കൊണ്ട് 10ലക്ഷത്തോളം രൂപയാണ് എന്റെ ചികിത്സയ്ക്കായി ഏവരും സ്വരുക്കൂട്ടി നൽകിയത്. ഒരു രൂപയെങ്കിലും എനിക്കായി മാറ്റിവച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ. ഇപ്പോൾ ഞങ്ങൾ ആർസിസിയിലാണ്. ചികിത്സകൾ തകൃതിയായി നടക്കുന്നു. ഇനി കാൻസറിനെ തോൽപ്പിച്ചിട്ടേ പിന്നോട്ടുള്ളൂ. ഏവരേയും നന്ദിയോടെ സ്മരിക്കുന്നതിനൊപ്പം ഒരു കാര്യം കൂടി. ദൈവം സഹായിച്ച് ഞങ്ങൾക്ക് ആവശ്യമുള്ള ചികിത്സാ സഹായം കിട്ടിയിരിക്കുന്നു. ഇനി എനിക്കായി സഹായം അഭ്യർത്ഥിച്ചുള്ള പോസ്റ്റ് ഷെയര്‍ ചെയ്യേണ്ടതില്ല– ആതിര പറഞ്ഞു നിർത്തി.
