ലോക്ഡൗൺ ദിവസങ്ങളിലൊന്നിൽ ജയമോഹൻ അടുത്ത ജംങ്ഷനിലേക്ക് പോവാൻ ഇറങ്ങിയതാണ്. സ്കൂട്ടറിൽ കയറിയിരുന്ന് അകത്തേക്ക് നോക്കി പറഞ്ഞു–അമ്മേ ഒന്ന് പുറത്തു പോയി വരാം പറഞ്ഞു തീർന്നതും അമ്മ പാഞ്ഞെത്തി ഒറ്റ ഡയലോഗ്– ‘വീട്ടിൽ നിന്നിറങ്ങിയാല്‍ മുട്ടുകാലു തല്ലിയൊടിക്കും...’
ഇത്രയും വായിച്ച് ‘വീട്ടിൽ ഇരിക്കെടാ ഡാഷേ...’ എന്ന് ജയമോഹനോട് പറയാൻ വരട്ടെ... സംഭവം ഷോട്ഫിലിം ആണ്. കോവിഡ് സീരീസ്. ബ്രേക്ക് ദ ചെയിൻ ആശയത്തിന്റെ ഭാഗമായുള്ള ഒറ്റ മിനിട്ട് വീഡിയോകൾ. എട്ടു വീഡിയോകളും ഹിറ്റാണ്.
സംവിധാനം – ജയമോഹനൻ, ക്യാമറയ്ക്ക് മുന്നില്‍ ജയമോഹമോനൊപ്പം അമ്മ– ഒാമന അമ്മ. ക്യാമറാവുമൺ–ജയമോഹന്റെ ഭാര്യ അക്ഷര. ഒരു ഹൗസ്ഫുൾ ഷോട്ഫിലിം.
എഴുപത്തഞ്ചു വയസ്സുള്ള ഒാമന അമ്മയാണ് ഷോട്ഫിലിമിലെ താരം. ഈ പ്രായത്തിൽ ‘സിനിമയിലെടുത്തതിനെ’ കുറിച്ചു ചോദിച്ചപ്പോള്‍ ഉത്തരം ഇങ്ങനെ– വീട്ടിൽ വെറുതേ ഇരിക്കുകയല്ലേ കുഞ്ഞേ, ബോറഡിക്കുമ്പോൾ എന്തെങ്കിലും ചെയ്യണ്ടേ? ഈ പ്രായത്തിൽ ആദ്യമായി അഭിനയിക്കുന്നതു കാണുമ്പോൾ എല്ലാവർക്കും ഒരു രസം അതിശയം. അത്രയേയുള്ളൂ.
ആലപ്പുഴക്കാരിയായ ഒാമന അമ്മ ആരോഗ്യവകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത് നഴ്സ് ആയി ജോലി കിട്ടിയതോടെയാണ് കാസർകോട് എത്തിയത്. ലേഡി ഹെൽത്ത് ഇൻസ്പെക്ടറായി റിട്ടയർ ചെയ്തു. ഭർത്താവിന്റെ മരണത്തോടെ ജയമോഹനോടൊപ്പം കോഴിക്കോട് ചേളന്നൂർ താമസം.
എങ്ങനെയാണ് കോവിഡ് സീരിസിന്റെ തുടക്കും. ജയമോഹനോടു ചോദിക്കാം
‘‘കൊറോണ തുടങ്ങിയ സമയം . ഞാനെന്തായാലും വെറുതേ വീട്ടിലിരിക്കുകയാണ്. ഒരു തമാശയ്ക്ക് ചെയ്തു തുടങ്ങിയതാണ്. ആദ്യത്തേതു കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു, ഒരു നല്ല കാര്യം അല്ലേ നമുക്ക് തുടരാം...ആദ്യ എപ്പിസോഡു കണ്ടപ്പോൾ തന്നെ നാട്ടിൽ നിന്ന് ബന്ധുക്കളും അമ്മയുടെ പഴയ സുഹൃത്തുക്കളും ഒക്കെ വിളിച്ചു. അതോടെ അമ്മ ഉഷാർ. എപ്പിസോഡുകൾ കണ്ട് ആളുകൾ ഉപദേശിച്ചു–നീ അമ്മയുടെ അഭിനയം കണ്ടു പഠിക്ക്.
