‘ദാനാ...’ അറബിയിൽ മുത്ത് എന്നർത്ഥം. കാതുകളിൽ നിന്നും ഖൽബുകളിലേക്ക് ചേക്കേറുന്ന ദാന റാസിക്ക് എന്ന വാനമ്പാടിയുടെ സ്വരവും മുത്തു പോലെ സുന്ദരം... ഹൃദ്യം. സുന്ദരനായവനേ, വാതുക്കല് വെള്ളരിപ്രാവ്, റാഹത്ത് ഫത്തേഹ് അലിഖാന്റെ ആഫ്രീൻ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ദാനായുടെ ഇമ്പമാർന്ന ശബ്ദത്തിൽ പുനർജ്ജനിച്ചപ്പോൾ സോഷ്യൽ മീഡിയ ഹൃദയം നൽകിയാണ് സ്വീകരിച്ചത്. മില്യൺ കാഴ്ചക്കാരെയും ഇഷ്ടങ്ങളെയും സമ്പാദിച്ച് ദാനയുടെ പാട്ടുകൾ സൈബറിടങ്ങളിൽ ഇപ്പോഴും പാറിനടക്കുന്നു. എന്തിനേറെ പറയണം സാക്ഷാൽ എം ജയചന്ദ്രന്റെ വരെ ഹൃദയം കീഴടക്കി ഈ അനുഗ്രഹീത ഗായിക. പകിട്ടൊത്തെ പാട്ടുകൾക്ക് കണ്ണും ഖൽബും നൽകിയവരോട് വൈറൽ പാട്ടുകാരി ഇതാദ്യമായി മനസു തുറക്കുകയാണ്. മെഞ്ചേറുന്ന ആ പാട്ടുകൾ പിറവെയെടുത്ത കഥ ദാനാ വനിത ഓൺലൈനോട് പങ്കുവയ്ക്കുന്നു.
ഇസൈ കുടുംബം
ഉപ്പ അബ്ദുൾ റാസിക് ഉമ്മ താഹിറ. എന്റെ പാട്ടിന്റെ ക്രെഡിറ്റ് അവർക്കു നൽകി തുടങ്ങണം. രണ്ട് പേരും നന്നായി പാടും. കുഞ്ഞിലേ ഉപ്പ പാടുന്ന ‘ഓത്തു പള്ളിയിൽ നമ്മൾ രണ്ടും’ എന്ന ഡിവോഷണല്‍ ഗാനം ഇന്നും ഓർമ്മകളിലുണ്ട്. അവർ തെളിച്ചു തന്ന പാട്ടുവഴിയാണ് ഇന്നെന്റെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നത്. ചേച്ചിമാരായ റാഫ റാസിക്, തൂബ റാസിക് അനിയൻ ദുർറ എന്നിവരും ഒന്നാന്തരം ഗായകർ തന്നെ. കുടുംബത്തിലെ കസിൻസിന്റെയൊക്കെ വിവാഹവും മറ്റ് ആഘോഷങ്ങളുമൊക്കെ വരുമ്പോൾ പാട്ട് ഞങ്ങൾ തന്നെ കമ്പോസ് ചെയ്ത് അവതരിപ്പിക്കും. അതായിരുന്നു പാട്ടുകാരിയെന്ന നിലയിൽ എന്റെ ആദ്യ അരങ്ങ്.– ദാനാ പറഞ്ഞു തുടങ്ങുകയാണ്.
