‘നാളെ ഞാൻ ഉമേഷേട്ടന്റെയും അച്ചുവിന്റെയും കൂടെ ജീവിതം ആരംഭിക്കുകയാണ്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം. എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും സ്വീകരിച്ചു കൊണ്ട് മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ഞാൻ പുതുജീവിതത്തിലേക്ക് കടക്കട്ടെ. പ്രതിസന്ധികളുടെ കാലത്ത് കൂടെ നിന്ന എല്ലാവരോടും നന്ദി.’– ഉമേഷിന്റെയും അദ്ദേഹത്തിന്റെ മകൾ ഉത്തരയുടേയും സ്നേഹത്തണലിനു നടുവിൽ, അവരുടെ തോൾപക്കം ചേർന്നു നിന്നു കൊണ്ട് ആതിര കൃഷ്ണൻ പറഞ്ഞ വാക്കുകൾക്ക് സിനിമയുടെ നാടകീയതയോളം പോന്ന മാസ് പരിവേഷമുണ്ട്.
സദാചാരക്കൂട്ടങ്ങളുടെ പറഞ്ഞുപരത്തലുകള്‍ സമ്മാനിച്ച പേരുദോഷം ഉമേഷിന് നൽകിയത് അനിശ്ചിത കാല വനവാസം. ജോലി ചെയ്തിരുന്ന പൊലീസ് ഡിപ്പാർട്ട്മെന്റ് നൽകിയ സമ്മാനം സസ്പെൻഷൻ! ഒരു പെണ്ണിനോടുള്ള സൗഹൃദത്തെ അശ്ലീലത്തിന്റെ കണ്ണു കൊണ്ട് കണ്ടവർക്ക് പറഞ്ഞു നടക്കാനും പാടിനടക്കാനും ഏറെയുണ്ടായിരുന്നു. പക്ഷേ ദുഷിപ്പു നിറഞ്ഞ ആ വർത്തമാനങ്ങളെയൊക്കെ ആതിരയെന്ന പെണ്ണ് അവളുടെ കഴുത്തിൽ വീണ വരണമാല്യം കൊണ്ട് മായ്ച്ചു കളഞ്ഞപ്പോൾ സദാചാരത്തിന്റെ പേരു പറഞ്ഞ് രണ്ടു പേരുടെ ജീവിതം പന്താടിയവരുടെ മുഖം കുനിഞ്ഞു. ആതിരയ്ക്ക് വയസ് 32. ഉമേഷിന് 42 തികഞ്ഞു. ഇരുവർക്കുമിടയിൽ ഉത്തരയെന്ന പൊന്നുമോൾക്ക് ഇത് ഇരുഹൃദയങ്ങളുടെ ഇഴയടുപ്പമാണ്.
ആദ്യത്തെ അടുപ്പം വിപ്ലവമായതും വിവാദമായതും ഒടുവിൽ വീടു വിട്ടിറങ്ങേണ്ടി വന്നതും പിന്നീട് മനസു പറയുന്നത് കേട്ട് ഉമേഷിനെ വിവാഹം കഴിക്കേണ്ടി വന്നതും വരെയുള്ള കഥ ആതിര വനിത ഓൺലൈനോട് പറയുകയാണ്. കണ്ണുകളിലെ തിളക്കവും ഉമേഷിനോടുള്ള പ്രണയവും ചോരാതെ ആതിര പങ്കുവയ്ക്കുന്നു ആ കഥകൾ...
സദാചാരക്കാരോട് പടവെട്ടി
നാളുകൾക്ക് മുമ്പാണ്, പലവിധ സാഹചര്യങ്ങൾ കൊണ്ട് നിൽക്കക്കള്ളിയില്ലാതെ വീടു വിട്ടിറങ്ങി വന്ന ഒരു പെണ്ണിന് കുറേ സുഹൃത്തുക്കൾ ചേർന്ന് കോഴിക്കോട് നഗരത്തിൽ ഒരു ഫ്ലാറ്റ് തരപ്പെടുത്തി കൊടുക്കുന്നു. അതിലൊരാൾ ഉമേഷ് വള്ളിക്കുന്ന് എന്ന സിവിൽ പൊലീസ് ഓഫീസർ. പക്ഷേ ഇതിനിടയിൽ കഥമെനയാനും പൊടിപ്പും തൊങ്ങലും നിറയ്ക്കാനും ഏറെപ്പേർ ഉണ്ടായി. സൗഹൃദത്തിന്റെ പേരിൽ ചെയ്ത സഹായത്തിൽ പലരും വേണ്ടാത്തതും ചിന്തിച്ചു കൂട്ടി. അതിന്റെ പേരിൽ ആ മനുഷ്യന് താത്കാലികമായെങ്കിലും ജോലി നഷ്ടപ്പെട്ടു. കഥ അവിടെ നിന്നാണ് തുടങ്ങുന്നത്– ആതിര പറയുന്നു.
