ഓണത്തള്ളുകളും തത്വചിന്തകളും ആയി വരുന്നു, ബോചെ’ എന്ന ബോബി ചെമ്മണ്ണൂര്‍
കണ്ടു പഠിക്കൂ, എന്റെ വഴി
രക്തദാനം പ്രചരിപ്പിക്കാന്‍ ഓടുന്നു, സേവനപ്രവർത്തനങ്ങളുടെ ഫോട്ടോയെടുക്കുന്നു, റോൾസ് റോയ്സ് ടാക്സിയാക്കുന്നു ഇങ്ങനെയൊക്കെ ചെയ്യുന്നതു പരസ്യത്തിനു വേണ്ടിയാണെന്ന് പലരും പറയുന്നുണ്ട്. ശരിയാണത്. അതില്‍ എന്താണ് തെറ്റ്? ഞാൻ കക്കാനും പിടിച്ചു പറിക്കാനുമല്ലല്ലോ പോയത്. ഇങ്ങനെയൊക്കെ ചെയ്തു മാർക്കറ്റ് പിടിച്ചു. കച്ചവടം ഉണ്ടാക്കി. അങ്ങനെ ലഭിക്കുന്ന കാശിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിനായും ഉപയോഗിക്കുന്നു. ബിസിനസിനെ ഒരു കലയായിട്ടാണ് ഞാൻ കാണുന്നത്. എന്റെ വഴി കണ്ടു പഠിച്ചോളൂ എന്നേ പറയാനുള്ളൂ.
റോൾസ് റോയ്സ് ടാക്സിയാക്കിയതിനു പിന്നിൽ മൂന്നു കാര്യങ്ങളാണുള്ളത്. ഒന്ന്, ആരും ചെയ്യാത്ത കാര്യം ചെയ്യുമ്പോൾ മാർക്കറ്റ് ചെയ്യപ്പെടും. രണ്ട്, ഈ കാർ ലക്ഷങ്ങൾ കൊടുത്ത് വാടകയ്ക്കെടുക്കാൻ പറ്റാത്തവരുണ്ട്. കുറഞ്ഞ ചെലവിൽ അതു കിട്ടുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം എന്നെയും സ്വാധീനിക്കുന്നു. മൂന്ന്, ഇതുമൂലം കിട്ടുന്ന അംഗീകാരത്തിനൊപ്പം എന്റെ ടൂറിസം ബിസിനസിനും പേരു കിട്ടുന്നു.
തുറന്നു പറയുമ്പോൾ ആളുകള്‍ പരിഹസിക്കില്ലേ?
ഈ കാലത്ത് രഹസ്യം എന്ന ‘സാധനം’ പ്രകൃതിയിൽ പോലും ഇല്ല. ഇത് ഞാന്‍ പറഞ്ഞു തരുന്ന വിലപ്പെട്ട ഒരറിവാണ്– ഇന്നു ഞാൻ നാളെ നീ എന്നേയുള്ളൂ. ഇന്നത്തെ രഹസ്യം നാളത്തെ പരസ്യവും മറ്റന്നാളത്തെ സിനിമയുമാണ്. വീരപ്പനായാലും സാധാരണക്കാരനായാലും അത് ബാധകമാണ്. ഈ അറിവ് എനിക്കു നേരത്തെയുണ്ടായി. ദീർഘ ദൃഷ്ടിയുള്ളവൻ ഭാഗ്യവാൻ എന്നാണല്ലോ.
ഏത് ഉന്നതന്റെയും അവസ്ഥ ഇതാണ്. പെഗാസസ് വാർത്തകൾ വായിച്ചില്ലേ? പലരുടെ രഹസ്യവും പുറത്തായി. ഇത്തരം പെഗാസസുകൾ വരും എന്ന് നേരത്തേ അറിയാം. അതുകൊണ്ട് ഉള്ളകാര്യം മറച്ചുവച്ച് നാളെ പ്രകൃതി പുറത്തു കൊണ്ടു വരുന്നതിനേക്കൾ നല്ലത് ഞാൻ തന്നെ പറയുന്നതാണ്. അപ്പോൾ കുറ്റബോധം ഉണ്ടാകില്ല. മനസ്സിന്റെ ഭാരം കുറയും. ഭാരമില്ലാതെ ജീവിക്കുമ്പോൾ എട്ടു മണിക്കൂർ സുഖമായി ഉറങ്ങാൻ പറ്റും. തുറന്നു പറയുന്നതു കൊണ്ടാണ് പുതിയ തലമുറ എന്നെ ഇഷ്ടപ്പെടുന്നത്. ചെയ്യുന്ന കാര്യം മറച്ചു വച്ച് കുറ്റബോധത്തോടെ ജീവിക്കാൻ അവരെ ഞാൻ പഠിപ്പിക്കില്ല.
ഇതൊക്കെ വായിച്ച് ഭാര്യ പിണങ്ങില്ലേ? കുടുംബത്തെക്കുറിച്ചു പറയാമോ?
ഭാര്യ സ്മിത. അറേഞ്ച്ഡ് വിവാഹം ആയിരുന്നു. ഭാര്യയ്ക്കും മകൾക്കുമൊന്നും മീഡിയയോടു താൽപര്യം ഇല്ല. ഫോട്ടോ പോലും വരുന്നത് അവർക്കിഷ്ടമല്ല. മകളുടെ വിവാഹം കഴിഞ്ഞു. എന്റെ കുരുത്തക്കേടുകളൊന്നും സഹിക്കാൻ ഭാര്യയ്ക്ക് പറ്റില്ല. ഇടയ്ക്ക് നല്ല ചവിട്ടും വഴക്കും കിട്ടും. അവര്‍ക്കൊരു സമാധാനമാകട്ടെ എന്നു കരുതി ഞാനതൊക്കെയങ്ങു സഹിക്കും. മാര്‍ക്കറ്റിങും സോപ്പിടലും ഒക്കെ നമുക്കും അറിയാമല്ലോ. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മണിയടിച്ചു വളച്ചൊടിച്ചു കുപ്പിയിലാക്കും.