ഫ്രഞ്ച് – യുകെ വിവാഹ ചടങ്ങുകളുടെ ഭാഗമാണ് ബുഡോയ്‌ർ ഷൂട്ട്. വിവാഹിതയാകാൻ പോകുന്ന പെൺകുട്ടി തന്റെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോസ് ആൽബമാക്കി പയ്യന് സ്നേഹ സമ്മാനമായി നൽകുന്ന രീതിയാണിത്.
ഇന്നത്തെ ഡേറ്റിങ്ങിനു പകരമായിരുന്നു പണ്ടു കാലത്ത് ബുഡോയ്‌ർ ഷൂട്ട് വിദേശ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നത്. ആദ്യ രാത്രിക്കു മുൻപ് തന്നെ അടുപ്പം തോന്നാൻ സഹായകരമായാണ് വിദേശികൾ ഇതിനെ കരുതുന്നത്. പെൺകുട്ടി വിവാഹ വസ്ത്രം അണിഞ്ഞു നോക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ ഇതിന്റെ ഭാഗമായി ഷൂട്ട് ചെയ്യും. ആ സമയത്തെ അവരുടെ ഫീൽ പകർത്തും. അവൾ കണ്ണാടിയിൽ നോക്കി രസിക്കുന്നത്, വിവാഹ ഗൗൺ അണിയുന്നത്, സ്റ്റോക്കിങ്സ് അണിയുന്നത് തുടങ്ങി അൽപം എക്സ്പോസ്ഡ് ആയ ചിത്രങ്ങൾ വരെ അതിലുണ്ടാകും.
‘‘ഞാൻ യാത്രയിൽ പരിചയപ്പെട്ട ഫ്രഞ്ച് പെൺകുട്ടിയാണ് നോളൻ. ഇന്ത്യ കാണലിന്റെ ഭാഗമായി കേരളത്തിലും എത്തി. നോളനും അവരുടെ വരനും ഏറെ നാളുകളായി ലിവ് ഇൻ റിലേഷൻഷിപ്പിലാണ്. അടുത്ത വർഷമായിരിക്കും അവരുടെ വിവാഹം.
അവരുടെ വിവാഹ ഫൊട്ടോഗ്രഫി ബുക്കിങ് ആണ് എനിക്ക് ആദ്യം നൽകുന്നത്. പിന്നീടാണ് ബുഡോയ്ർ ഷൂട്ട് കൂടി ചെയ്യാൻ താൽപര്യമുണ്ട് എന്ന് നോളൻ അറിയിക്കുന്നത്. അത് കേരളത്തിൽ വച്ച് തിരികെ പോകുന്നതിന് മുൻപ് ചെയ്യാമെന്നും പറഞ്ഞു.’’ കോക്കനട്ട് വെഡ്ഡിങ് സിനിമാസ് സിഇഒ അഖിൽ ഷാൻ പറയുന്നു.
‘‘ബുഡോയ്‌ർ ഷൂട്ട് പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടായിരുന്നു. വിമർശനങ്ങൾ ഏൽക്കാൻ തയാറായാണ് ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ കൂടുതൽ പേരും ഇത് സുന്ദരമായിരിക്കുന്നു എന്ന നിലപാടാണ് എടുത്തത്. ഇത് മലയാളിയുടെ മനോഭാവത്തിൽ വന്ന മാറ്റമല്ലേ’’ അഖിൽ ഷാൻ ചോദിക്കുന്നു.