എംഎസ്ഡബ്ല്യൂ കഴിഞ്ഞ ഞാൻ കോഴിക്കോടുള്ള ഗവ. ഗേൾസ് ഹൈസ്കൂളിൽ കൗൺസലറാണ്. അത്യാവശ്യം സംഗീതവും കൈവശമുണ്ട്. പാട്ടും കമ്പോസിംഗുമൊക്കെ ജീവശ്വാസമായി കൊണ്ടു നടന്നു. പലവിധ സാഹചര്യങ്ങൾ കൊണ്ട് വീടിവിട്ടിറങ്ങേണ്ടി വന്നപ്പോൾ , ആ സമയങ്ങളിൽ ഉമേഷേട്ടന്‍ എനിക്ക് ഒരു ഫ്ലാറ്റ് തരപ്പെടുത്തി തന്നു. ഉമേഷട്ടന്‍ ഭാര്യയുമായി പിരിഞ്ഞിട്ട് 10 കൊല്ലത്തിലേറെയാകുന്നു. ഡിവോഴ്സിന്റെ വക്കിലായിരുന്നു അന്ന്. പറഞ്ഞു പരത്തിയ കഥകളിൽ പൊടിപ്പും തൊങ്ങലും നിറഞ്ഞത് ചിലപ്പോൾ അതൊക്കെ കൊണ്ടാകാം. പക്ഷേ ഞങ്ങൾ എല്ലാ ആരോപണങ്ങളേയും അതിജീവിച്ചെങ്കിലും ഉമേഷേട്ടന് ജോലി സംബന്ധമായി പ്രശ്നങ്ങൾ വന്നു. അന്വേഷണ വിധേയമായി സസ്പെൻഷനില്‍ പോകേണ്ടി വന്നു. അപ്പോഴും ഞങ്ങളുടെ സൗഹൃദത്തിന് അതൊന്നും തടസമായില്ല.
പാട്ടു തന്ന കൂട്ട്
സംഗീതവഴിയിലെ സൗഹൃദമാണ് എന്നെയും ഉമേഷേട്ടനെയും ഏറെ അടുപ്പിച്ചത്. അങ്കണവാടി കുട്ടികൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയ പ്രഭാതഗീതം, കോവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകരായ ആരോഗ്യ പ്രവർത്തകർക്കു വേണ്ടി ഞാൻ ചിട്ടപ്പെടുത്തിയ ഗാനം എന്നിവ എന്നീ ഗാനങ്ങൾ ഞങ്ങളുടെ പാട്ടുവഴിയിലെ നേട്ടമാണ്. ഓരോ പാട്ടും ഞങ്ങളെ ഏറെ അടുപ്പിച്ചു എന്നു വേണം പറയാൻ. അതിനിടയിൽ എപ്പോഴോ പ്രണയം കടന്നു വന്നു. മനസുകളെ പരസ്പരം തിരിച്ചറിഞ്ഞ ഞങ്ങൾ രണ്ടു വര്‍ഷം മുമ്പ് വിവാഹിതരാകാൻ തീരുമാനിച്ചു. പക്ഷേ പുള്ളിക്കാരന്റെ ആദ്യ വിവാഹം, ഡിവോഴ്സ്, നടപടികൾ എന്നിവ മുന്നിൽ വിലങ്ങു തടിയായി നിന്നു. ആദ്ദേഹത്തിന്റെ ആദ്യ വിവാഹം, അവർ തമ്മിലുള്ള ഇഷ്യൂ അതൊന്നും എന്നെ ബാധിച്ചിട്ടേയില്ല. ഒടുവിൽ എല്ലാ പ്രശ്നങ്ങളേയും അതിജീവിച്ച് ഞങ്ങൾ ഒരുമിക്കാൻ തീരുമാനിച്ചു. അത്രമാത്രം... ഉത്തര മോൾ. ഏഴാം ക്ലാസിലാണെങ്കിലും അവൾക്ക് പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ട്. ആ തിരിച്ചറിവോടെ അവൾ എന്നെ സ്വീകരിച്ചു. അമ്മയായി അംഗീകരിച്ചു. അതിൽപ്പരം ഞങ്ങൾക്കെന്ത് വേണം.

സന്തോഷം ഇരട്ടിയാക്കി ഉമേഷേട്ടന്റെ സസ്പെൻഷൻ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ആ സന്തോഷവാർത്ത പുറത്തു വന്ന അതേദിവസം തന്നെയാണ് ഞങ്ങൾ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായത്. എല്ലാത്തിനും സാക്ഷിയായി എന്റെ ചങ്ക് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇതിനിടയില്‍ ചങ്ങാതിമാർ ഒരുക്കിയ ബ്രൈഡൽ ഫൊട്ടോഷൂട്ടും നിറമുള്ള ഓർമ്മയായി. എല്ലാ മുൻവിധികളേയും കാറ്റിൽപറത്തി ഞങ്ങൾ ജീവിച്ചു തുടങ്ങുകയാണ്. ഉമേഷേട്ടന്റെ ഭാര്യയായി ഏഴാം ക്ലാസുകാരിയായ ഉത്തരയുടെ അമ്മയായി. അനുഗ്രഹമുണ്ടാകണം... പ്രാർത്ഥിക്കണം.– ആതിര പറഞ്ഞു നിർത്തി.