എട്ടാം ക്ലാസോടു കൂടിയാണ് പാട്ട് അവസരങ്ങൾ എനിക്കു മുന്നിൽ അനുഗ്രഹമായി തെളിയുന്നത്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഉൾപ്പെടെ മികവ് തെളിയിക്കാനായി. ഉർദു ഗസൽ, ഉർദു പദ്യം, മാപ്പിളപ്പാട്ട് തുടങ്ങിയ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു. സ്കൂൾ കാലഘട്ടത്തിൽ തുടർച്ചയായ 5 കൊല്ലവും സംസ്ഥാന കലോത്സവ വേദിയിലെത്തി. അതിൽ ഉർദു പദ്യത്തിനാണ് കൂടുതലും സമ്മാനങ്ങൾ ലഭിച്ചത്. അതൊരു തുടക്കമായിരുന്നു. പാട്ടുകാരിയെന്ന മേൽവിലാസം ചാർത്തി തന്ന ജീവിതത്തിന്റെ തുടക്കം.
പാട്ടുകളുടെ ദാന
പ്ലസ്ടു കാലത്തിനു മുന്നേ പാട്ടുകൾ സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിടുന്ന പതിവുണ്ടായിരുന്നു. വലിയ സ്വീകാര്യത ഒന്നും കിട്ടിയില്ലെങ്കിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി 100 പേരെങ്കിലും പാട്ട് കേൾക്കുമെന്ന വിശ്വാസമുണ്ട്. ഒരിക്കൽ സിദ് ശ്രീറാം പോലെ മധുപോലെ പെയ്ത മഴയേ എന്ന ഗാനം വീട്ടിലിരുന്ന് ചുമ്മാ റെക്കോഡ് ചെയ്ത് പാടി ഇൻസ്റ്റഗ്രാമിലിട്ടു. ആ ഒരൊറ്റ പാട്ട് ഒരുപാട് ഫോളോവേഴ്സിനെ തന്നു. നടി അഹാന കൃഷ്ണ, സംവൃത സുനിൽ എന്നിവർ പാട്ട് ഷെയർ ചെയ്തത് വലിയ അംഗീകാരമായി. ഇൻസ്റ്റാഗ്രാമിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതോടെ കവർ വേർഷനുകളിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി ഒരു പാട്ട് പാടി പുറത്തിറക്കണമെന്ന ആഗ്രഹമുണ്ടായി. ലൈലാ മിഹ്റാജ് എന്ന ഡിവോഷണൽ ഗാനം അങ്ങനെയാണ് പുറത്തിറങ്ങുന്നത്. മുഹ്സിൻ കുരിക്കൾ ഈണമിട്ട് ബദറുദ്ദീൻ പാറന്നൂർ വരികൾ എഴുതിയ ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഒന്നര മില്യണിലേറെ പോരാണ് ആ പാട്ട് യൂ ട്യൂബിലൂടെ കണ്ടത്. ആ സ്വീകാര്യത പാട്ടിനെ പ്രഫഷണലായി തന്നെ സമീപിക്കാനുള്ള ഊർജമായിരുന്നു.
പ്ലസ്ടു പരീക്ഷയുടെ സമയമായപ്പോൾ താത്കാലികമായി പാട്ടിന് അവധി നല്‍കി. പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് കുത്തിയിരുന്ന് പഠിക്കുന്നതാണ് എന്റെ രീതി. ഭക്ഷണം പോലും കഴിക്കാതെ ഇരുന്ന് പഠിച്ചു കളയും. അതിനെല്ലാം ഫലമുണ്ടായി. പാട്ടിന്റെ പേരിൽ ഉഴപ്പാതെ പഠിച്ച ആ പരീക്ഷകളിൽ 1200ൽ 1200 മാർക്ക് നേടിയാണ് അന്ന് പാസായത്.

