രക്തബന്ധങ്ങളെ പോലും അകറ്റിനിർത്തുന്ന കോവിഡ് കാലമാണ് മുന്നിലുള്ളത്. പ്രിയപ്പെട്ടവരെ കാണാൻ കൊതിച്ചെത്തിയ പ്രവാസിക്കു മുന്നിൽ വാതിലടച്ച കുടുംബക്കാരും ഭാര്യയേയും മക്കളേയും വീട്ടിൽ കയറ്റാത്ത ഭർത്താവും വരെ സ്വാർത്ഥതയുടെ മുഖങ്ങളായി നമുക്ക് മുന്നിലുണ്ട്. നിർദാക്ഷിണ്യത്തോടെയുള്ള ഇത്തരം പ്രവർത്തികൾക്കെല്ലാം ഒറ്റ ഉത്തരം, ഒറ്റക്കാരണം, കോവിഡ് ഭീതി! എത്രയൊക്കെ പ്രിയപ്പെട്ടവരെന്നു പറഞ്ഞാലും എല്ലാവർക്കും കോവിഡിനെ ഭയമാണ്. പക്ഷേ ബന്ധങ്ങളുടെ ഇഴയടുപ്പമേതുമില്ലാതെ അന്യനാട്ടിൽ നിന്നെത്തിയ മാനസിക അസ്വാസ്ഥ്യമുള്ള നാടോടി സ്ത്രീക്കും മകൾക്കും കനിവിന്റെ തണല്‍വിരിച്ചു ഒരു മനുഷ്യൻ. നേത്രാവതി എക്സ്പ്രസിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ നിരാംലംബരായ രണ്ടു ജീവനുകളെ സുരക്ഷിത തീരത്തേക്ക് എത്തിച്ച ബാല സുബ്രഹ്മണ്യം എന്ന തഹസിൽദാരാണ് ഈ ദിവസത്തെ ഹീറോ. ലക്ഷ്യമില്ലാതെ അലഞ്ഞു നടന്ന മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയേയും പറക്കമുറ്റാത്ത മകളേയും കോവിഡ് ഭീതിയുടെ പേരിൽ കയ്യൊഴിഞ്ഞപ്പോൾ ആ മനുഷ്യൻ സധൈര്യം മുന്നോട്ടു വന്നു. പ്രോട്ടോക്കോളും സാമൂഹ്യ അകലവും എല്ലാം ഒരു നിമിഷത്തേക്ക് മാറ്റിവച്ച് ആ കുഞ്ഞിനെ ഏറ്റെടുത്ത തഹസിൽദാറുടെ ചിത്രം സോഷ്യൽ മീഡിയയുടെ ഹൃദയം നിറയ്ക്കുമ്പോൾ നന്മയുടെ പീലിവിരിച്ച ബാലസുബ്രഹ്മണ്യം മനസു തുറക്കുന്നു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സംഭവിച്ചതെന്ത്...?
കനിവിന്റെ കരം
മുംബൈയിൽ നിന്നെത്തിയ നേത്രാവതി എക്സ്പ്രസിൽ എത്തിയതായിരുന്നു ആ നാടോടി സ്ത്രീയും മകളും. നൽകിയ വിവരങ്ങൾ ശരിയാണെങ്കിൽ അവരുടെ പേര്, വിമല 65 വയസ്. അവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ്, ഖുഷ്ബു 6 വയസ്. പക്ഷേ കാഴ്ചയിൽ അവൾക്ക് അത്ര വലിപ്പമില്ല. സ്റ്റേഷൻ വിട്ടിറങ്ങിയ ആ സ്ത്രീ കുഞ്ഞിനെയും കൊണ്ട് മണിക്കൂറുകൾ ലക്ഷ്യമില്ലാതെ അലഞ്ഞു. അന്നേരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കോവിഡ് ഡ്യൂട്ടിയിലാണ് ഞാനുൾപ്പെട്ട സംഘം. ഇവര്‍ സ്റ്റേഷനിൽ ചുറ്റിത്തിരിയുന്നത് കണ്ടപ്പോഴേ പന്തികേടു തോന്നി. പോകാനൊരു സ്ഥലമില്ല, ഏറ്റെടുക്കാനും ആളില്ലാ എന്ന് വ്യക്തം. റെയിൽവേ സ്റ്റേഷൻ വിട്ട് റോഡിലേക്കിറങ്ങിയപ്പോൾ കാര്യങ്ങൾ കുറേക്കൂടി വ്യക്തമായി.
