‘ഈയടുത്ത് എനിക്ക് ഒരു ഫോൺകോൾ വന്നു. മുൻപു വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ്. ‘അന്ന് മറ്റൊരു വീട് അന്വേഷിച്ച് മാറണമെന്നു പറഞ്ഞത് വാടക നൽകാത്തതിനാലല്ല, കൈക്കുഞ്ഞുങ്ങളുമായി നിങ്ങളീ വീട്ടിൽ കിടന്ന് ആത്മഹത്യ ചെയ്യുമോ എന്നു പേടിച്ചിട്ടാണ്...’ ഇന്ന് ഞാൻ നേടിയ പൂക്കാലം എത്ര മരുഭൂമികൾ താണ്ടിയ ശേഷമാണെന്ന് അറിയണമെങ്കിൽ ഈ വാക്കുകൾ തന്നെ മതി. എന്റെ ജീവിതത്തിലെ ഋതുഭേദങ്ങൾ അത്ര വിഷമം പിടിച്ചതായിരുന്നു.
വൈകി വിരിഞ്ഞ പൂക്കൾ
കല്യാണം കഴിക്കുമ്പോൾ ബിനുവിന്റെ ഇൻവേർട്ടർ ബിസിനസ് തരക്കേടില്ലാതെ പോകുന്ന സമയമാണ്. ഒരു വസ്ത്ര വ്യാപാരക്കടയിൽ എനിക്കും ജോലിയുണ്ട്. മകനുണ്ടായതോടെ അവനെ നോക്കാനായി ഞാൻ ജോലി വിട്ടു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ബിസിനസ് നഷ്ടത്തിലായി. ഉള്ള സ്വർണം വിറ്റ് കര കയറാൻ നോക്കിയെങ്കിലും നടന്നില്ല. ആദ്യമൊക്കെ എ ല്ലാവരും സഹായിച്ചു. പിന്നെ, പലരും മടിച്ചു. തിരിച്ചു കിട്ടില്ലെന്ന് ഉറപ്പായാൽ ആരായാലും സഹായിക്കാൻ മടിക്കുമല്ലോ.
കടം കയറി, വീടു വിറ്റു. വെറും കയ്യോടെ വാടക വീട്ടിലേക്കു മാറുമ്പോൾ ആരെങ്കിലും വന്നാൽ ഇരിക്കാൻ കസേര പോലുമില്ലായിരുന്നു. വാടക കുടിശ്ശിക കൂടുമ്പോൾ അടുത്ത വീടു തിരയും. അങ്ങനെ അഞ്ചാറു വീടുകൾ മാറി.
കുട്ടികൾ മൂന്നാളും തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. അസുഖം വന്നാൽ മൂന്നാൾക്കും ഒരുമിച്ചു വരും. കയ്യിൽ നയാപൈസ ഇല്ലാത്തപ്പോൾ വരുന്ന ജലദോഷപ്പനി പോലും മഹാമാരി ആയി തോന്നും. ഓണം വന്നാലും ക്രിസ്മസ് വന്നാലും കുഞ്ഞുങ്ങൾക്കു നല്ല വസ്ത്രമില്ല, ആഹാരമില്ല. മക്കൾ കുടുക്കയലിട്ട പൈസ കൊണ്ട് വരെ അരി വാങ്ങിയിട്ടുണ്ട്.
ഈ ദുരിതപെയ്ത്തിനിടെയാണ് ചേച്ചി ബിജിയുടെ മരണം. അതോടെ ഞാനാകെ തളർന്നു. വീടിനു പുറത്തേക്ക് ഇറങ്ങാതായി. ഒരു ദിവസം പപ്പ തിരുഹൃദയച്ചെടി കൊണ്ടുവന്നിട്ട് മോളിതു മുറ്റത്ത് നടാമോ എന്നു ചോദിച്ചു. പപ്പ പറഞ്ഞതല്ലേ, മറുത്തൊന്നും പറയാതെ അതു നട്ടു. പിന്നെ, വെള്ളമൊഴിക്കലും വളമിടലുമൊക്കെയായി മുറ്റത്തേക്ക്. പുതിയ തളിരുകൾ വന്നതിനൊപ്പം എന്റെ മനസ്സും തളിരിട്ടു.
