Saturday 10 October 2020 04:32 PM IST

ടൊവിനോയെ പച്ചക്കറി കഴിപ്പിച്ചു, ചാക്കോച്ചന്റെ ഫൂഡ്ഡടി നിയന്ത്രിച്ചു; സെലിബ്രിറ്റികളുടെ ഫിറ്റ്‌നെസ് കഥകള്‍ ഇങ്ങനെ...

V N Rakhi

Sub Editor

celebrity-trainer33

സെലിബ്രിറ്റികളുടെ ഫിറ്റ്‌നെസ് വിശേഷങ്ങളുമായി ട്രെയിനര്‍ ഷൈജന്‍ അഗസ്റ്റിന്‍...

നായാട്ടിലെ പൊലീസ് ഓഫിസറായി ചാക്കോച്ചന്‍ പുതിയ ലുക്കില്‍ എത്തുകയാണ്. തടിച്ച ശരീരം കാരണം ഡാന്‍സ് ചെയ്യാന്‍ ബുദ്ധിമുട്ടിയ ചാക്കോച്ചന്റെ തടി കുറച്ച്, ഫിറ്റ് ആക്കിയതും ഗോദയിലെയും കല്‍ക്കിയിലെയും ടൊവിനോയെ സിക്‌സ് പാക്ക് ആക്കിയതും നമ്മുടെ മസിലളിയനെ വാര്‍ത്തെടുത്തെടുത്തതുമെല്ലാം ഒരേ കൈകളാണ്. കൊച്ചിയിലെ സെലിബ്രിറ്റി ഫിറ്റ്‌നെസ് ട്രെയിനറായ ഷൈജന്‍ അഗസ്റ്റിന്റെതാണ് ആ കൈകള്‍. ഉണ്ണി മുകുന്ദന്‍, ടൊവിനോ, ചാക്കോച്ചന്‍, നിവിന്‍ പോളി, ഇന്ദ്രജിത്ത്,  ആന്റണി വര്‍ഗീസ് പെപ്പെ, ധ്രുവന്‍, രൂപേഷ് പീതാംബരന്‍, മെന്റലിസ്റ്റ് ആദി, സംവിധായകന്‍ സലിം അഹമ്മദ്, ഗായികമാരായ സിതാര കൃഷ്ണകുമാര്‍, അമൃത സുരേഷ്, സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍, ഗായകന്‍ നിരഞ്ജ് സുരേഷ്, നടി ചാന്ദ്‌നി ശ്രീധരന്‍ തുടങ്ങിയ് സെലിബ്രിറ്റികളുടെയെല്ലാം ആരോഗ്യം ഷൈജന്റെ കെയറിങ്ങില്‍ ഇപ്പോള്‍ സെയ്ഫാണ്. 

'മലയാള സിനിമയില്‍ രൂപമാറ്റം നടത്തുന്ന നടന്മാര്‍ തീരെ ഉണ്ടായിരുന്നില്ല. വിക്രമാദിത്യനിലെ പൊലീസ് ഓഫിസറാകാനായി ഉണ്ണി മുകുന്ദനാണ് ആദ്യമായി എന്നെ സമീപിച്ചത്. അതിലെ മസിലളിയന്‍ ഹിറ്റായതോടെ ഫിറ്റ്‌നസില്‍ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങി. എന്ന് നിന്റെ മൊയ്തീനിലെ ഫൂട്‌ബോള്‍ പ്ലെയറുടെ ശരീരം നേടാനായി ടൊവിനോ ജിമ്മില്‍ വന്നു. ഗൂഗിളില്‍ നിന്ന് എന്റെ നമ്പര്‍ തപ്പിയെടുത്താണ് ടൊവിനോ വിളിച്ചത്. നാല്‍പ്പതു ദിവസം കൊണ്ട്  ഒരു ഫൂട്‌ബോള്‍ പ്ലെയറുടെ രൂപത്തിലേക്ക് ടൊവിനോ മാറി. ഗോദയ്ക്ക് വേണ്ടിയായിരുന്നു ടൊവിനോയുടെ അടുത്ത ശ്രമം. മെക്‌സിക്കന്‍ അപാരതയില്‍ ടൊവിനോയ്ക്കും രൂപേഷ് പീതാംബരനും ബോഡി ഫിറ്റ്‌നസ് ട്രെയിനിങ് നല്‍കി. രൂപേഷ് രണ്ട് മാസം കൊണ്ട് 22 കിലോ ആണ് കുറച്ചത്.  കല്‍ക്കി മുതല്‍ ടൊവിനോയുടെ മുഴുവന്‍ സമയ പെഴ്‌സണല്‍ ട്രെയിനറായി കൂടെയുണ്ട്.' ഷൈജന്‍ ഫിറ്റ്‌നെസ് കഥകള്‍ പറഞ്ഞു തുടങ്ങി 