എപ്പോഴും അമ്മയുടെ പഞ്ച് ഡയലോഗിനാണ് കൈയടി.–നിന്റെ മുട്ടുകാലു തല്ലിയൊടിക്കും, പൊതു നിരത്തിൽ തുപ്പുന്നതിനെക്കുറിച്ചുള്ള വീഡിയോയിൽ ‘നിലത്ത് തുപ്പിയാൽ നിന്റെ വായിൽ ടാറൊഴിക്കും.’.. ഇതൊക്കെ കേൾക്കുമ്പോൾ ബന്ധുക്കളും കൂട്ടുകാരും കൈയടിക്കും. അവർക്കൊക്കെ എന്നെ ചീത്തവിളിക്കുന്നത് കേൾക്കാനുള്ള രസം. സ്ക്രിപ്റ്റോ ഡയലോഗോ ഒന്നും ഇല്ല. കൺസപ്റ്റ് പറയും അമ്മ എവിടെ നിന്ന് വരണം എന്നു പറയും. ഡയലോഗൊക്കെ അമ്മ കൈയിൽ നിന്ന് ഇടുന്നതാണ്. എന്നെ ചീത്തവിളിച്ച് പരിചയം ഉള്ളതുകൊണ്ട് ഒരു കുഴപ്പവും ഇല്ല.തൊണ്ടിമുതലും ദൃക്സാക്ഷിയിലും ചില സീനുകളിൽ ഞാൻ തലകാണിച്ചിട്ടുണ്ട്. അമ്മയെയും കൂട്ടി ഞങ്ങള്‍ തീയറ്ററിൽ പോയി. സിനിമ കഴിഞ്ഞപ്പോൾ അമ്മ സിനിമയെകുറിച്ച് വാതോരാതെ സംസാരിച്ചു. ഏറ്റവും അവസാനം ഞാൻ ചോദിച്ചു,
‘‘അല്ല അമ്മാ എന്നെ കണ്ടില്ലേ?’’
നിന്നെ കാണാനാണോ സിനിമ കാണാനല്ലേ പോയത്? ’’ അതാണ് എന്റെ അമ്മ. .
എംസിഎ കാരിയായതു കൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തങ്ങളൊക്കെ അറിയാം എന്നു വിചാരിച്ചാണ് മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്യാൻ ഭാര്യ അക്ഷരയെ ഏൽപ്പിച്ചത്, അതുവരെ എഡിറ്റിങിനെ എൽകെജി ക്ലാസിൽ പോലും പോയില്ലെങ്കിലും അക്ഷര അതും പഠിച്ചെടുത്തു.’’ ജയമോഹൻ പറയുന്നു
എന്നാല്‍ അക്ഷരയോടു ചോദിക്കാം, അമ്മായിയമ്മയെ ഷൂട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ടു കാര്യം പറയൂ...
‘‘ഇതുവരെ കുടുംബ കലഹം ഉണ്ടായിട്ടില്ല. അമ്മയുടെ ഭാഗത്തു നിന്ന് തെറ്റു വന്ന് ഇതുവരെ റീ ടേക് എടുക്കേണ്ടി വന്നിട്ടില്ല. പക്ഷേ അമ്മയുടെ കൗണ്ടർ കേട്ട് ഞാൻ ചിരിച്ചു പോവും അതോടെ റീ ഷൂട്ട് വേണ്ടിവരും അതാ പതിവ്. ’’
അപ്പോൾ സംവിധായകന്‍ ചൂടാവാറില്ലേ?
‘‘ചൂടായാൽ മൊബൈൽ ഞാനിട്ടിട്ടു പോകുമെന്ന് അറിയാം. ലോക് ഡൗണായതു കൊണ്ട് വേറെ ആളെ കിട്ടില്ലല്ലോ അതുകൊണ്ട് ആത്മസംയമനം പാലിച്ചേ സംസാരിക്കൂ...’’ കുടുംബലൊക്കേഷനിലെ ചിരി.പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ് ജയമോഹൻ. കോഴിക്കോട് സ്‌റ്റേജ് 7 ഇവന്റ്മാനേജ്മെന്റ് കമ്പനിയുടെ സംരംഭകരിൽ ഒരാൾ. പൊലീസ് എന്ന ഏകാംഗനാടകവും നിരവധി സ്‌റ്റേജുകളിൽ അവതരിപ്പിച്ചിട്ടുണ്ട്.