വിരൽത്തുമ്പിലൊരു ക്ലിക്. അത്രയും മതി രോഗിക്ക് ഡോക്ടറുടെ അരികിലെത്താൻ. ആരോഗ്യമേഖലയിൽ ഇത്തരമൊരു വലിയ മാറ്റത്തിന് വഴിയൊരുക്കുകയാണ് ‘ബുക്ക് എൻ മീറ്റ്’ എന്ന ഓൺലൈൻ സൈറ്റിലൂടെ പ്രശാന്തി നാഥനും രഞ്ജിത്ത് മേനോനും.
ചികിത്സ ഉറപ്പാക്കാം സമയം പാഴാകാെത
പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാതെ തന്നെ രോഗിക്ക് ബുക്ക് എൻ മീറ്റ് വഴി ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റ് എടുക്കാം. ബുക്ക് എൻ മീറ്റിൽ റജിസ്റ്റർ ചെയ്ത ഡോക്ടറുടെ പേര് ഗൂഗിളിൽ തിരഞ്ഞാൽ ഡോക്ടറുടെ ബുക്ക് എൻ മീറ്റ് പേജും കാണാം. ഒന്നിലേറെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ വ്യത്യസ്ത ആശുപത്രികളിലെ കൺസൽറ്റിങ് സമയവും മറ്റു വിവരങ്ങളും ലിസ്റ്റിലുണ്ടാകും. ഒപ്പമുള്ള കലണ്ടറിൽ ദിവസം, ആശുപത്രി, സമയം ഇവ തിരഞ്ഞെടുത്ത് ഈ പേജിലൂ ടെ അപ്പോയിന്റ്മെന്റ് എടുക്കാം. ഡോക്ടർക്കും രോഗിക്കും എസ്എംഎസും ഇമെയിലും വഴി സന്ദേശമെത്തും. രോഗിയുടെ പേരും രോഗമടക്കമുള്ള വിശദാംശങ്ങൾ ഡോക്ടർക്ക് നേരത്തേ അറിയാനുമാകും.
തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കൂടുതൽ ആളുകൾ ബുക്ക് എൻ മീറ്റ് വഴി ബുക്കിങ് ചെയ്യുന്നത്. ആശുപത്രികളിലും ക്ലിനിക്കുകളിലുമായി ഫിസിയോതെറപ്പിസ്റ്റുകളും സൈക്യാട്രിസ്റ്റുകളുമടക്കം നൂറോളം അംഗങ്ങളുണ്ട്. രണ്ട് ക്ലിനിക്കുകളിലൂടെ വടക്കു കിഴക്കേ ഇന്ത്യയിലും ഇവർ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
‘‘പ്രശസ്തരായ പല ഡോക്ടർമാരുടെയും അപ്പോയിന്റ്മെന്റിനായി തിരയുമ്പോൾ അവരുടെ പ്രൊഫൈൽ പേജിന് താഴെ ബുക്ക് എൻ മീറ്റിന്റെ പേജിനും ഇപ്പോൾ സ്ഥാനമുണ്ട്.’’ പ്രശാന്തി പറയുന്നു.‘‘ ഒന്നാം നിര ആശുപത്രികളെയല്ല, രണ്ടോ മൂന്നോ നിരയിലുള്ള ആശുപത്രികളിലെ മികച്ച ഡോക്ടർമാരെയും അവർ ജോലി ചെയ്യുന്ന ആശുപത്രികളെയും ഒന്നാംനിരയിലേക്ക് എത്തിക്കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. ചില ആശുപത്രികൾ ഗൈനക്കോളജി പോലെ തുടർച്ചയായി പരിശോധന ആവശ്യമുള്ള വിഭാഗങ്ങളിൽ രോഗികൾക്കായി മാസം തോറുമുള്ള അപ്പോയിന്റ്െമന്റ് ബുക്ക് ചെയ്യുന്നത് ഞങ്ങളുടെ പേജിലൂടെയാണ്.’’ പ്രശാന്തിയുടെ വാക്കുകളിൽ ആത്മവിശ്വാസം തുളുമ്പി.
അമൃത സ്കൂൾ ഓഫ് അപ്ലൈഡ് ആർട്സ് ആൻഡ് സയൻസസിൽ നിന്ന് ബിഎസ്‌സി സോഫ്റ്റ്‌വെയർ സിസ്റ്റംസും എംഎസ്‌സി കംപ്യൂട്ടർ സയൻസും നേടിയ പ്രശാന്തിക്ക് ഇന്ത്യയ്ക്കു പുറത്തും ബെംഗളുരുവിലുമായി പത്തുവർഷത്തെ പ്രവൃത്തി പരിചയമുണ്ട്.
കമ്പനികൾക്കു വേണ്ടി ബ്രാൻഡിങ് ചെയ്താണു തുടക്കം. സ്വന്തം സംരംഭം വേണമെന്നു തോന്നിയപ്പോഴാണ് അമൃതയിലെ തന്നെ വിദ്യാർഥിയായ രഞ്ജിത്ത് മേനോനും ഞാനും ഈ ആശയത്തിലെത്തിയത്. 2016 മേയ് മാസത്തിൽ നാസ്കോമിൽ സ്റ്റാർട്ട് അപ് കമ്പനി റജിസ്റ്റർ ചെയ്തു. കമ്പനിയുടെ പ്രോഗ്രാം ഡെവലപ്പർ ആണ് പ്രശാന്തി. ക്രിയേറ്റീവ് ടെക്നോളജി, മാർക്കറ്റിങ് വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നതു സിഇഒ ആയ രഞ്ജിത്താണ്. സുദീപും ജംഷീറും ചേരുന്നതാണു ടീം. പ്രശാന്തിയുടെ ഭർത്താവ് പ്രവീൺ ബെംഗളുരുവിൽ വിപ്രോയിലാണ്. രണ്ടാം ക്ലാസ് വിദ്യാർഥി ദേവ് ആണ് മകൻ.