Saturday 25 April 2020 11:59 AM IST

രണ്ടുനേരം കുളിച്ചാല്‍ രണ്ടുണ്ട് ഗുണം ; കൊറോണയും തടയാം അലര്‍ജിയും വരില്ല

V N Rakhi

Sub Editor

shower-final

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മം. തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും പൊടിയില്‍ നിന്നുമൊക്കെ ശരീരത്തെ മുഴുവന്‍ പൊതിഞ്ഞു സൂക്ഷിക്കുന്നത് ചര്‍മമാണ്. പ്രായവും ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളും കാലാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ശരീരത്തിന്റെ പൊതുവായുള്ള ആരോഗ്യവും അനാരോഗ്യവുമെല്ലാം ചര്‍മത്തിലും പ്രതിഫലിക്കും.

അഭ്യംഗം അഥവാ എണ്ണതേച്ചു കുളി നിത്യവും ദിനചര്യയില്‍ പാലിക്കേണ്ടതാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് ചര്‍മത്തിന് മാര്‍ദ്ദവവും ആരോഗ്യവും പുഷ്ടിയും നല്‍കും. ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കണം. രണ്ടു നേരം കുളിക്കുകയും വസ്ത്രങ്ങള്‍ പ്രത്യേകിച്ച് അടിവസ്ത്രങ്ങള്‍ മാറ്റുകയും ചെയ്യണം. ഇല്ലെങ്കില്‍ അടിവസ്ത്രത്തിലും മറ്റും പറ്റിയ വിയര്‍പ്പിന്റെ നനവില്‍ ഫംഗസ് വളര്‍ന്ന് ചര്‍മരോഗങ്ങളുണ്ടാക്കും. അതിന്റെ ഫലമായി ചൊറിച്ചിലും അനുഭവപ്പെടാം. ചൂടുള്ള കാലാവസ്ഥയില്‍ ഏറെപ്പേരെ ബാധിക്കുന്നത് ഇത്തരം ചര്‍മഅലര്‍ജികളാണ്. ചര്‍മത്തില്‍ ചുവപ്പു നിറത്തിലും തടിപ്പുകളായുമൊക്കെ കാണുന്നത് ഇത്തരം അലര്‍ജിയുടെ ലക്ഷണങ്ങളാകാം. പുരുഷന്മാരില്‍ തുടയിടുക്കുകളിലും കക്ഷങ്ങളിലുമാണ് ഇത്തരം അലര്‍ജികള്‍ വരാറുള്ളത്. സ്ത്രീകളില്‍ ഈ ഭാഗങ്ങളെക്കൂടാതെ സ്തനങ്ങളുടെ അടിവശത്തും സ്വകാര്യഭാഗങ്ങളിലുമൊക്കെ വരാം.

അലര്‍ജി കൂടാതെ ചുണങ്ങ്, താരന്‍, ചൊറി, പുഴുക്കടി തുടങ്ങിയവയും വേനലില്‍ ചര്‍മത്തിനുണ്ടാകുന്ന രോഗങ്ങളാണ്. നാല്‍പ്പാമരക്കൂട്ടും വേപ്പിലയും ഇട്ട വെള്ളത്തില്‍ കുളിച്ചാല്‍ ഇത്തരം രോഗങ്ങള്‍ കുറയും.

മഞ്ഞള്‍, രക്തചന്ദനം, ചെറുപയര്‍ എന്നിവയിലേതെങ്കിലുമോ ഇവയുടെ മിശ്രിതമോ തേച്ചു കുളിക്കാം. ശരീരദോഷമനുസരിച്ച് മുതിര, കടലമാവോ ഇഞ്ചയോ വാകപ്പൊടിയോ സോപ്പിനു പകരമായി ഉപയോഗിക്കാം.

കൂടുതലായി അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഡോക്ടറോടു ചോദിച്ച് പിണ്ഡതൈലം, നാല്‍പാമരതൈലം, ഏലാദിതൈലം, ചെമ്പരത്യാദി തൈലം എന്നിവയിലേതെങ്കിലും ദേഹത്തു പുരട്ടി കുളിക്കാം.

ചൂടുകാലത്ത് ധാരാളമായി വെള്ളം കുടിക്കണമെന്നത് വളരെ പ്രധാനമാണ്. ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളിയില്ലെങ്കില്‍ അത് ചര്‍മത്തിന്റെ ആരോഗ്യത്തെ ബാധിക്കാം. അലര്‍ജികള്‍ ഉണ്ടാകാം. കരിങ്ങാലി, രാമച്ചം എന്നിവയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിനും ചര്‍മത്തിനും കുളിര്‍മ നല്‍കും. പാവയ്ക്ക, പടവലം, ഗോതമ്പ്, ചെറുപയര്‍, നെയ്യ്, മോര്, എള്ളെണ്ണ, വെളിച്ചെണ്ണ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

അമിതമായി ഉപ്പ്, എരിവ്, പുളി എന്നീ ഗുണങ്ങളുള്ള ഭക്ഷണം ഒഴിവാക്കി ഇവ മിതമായ തോതിലുള്ളതു കഴിക്കണം.

സൂര്യപ്രകാശം ഏറെനേരം നേരിട്ട് ഏല്‍ക്കുന്നത് ചിലരില്‍ അലര്‍ജിക്കു കാരണമാകാം. സൂര്യപ്രകാശം ചര്‍മത്തിലേല്‍ക്കാതെ നോക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്. കട്ടി കുറഞ്ഞതും വിയര്‍പ്പ് വലിച്ചെടുക്കുന്നതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ചൂടുകാലത്ത് ധരിക്കാനായി മാറ്റിവയ്ക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. വീണ എം. വാര്യര്‍

സീനിയര്‍ ഫിസിഷ്യന്‍

ലക്ഷ്മി ആയുര്‍വേദ ആശുപത്രി

തൃപ്പൂണിത്തുറ

Tags:
  • Spotlight