Saturday 11 January 2020 06:55 PM IST

കല്യാണ പെണ്ണിന് ഡാൻസ് കളിച്ചൂടേ? ആചാരം മാത്രമല്ല ജാതകം പോലും നോക്കിയിട്ടില്ല, പിന്നല്ലേ... ‘വൈറൽ പെണ്ണിന്റെ’ മാസ് മറുപടി

Binsha Muhammed

bride-dance-cover

‘മുഹൂർത്തമായി...നിങ്ങള് പെണ്ണിനെ വിളീ...’

വിവാഹപ്പന്തലിനു നടുവിലെ കാര്യക്കാരനും കാർന്നോരും വിളിച്ചു പറയേണ്ട താമസം മന്ദം മന്ദം നടന്നു വരുന്ന കല്യാണ പെണ്ണ്. മുന്നിൽ തോഴിമാരും താലപ്പൊലിയും. ടെൻഷന്റെ മൂർധന്യാവസ്ഥയിൽ മുന്നിലിരിക്കുന്ന സദസിനെ വണങ്ങി നേരെ വരന്റെ അടുത്തേക്ക്. ശേഷം മേളങ്ങൾക്കു നടുവിൽ ബന്ധുമിത്രാദികളുടെ അനുഗ്രഹത്തോടെ താലികെട്ട്.

മലയാളി കണ്ട സോ കോൾഡ് കല്യാണ ചിത്രം ഏതാണ്ട് ഇങ്ങനെയൊക്കെയാണ് കടന്നു പോകാറ്. പെണ്ണെത്ര മോഡേണായാലും അടക്കത്തോടെയും ഒതുക്കത്തോടെയും വേണം വിവാഹ വേദിയിലേക്ക് എത്തേണ്ടതെന്നാണ് പൂർവികൻമാർ പകര്‍ന്നു നൽകിയിരിക്കുന്ന പാഠം. എന്നാൽ ഇവിടെയിതാ ആ സങ്കൽപ്പങ്ങളൊക്കെ ഒരു മിടുക്കിപ്പെണ്ണ് പൊളിച്ചടുക്കുകയാണ്. ചെക്കനും കല്യാണ വേദിയിൽ കൂടിയ പുരുഷാരവും നോക്കി നിൽക്കേ തട്ടുപൊളിപ്പൻ ഡപ്പാംകൂത്ത് പാട്ടിന് ഡാൻസ് കളിച്ചെത്തുകയാണ് ഈ സുന്ദരി മണവാട്ടി.

bride cover

കല്യാണ പെണ്ണിന്റെ വരവും കാത്തിരുന്ന ചില കണ്ണുകളിൽ അത്ഭുതം, മറ്റു ചിലര്‍ക്കാകട്ടെ ആ വമ്പൻ എൻട്രി കണ്ട് കിളി പറന്നു. കഥാന്ത്യം, കയ്യടികളോടെയാണ് ഈ ന്യൂജെൻ വധുവിനേയും അവളുടെ പ്രകടനത്തേയും വരവേറ്റത്. സംഭവം സോഷ്യൽ മീഡിയയിലേക്ക് ചേക്കേറിയപ്പോഴേക്കും കഥ മാറി. വിവാഹ വേദിയിലെ ഡാൻസർ മണവാട്ടിക്ക് ആശംസാ പുഷ്പങ്ങളുമായി മാളോരെത്തി. കൂട്ടത്തിൽ കുറ്റം പറച്ചിലുകാരും കുത്തുവാക്കുകളും പിന്നാലെ. മലയാളി അധപതിച്ചു, കല്യാണ ചെക്കന്റെ കാര്യം കട്ടപ്പൊക, ഡിവോഴ്സിൽ കലാശിക്കുന്ന വിവാഹം എന്നൊക്കെ പ്രവചിച്ച് സോഷ്യൽ മീഡിയയിലെ നന്മമരങ്ങളും സദാചാരക്കാരും പിന്നാലെ കൂടി.

bride-4

വിവാഹ വേദിയിലെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുമ്പോൾ, ഡാൻസ് കളിച്ച മണവാട്ടിയെ അച്ചടക്കവും സംസ്കാരവും പഠിപ്പിക്കാൻ ഒരു വിഭാഗം വെമ്പൽ കൊള്ളുമ്പോൾ അവർക്ക് ചിലത് പറയാനുണ്ട്. കണ്ണൂർ സ്വദേശികളായ വരുണും അഞ്ജലിയുമാണ് ആ വൈറൽ വിവാഹ മേളത്തിലെ നായകനും നായികയും. ബംഗളുരുവിലെ മധുവിധു ആഘോഷത്തിന്റെ ഇടവേളയിൽ ആഘോഷക്കല്യാണത്തെക്കുറിച്ച് പറയുമ്പോൾ അവർ പങ്കുവച്ചത് ‘അച്ചടക്കം’ പഠിപ്പിക്കാൻ സമൂഹമാധ്യമങ്ങളിൽ വാളോങ്ങിയവരുടെ മനോഭാവത്തെക്കുറിച്ചാണ്.

പ്രിയപ്പെട്ടവനേ നിനക്കായ്...

