ജന്മനാ ഇരുകൈകളും ഇല്ലാത്ത യുവാവ് തന്റെ സുഖമില്ലാത്ത അമ്മയെ പരിചരിക്കുന്ന സ്നേഹ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. കടുത്ത പ്രതിസന്ധിയിലും തളരാതെ മുന്നോട്ടുപോകുന്ന ചൈന സ്വദേശിയായ ചെന്‍ സിഫാംഗ് എന്ന ഇരുപത്താറുകാരനാണ് പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുന്നത്.

കാലുകൾ കൊണ്ട് രോഗിയായ അമ്മയുടെ തലമുടി കെട്ടിക്കൊടുക്കുന്നതും മരുന്നും ഭക്ഷണവും കഴിപ്പിക്കുന്നതുമെല്ലാം ചെന്നാണ്. 1989 -ല്‍ ഷുജിവാന്‍ എന്ന ചൈനയിലെ ഒരു ഗ്രാമത്തിലാണ് ചെൻ ജനിച്ചത്. ഇരുകൈകളും ഇല്ലാതെ ജനിച്ച ചെന്നിന് ഒമ്പത് മാസം പ്രായമായപ്പോൾ പിതാവ് പനി ബാധിച്ച് മരിച്ചു. പിന്നീട് ചെന്നിനെയും സഹോദരനെയും വളർത്താൻ കഷ്ടപ്പെടുകയായിരുന്നു അമ്മ.

അമ്മയെ അദ്‌ഭുതത്തോടെ നോക്കിക്കണ്ട ചെൻ അവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ നാലാം വയസ് മുതൽ കാലുകൾ കൊണ്ട് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പരിശീലിച്ചു തുടങ്ങി. ആദ്യമൊക്കെ ബാലൻസ് തെറ്റി ചെൻ വീഴുമായിരുന്നു. എന്നാൽ വളരുംതോറും അവൻ കാര്യപ്രാപ്തി നേടിയെടുത്തു. ഇന്ന് യുവാവായ ചെന്നാണ് തന്റെ രോഗിയായ അമ്മയെ പരിപാലിക്കുന്നത്.