Tuesday 27 August 2019 06:17 PM IST

ആ ബാഹുബലി കല്യാണത്തിലെ നായികയും നായകനും ഇവരാണ്! കോലഞ്ചേരിയെ മഹിഷ്മതിയാക്കി നിവിൻ അന്നയുടെ കൈപിടിച്ചു

Binsha Muhammed

bahubali-main ചിത്രങ്ങൾക്ക് കടപ്പാട്; 123 വെഡ്ഡിംഗ്

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ഓഡിറ്റോറിയത്തിന്റെ വിശാലമായ മുറ്റത്തേക്ക് കാറിൽ വന്നിറങ്ങിയതേ നിവിനും അന്നയ്ക്കും ഓർമ്മയുള്ളൂ. സ്വപ്നത്തിലെന്ന പോലെയായിരുന്നു പിന്നീട് ഓരോ ചുവടുകളും. മുറ്റം നിറയെ പടച്ചട്ടയണിഞ്ഞ പടയാളികൾ. കൊമ്പും കുഴൽവിളിയും അന്തരീക്ഷത്തിൽ ഉയർന്നപ്പോൾ ഇരുവരും ഏതോ മായാരാജ്യത്തിലെ രാജകുമാരനും രാജകുമാരിയുമായി. അലങ്കരിച്ച രഥത്തിലേക്ക് ബന്ധുക്കൾ അവരെ കൈപിടിച്ചു കയറ്റി. ഹാളിനുള്ളിൽ കടന്നതും അത്ഭുതത്തിന്റെ രണ്ടാം ഭാഗം. മഹിഷ്മതി സാമ്രാജ്യത്തിന്റെ ഒരു ചെറു പതിപ്പായിരുന്നു ഹാൾ. അന്തരീക്ഷത്തിൽ ബാഹുബലി ഗാനങ്ങൾ. പടയാളികളും തോഴിമാരും ഇരുവശത്തും അണിനിരന്നു. അവരുടെ നടുവിലൂടെ രഥത്തിൽ വിവാഹ വേദിയിലേക്ക്. അനുഗ്രഹ വർഷവുമായി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും.

b5

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കല്യാണ വിഡിയോയെക്കുറിച്ചുള്ള അന്വേഷണം ചെന്നു നിന്നത്. കോലഞ്ചേരിയിൽ. അവിടെ ബാഹുബലി കല്യാണത്തിന്റെ അലയൊലികൾ അടങ്ങുന്നതേയുള്ളൂ. ഭടൻമാരും നർത്തകരും വാദ്യോപകരണങ്ങളും അകമ്പടി സേവിച്ച ഘോഷയാത്രയ്ക്കൊടുവിൽ താരങ്ങളായി പറന്നിറങ്ങിയ ചെക്കനും പെണ്ണുമാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. മൂവാറ്റുപുഴ സ്വദേശികളായ നിവിൻ–അന്ന ദമ്പതികളാണ് ആ ‘ബാഹുബലി കല്യാണ’ത്തിലെ നായകനും നായികയും. ടീം ഓർക്കിഡ് ഈവന്റ് മാനേജ്മെന്റിന്റെ തലയിലാണ് ആ ബ്രഹ്മാണ്ഡ‍ കല്യാണ ഐഡിയയുടെ ബൾബ് മിന്നിയത്. 123 വെഡ്ഡിംഗിനായിരുന്നു ആ രാജകീയ കല്യാണം ക്യാമറക്കുള്ളിലാക്കാനുള്ള നിയോഗം. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ത്രില്ലടിച്ച നായകനും നായികയും ആ എപിക് വെഡ്ഡിങ്ങിന്റെ കഥ ‘വനിത ഓൺലൈൻ’ വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.

b9

ബാഹുബലി വെഡ്ഡിങ് അഥവാ ഒരു യമണ്ടൻ കല്യാണം

ശ്രീനിവാസൻ ചേട്ടൻ പറയും പോലെ ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും ഇതു മാത്രമായിരുന്നു എന്റെ ഡ്യൂട്ടി. ഇവളെ കെട്ടാൻ വേണ്ടിയാണ് ഞാൻ പോയത്, ബാഹുബലി ആകേണ്ടി വരുമെന്ന് സത്യം പറ‍ഞ്ഞാൽ ഞാൻ മനസിൽ പോലും വിചാരിച്ചിരുന്നില്ല. കല്യാണം ഗ്രാൻഡ് ആയിരിക്കും എന്ന് ഉറപ്പായിരുന്നു. ബാഹുബലി തീം കണക്കെ യമണ്ടൻ ഒരു സർപ്രൈസ് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം ദേ ഇവളുടെ പപ്പയുടെ പണിയാ...–സംസാരിച്ച് തുടങ്ങിയത് കല്യാണച്ചെക്കന്‍ നിവിൻ.