എന്റെ ചേട്ടന്, ഞാൻ കൊടുത്തൊരു സർപ്രൈസ്. അതിൽ കവിഞ്ഞ് ഒന്നും ഉണ്ടായിരുന്നില്ല. വിവാഹ വേദിയിൽ ഡാൻസ് കളിച്ച് എൻട്രി. അതിങ്ങനെ വൈറലാകുമെന്നോ. തല്ലാനും തലോടാനും സോഷ്യൽ മീഡിയ വരുമെന്നോ കരുതിയിരുന്നില്ല. പൂർണമായി കുടുംബത്തിന്റേയും പിന്തണയോടു കൂടി പ്ലാൻ ചെയ്ത ഒരു സർപ്രൈസായിരുന്നു അത്. ഞങ്ങളുടെ മാത്രം സന്തോഷം. – അഞ്ജലിയാണ് പറഞ്ഞു തുടങ്ങിയത്.

bride-5

നിലവിളക്ക്, നിറപറ, താലപ്പൊലി തുടങ്ങിയ ആചാരങ്ങളെക്കുറിച്ചോ അങ്ങനെയേ അവിടേക്ക് വരാൻ പാടുള്ളൂ എന്നതിനെക്കുറിച്ചോ ഒന്നും ഞാൻ ചിന്തിച്ചിരുന്നില്ല. എന്തിനേറെ കല്യാണത്തിന് ജാതകമോ മറ്റ് ആചാരങ്ങളോ ഒന്നും ഫോളോ ചെയ്തിട്ടില്ല. വേദിയിലേക്കെത്തുമ്പോൾ ചേട്ടന് സർപ്രൈസ് കൊടുക്കണമെന്ന് കരുതിയിരുന്നു. അത്ര മാത്രമേ അവിടെ സംഭവിച്ചുള്ളൂ. അത്യാവശ്യം സ്റ്റേജിൽ കയറി എക്സ്പീരിയൻസ് ഒക്കെ ഉള്ളതു കൊണ്ട് ഒട്ടും ചമ്മലില്ലാതെ അതങ്ങ് നടപ്പാക്കി. ഞാനും ഹാപ്പി, എന്റെ ഭർത്താവും ഹാപ്പി. – അഞ്ജലി പറയുന്നു.

സദാചാരക്കാർ ഗോ ബാക്ക്

വിവാഹ ദിവസത്തെ സർപ്രൈസിന്റെ ഹാങ് ഓവറിൽ നിന്നു പുറത്തു വന്നിട്ടില്ലെന്ന് വരുണിന്റെ സാക്ഷ്യം. ‘ഇവിടെയൊക്കെ വിവാഹ വേദിയിൽ ആദ്യം എത്തുന്നത് പെണ്ണാണ്. പക്ഷേ എന്നെ ആദ്യമേ ബന്ധുക്കളൊക്കെ വേദിയിൽ കൊണ്ടിരുത്തി. ഒന്നും മനസിലായില്ലെങ്കിലും ഒരു സർപ്രൈസ് ഉണ്ടെന്ന് മാത്രം പറഞ്ഞു. എന്താ സംഭവിക്കുന്നത് എന്നോർത്ത് അമ്പരന്നിരിക്കുമ്പോഴാണ് പുള്ളിക്കാരിയുടെ എൻട്രി. ശരിക്കും ഞെട്ടിപ്പോയി. ഈ സാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് ഇത്ര മനോഹരമായി അഞ്ജു എങ്ങനെ ഡാൻസ് ചെയ്തു എന്നതിലാണ് അത്ഭുതം. എന്റെ ബന്ധുക്കളും അതേ മൂഡിലാണ് ഇതിനെ എടുത്തത്. അവരെല്ലാം ഡബിള്‍ ഹാപ്പി.

bride-3

തമാശയെന്തെന്നാൽ, ഞങ്ങൾക്കില്ലാത്ത വിഷമവും ആധിയുമാണ് പുറത്തുള്ളവർക്ക്. ആശയവും ആദർശവും ആചാരങ്ങളും പഠിപ്പിക്കാൻ കുറേ പേർ ചൂട്ടും കത്തിച്ചെത്തി. കല്യാണപ്പെണ്ണ് എന്നതിനു പകരം ആട്ടക്കാരി എന്നു വിളിച്ചൂടേ... പെണ്ണ് ഇങ്ങനെയാണെങ്കില്‍ ചെക്കൻ പെരുവഴിയിൽ കിടക്കേണ്ടി വരും... പെണ്ണിന് വകതിരിവില്ല എന്നൊക്കെ പറഞ്ഞ് കുറേ ടീമുകൾ. അവരോടൊന്നും ഒന്നും പറയാനില്ല.– വരുൺ പറയുന്നു.

bride-6

പക്ഷേ ഇതിനിടയിലും പ്രായഭേദമന്യേ നല്ലതും പറഞ്ഞവരും ഉണ്ട്. പുറത്തു വച്ച് കണ്ട പലരും നന്നായി മോളേ...കലക്കി എന്നൊക്കെ പറഞ്ഞവരുണ്ട്. ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിടൂ. പിന്നെ ഞാനും ചേട്ടനും സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ല. അതു കൊണ്ട് സദാചാരക്കാരെക്കൊണ്ട് വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. ഞങ്ങളുടേത് പ്രണയ വിവാഹമാണെന്ന് ഉറപ്പിക്കുന്നുണ്ട് ചിലർ. അവരോടായിട്ടു പറയുകയാണ്, ചേട്ടൻമാരേ, ഇതു പക്കാ അറേഞ്ച്ഡ് മാര്യേജാണ്. എന്റേയും ചേട്ടന്റേയും അച്ഛനമ്മമാർ സുഹൃത്തുക്കളാണ് അത്ര മാത്രം. ഒരു കസിന്റെ വിവാഹത്തിനാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. പുള്ളിക്കാരൻ ചെന്നൈയിൽ എഞ്ചിനീയറാണ്. ഞാൻ ദന്തൽ ഡോക്ടർ. – അഞ്ജലി പറഞ്ഞു നിർത്തി.

trolls
Tags:
  • Social Media Viral