ലോക് ഡൗണിലെ സംഗീതം
ലോക് ഡൗൺ എത്തിയതോടെയാണ് പഴയ പാട്ടിനെ വീണ്ടും പൊടി തട്ടിയെടുത്തത്. ആദ്യമൊക്കെ പാടി ഫോണിൽ റെക്കോഡ് ചെയ്ത് പോസ്റ്റ് ചെയ്യുന്നതായിരുന്നു രീതി. പിന്നാലെ സ്റ്റുഡിയോ റോക്കോഡിംഗ് പരീക്ഷിച്ച് പാട്ടിനെ കൂടുതൽ സീരിയസായി എടുത്തു. ദുൽഖർ ചിത്രം ‘കണ്ണും കണ്ണും കൊള്ളയ് അടിത്താലിലെ’ കനവേ നീ നാൻ എന്ന ഗാനം അങ്ങനെ പാടിയതാണ്. ആ ഗാനം ഇൻസ്റ്റഗ്രാമിൽ ഒരുപാട് ഇഷ്ടക്കാരെ തന്നു. ഉയരെയിലെ നീ മുകിലോ എന്ന ഗാനത്തിനും കിട്ടി കുന്നോളം ഇഷ്ടം. ആ സ്വീകാര്യത പാട്ടിനെ വലിയ പ്രഫഷണലായി സമീപിക്കാനുള്ള ഊർജം നൽകി. ഇർഫാൻ ഏറൂത്തിനൊപ്പം പാടിയ വാതുക്കല് വെള്ളരിപ്രാവിന്റെ കവർ വേർഷന്‍ അഞ്ച് ലക്ഷത്തിലേറെ പേരാണ് യൂ ട്യൂബിൽ കണ്ടത്. പിന്നാലെ പാടി പോസ്റ്റ് ചെയ്ത ‘സുന്ദരനായവനെ’ എന്ന ഗാനം ഒരുപടി കൂടി കടന്നു. 2.4 മില്യൺ കാഴ്‍ചക്കാർ ആ പാട്ടിനെ തേടിയെത്തി.
പാട്ടുവഴികളിൽ മനസു നിറയ്ക്കുന്ന മൊമന്റുകളും ആവോളമെത്തി. വാതുക്കല് വെള്ളരിപ്രാവിന് ഈണമിട്ട എം ജയചന്ദ്രൻ സാറിനെ അടുത്തിടെ അവിചാരിതമായി കണ്ടു. മെലഡി ഗാനങ്ങള്‍ക്ക് ഏറ്റവും സുന്ദരമായ ശബ്ദമെന്നാണ് എന്റെ പാട്ടിനെ വിശേഷിപ്പിച്ചത്. ആ കോംപ്ലിമെന്റ് ഒരിക്കലും മറക്കില്ല. ഒരുപാട് ഉമ്മമാർ കുഞ്ഞുങ്ങളെ ഉറക്കാൻ എന്റെ പാട്ട് പ്ലേ ചെയ്തു കൊടുക്കുന്ന വിഡിയോയും മനസു നിറയ്ക്കുന്നതായിരുന്നു. യൂ ട്യൂബിൽ 99000 സബ്സ്ക്രൈബേഴ്സുമായി സിൽവർ പ്ലേ ബട്ടന്റെ തൊട്ടടുത്തുണ്ട്. 98000 പേരാണ് ഇൻസ്റ്റഗ്രാം ഫോളോവേഴ്സ്. റബ്നേ ബനാദി ജോഡിയിലെ തുജ് മേൻ റബ് ദിഖ്താ ഹേ എന്ന ഗാനത്തിന്റെ കവർ വേർഷൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഇഷ്ടങ്ങളും നല്ല വാക്കുകളും ഹൃദയം നിറച്ചെത്തുമ്പോൾ ഏത് കരിയർ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ അൽപം കൺഫ്യൂഷനൊക്കെയുണ്ടേ. മഹാരാജാസ് കോളജിൽ ആദ്യ വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുടെ റോളിലാണിപ്പോൾ. മനസിലൊരു ഐഎഎസ് സ്വപ്നം കൂടു കൂട്ടിയിട്ടുണ്ട്. എന്തായാലും ആ സ്വപ്നത്തിനൊപ്പം പാട്ടിനേയും കൂടെ കൂട്ടണം എന്നാണ് ആഗ്രഹം. എല്ലാവരുടേയും പ്രാർത്ഥനയുണ്ടാകണം.