cbt221

രൂപേഷിന്റെയും ഉണ്ണിമുകുന്ദന്റെയും മാറ്റം കണ്ട് ചാക്കോച്ചന്റെ ഭാര്യ പ്രിയച്ചേച്ചി വിളിച്ചു. ചേച്ചിയുടെ തടി കുറയ്ക്കാനാണ് വിളിച്ചത്. ചാക്കോച്ചന്‍ ഷട്ടില്‍ കളിച്ചും ഒക്കെ അഡ്ജസ്റ്റ് ചെയ്ത് പോകുകയായിരുന്നു. ഡാന്‍സ് ചെയ്യാന്‍ പറ്റുന്നില്ല, ഷോള്‍ഡര്‍ പെയ്ന്‍ ആണ് എന്നൊക്കെ ഒരിക്കല്‍ എന്നോടു പറഞ്ഞു.അങ്ങനെയാണ് ചാക്കോച്ചനും ജിമ്മില്‍ വന്നു തുടങ്ങിയത്. കുറച്ച് ഇന്‍ജുറീസും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടായിരുന്നു. 78-82 കിലോ ആയിരുന്നു ഭാരം. ആദ്യം കാര്‍ഡിയോ മാത്രമായി തുടങ്ങി പിന്നീട് ഷോള്‍ഡര്‍ സ്‌ട്രെച്ചിങ്ങും ഫിസിയോയുമൊക്കെ ചെയ്തു. ഇപ്പോള്‍ 71 കിലോ ആയതോടെ ബോഡി നല്ല ഫ്‌ളെക്‌സിബിള്‍ ആയി. ഏറ്റവുമൊടുവില്‍ നായാട്ടിലെ പൊലീസ് ഓഫിസര്‍ ആകാനും പരസ്യത്തിനു വേണ്ടിയും ചാക്കോച്ചനെ ഫിറ്റ് ആക്കി. 

പ്രിയച്ചേച്ചി നല്ല കുക്ക് ആണ്, ചാക്കോച്ചനാണെങ്കില്‍ അസ്സല്‍ ഫൂഡിയും. കിട്ടിയതെല്ലാം കഴിക്കുമായിരുന്നു. ഇപ്പോള്‍ നാടന്‍ ചിക്കനും മുട്ടയും ഒക്കെ പ്രത്യേക രീതിയില്‍ തയാറാക്കി സ്ട്രിക്റ്റ് ഡയറ്റ് കൃത്യമായി ഫോളോ ചെയ്യാന്‍ തുടങ്ങി. 

ഓരോരുത്തരുടെയും ശരീരപ്രകൃതിക്കനുസരിച്ചാണ് ഡയറ്റും എക്‌സര്‍സൈസുകളും തീരുമാനിക്കുന്നത്.ടൊവിനോയ്ക്ക് ചിക്കന്‍ എന്നു വച്ചാല്‍ ജീവനാണ്. അതുകൊണ്ട് ഡയറ്റ് തീരുമാനിക്കാന്‍ വലിയ പ്രയാസമുണ്ടായില്ല. കാരണം പ്രൊട്ടിന്‍ റിച്ച് ആണല്ലോ ചിക്കന്‍. പക്ഷെ കുഴപ്പം എന്തായിരുന്നു എന്നു വച്ചാല്‍ അദ്ദേഹത്തിന് പച്ചക്കറി തീരെ താല്‍പര്യമില്ല. അതുകൊണ്ട് നിര്‍ബന്ധിച്ച് കഴിപ്പിക്കേണ്ടി വന്നു. അതുപോലെ വലിയ മധുരപ്രിയനും. ഐസ്‌ക്രീം, പേഡ, ഗുലാബ് ജാമൂന്‍ ഇതൊന്നും കിട്ടിയാല്‍ വിടില്ല. അതൊക്കെ നല്ലപോലെ നിയന്ത്രിച്ചു. 