b4

സത്യം...! എല്ലാം പപ്പയുടെ (സജി കെ ഏലിയാസിന്റെ) ഐഡിയയാണ്. കല്യാണം ഗ്രാൻഡ് ആക്കാൻ പുള്ളിക്കാരൻ ആ ദിവസങ്ങളിൽ ഓടി നടപ്പുണ്ടായിരുന്നു. പക്ഷേ ഇത് ശരിക്കും സർപ്രൈസ് ആയിപ്പോയി.  തിങ്ങി നിറഞ്ഞ സദസിനു നടുവിലേക്ക് രാജാവിനേയും രാജ്ഞിയേയും കണക്കെ വന്നിറങ്ങുന്നതിന്റെ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ സർപ്രൈസ് അടിച്ചത് പോട്ടേ, ബാൻഡു മേളവും പരേഡുമൊക്കെ കണ്ട് പരിചയമുള്ള മെർച്ചെന്റ് നേവിക്കാരനായ നിവിൻ അന്നേരം വണ്ടറടിച്ചത് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. എന്തായാലും സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഞാനും അച്ചായനും ഡബിൾ ഹാപ്പി. ഒന്നുമില്ലെങ്കിലും നമ്മളെ കുറച്ചു പേരെങ്കിലും ശ്രദ്ധിച്ചല്ലോ. ബിസിനസുകാരനായ പപ്പയുടെ തലയിൽ ഇങ്ങനെയൊരു ബുദ്ധിയുദിച്ചതിന് നന്ദി പറഞ്ഞേ മതിയാകൂ–അന്ന പറയുന്നു.

b8
b3

അന്നയുടെ പപ്പ സജി പറഞ്ഞത് അനുസരിച്ച് ഒറ്റ രാത്രി കൊണ്ട് രഥം റെഡിയാക്കി അത് വിവാഹ വേദിയിലേക്ക് എത്തിക്കാൻ പെട്ട കഷ്ടപ്പാടിനെക്കുറിച്ചാണ് ഇവന്റ് മാനേജ്മെന്റ് ഡയറക്ടർ അനൂപ് സംസാരിച്ചു തുടങ്ങിയത്.

b8

‘ബാഹുബലി തീം ബേസ്ഡ് ആയൊരു കല്യാണം മുമ്പ് നടന്നിരുന്നു. സോഷ്യൽ മീഡിയയിൽ ആ കല്യാണം വൈറലായതു കണ്ടാണ് സജി ചേട്ടൻ ഞങ്ങളെ സമീപിക്കുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ ഇവന്റ് മാനേജ്മെന്റ് ടീം ആയിരുന്നു ആ ബാഹുബലി കല്യാണത്തിനു പിന്നിൽ. അവർ ചെയ്തതിൽ നിന്നും വ്യത്യസ്തമായി ഇവന്റ് ഓര്ഡഗനൈസ് ചെയ്യുന്നതായിരുന്നു ഞങ്ങളുടെ മുന്നിലുള്ള വെല്ലുവിളി. ആയിരക്കണക്കിന് പേർ തിങ്ങി നിറഞ്ഞിരിക്കുന്ന വേദിയിൽ ചെക്കനേയും പെണ്ണിനേയും രഥത്തിലിരുത്തി കൊണ്ടു വരേണ്ടി വരുമല്ലോ എന്നാലോചിച്ചപ്പോൾ നെഞ്ചിടിപ്പ് ഒന്നൂടി ഇരട്ടിച്ചു. രഥം ഉൾക്കൊള്ളാനുള്ള സ്ഥലം  ഉണ്ടാകുമോ എന്നതായികുന്നു പേടി. ആ നിമിഷങ്ങളിൽ ആത്മവിശ്വാസം പകർന്നത് ഞങ്ങളുടെ ടീമാണ്. കല്യാണത്തിന്റെ തലേന്നു പോലും വിവാഹ രഥത്തിന്റെ പണിപ്പുരയിലായിരുന്നു അവർ. 45 ആർട്ടിസ്റ്റുകളും അതിനൊപ്പം തന്നെ ജോലിക്കാരുമാണ് ഈ റോയൽ വെഡ്ഡിംഗിനു വേണ്ടി അണിനിരന്നത്. റഷ്യൻ സംഗീതജ്ഞർ നയിച്ച ഫ്യൂഷനായിരുന്നു മറ്റൊരു ഹൈലൈറ്റ്. ജ്യൂവൽ ആയിരുന്നു ആങ്കർ– അനൂപ് പറഞ്ഞു നിർത്തി.

b1
b10
Tags:
  • Social Media Viral