പത്തു രൂപയിൽ നിന്ന് ലക്ഷങ്ങൾ
തിരുഹൃദയച്ചെടി കണ്ട് അയൽക്കാരി ലില്ലി ചേച്ചി വന്നപ്പോൾ ഞാനൊരു തൈ പറിച്ചു കൊടുത്തു. ഒരു ചിരിയിലൊതുങ്ങേണ്ട കൈമാറ്റത്തിന് ചേച്ചി 10 രൂപ തന്നു. ഒൻപതു വർഷം മുൻപു നടന്ന ഈ സംഭവമാണ് എന്നെ നഴ്സറി ഉടമയാക്കിയത്.

നഴ്സറികൾ കാണാനും ചെടികളുടെ വിലയറിയാനുമൊക്കെ പപ്പയ്ക്കൊപ്പം യാത്രകൾ തുടങ്ങി. ഒരിക്കൽ നഴ്സറി ഉ ടമയായ ജോഷി കുറച്ചു തൈകൾ വിറ്റു തരാമോ എന്നു ചോദിച്ചു. ആത്മവിശ്വാസം തെല്ലും ഇല്ലാതെയാണ് സമ്മതിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ ചെടിയെല്ലാം വിറ്റ് പണം നൽകിയതോടെ ഇതുതന്നെ ഇനി മുന്നോട്ടെന്ന് ഉറപ്പിച്ചു. മണ്ണുത്തിയിൽ പോയി ചെടി വാങ്ങി. അവ റീപ്ലാന്റ് ചെയ്ത് എന്റെ ‘റോസ് ഗാർഡൻസ്’ വിരിഞ്ഞു. ഇപ്പോൾ മണ്ണുത്തിയിലേക്ക് എല്ലാ ആഴ്ചയും ചെടികൾ നൽകുന്നുണ്ട്. നഴ്സറിയിൽ വന്ന് ചെടി നേരിട്ട് വാങ്ങാം. പൂന്തോട്ടമൊരുക്കാൻ വേണ്ട ചെടികൾ നേരത്തേ ഓർഡർ തരുന്നവരുമുണ്ട്. പല നഴ്സറികളിലേക്കും ഇവിടെ നിന്നു സപ്ലൈ ചെയ്യുന്നുണ്ട്. എല്ലാത്തിനും ബിനു ഒപ്പമുണ്ട്.
കാഞ്ഞിരപ്പള്ളി ഗവ. ഹോസ്പിറ്റലിന്റെയും ഗവ. സ്കൂളിന്റെയും നടുവിലായി കുന്നുംഭാഗത്താണ് റോസ് ഗാർഡൻസ്. വാടകവീട്ടിലെ പത്ത് സെന്റ് പുരയിടത്തിലാണ് കൃഷിയും നഴ്സറിയുമെല്ലാം.