മാമാങ്കത്തിനു വേണ്ടിയാണ് ധ്രുവനെ ട്രെയ്ന്‍ ചെയ്തത്. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് മാസം മുമ്പ് വന്ന് 6 പാക്ക് ആക്കണം എന്നു പറഞ്ഞു. ചിക്കനോ ബീഫോ തൊടില്ല. പക്കാ വെജിറ്റേരിയന്‍. കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും ചിക്കനും മുട്ടയും കഴിപ്പിച്ചെടുത്തു. ഇപ്പോള്‍ അല്‍ ഫാം ചിക്കന്‍ അടക്കം പുള്ളി കഴിക്കാത്ത ചിക്കന്‍ ഐറ്റം ഒന്നുമില്ല!

celebb5435

ഇന്ദ്രജിത്ത് 'അമര്‍, അക്ബര്‍, ആന്റണി'ക്കു വേണ്ടി നാല്‍പത് ദിവസം കൊണ്ട് കുറച്ചത് 9 കിലോ ആണ്. അതുപോലെത്തന്നെയാണ് പെപ്പെയും. ഒന്നര മാസം കൊണ്ട് ആരവം എന്ന സിനിമയ്ക്കു വേണ്ടി 9 കിലോ കുറച്ചു. ഒരു തെലുങ്കു സിനിമയ്ക്ക് വേണ്ടി ഫിറ്റ് ആകാനാണ് ജയറാം രണ്ടു വര്‍ഷം മുമ്പ് ആദ്യമായി ജിമ്മിലെത്തിയത്. ചെന്നൈയില്‍ അദ്ദേഹം പിന്നീട് മറ്റൊരു ട്രെയിനറെ കണ്ടെത്തി. സലിം അഹമ്മദ് സാറിനെ പരിചയപ്പെടുന്നത് ടൊവിനോയ്‌ക്കൊപ്പം ഓസ്‌കാര്‍ ഗോസ് ടു...എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ്. തോള്‍ വേദനയുമൊക്കെയായി ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ 17 കിലോ കുറച്ച് ചെറുപ്പക്കാരന്റെ ലുക്കില്‍ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു.

സിതാര 7 കിലോയോളം കുറച്ചു. ഡയറ്റ് നല്‍കിയിട്ടുണ്ട്. പാട്ടുകാരായാല്‍ വോക്കല്‍ കോഡിന് പ്രശ്‌നമൊന്നും പറ്റാതെ നോക്കണം എന്നതാണ് അവരുടെ ഫിറ്റ്‌നസില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട കാര്യം.തൊണ്ടയ്ക്ക് സ്‌ട്രെയ്ന്‍ വരാത്ത രീതിയിലുള്ള അല്‍പം കാഠിന്യം കുറഞ്ഞ എക്‌സര്‍സൈസുകളേ അവര്‍ക്ക് പറ്റൂ.  

സ്വന്തം ശരീരത്തിലാണ് എല്ലാ പരീക്ഷണങ്ങളും ഞാന്‍ ആദ്യമായി ചെയ്യാറ്. നാല്‍പ്പത് ദിവസത്തെ ഡയറ്റിലൂടെ 12 കിലോ ഞാനും കുറച്ചു. കോളജില്‍ പഠിക്കുമ്പോള്‍ സ്‌പോര്‍ട്‌സില്‍ താല്‍പര്യമായതുകൊണ്ട് 16ാം വയസ്സു മുതലേ ജിമ്മില്‍ പോകുമായിരുന്നു. 23 ാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ ആ ജോലി എനിക്കു കിട്ടി.പത്ത് വര്‍ഷം പിന്നെ ഈ മേഖലയില്‍ ഇല്ലായിരുന്നു. 28ാം വയസ്സില്‍ ജോലി ഉപേക്ഷിച്ച് ഫിറ്റ്‌നെസിലേക്ക് വന്നു. എന്റെ പാഷനാണ് ഇത്. അതുകൊണ്ടാണ് വീണ്ടും ഈ മേഖലയിലേക്കു തന്നെ വന്നത്. കസിന്‍ ഷാരോണിന്റേതായിരുന്നു ജിം. അതു ഞാന്‍ പിന്നീട് വാങ്ങുകയായിരുന്നു. പത്തു കൊല്ലമായി ഇപ്പോള്‍. യുഎസില്‍ നിന്ന് ഫിറ്റ്‌നെസ് ട്രെയിനിങ്ങില്‍ ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്തിട്ടുണ്ട്. ചേരാനെല്ലൂര്‍ തൈക്കാവിലാണ് ഷൈജന്റെ കാറ്റമൗണ്ട് ജിം. ഏലൂരിലാണ് താമസം.

roopesh6e4strdc
Tags:
  • Spotlight