ഇവർ എന്തൊക്കെയോ പുലമ്പുന്നു, ബഹളം വയ്ക്കുന്നു. റോഡിന് ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. കോവിഡ് ഭീതി ആയതു കൊണ്ട് തന്നെ അവരുടെ അടുത്തേക്ക് ആരും അടുക്കുന്നില്ല. എല്ലാവരുടേയും എന്റെയും ശ്രദ്ധ പതിഞ്ഞത് കൂടെയുണ്ടായിരുന്ന കുഞ്ഞിലാണ്. അവർ ബോധമില്ലാതെ ഇങ്ങനെ നടക്കുമ്പോൾ ആ കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു. അപ്പോൾ റോഡുവക്കിൽ ഉറക്കത്തിലായിരുന്നു കുഞ്ഞ്. ആരും മുന്നോട്ട് വരില്ലെന്ന് കണ്ടപ്പോഴാണ് ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഞാൻ ഇടപെടുന്നത്. ശിശുഷേമ സമിതി പ്രവർത്തകരെ വരുത്തി കുഞ്ഞിനെ ഏൽപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ ബന്ധപ്പെട്ടവർ വരാൻ വൈകി. കുഞ്ഞിനെയാണെങ്കിൽ ഒന്നെടുക്കാൻ പോലും അവർ കൂട്ടാക്കുന്നില്ല. റോഡുവക്കിൽ ഒരുപാട് സമയം കിടത്തുന്നത് ശരിയല്ല എന്ന് തോന്നിയ ഞാൻ ആ കുഞ്ഞിനെ തോളിലേറ്റി. പിന്നീട് ശിശുക്ഷേമ സമിതിയിലേക്ക് സുരക്ഷിതമായി എത്തിച്ചു. അമ്മ വിമലയെ ആദ്യം ആശുപത്രിയിലേക്കും അവിടുന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്കും എത്തിക്കുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്തു. അവിടെ അവരെ ക്വാറന്റിനിൽ പ്രവേശിപ്പിക്കുന്നതിനു വേണ്ട കാര്യങ്ങളും ഉറപ്പാക്കി.

ഞാൻ ചെയ്തത് എന്റെ കടമ
കുഞ്ഞിനെ തോളിലേറ്റി പോകുന്ന ചിത്രം പകർത്തിയത് ആരാണെന്നറിയില്ല. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ ചെയ്തത് എന്റെ കടമയാണ്. മുംബൈയിൽ നിന്നുമെത്തിയ കുഞ്ഞിനെ എടുക്കുന്നതും തോളിലേറ്റുന്നതും അപകടമല്ലേ എന്ന് പലരും ചോദിച്ചു. കോവിഡ് പിടിപ്പെടാൻ സാധ്യതയുണ്ടെന്നായിരുന്നു പലരുടേയും മുന്നറിയിപ്പ്. എനിക്കു വേണമെങ്കിൽ ആരോഗ്യ പ്രവർത്തകർക്കു മുന്നിലേക്ക് അവരെ പറഞ്ഞയച്ച് ജോലിയൊഴിവാക്കാമായിരുന്നു. പക്ഷേ തെരുവിൽ ഉറങ്ങുന്ന ആ കുഞ്ഞിൽ കണ്ടത് എന്റെ മക്കളുടെ മുഖമാണ്. എന്റെ മകളാണെങ്കിൽ എടുക്കില്ലേ എന്ന് മനസാക്ഷി മന്ത്രിച്ചു. അതിനുമപ്പുറം ചെയ്തത് മഹാകാര്യമൊന്നുമല്ല, എന്റെ കടമമാത്രം.
പന്തളമാണ് സ്വദേശം. ഭാര്യ സ്മിതാ റാണിയും തഹസിൽദാറാണ്. തിരുവനന്തപുരം ദേശീയ പാതാ തഹസിൽദാറാണ് ഞാൻ. കോവിഡ് സ്പെഷ്യൽ ഡ്യൂട്ടിയുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. മക്കൾ നന്ദ, നയൻ സുബ്രഹ്മണ്യൻ.