സിങ്കോണിയം, മറാന്ത, ബെഗോണിയ, കാക്റ്റസ് വെറൈറ്റീസ് എന്നിങ്ങനെ ഇൻഡോർ പ്ലാന്റ്സും ഓർക്കിഡുമാണ് കൂടുതലും വിൽക്കുന്നത്. കൂടാതെ അലങ്കാരപ്പനകൾ, ഫലവൃക്ഷതൈകൾ, ഔഷധ സസ്യങ്ങൾ എന്നിവയുമുണ്ട്. 20 രൂപ മുതൽ ഓർക്കിഡ് തൈകൾ വിൽക്കുന്നുണ്ട്. 200 രൂപയിൽ താഴെയേ പൂവിട്ട ഓർക്കിഡിന് വിലയുള്ളൂ. പൂച്ചെടികൾക്കു പുറമേ ലെറ്റ്യൂസ്, ബ്രോക്ക്‌ലി, സ്വിസ് ഗാർഡ്, ബീറ്റ്റൂട്ട്, പോക്ചോയ് തുടങ്ങിയവയുമുണ്ട്. സ്ഥലപരിമിതി ഉള്ളതിനാൽ ഫ്രിജ് പെട്ടിയിലാണ് പച്ചക്കറി കൃഷി. മണ്ണിന്റെ ലഭ്യതക്കുറവു കൊണ്ട് പെട്ടിയുടെ പകുതിയിലേറെ കരിയില നിറക്കും, മുകളിൽ മണ്ണ് നിരത്തിയാണ് കൃഷി. വീട്ടാവശ്യം കഴിഞ്ഞ് അടുത്ത വീടുകളിലും സൂപ്പർമാർക്കറ്റിലും വിൽക്കും.
ചില ദിവസം ഒരു രൂപ പോലും കിട്ടിയില്ലെന്നു വരാം. ഫ്ലവർ ഷോയുടെ സമയമാണെങ്കിൽ ഒരു ലക്ഷം രൂപ വരെ കിട്ടിയെന്നും വരാം. പട്ടിണിയും കണ്ണീരും എരിയുന്ന കുറച്ച് വീടുകളിൽ അരിയും അവശ്യ സാധനങ്ങളും വസ്ത്രങ്ങളും വാങ്ങി നൽകുന്നുണ്ട്. മാസവരുമാനത്തിന്റെ ഒരു വിഹിതം അതിനു വേണ്ടിയുള്ളതാണ്.
ഇനിയുമുണ്ട് സ്വപ്നങ്ങൾ
കടങ്ങളെല്ലാം തീർത്തു, വിറ്റു പെറുക്കിയ പൊന്നിനു പകരം പുത്തൻ ആഭരണങ്ങൾ വാങ്ങി, നല്ലൊരു വീട് വാടകയ്ക്ക് എടുത്തു. നഴ്സറിയിൽ പോകാനും മറ്റും വണ്ടി അത്യാവശ്യമായിരുന്നതു കൊണ്ട് വണ്ടിയും വാങ്ങി. കഴിഞ്ഞ മൂന്നു വർഷമായി ജീവിതം സെറ്റിൽഡ് ആണ്. ഇനി സ്വന്തമായി വീടു വയ്ക്കണം. മൂത്ത മകന്‍ ബിബിൻ എട്ടാം ക്ലാസിലാണ്. മിന്നു ആറിലും, മീനു നാലിലും. മക്കൾക്ക് എന്റെ ഗതി വരരുത്. മറ്റുള്ളവരുടെ വീട്ടുപടിക്കൽ കൈ നീട്ടേണ്ട അവസ്ഥ ഉണ്ടാകരുത്. അതിനു വേണ്ടിയാണ് എന്റെ പ്രയത്നവും പ്രാർഥനയും.
ജൈവരീതിയിലാണ് കൃഷി
അരക്കിലോ വേപ്പിൻപിണ്ണാക്കും കടലപ്പിണ്ണാക്കും ഒരു കപ്പ് പച്ചചാണകവും വെള്ളത്തിൽ കലക്കിവയ്ക്കും. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. അഞ്ചു ദിവസം കഴിയുമ്പോൾ ചെടിക്കു പ്രയോഗിക്കും. കാന്താരി–കായം–വെളുത്തുള്ളി മിശ്രിതം മാത്രം മതി കീടങ്ങളെ തുരത്താൻ. ഇവിടെ നിന്നു ചെടി വാങ്ങുന്നവരോട് തൈ നടേണ്ട രീതി, ഇടേണ്ട വളം, പരിചരണം തുടങ്ങി എല്ലാം പറഞ്ഞു കൊടുക്കാറുമുണ്ട്.